Asianet News MalayalamAsianet News Malayalam

പെട്രോൾ പമ്പുടമയിൽ നിന്നും കോഴ വാങ്ങിയെന്ന പരാതി; ബിജെപി പ്രാദേശിക നേതാക്കൾക്ക് സസ്‌പെൻഷൻ

ബിജെപി പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി കെ രാഘവൻ, വൈസ് പ്രസിഡന്റ്‌ ശ്രീജിത്ത്‌ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

fund collection bjp local leaders suspended in perambra
Author
First Published Jan 15, 2023, 5:54 PM IST

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ പമ്പുടമയില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി. ബിജെപി പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറിയേയും വൈസ് പ്രസിഡന്‍റിനേയും സസ്പെന്‍റ് ചെയ്തു. പേരാമ്പ്രയിലെ  ബിജെ പി  യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയില്‍ അഞ്ച് പ്രവര്‍ത്തകരെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി.

പേരാമ്പ്ര കല്ലോടിനടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന പെട്രോള്‍ പമ്പിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാന്‍ ബിജെപി മുന്‍  നേതാവും പെട്രോള്‍ പമ്പുടമയുമായ പ്രജീഷ് പാലേരിയില്‍ നിന്നും പ്രാദേശിക ബിജെപി നേതാക്കള്‍ ഒരുലക്ഷത്തി പതിനായിരം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ഇക്കാര്യത്തില്‍ പ്രജീഷ്  കേന്ദ്ര നേതാക്കള്‍ക്കും സംസ്ഥാന പ്രസിഡന്‍റിനും പരാതി നല്‍കിയിരുന്നു. മണ്ഡലം പ്രസിഡന്‍റ് കെ കെ രജീഷ്, ജനറല്‍ സെക്രട്ടറി രാഘവന്‍, വൈസ് പ്രസിഡന്‍ര് ശ്രീജിത് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. നേതാക്കള്‍ പണം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പ്രജീഷ് പുറത്ത് വിട്ടിരുന്നു. ഇതിനെച്ചൊല്ലി പേരാമ്പ്രയില്‍ ചേര്‍ന്ന ബിജെപി ബൂത്ത് ഭാരവാഹികളുടെ യോഗത്തില്‍ കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കോര്‍ കമ്മറ്റി യോഗം തീരുമാനിച്ചത്. 

Also Read: പണപ്പിരിവിനെ ചൊല്ലി ബിജെപി യോഗത്തിനിടെ കൈയ്യാങ്കളി; നേതാക്കള്‍ പണം വാങ്ങിയെന്ന് ആക്ഷേപം

പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി രാഘവന്‍, വൈസ് പ്രസിഡന്‍റ് ശ്രീജിത് എന്നിവരെ അന്വേഷണ വിധേയമായാണ് സസ്പെന്‍റ് ചെയ്തത്. യോഗത്തിനിടയെുണ്ടായ കയ്യാങ്കളിയില്‍ അഞ്ച് പ്രവര്‍ത്തകരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാല്‍ മണ്ഡലം പ്രസിഡന്‍റിനെതിരെയും പരാതിയുയര്‍ന്നിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മണ്ഡലം കമ്മറ്റി പിരിച്ചു വിടണമെന്ന ആവശ്യവും യോഗത്തിലുണ്ടായി. പാര്‍ട്ടിക്ക് നാണക്കേടായ സംഭവത്തില്‍ കടുത്ത നടപടി സ്വീകരിക്കണമെന്നായിരുന്നു സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. മണ്ഡലം പ്രസിഡന്‍റിനെ സംരക്ഷിക്കുന്ന നിലപാട് ജില്ലാ നേതൃത്വം സ്വീകരിച്ചുവെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.

Follow Us:
Download App:
  • android
  • ios