Asianet News MalayalamAsianet News Malayalam

രമ്യയെ മറവ് ചെയ്തയിടം മാന്തി നോക്കിയ വളർത്തുനായയെയും സജീവൻ കൊന്നു, ഫോണും വസ്ത്രങ്ങളുമെവിടെ? തേടാൻ പൊലീസ്

എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ കേസിൽ പ്രതിയായ സജീവനിൽ നിന്നും നിർണായക വിവരങ്ങൾ തേടാനൊരുങ്ങി പൊലീസ്. രമ്യയുടെ വസ്ത്രങ്ങളും ഫോണും കത്തിച്ച് കളഞ്ഞെന്നാണ് സജീവന്‍റെ മൊഴി എങ്കിലും ഇത് പൂർണ്ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല
young man killed his wife and buried in the backyard Police for further investigation
Author
First Published Jan 15, 2023, 5:35 PM IST

കൊച്ചി: എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ കേസിൽ പ്രതിയായ സജീവനിൽ നിന്നും നിർണായക വിവരങ്ങൾ തേടാനൊരുങ്ങി പൊലീസ്. രമ്യയുടെ വസ്ത്രങ്ങളും ഫോണും കത്തിച്ച് കളഞ്ഞെന്നാണ് സജീവന്‍റെ മൊഴി എങ്കിലും ഇത് പൂർണ്ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സജീവൻ ഒറ്റയ്ക്ക് കൊലപാതകം നടത്തിയെന്നാണ് നിലവിലെ വിലയിരുത്തലെങ്കിലും ഇതിലും സ്ഥിരീകരണം ആവശ്യമാണ്.

ഭാര്യയെ കൊലപ്പെടുത്തി ഒന്നും അറിയാത്ത പോലെ മക്കളെയും ബന്ധുക്കളെയും നാട്ടുകാരെയും ഒന്നര വർഷം പറ്റിച്ച പ്രതി. പൊലീസിന്‍റെ പിടി വീണതോടെ കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും പലതുമിപ്പോഴും സജീവൻ ഉള്ളിൽ തന്നെ ഉണ്ട്. രമ്യയുടെ ഫോണും, മരിക്കുന്പോൾ ധരിച്ചിരുന്ന വസ്ത്രവും എവിടെ എന്ന ചോദ്യത്തിന് കത്തിച്ച് കളഞ്ഞെന്നാണ് സജീവന്‍റെ മറുപടി. തെളിവ് ശേഖരണത്തിൽ ഇത് കണ്ടെടുക്കേണ്ടത് പൊലീസിന് നിർണായകമാണ്. 

പാളിയാൽ കോടതിയിൽ അന്വേഷണ സംഘത്തിന് തിരിച്ചടിയുണ്ടാകും. രമ്യയെ ഒറ്റയ്ക്ക് കൊലപ്പെടുത്തി കുഴിച്ച് മൂടിയെന്നാണ് സജീവന്‍റെ മൊഴി എങ്കിലും ആരുടെ എങ്കിലും സഹായം ലഭിക്കാനുള്ള വിദൂര സാധ്യതയും പൊലീസ് തള്ളുന്നില്ല. അടുത്തടുത്ത് വീടുകളുള്ള എടവനക്കാട് വാച്ചാക്കൽ പ്രദേശത്ത് പകൽ സമയത്ത് ടെറസ്സിൽ വെച്ചാണ് പ്രതി കൊലപാതകം നടത്തിയത്. രമ്യ ഉറക്കെ ഒച്ച വയ്ക്കാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ അയൽക്കാരും ആരുമിത് അറിഞ്ഞില്ല എന്നതിലാണ് സംശയം.ഇടത്തരം ശരീര പ്രകൃതി ഉള്ള സജീവൻ രണ്ടര അടി താഴ്ചയിൽ കുഴിയെടുത്ത് രമ്യയുടെ മൃതശരീരം കുഴിച്ച് മൂടിയെന്നതിലും വ്യക്തത വേണം.

വീട്ടിൽ വളർത്തിയിരുന്ന നായ രമ്യയുടെ ശരീരം കുഴിച്ച് മൂടിയ സ്ഥലത്ത് മാന്തി നോക്കി എന്ന കാരണത്തിൽ ഇതിനെയും കൊന്ന് സജീവൻ കുഴിച്ച് മൂടിയിരുന്നു.എന്നാൽ ഇതെവിടെ എന്നത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ സജീവൻ പറ‍ഞ്ഞിട്ടില്ല. ഇക്കാര്യങ്ങൾ വിശദമായി അറിയാനാണ് റിമാൻഡിൽ കഴിയുന്ന സജീവനെ ഏഴ് ദിവസം കസ്റ്റഡിയിൽ ചോദിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.നാളെ ഇതിനായി കോടതിയിൽ അപേക്ഷ നൽകും.2021 ഒക്ടോബർ 16നാണ് സജീവൻ ഭാര്യ രമ്യയെ കൊലപ്പെടുത്തി കുഴിച്ച് മൂടിയത്.പൊതുവെ ഉൾവലിഞ്ഞ് നിൽക്കുന്ന പ്രതി വിട്ടു വിട്ടു മാത്രമാണ് കാര്യങ്ങൾ പൊലീസിനോട് പറഞ്ഞത്. എല്ലാ ചോദ്യങ്ങൾക്കും കസ്റ്റഡി കാലാവധിക്കുള്ളിൽ ഉത്തരം തേടാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.

Read more: 'സജീവൻ ഭാര്യയെ കൊന്നത് ഒറ്റയ്ക്ക്, വിദഗ്ധമായി കഥ മെനഞ്ഞു, ചുരുളഴിഞ്ഞത് തിരോധാന കേസുകൾ പരിശോധിച്ചപ്പോൾ'

രമ്യയെ കൊലപ്പെടുത്തിയത് ഇങ്ങനെ...

2021 ഓഗസ്റ്റ് 16നാണ് സജീവൻ രമ്യയെ കൊലപ്പെടുത്തുന്നത്. രമ്യയെ പറ്റിയുള്ള സംശയങ്ങളെ ചൊല്ലി തർക്കം കൈയ്യാങ്കളിയിലെത്തി. ഒടുവിൽ ഭാര്യയെ കയറിട്ട് കുരുക്കി കൊലപ്പെടുത്തി. പകൽ സമയം മുഴുവൻ  മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. രാത്രി വൈകി ആരുമില്ലെന്ന് ഉറപ്പാക്കി വീട്ടുമുറ്റത്ത് സിറ്റൗട്ടിനോട് ചേർന്ന് മൃതദേഹം കുഴിച്ചിട്ടു. സജീവന്റെ വീട്ടിലായിരുന്ന മക്കളോട് അമ്മ മറ്റൊരാളുമായി ഇഷ്ടത്തിലായതിനാൽ അയാൾക്കൊപ്പമാണ് താമസമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ബന്ധുക്കളോ അയൽക്കാരോ ചോദിച്ചാൽ ബെംഗളൂരുവിൽ ഒരു കോഴ്സ് പഠിക്കുകയാണെന്നും ഉടൻ വിദേശത്തേക്ക് പോകുമെന്ന് പറയാനും പറഞ്ഞ് പഠിപ്പിച്ചു.

രമ്യയുടെ വീട്ടുകാർ ചോദിച്ചപ്പോഴും രമ്യയ്ക്ക് ഫോൺ ഉപയോഗിക്കുന്നതിൽ നിബന്ധനകളുണ്ടെന്നും വിശദീകരിച്ചു. പ്ലസ് ടുവിനും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കൾ പറയുന്നതിൽ വൈരുദ്ധ്യം തോന്നിയ രമ്യയുടെ സഹോദരൻ രാത്ത് ലാൽ ആണ് ഒടുവിൽ പൊലീസിൽ പരാതി നൽകുന്നത്. പൊലീസ് വിളിപ്പിച്ചതോടെ ഭാര്യയെ കാണാത്തതിൽ തനിക്കും പരാതിയുണ്ടെന്ന് സജീവൻ എഴുതി നൽകി. അപ്പോഴേക്കും ആറ് മാസത്തിലധികം പിന്നിട്ടിരുന്നു. 

പൊലീസന്വേഷണത്തിൽ ആദ്യമൊന്നും ഒരു പുരോഗതിയുമുണ്ടായില്ല.ഒന്നുമറിയാത്ത പോലെ സജീവൻ എല്ലാവർക്കും മുന്നിൽ അഭിനയിച്ച് നടന്നു. എന്നാൽ ചില മൊഴികളിൽ സംശയം തോന്നിയ ഇയാളെ തുടർച്ചയായി നിരീക്ഷിച്ച് വരികയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വിളിച്ച് വരുത്തി തുടർച്ചയായുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. 19 വർഷം മുൻപാണ് വൈപ്പിൻ സ്വദേശികളായ ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. ഏതാനും വർഷങ്ങളായി എടവനക്കാട്ടെ ഈ വാടകവീട്ടിലായിരുന്നു താമസം.

Follow Us:
Download App:
  • android
  • ios