Review 2021 : ഇനിയും കൊല്ലരുതേ; എന്നവസാനിക്കും സ്ത്രീധന കൊലപാതകം, കേരളം ഒന്നിച്ച് പറഞ്ഞ വർഷം

Web Desk   | Asianet News
Published : Dec 30, 2021, 09:48 PM ISTUpdated : Dec 30, 2021, 10:17 PM IST
Review 2021 : ഇനിയും കൊല്ലരുതേ; എന്നവസാനിക്കും സ്ത്രീധന കൊലപാതകം, കേരളം ഒന്നിച്ച് പറഞ്ഞ വർഷം

Synopsis

സ്ത്രീധനം നിയമം മൂലം നിരോധിച്ച ഒരു രാജ്യത്ത്, അത്രമേൽ പുരോഗമനമെന്ന് ചിന്തിക്കുന്ന ഒരു സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഇത്രയധികം സ്ത്രീധന പീഡനങ്ങളുണ്ടാകുന്നതെന്ന ചോദ്യമാണ് ഈ കാട്ടുനീതിക്കെതിരായ പോരാട്ടമാക്കി സ്വന്തം ജീവിതം അവസാനിപ്പിച്ച പെൺകുട്ടികൾ 2021 ലും ഉയർത്തിയ ചോദ്യം  

വർത്തമാനകാലത്ത് കേരളത്തിന്‍റെ പൊതുബോധത്തിൽ ഏറ്റവുമധികം ആഞ്ഞടിച്ചതും ചർച്ചയായതും സ്ത്രീധനത്തിന്‍റെ പേരിലടക്കമുള്ള ഗാർഹിക പീഡനങ്ങളും അതിൽ സഹികെട്ട് ജീവനൊടുക്കേണ്ടിവന്ന പെൺകുട്ടികളുടെ മുഖവുമാണ്. സ്ത്രീധനം നിയമം മൂലം നിരോധിച്ച ഒരു രാജ്യത്ത്, അത്രമേൽ പുരോഗമനമെന്ന് ചിന്തിക്കുന്ന ഒരു സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഇത്രയധികം സ്ത്രീധന പീഡനങ്ങളുണ്ടാകുന്നതെന്ന ചോദ്യമാണ് ഈ കാട്ടുനീതിക്കെതിരായ പോരാട്ടമാക്കി സ്വന്തം ജീവിതം അവസാനിപ്പിച്ച പെൺകുട്ടികൾ 2021 ലും ഉയർത്തിയ ചോദ്യം. ഓരോതവണവും സ്ത്രീധനത്തിനെതിരായ ഹാഷ്ടാഗുമായി ഇനിയൊരു പെൺകുട്ടിയും ഈ ക്രൂരതയുടെ ഇരയാകരുതെന്നും ഉറക്കെപറഞ്ഞ് സമൂഹം പുരോഗമനമാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ ഹാഷ്ടാഗുകൾക്കും ഒപ്പമുണ്ടെന്ന വിളംബരത്തിനുമപ്പുറം വീണ്ടും വീണ്ടും ഈ നാട്ടിൽ പെൺകുട്ടികൾക്ക് സ്ത്രീധന-ഗാ‍ർഹിക പീഡനത്താൽ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു എന്ന യാഥാർത്ഥ്യം അവശേഷിക്കുന്നു. കൊല്ലത്തെ വിസ്മയ മുതൽ ആലുവയിലെ മൊഫിയ പർവീൻ വരെയും ഈ വർഷവും അതുതന്നെയാണ് വിരൽചൂണ്ടുന്നത്. അതുകൊണ്ടുതന്നെ കടന്നുപോയ വ‍ർഷത്തെ 'പാപഭാര'മായി ചർച്ചകളിൽ ഒതുങ്ങാതെ നിയമം കൂടുതൽ കർശനമായി നടപ്പിലാക്കി സ്ത്രീധന പീഡനം തുടച്ചുനീക്കാനാകണമെന്ന ആഗ്രഹം പലരും പങ്കുവയ്ക്കുന്നത്.

2021 ജൂൺ മാസത്തിലായിരുന്നു കേരളത്തിലെന്നല്ല രാജ്യത്ത് തന്നെ വലിയ ചർച്ചയായി മാറിയ വിസ്മയയുടെ ആത്മഹത്യ. കൊല്ലത്തിനപ്പുറം ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിലായിരുന്നു വിസ്മയയെന്ന 24 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പുറത്തുവന്ന ഓരോ വാ‍ർത്തകളും അവൾ നേരിട്ട സ്ത്രീധന പീഡനത്തിന്‍റെ ക്രൂരത വെളിപ്പെടുത്തുന്നതായിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. കേവലം ഒരു വർഷം പിന്നിടുമ്പോഴാണ് സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനത്തിൽ സഹികെട്ട് വിസ്മയക്ക് ജീവനൊടുക്കേണ്ടിവന്നത്. മരിക്കുന്നതിന് തൊട്ടുമുമ്പ് വിസ്മയ ബന്ധുക്കൾക്കയച്ച വാട്സാപ്പ് സന്ദേശവും ഒപ്പം പുറത്തുവന്ന ചിത്രങ്ങളും കേരളത്തിന്‍റെ മനസാക്ഷിക്കുമേൽ ആഞ്ഞടിക്കുന്നതായിരുന്നു.

'എന്‍റെ മുഖത്ത് ചവിട്ടി, പേടിയാ, അടിക്കും', ഭർതൃപീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട യുവതി തൂങ്ങി മരിച്ച നിലയിൽ

ക്രൂരമായ മർദ്ദനത്തിന്‍റെ വിവരങ്ങളാണ് വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളിൽ ഉണ്ടായിരുന്നത്. വിസ്മയയുടെ കയ്യിലും മുഖത്തും അടക്കം അടി കൊണ്ട് നീലിച്ചതിന്‍റെ പാടുകളുണ്ടായിരുന്നു. തന്നെ ഭർത്താവ് വീട്ടിൽ വന്നാൽ അടിക്കുമെന്ന് വാട്സാപ്പ് ചാറ്റിലൂടെ വിസ്മയ വെളിപ്പെടുത്തി. സ്ത്രീധനമായി കിട്ടിയ വണ്ടി കൊള്ളില്ലെന്നതായിരുന്നു ഭർത്താവ് കിരണിന്‍റെ അതിക്രമത്തിന്‍റെ കാരണമെന്നും അവൾ ലോകത്തെ അറിയിച്ചു. കാറിന്‍റെ പേരിൽ തന്നെയും അച്ഛനെയും സ്ഥിരമായി തെറി വിളിക്കാറുണ്ടെന്നും ചാറ്റിലൂടെ വിസ്മയ വെളിപ്പെടുത്തി. എല്ലാം ക്ഷമിച്ച് ജീവിക്കുകയാണെന്നും ഇന്ന് മുടിയിൽ പിടിച്ച് വലിച്ച് തറയിലിട്ട ശേഷം മുഖത്ത് ചവിട്ടി, കാൽ വച്ച് അമർത്തി പരിക്കേൽപ്പിച്ചതോടെ ഇനിയും സഹിക്കാനാകില്ലെന്നും അവൾ മരണത്തിന് തൊട്ടുമുമ്പ് കണ്ണീരോടെ പറഞ്ഞു. അതിന് ശേഷമായിരുന്നു അവൾ ജീവനൊടുക്കിയത്.

വിസ്മയയെ ആത്മഹത്യയിലേക്ക് നയിച്ച സ്ത്രീധനത്തിന്‍റെ പേരിലുള്ള കൊടുംപീഡനത്തിന്‍റെ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ സാംസ്കാരിക കേരളം ഉണർന്നെഴുന്നേറ്റു. ഭർത്താവ് കിരണിനെതിരായ പ്രതിഷേധത്തിനൊപ്പം സ്ത്രീധനത്തിനെതിരായ രോഷവും കേരളീയ സമൂഹത്തിലുൽ തീക്കാറ്റായി പടർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ സോഷ്യൽ മീഡിയയിൽ സജീവമായ ഏവരും ആ രോഷത്തിൽ പങ്കാളിയായി. കിരണിനെ സർക്കാ‍ർ സർവീസിൽ നിന്ന് പുറത്താക്കാൻ ഗതാഗത വകുപ്പും മടികാട്ടിയില്ല. അതിന് ശേഷം മാത്രമേ വിസ്മയയുടെ വിട്ടിലെത്തു എന്ന് തീരുമാനിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞപ്പോൾ കേരളം ഒരേ മനസാൽ കയ്യടിച്ചു. കിരണ്‍കുമാറിനെ പിരിച്ചുവിട്ടതിനെക്കുറിച്ചുള്ള 'കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും ദാക്ഷിണ്യമില്ല' എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾക്കും കരഘോഷമുയർന്നു. സ്ത്രീധന സമ്പ്രദായമുള്‍പ്പെടെയുള്ള അപരിഷ്‌കൃതവും നീതിശൂന്യവുമായ അനാചാരങ്ങള്‍ ഉച്ഛാടനം ചെയ്ത് സമത്വപൂര്‍ണമായ നവകേരളം സൃഷ്ടിക്കാന്‍ നമുക്കൊരുമിച്ചു മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അത് ഏറ്റെടുത്ത നാട് പുതിയ മാറ്റത്തിലേക്കെന്നായിരുന്നു പ്രതീക്ഷ.

'കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും ദാക്ഷിണ്യമില്ല'; കിരണ്‍കുമാറിനെ പിരിച്ചുവിട്ടതില്‍ പിണറായി വിജയന്‍

പക്ഷേ ആ പ്രതീക്ഷകൾക്ക് അധികം ആയുസുണ്ടായിരുന്നില്ലെന്നതാണ് ആലുവയിൽ ജീവനൊടുക്കേണ്ടിവന്ന മൊഫിയ പർവീന്‍റെ അനുഭവം കേരളത്തെ സാക്ഷ്യപ്പെടുത്തിയത്. കൊല്ലത്ത് 24 കാരിക്കാണ് ഭർത്താവിന്‍റെ പീഡനത്തെ തുടർന്ന് ജീവനൊടുക്കേണ്ടിവന്നതെങ്കിൽ ആലുവയിൽ 21 കാരി നിയമവിദ്യാർത്ഥിയാണ് ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചത്. ഭർതൃ വീട്ടുകാരുടെ പീഡനത്തിനൊപ്പം അവളെ വേദനിപ്പിച്ചതും മരണത്തിലേക്ക് തള്ളിവിട്ടതും നീതി തേടിയെത്തിയ പൊലീസ് സ്റ്റേഷനിലെ ദുരനുഭവങ്ങൾ കൂടിയായിരുന്നു എന്നതാണ് കേരളം പിന്നീട് അനുഭവിച്ചറിഞ്ഞത്. ജീവിതം അവസാനിപ്പിക്കാനായി കയറെടുക്കും മുന്നേ അവളെടുത്തെഴുതിയ കടലാസിൽ ഭ‍ർത്താവിന്‍റെ പീഡനത്തിനൊപ്പം പൊലീസ് സ്റ്റേഷനിലെ കാട്ടുനീതിയും കണ്ണീരോടെ കുറിച്ചിട്ടുണ്ടായിരുന്നു. ഭർത്താവിനും കുടുംബത്തിനുമൊപ്പം ആലുവ സിഐക്കെതിരെയും ഗുരുതര ആരോപണങ്ങൾ എഴുതിവച്ച ശേഷമാണ് മോഫിയ ജീവനൊടുക്കിയത്.

'പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ', മരിക്കുന്നതിന് മുൻപ് മോഫിയ എഴുതി

'പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ' എന്ന് ആത്മഹത്യക്കുറിപ്പിൽ കുറിച്ച മൊഫിയ പൊലീസ് സ്റ്റേഷനിൽ നേരിടേണ്ടി വന്ന അപമാനങ്ങളും എണ്ണിയെണ്ണി പറഞ്ഞു. അത്രമേൽ സങ്കടം നിറഞ്ഞ വരികളാണ് തന്‍റെ നോട്ടുബുക്കിൽ മോഫിയ പർവീൻ അവസാനമായി എഴുതിവച്ചതെല്ലാം. 'ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല, അവൻ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു, ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നം എന്ന് പറയും, എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ, ഞാൻ ഒരുപാടായി സഹിക്കുന്നു, പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ, എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും. അവസാനായിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി, അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്‍റെ മനസ്സാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും, 'സിഐയ്ക്ക് എതിരെ നടപടി എടുക്കണം. Suhail, Mother, Father Criminals ആണ്, അവർക്ക് Maximum ശിക്ഷ കൊടുക്കണം, എന്‍റെ അവസാനത്തെ ആഗ്രഹം!' നോട്ടുബുക്കിലെ വെളുത്ത പേജിൽ വലിയ അക്ഷരങ്ങളിൽ അവസാനമായി മോഫിയ കുറിച്ചിട്ടത് ഇങ്ങനെയായിരുന്നു.

'സുഹൈൽ അശ്ലീല ചിത്രങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചു'; റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

മോഫിയയുടെ പരാതിയിൽ ഭർത്താവ് സുഹൈലിനെയും പൊലീസ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഈ ചർച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ മോഫിയ പറഞ്ഞുവച്ചത്. മാനസിക പ്രശ്നമുള്ളയാളെന്ന നിലയിലായിരുന്നു സി ഐ തന്നോട് പെരുമാറിയതെന്ന് അവൾ കൃത്യമായി കുറിച്ചിട്ടു. അത് അവൾക്ക് തീരെ സഹിക്കാനായില്ല. മോഫിയ കുറ്റക്കാരനെന്ന് ചൂണ്ടികാട്ടിയ സിഐ സുധീർ നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ടായിരുന്നു. കൊല്ലത്തെ പ്രമാദമായ ഉത്ര കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കാലത്താണ് സുധീർ വീഴ്ച വരുത്തിയത്. ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്ന കേസിന്റെ അന്വേഷണ ഘട്ടത്തിലെ വീഴ്ചകളുടെ പേരിലായിരുന്നു ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. അവിടെയും സുധീർ പല്ലവി ആവർത്തിച്ചു. നിയമം പാലിക്കേണ്ട, നീതി നടപ്പാക്കേണ്ട ഉദ്യോഗസ്ഥനിൽ നിന്നടക്കം മോശം അനുഭവമുണ്ടായതോടെയാണ് മോഫിയ ജീവിതം അവസാനിപ്പിച്ചതെന്ന് വ്യക്തം. നീതിയുക്തമായി പൊലീസ് പെരുമാറിയിരുന്നെങ്കിൽ താൻ കണ്ട സ്വപ്നങ്ങളിലേക്ക് അവൾ ചിറക് വിടർത്തുമായിരുന്നു. അതിന് സാധിച്ചില്ലെങ്കിലും തന്‍റെ ജീവിത സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയ ഭ‍ർത്താവിന്‍റെ മുഖത്ത് ആഞ്ഞടിക്കാനായെന്ന ആത്മാഭിമാനത്തോടെയാണ് അവൾ കയറെടുത്തത്. ആത്മഹത്യാകുറിപ്പിലെ ആ വരികൾ സ്ത്രീധന സമ്പ്രദായത്തിന്‍റെ മുഖത്തേക്കുള്ള അടി കൂടിയായിരുന്നു.

മോഫിയയെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ മുൻപ്  ഉത്ര വധക്കേസിൽ വീഴ്‌ച വരുത്തിയ സിഐ സുധീർ

മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങിയെന്നാണ് മോഫിയ പരാതി നൽകിയിത്. പീഡനം സഹിക്കാതായപ്പോൾ മോഫിയ സ്വന്തം വീട്ടിലേക്ക് പോന്നു. പരാതി നൽകാനായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സി ഐ സുധീറിന്‍റെയടക്കം ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായത്. നീതി തേടിയെത്തിയപ്പോൾ ഉണ്ടായ മോശം അനുഭവം ആ പെൺകുട്ടിയെ ഒരു മുഴം കയറിലേക്ക് ജീവിതം തള്ളിവിടാൻ പ്രേരിപ്പിക്കുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം. പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചതോടെ സി ഐക്കെതിരെ നടപടി വന്നു. പിന്നാലെ സുഹൈലും കുടുംബവും അകത്തായി. എങ്കിലും നീതി എത്ര അകലെയാണെന്ന ചോദ്യം ബാക്കിയാണ്. ഒപ്പം 21 വയസുകാരി നിയമവിദ്യാർത്ഥിയുടെ സ്വപ്നങ്ങൾ ആരാണ് തല്ലി കെടുത്തിയതെന്ന ചോദ്യവും.

മോഫിയ കേസിൽ സിഐക്ക് സസ്പെൻഷൻ: നടപടി മുഖ്യമന്ത്രി കുടുംബത്തോട് സംസാരിച്ചതിന് പിന്നാലെ

അതേ ചോദ്യം തന്നെയാണ് സ്ത്രീധനത്തിന്‍റെ പേരിൽ പീഡിക്കപ്പെടുന്ന ഓരോ പെൺകുട്ടിയും കേരളത്തിന്‍റെ മുഖത്ത് നോക്കി ചോദിക്കുന്നത്. ഇനിയും എത്ര പെൺകുട്ടികൾ കൊല്ലപ്പെടും.  എത്ര പെൺകുട്ടികൾക്ക് കയറെടുക്കേണ്ടവരും. എത്രയോ പെൺകുട്ടികൾ ഇതൊക്കെ സഹിച്ച് ജീവിക്കുന്നുണ്ടാകും. ആരോടും പരാതി പറയാൻ പോലുമാകാത്ത അവസ്ഥയിൽ എത്ര കണ്ണുകളാകും ഈറനണിഞ്ഞ് ജീവിക്കുന്നുണ്ടാകുക. നീതി തേടി , ആശ്വാസം തേടി വിളിക്കുന്ന, സമീപിക്കുന്ന അത്തരക്കാരോട് അസഹിഷ്ണുതയോടെ ' എന്നാപിന്നെ അനുഭവിച്ചോട്ടാ' എന്ന് പറയുന്ന പൊതുബോധം എന്ന് തുടച്ചുനീക്കപ്പെടും എന്നതാണ് കാത്തിരുന്ന് കാണാനുള്ളത്. ബിരുദം വേണമെങ്കിൽ സ്ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം എഴുതിവയ്പ്പിക്കുന്നത് നല്ലതുതന്നെ. പക്ഷേ സ്ത്രീധനം നിയമം മൂലം നിരോധിച്ച ഒരു രാജ്യത്താണ് ഇങ്ങനെയൊക്കെ എഴുതിവയ്പ്പിക്കേണ്ടി വരുന്നതെന്നും ഇടയ്ക്കൊക്കെ ഓർക്കുന്നതും നല്ലത് തന്നെ. 2021 കടന്നുപോകുമ്പോൾ വിസ്മയയും മൊഫിയയും കേരളത്തിന്‍റെ ഉത്തരത്തിൽ ഉയർത്തി നിൽക്കുന്ന ചോദ്യവും അതുതന്നെ. 'എന്നവസാനിക്കും ഈ കാട്ടുനീതി'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കരിയര്‍ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎം മുൻ കൗണ്‍സിലര്‍
`ഞാനും ഇവിടുത്തെ വോട്ടറാണ്', എംഎൽഎ ഓഫീസിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ