Asianet News MalayalamAsianet News Malayalam

Mofia Case: 'സുഹൈൽ അശ്ലീല ചിത്രങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചു'; റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

ആലുവ പൊലീസ് സ്റ്റേഷനില്‍ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുകയാണ്. മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സിഎല്‍ സുധീറിനെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം

Mofia Parveen Suicide Suhail Family tortured girl says remand report
Author
Kochi, First Published Nov 26, 2021, 8:03 AM IST
  • Facebook
  • Twitter
  • Whatsapp

കൊച്ചി: ഭർത്താവിന്റെ വീട്ടിൽ മോഫിയ പർവ്വീൺ (Mofia Parveen) നേരിട്ടത് കൊടിയ പീഡനമെന്ന് റിമാൻഡ് റിപ്പോർട്ട് (remand report). പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. ഭർത്താവ് സുഹൈൽ (Husband Suhail) ലൈംഗീക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭർത്തൃവീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 

ഭർതൃമാതാവ് മോഫിയയെ സ്ഥിരമായി ഉപദ്രവിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും അശ്ലീലചിത്രങ്ങൾ കണ്ട് അനുകരിക്കാൻ ഭാര്യയെ നിർബന്ധിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പലതവണ ശരീരത്തിൽ മുറിവേൽപിച്ചു. 40 ലക്ഷം രൂപ സ്ത്രീധനവും ആവശ്യപ്പെട്ടു. 

സമരം തുടരും

നിയമ വിദ്യാർത്ഥിനി മൊഫിയ പർവ്വീണിൻ്റെ ആത്മഹത്യ കേസിൽ ആലുവ പൊലീസ് സ്റ്റേഷനില്‍ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുകയാണ്. ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് സമരം നടത്തുന്നത്. മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സിഎല്‍ സുധീറിനെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം.

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. 

അന്വേഷിക്കുക ക്രൈബ്രാഞ്ച്

മൊഫിയ പർവ്വീൺ ആത്മഹത്യ ചെയ്ത സംഭവം റൂറൽ  ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുക. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഗാർഹിക പീഡന പരാതിയിൽ കേസ് എടുക്കുന്നതിൽ സിഐ സിഎൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 
  
അലുവ ആത്മഹത്യയിൽ ഈസ്റ്റ് പോലീസിന് ഗുരുതര പിഴവുകൾ സംഭവിച്ചെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്പി വി രാജീവിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. ബന്ധുക്കൾ ഉയർത്തിയ എല്ലാ പരാതികളും പുതിയ സംഘം അന്വേഷിക്കും. സിഐയ്ക്ക് കേസ് എടുക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. ഒക്ടോബർ 29 ന് പരാതി കിട്ടിയിട്ടും കേസ് എടുത്തത് പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോൾ മാത്രമാണ്. 25 ദിവസം ഈ പരാതിയിൽ സിഐ സി.എൽ സുധീർ കാര്യമായി ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തൽ.

ഇക്കാര്യത്തിൽ സിഐ നൽകിയ വിശദീകരണം ഇങ്ങനെയാണ്. സ്റ്റേഷനിലെ ദൈനംദിന ചുമതലകളുടെ ബാഹുല്യം കാരണം അന്വേഷണം മറ്റൊരാളെ എൽപ്പിച്ചു. ഈ ഉദ്യോഗസ്ഥൻ ഇരു വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എറ്റവും ഒടുവിൽ നവംബർ 18 ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നൽ അന്ന് പരീക്ഷയുടെ കാരണം പറഞ്ഞ് മോഫിയ ഹാജരായില്ല.  

ആത്മഹത്യ നടന്ന ദിവസം പോലീസ് സ്റ്റേഷനിൽ വെച്ച്  നടന്ന ചർച്ചയ്ക്കിടെ സിഐയുടെ മുറിയിൽ വെച്ച്  സുഹൈൽ അപമര്യാദയായി സംസാരിച്ചതിൽ പ്രകോപിതയായി മൊഫിയ സുഹൈലിനെ അടിച്ചു. ഇത് ബഹളത്തിനിടയാക്കി. സിഐ ഈ ഘട്ടത്തിൽ അവസരോചിതമായി ഇടപെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ സിഐ മകളെ  നീ മാനസീക രോഗിയല്ലെ എന്ന് വിളിച്ച് അപമാനിച്ചെന്ന ആരോപണമാണ് അമ്മ പ്യാരി ഉന്നയിച്ചത്. ഡിഐജിയുടെ റിപ്പോർട്ട് തുടർന്നപടികൾക്കായി ഡിജിപിയ്ക്ക് കൈമാറിയിരിക്കുകയാണ്.

സഹപാഠികളെ വിട്ടയച്ചു

ആലുവ പൊലീസ് കസ്റ്റഡിയിലെടുത്ത മോഫിയ പർവീണിൻ്റെ 17 സഹപാഠികളെയും ഇന്നലെ തന്നെ വിട്ടയച്ചിരുന്നു. ആലുവ റൂറൽ എസ്പിയെ കാണണമെന്ന് ആവശ്യപ്പെട്ട് എസ്പി ഓഫീസിന് മുന്നിൽ കുത്തിയിരുന്നതിനെ തുടർന്നാണ് സഹപാഠികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ സി ഐ സുധീർ കമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകാനാണ് വിദ്യാർത്ഥികൾ എസ് പി ഓഫീസിൽ എത്തിയത്. പക്ഷേ പൊലീസ് ഇവരെ കടത്തിവിട്ടില്ല. തുടർന്ന് വിദ്യാർത്ഥികൾ എസ്പി ഓഫീസിന് മുന്നിൽ കത്തിയിരിക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകർ എത്തി നടത്തിയ പ്രതിഷേധങ്ങൾക്ക് ഒടുവിൽ നാല് വിദ്യാർത്ഥികൾ എസ്പിയെ കണ്ട് പരാതി നൽകി. പൊലീസ് ക്രൂരമായാണ് പെരുമാറിയതെന്നും പുരുഷ പൊലീസ് വിദ്യാർത്ഥിനികളെ ബലം പ്രയോഗിച്ച് നീക്കിയെന്നുമാണ് സഹപാഠികൾ ആരോപിക്കുന്നത്.

Follow Us:
Download App:
  • android
  • ios