Asianet News MalayalamAsianet News Malayalam

'കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും ദാക്ഷിണ്യമില്ല'; കിരണ്‍കുമാറിനെ പിരിച്ചുവിട്ടതില്‍ പിണറായി വിജയന്‍

സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
 

Pinarayi Vijayan facrbook post on dismissal of Kiran Kumar
Author
Thiruvananthapuram, First Published Aug 6, 2021, 11:02 PM IST

തിരുവനന്തപുരം: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ കിരണ്‍ കുമാറിനെ പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോള്‍ കേരളം മുന്‍പോട്ടു പോകുന്നത്. സ്ത്രീധന സമ്പ്രദായമുള്‍പ്പെടെയുള്ള അപരിഷ്‌കൃതവും നീതിശൂന്യവും ആയ അനാചാരങ്ങള്‍ ഉച്ഛാടനം ചെയ്ത് സമത്വപൂര്‍ണമായ നവകേരളം സൃഷ്ടിക്കാന്‍ നമുക്കൊരുമിച്ചു മുന്നോട്ടു പോകാമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. 2021 ജൂണ്‍ 21- ന് ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എസ്. വി. വിസ്മയയുടെ ഭര്‍ത്താവായ എസ്.കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടു. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജ്യണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു കിരണ്‍ കുമാര്‍.

സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(ഇ)യുടെ ലംഘനവും ഈ കേസില്‍ നടന്നിട്ടുണ്ട്. എസ്. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളത്. സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോള്‍ കേരളം മുന്‍പോട്ടു പോകുന്നത്. കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ പ്രവണതകള്‍ ഇല്ലാതാക്കാന്‍ ജനങ്ങളും സര്‍ക്കാരിനൊപ്പം നിലയുറപ്പിക്കണം. സ്ത്രീധന സമ്പ്രദായമുള്‍പ്പെടെയുള്ള അപരിഷ്‌കൃതവും നീതിശൂന്യവും ആയ അനാചാരങ്ങള്‍ ഉച്ഛാടനം ചെയ്ത് സമത്വപൂര്‍ണമായ നവകേരളം സൃഷ്ടിക്കാന്‍ നമുക്കൊരുമിച്ചു മുന്നോട്ടു പോകാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios