
ആലപ്പുഴ: ഇടത് കോട്ടയായ ആലപ്പുഴ മണ്ഡലം ഒന്നിരപ്പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം പിടിച്ചെടുത്തിരിക്കുകയാണ് കോൺഗ്രസ്. സിപിഎമ്മിൻ്റെ മുതിർന്ന നേതാവും സിറ്റിങ് എംഎൽഎയുമായിരുന്ന പിപി ചിത്തരഞ്ജനെ പരാജയപ്പെടുത്തിയതാകട്ടെ, കോൺഗ്രസിൻ്റെ യുവനേതാവ്. കെഎസ്‍യുവിൻ്റെ ആലപ്പുഴ ജില്ലാ പ്രസിഡൻ്റും ചെത്തി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡന്റുമായ എ ഡി തോമസ് 21,015 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആലപ്പുഴ നീന്തിക്കടന്നത്. ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിലെ 30കാരനായ തോമസിൻ്റെ ഈ ജയം പാർട്ടി ക്യാമ്പുകളെ വരെ ഞെട്ടിച്ചു.
മാരാരിക്കുളത്തെ അരശർക്കടവിൽ വീട്ടിൽ ഡൊമിനിക് ജാക്സൺ - അക്കാമ്മ ദമ്പതികളുടെ മകൻ എ ഡി തോമസ് ഇനി സംസ്ഥാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാകും. ജീവിതപ്രതിസന്ധികളോട് പടവെട്ടി താഴേത്തട്ടിൽനിന്ന് വളർന്നുവന്ന തോമസ് പാർട്ടിയുടെ സമരപോരാട്ടങ്ങളിൽ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി 18 കേസുകളും. നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനവ്യൂഹത്തിന് മുന്നിൽ പ്രതിഷേധിച്ച തോമസ്, മുഖ്യമന്ത്രിയുടെ ഗൺമാൻ്റെ നേതൃത്വത്തിൽ ക്രൂരമർദനത്തിന് ഇരയായിരുന്നു. അന്ന് രക്തമൂർന്നിറങ്ങുന്ന മുഖവുമായി നിന്ന തോമസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ അണികൾ വിശേഷിപ്പിച്ചു, 'പോരാളി'യെന്ന്.
കുടുംബത്തിന് താങ്ങാകാനായി എ ഡി തോമസ് തൻ്റെ പതിനേഴാം വയസ്സിൽ മത്സ്യത്തൊഴിലാളിയുടെ വേഷമണിഞ്ഞിട്ടുണ്ട്. പിതാവ് ഡൊമിനിക് ജാക്സനൊപ്പമായിരുന്നു തോമസിന്റെ കടലിലേക്കുള്ള യാത്ര. കൂടാതെ, പൊന്തുവള്ളത്തിൽ മീൻ പിടിച്ചും പെട്രോൾ പമ്പിൽ ജോലി ചെയ്തും ജീവിതപ്രതിസന്ധികളോട് പടവെട്ടി. പിന്നീട് സ്കൂൾ വിദ്യാർഥികൾക്ക് ട്യൂഷനെടുത്ത് പഠിക്കാനുള്ള പണം കണ്ടെത്തി. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ചേർത്തല സെൻ്റ്സ് മൈക്കിൾസ് കോളേജിൽനിന്ന് ഹിസ്റ്ററിൽ ബിരുദം പൂർത്തിയാക്കിയ തോമസ്, കോളേജ് യൂണിയൻ ചെയർമാനായും പ്രവർത്തിച്ചു. പിന്നീട്, കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തേക്ക്. ഇതിനിടെ, വരുമാനം കണ്ടെത്താനായി മത്സ്യബന്ധനവും കെട്ടിടനിർമാണ തൊഴിലും തുടർന്നു. വീട്ടിലെ മൂത്ത മകനായ എ ഡി തോമസിന് രണ്ട് സഹോദരങ്ങളാണ് ഉള്ളത്. അവിവാഹിതനാണ്.
ആലപ്പുഴ മണ്ഡലത്തിൽ 21,015 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എ ഡി തോമസിൻ്റെ വിജയം. 81,065 വോട്ടുകൾ തോമസ് പിടിച്ചപ്പോൾ സിറ്റിങ് എംഎൽഎയായ പിപി ചിത്തരഞ്ജന് 60,050 വോട്ടുകളാണ് നേടാനായത്. ബിജെപിക്കായി മത്സരിച്ച മുൻ കോൺഗ്രസ് നേതാവ് എംജെ ജോബ് 15,373 വോട്ടുകളിലേക്കും ഒതുങ്ങി. 2021ൽ 11,644 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചിത്തരഞ്ജൻ്റെ വിജയം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam