മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തുമെന്ന് മോൻസ് ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി തലത്തിലുള്ള ചർച്ചയ്ക്കുള്ള ശ്രമം ഉണ്ടാകുമെന്നും കേരളത്തിൻ്റെ ഭാഗത്തുനിന്നും അതിനുള്ള സാധ്യതകൾ തേടുമെന്നും മന്ത്രി അറിയിച്ചു. തമിഴ്നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തുമെന്ന് മോൻസ് ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി തലത്തിലുള്ള ചർച്ചയ്ക്കുള്ള ശ്രമം ഉണ്ടാകുമെന്നും കേരളത്തിൻ്റെ ഭാഗത്തുനിന്നും അതിനുള്ള സാധ്യതകൾ തേടുമെന്നും മന്ത്രി അറിയിച്ചു. തമിഴ്നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനകൾ നടന്നിട്ടില്ല. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് 142 അടി നിലനിർത്തുന്നത്. ഇതിൽ മാറ്റം വരുത്താൻ കേരളത്തിനോ തമിഴ്നാടിനോ അധികാരമില്ല. രണ്ട് സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ നിലപാട് സുപ്രീംകോടതി പരിശോധിച്ച് തീരുമാനമെടുക്കണം എന്നാണ് കേരളത്തിൻ്റെ അഭിപ്രായം. പുതിയ ഡാം വേണം എന്നുള്ളത് തന്നെയാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്നായിരുന്നു ഇന്നലെ അവതരിപ്പിച്ച വിജയ് സർക്കാറിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലെയുള്ള പദ്ധതികളെ എതിർക്കുന്നത് ഉൾപ്പെടെ തമിഴ്‌നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കും. അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കും. ദീർഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂർത്തീകരണം എന്നിവയ്ക്കായും സർക്കാർ പരിശ്രമിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.