Translation : പ്രേമം, ലെനിനും സാര്‍ ചക്രവര്‍ത്തിയും ഒരുപോലെ സ്‌നേഹിച്ച ഒരെഴുത്തുകാരിയുടെ കഥ

By Vaakkulsavam Literary FestFirst Published Dec 13, 2021, 4:39 PM IST
Highlights

മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍, റഷ്യന്‍ കഥാകൃത്ത് ടെഫി എഴുതിയ പ്രേമം എന്ന ചെറുകഥ
 

വിവര്‍ത്തകയുടെ കുറിപ്പ്

ടെഫി എന്ന റഷ്യന്‍ എഴുത്തുകാരിയെ േകള്‍ക്കാത്തവരാവും നമ്മളില്‍ കൂടുതലും. അതിലൊരാള്‍ ഞാനായിരുന്നു. എന്നാല്‍ റഷ്യന്‍ കഥകളുടെ പി ഡി എഫ് ഫയലില്‍, എവിടെ റഷ്യന്‍ എഴുത്തുകാരികള്‍ എന്ന എന്റെ തിരച്ചിലിനൊടുക്കം മുന്നില്‍ വെളിപ്പെട്ട മൂന്നു സ്ത്രീകളിലൊരാള്‍ നഡേഷ്ഡ അലെക്‌സാന്ദ്രോവ്‌ന ലോക്വിറ്റ്‌സ്‌കായ എന്ന ടെഫിയായിരുന്നു,  റഷ്യയിലെ സെയിന്റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍, സാഹിത്യത്തെ അമൂല്യമായി കരുതിയിരുന്ന ഒരു കുടുംബത്തില്‍ പിറന്ന, നാടകങ്ങളും, ചെറുകഥകളും, കവിതകളും എഴുതിയിരുന്ന ടെഫി. അവരുടെ രചനകളെ പരിചയമില്ലെങ്കിലും ഇപ്പോള്‍ ആ പേരെനിക്കറിയാം.

എന്തുകൊണ്ടാണ് ഞാനവരെക്കുറിച്ച് കേള്‍ക്കാതിരുന്നത്? എന്നെപ്പോലെ എത്രയോ വായനക്കാരുടെ കാഴ്ചയില്‍ നിന്നും അവര്‍ അത്രയധികം ദൂരേക്ക് പോയത് എങ്ങിനെയാണ്? ടെഫി ഒരിക്കലും ഒരു മാസ്റ്റര്‍പീസ് എഴുതിയിരുന്നില്ല എന്നതായിരിക്കുമോ അതിന് കാരണം? അതല്ലെങ്കില്‍ അവരൊരു സ്ത്രീയായിരുന്നു എന്നതായിരിക്കുമോ? അതല്ലെങ്കില്‍ നിരൂപകര്‍ അവരുടെ ദീര്‍ഘദൃഷ്ടിയേക്കാള്‍ കൂടുതല്‍ അവരുടെ നര്‍മ്മത്തില്‍ ശ്രദ്ധ കൊടുത്തതാകുമോ? നര്‍മ്മം വിചിത്രമാണ്. അത് ഭാവിയിലേക്ക് അസാധാരണവും അനിശ്ചിതവുമായ വഴികളിലൂടെയാണ് നീങ്ങുന്നത്. ആ വഴികളിലെവിടെയെങ്കിലും അവര്‍ക്ക് കാലിടറിയതാകുമോ? എന്റെ ചോദ്യങ്ങളില്‍ തന്നെയുണ്ടായിരുന്ന ഉത്തരങ്ങള്‍ വീണ്ടും വീണ്ടും ടെഫിയുടെ ജീവിതത്തിലേക്കെത്തിനോക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

1900 -ന്റെ തുടക്കത്തിലാണ് നഡേഷ്ഡ അലെക്‌സാന്ദ്രോവ്‌ന ലോക്വിറ്റ്‌സ്‌കായ എഴുതിത്തുടങ്ങുന്നത്. ഒരു നാടകം എഴുതിക്കഴിഞ്ഞ്, അത് പരക്കെ വായിക്കപ്പെടാന്‍ വേണ്ടി പുരുഷന്റെ പേരുപോലെ ശ്രദ്ധകിട്ടാവുന്ന 'ടെഫി' എന്ന പേരുമായാണ് അവര്‍ രംഗത്തേക്ക് വന്നത്. തന്റെ കാലയളവില്‍ പല രചനാരീതികളും അവര്‍ സ്വീകരിച്ചു. 1905-ലെ റഷ്യന്‍ വിപ്ലവത്തിനുശേഷം ബോള്‍ഷെവിക് പത്രമായ ''പുതിയ ജീവിത''ത്തില്‍ രാഷ്ട്രീയലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും, പീറ്റേഴ്‌സ്‌ബെര്‍ഗിലെ സാഹിത്യക്കൂട്ടായ്മകളില്‍ പ്രതീകാത്മകമായ കവിതകളും, സന്ദര്‍ഭോചിതമായ ഏകാംഗ നാടകങ്ങളും അവതരിപ്പിക്കുകയും ചെയ്തു. ഇവാന്‍ ബുനിന്‍, ബുള്‍ഗക്കോവ്, സോഷ്‌ചെങ്കോ എന്നീ ഉന്നതരായ എഴുത്തുകാര്‍ ആരാധിച്ചിരുന്ന ടെഫി പ്രശസ്തയായിരുന്നു. മിഠായികള്‍ക്കും വാസനത്തൈലങ്ങള്‍ക്കും ടെഫിയുടെ പേരുവരെയിട്ട അവസരങ്ങളുണ്ടായി. വിപ്ലവത്തിനുശേഷം അവരുടെ ചെറുകഥകള്‍ പ്രസിദ്ധീകരിക്കുകയും റഷ്യയിലുടനീളം നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ചെറുകഥകളും ഓര്‍മ്മക്കുറിപ്പുകളുമാണ് അവരുടെ എഴുത്തുകളില്‍ മികച്ചതെന്ന് കരുതപ്പെടുന്നത്

 

ടെഫി

 

നര്‍മ്മം കലര്‍ന്ന ചെറുകഥകള്‍ എഴുതുന്നതില്‍ അവര്‍ അതിപ്രശസ്തയായിരുന്നു, അവയില്‍ പലതും അവരെ  ചെഖോവിന്റെ തൊട്ടുപിറകില്‍ നിര്‍ത്തി. സറ്റൈറികോണ്‍ എന്ന ഒരു ഹാസ്യ മാസിക അവര്‍ എഡിറ്റ്  ചെയ്തു. തെരുവില്‍ വെച്ച് ആളുകള്‍ അവരെ കണ്ടാല്‍ തിരിച്ചറിയുകയും പ്രശസ്തര്‍ അവരെ തങ്ങളുടെ പാര്‍ട്ടികളിലേക്ക് ക്ഷണിക്കുകയും ചെയ്തു. പിന്നീട് വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. സാര്‍ ചക്രവര്‍ത്തിയും ലെനിനും ഒരുപോലെ ടെഫിയുടെ എഴുത്തുകളെ സ്‌നേഹിച്ചു. ആ വിരോധാഭാസം ചിന്തയ്ക്ക് വകനല്‍കുന്നതാണ്. 

എന്നാല്‍ ടെഫിയുടെ മരണത്തിനും 1989-ല്‍ അവരുടെ ആദ്യത്തെ സോവിയറ്റ് പ്രസിദ്ധീകരണത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ എല്ലാവരും ടെഫിയെ മറന്നുപോയി. അതിനുകാരണം 1919    ല്‍ അവര്‍ റഷ്യ വിട്ട് പാരീസിലേക്ക് കുടിയേറി എന്നതായിരുന്നു. ഇസ്താംബൂളിലൂടെ ഒളിച്ചുകടന്ന് പാരീസിലെത്തി റഷ്യന്‍ കുടിയേറ്റക്കാരുടെ സമൂഹത്തില്‍ ടെഫി താമസിച്ചു. മരണം വരെ എഴുതിക്കൊണ്ടിരുന്നു. ഇടതുപക്ഷത്തിന്റെ സുഹൃത്തായി ടെഫിയെ ആരും കണ്ടിരുന്നില്ല. അതിനുകാരണം വിപ്ലവത്തില്‍ നിന്നും അവര്‍ അകന്നുപോയി എന്നതായിരുന്നു. കുടിയേറ്റക്കാരെ എഴുത്തുകാരായി കാണാന്‍ കഴിയാത്ത കാലം, കൂടാതെ അവരൊരു സ്ത്രീയുമായിരുന്നു, പുരുഷവര്‍ഗ്ഗത്തെ അനുകൂലിച്ച ഇരുപതാം നൂറ്റാണ്ടിലെ വിവര്‍ത്തകരുടെയും, സാഹിത്യത്തിലെ തലമൂത്തവരുടെയും  ശ്രദ്ധയാകര്‍ഷിക്കാന്‍ മാത്രം വിവാദങ്ങളില്‍ പെട്ടിരുന്നുമില്ല ടെഫി. ഇംഗ്ലിഷ് വായിക്കുന്നവരുടെ ലോകം റഷ്യക്കാരെക്കുറിച്ച് പലപ്പോഴും സംസാരിച്ചിരുന്നില്ല, പലരും വിവര്‍ത്തനങ്ങളിലൂടെ മറുരാജ്യങ്ങളിലേക്ക് എത്തുകയും ചെയ്തില്ല. മറവിയില്‍ മാഞ്ഞുപോകാന്‍ ഒരെഴുത്തുകാരിക്ക് ഇതൊക്കെത്തന്നെ ധാരാളം. റഷ്യന്‍ എഴുത്തുകാരന്മാര്‍ക്കിടയില്‍ നിന്നും വൈകിയാണെങ്കിലും എന്റെ ലാപ്‌ടോപ്പിലേക്ക് ഉയിര്‍ത്തെഴുന്നേറ്റുവന്ന നഡേഷ്ഡ അലെക്‌സാന്ദ്രോവ്‌ന ലോക്വിറ്റ്‌സ്‌കായക്ക് പ്രണാമം

 

.

 

പ്രേമം

എന്റെ ഒന്‍പതാമത്തെ വസന്തത്തിലെ മനോഹരമായ ദിവസങ്ങളിലായിരുന്നു അത്, നീണ്ടതും ജീവിതം നിറഞ്ഞുതുളുമ്പിയതുമായ ദിവസങ്ങളില്‍.

ആ ദിവസങ്ങളിലെ എല്ലാം രസകരവും, പ്രാധാനപ്പെട്ടതും തീര്‍ത്തും അര്‍ത്ഥവത്തുമായിരുന്നു. എല്ലാ കാര്യങ്ങളും പുതുമയുള്ളതും മനുഷ്യര്‍ വിവേകമുള്ളവരുമായിരുന്നു; അവര്‍ക്ക് അതിശയിപ്പിക്കുന്ന വിധത്തില്‍ അറിവുണ്ടായിരുന്നു, തങ്ങളുടെ ദുരൂഹരഹസ്യങ്ങള്‍ അവര്‍ ഭാവിയിലെ ഏതോ ദിവസത്തേക്കായി സൂക്ഷിച്ചു വെക്കുകയായിരുന്നു, എന്നത്തേക്കെന്ന് എനിക്കറിയുമായിരുന്നില്ല.

നീണ്ട ഓരോ ദിവസങ്ങളുടെയും പ്രഭാതം തുടങ്ങിയത് ആനന്ദത്തോടെയായിരുന്നു. അലക്കുതൊട്ടിയിലെ സോപ്പുപതകളില്‍ ആയിരം കുഞ്ഞുമഴവില്ലുകള്‍, കടുംനിറമുള്ള കനം കുറഞ്ഞ ഒരു പുതിയ കുപ്പായം, രൂപത്തിനു മുന്നിലെ പ്രാര്‍ത്ഥന, അതിനു പിറകില്‍ അപ്പോഴും പച്ചയായ വില്ലോമരത്തിന്റെ പുതുശാഖകള്‍. ഓറഞ്ചുതോട്ടത്തിലെ വീപ്പകളില്‍ നിന്നും തലനീട്ടിയ ചെറുനാരങ്ങച്ചെടികളുടെ തണലില്‍ ടെറസ്സിലിരുന്നുള്ള ചായകുടി, കറുത്ത പുരികവും മെടഞ്ഞിട്ട നീളന്‍ മുടിയുമുള്ള എന്റെ മൂത്ത സഹോദരിമാര്‍ക്ക് അവധിക്കാലത്ത് ബോര്‍ഡിങ്ങ് സ്‌കൂളില്‍ നിന്നും വന്നതിന്റെ അനിശ്ചിതത്വം, പൂന്തോട്ടത്തിനപ്പുറത്തെ കുളത്തില്‍ തുണിയലക്കുന്ന വടികളുടെ ശബ്ദം, അവിടെ തുണിയലക്കുന്നതിനിടയില്‍ പരസ്പരം ഒച്ചവെക്കുന്ന കര്‍ഷകസ്ത്രീകള്‍, ഇലകള്‍ വലിപ്പം വെച്ചിട്ടില്ലാത്ത, ഇളയ ഒരു കൂട്ടം ലൈലാക്ക് ചെടികള്‍ക്ക് പിറകില്‍ പിടക്കോഴികളുടെ തളര്‍ന്ന കൊക്കല്‍, എല്ലാം പുതിയതും ആനന്ദപ്രദവും മാത്രമായിരുന്നില്ല, ഇനിയും കൂടുതല്‍ പുതുമയുടെയും സന്തോഷത്തിന്റെയും വാഗ്ദാനം കൂടിയായിരുന്നു.  

ഒന്‍പതാമത്തെ ആ വസന്തകാലത്തായിരുന്നു ആദ്യപ്രേമം എന്റെ ജീവിതത്തിലേക്ക് വന്നത്, അതായത് എന്റെ ആദ്യപ്രേമം അതിന്റെ എല്ലാ നിറവോടും, ഹര്‍ഷോന്മാദത്തോടും വേദനയോടും നിരാശയോടും കൂടി, ഒരു യഥാര്‍ത്ഥ പ്രേമത്തില്‍ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാമോ അതെല്ലാമായി വരികയും, അരികിലെത്തി ദൂരേക്ക് പോവുകയും ചെയ്തു.

നാണയത്തുട്ടിന്റെ മാലകളും, ഉക്രേനിയന്‍ രീതിയില്‍ ചുറ്റിക്കെട്ടുന്ന പാവാടകളും, ചുമലില്‍ ചിത്രത്തുന്നല്‍ ചെയ്ത ലിനന്‍ ഷര്‍ട്ടുകളുമിട്ട ഖൊഡോസ്‌ക, പരസ്‌ക, പിഡോര്‍ക, ഖോവ്ര എന്ന പേരുകളുള്ള നാലു ഗ്രമീണപ്പെണ്‍കുട്ടികള്‍ പൂന്തോട്ടത്തിലെ നടപ്പാതകളില്‍ നിന്നും കളകള്‍ പറിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ കൈക്കോട്ടുകൊണ്ട് അവര്‍ കറുത്ത പുതുമണ്ണ് കിളയ്ക്കുകയും ഉടയ്ക്കുകയും, പുല്ലോടുകൂടിയ കട്ടിയുള്ള കൊഴുത്ത മണ്‍കട്ടകള്‍ മറിച്ചിട്ടുകൊണ്ട് ഞരമ്പുകള്‍ പോലെ കൂടിക്കിടക്കുന്ന നേര്‍ത്ത വേരുകള്‍ പറിച്ചുമാറ്റുകയും ചെയ്തു.

എന്നെ വിളിക്കുന്നതുവരെ മണിക്കൂറുകളോളം നിര്‍ത്താതെ ഞാനത് നോക്കിക്കൊണ്ട് നിന്ന് മണ്ണിന്റെ കനത്ത ഈറന്മണം ശ്വസിച്ചു.

മാലകള്‍ തൂങ്ങിയാടുകയും കിലുങ്ങുകയും ചെയ്തു, സൂര്യന്റെ ആദ്യകിരണങ്ങള്‍ കൈക്കോട്ടിന്റെ മരപ്പിടിയില്‍ ലഘുവായി ഉല്ലാസത്തോടെ മുകളിലേക്കും താഴോട്ടും തെന്നിമാറുമ്പോള്‍ കൈകള്‍ ചുവന്നു.

അപ്പോള്‍, വെളുത്ത് പൊക്കം കുറഞ്ഞ, തലയില്‍ നേരിയ ചുവന്ന നാട കെട്ടിയിരുന്ന ഖോവ്റയ്ക്ക് പകരം ഉയരവും ചടുലതയും, ഇടുങ്ങിയ അരക്കെട്ടുള്ള ഒരു പുതിയ പെണ്‍കുട്ടിയെ ഞാന്‍ കണ്ടു,

'ഏയ്, പെണ്‍കുട്ടീ, നിന്റെ പേരെന്താണ്?' ഞാന്‍ ചോദിച്ചു.

നാലിഴകളായി പിന്നിയ കട്ടിയുള്ള മുടി വട്ടത്തില്‍ ചുറ്റി, രണ്ടായി നടുവില്‍ പകുത്ത ഒരു തല എന്റെ നേരെ തിരിഞ്ഞു, നെറ്റിയില്‍ കൂട്ടിമുട്ടുന്ന വളഞ്ഞ പുരികങ്ങള്‍ക്കടിയില്‍ നിന്നും കറുത്ത കുസൃതി നിറഞ്ഞ കണ്ണുകള്‍ എന്നെ നോക്കുകയും പ്രസന്നമായ ചുവന്ന ചുണ്ടുകള്‍ എന്നോട് ചിരിക്കുകയും ചെയ്തു.

'ഗങ്ക!'

അവളുടെ നിരയൊത്ത വെളുത്ത പല്ലുകള്‍ തിളങ്ങി.

അവള്‍ തന്റെ പേരുപറഞ്ഞ് ചിരിച്ചു, മറ്റുള്ള പെണ്‍കുട്ടികളും ചിരിച്ചു, എനിക്കും സന്തോഷം തോന്നി.

ഗങ്ക അതിശയിപ്പിക്കുന്നവളായിരുന്നു! അവളെന്തിനായിരുന്നു ചിരിച്ചത്? എന്തിനാണവള്‍ എന്നില്‍ അത്രയധികം നല്ല ചിന്തയും സന്തോഷവും ഉണ്ടാക്കിയത്? മിടുക്കിയായ പരസ്‌കയെപ്പോലെ അവള്‍ നന്നായി വസ്ത്രം ധരിച്ചിരുന്നില്ല, പക്ഷെ കട്ടിയുള്ള പാവാട നല്ല വിരുതോടെ അവളുടെ ആകാരവടിവുള്ള അരക്കെട്ടില്‍ ചുറ്റിക്കെട്ടിയിരുന്നു. കമ്പിളി കൊണ്ടുണ്ടാക്കിയ ചുവന്ന അരപ്പട്ട അവളുടെ അരക്കെട്ടിനെ നല്ല ഉറപ്പോടെയും ആകര്‍ഷകമായും മുറുകെപ്പിടിച്ചിരുന്നു. കൂടാതെ അവളുടെ ഷര്‍ട്ടിന്റെ കോളറില്‍ തിളങ്ങുന്ന പച്ച റിബ്ബണ്‍ അതിമനോഹരമായി ത്രസിച്ചിരുന്നു, അതിനേക്കാള്‍ സുന്ദരമായ എന്തിനെക്കുറിച്ചും സങ്കല്പിക്കുക പ്രയാസമായിരുന്നു.

ഞാനവളെ നോക്കി, എളുപ്പത്തില്‍ വളയുന്ന അവളുടെ ഇരുണ്ട കഴുത്തിന്റെ ഓരോ തിരിയലും എന്റെ മനസ്സില്‍ ഒരു പാട്ടുപോലെ പാടി. അവളുടെ കണ്ണുകള്‍ വീണ്ടും കുസൃതിയോടെയും കളിയാക്കുന്ന പോലെയും മിന്നി, അവ ചിരിച്ചു, പിന്നെ ദൂരേക്ക് നോക്കി.

പരസ്‌കയും, ഖൊഡോസ്‌കയും പിഡോര്‍കയും എന്നെ അമ്പരപ്പിച്ചു. എങ്ങിനെയാണ് അവര്‍ക്ക് അവളില്‍ നിന്നും കണ്ണെടുക്കാന്‍ കഴിഞ്ഞത്, അവള്‍ തങ്ങളുടെ തുല്യയാണെന്ന മട്ടില്‍ പെരുമാറാന്‍ അവര്‍ക്ക് ധൈര്യം വന്നത്? അവര്‍ അന്ധരായിരുന്നോ? പക്ഷെ താന്‍ മറ്റുള്ളവരില്‍ നിന്നും വത്യസ്തയല്ലെന്ന് അവളും കരുതുന്നതുപോലെയാണ് തോന്നിയത്.

ഒരു സ്വപ്നം കാണുന്നതുപോലെ ഞാനവളെ കാര്യമില്ലാതെ തുറിച്ചുനോക്കി.

ദൂരെ നിന്നും ഒരു ശബ്ദം എന്റെ പേരു വിളിച്ചു. പാട്ടുക്ലാസ്സിനുവേണ്ടി എന്നെ വിളിക്കുകയാണെന്ന് എനിക്ക് മനസ്സിലായി, പക്ഷെ ഞാന്‍ മറുപടി കൊടുത്തില്ല.

 

....................................

ഞാനവളെ നോക്കി, എളുപ്പത്തില്‍ വളയുന്ന അവളുടെ ഇരുണ്ട കഴുത്തിന്റെ ഓരോ തിരിയലും എന്റെ മനസ്സില്‍ ഒരു പാട്ടുപോലെ പാടി. 

Photo: Ekaterina savyolova/ gettyimages

...............................

 

ചുറുചുറുക്കുള്ള രണ്ട് സ്ത്രീകളോടൊപ്പം അമ്മ അടുത്തുള്ള ഒരു തെരുവിലേക്ക് പോകുന്നത് ഞാന്‍ കണ്ടു. അമ്മയെന്നെ വിളിച്ചു. എനിക്ക്  അങ്ങോട്ട് പോയി അവരെ വണങ്ങേണ്ടി വന്നു. അതിലൊരു സ്ത്രീ സുഗന്ധദ്രവ്യം പൂശിയ വെളുത്ത കൈയ്യുറയിട്ട തന്റെ ചെറിയ കൈകൊണ്ട് എന്റെ താടി പിടിച്ചുയര്‍ത്തി. മുഴുവനും പട്ടില്‍ പൊതിഞ്ഞ ആ സ്ത്രീ വെളുത്ത് മയമുള്ളവളായിരുന്നു, അവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഗങ്ക പരുക്കനും പ്രാകൃതയുമാണെന്ന് തോന്നി.

'അല്ല, ഗങ്ക നല്ലതല്ല.'

ഞാന്‍ പതുക്കെ വീട്ടിലേക്ക് തിരിച്ചുനടന്നു.

അടുത്ത ദിവസം രാവിലെ ഞാന്‍ ശാന്തമായി, സ്വസ്ഥതയോടെയും ഉത്സാഹത്തോടെയും അവരെവിടെയാണ് കള പറിക്കുന്നതെന്ന് കാണാന്‍ പുറത്തേക്ക് പോയി.

മനോഹരമായ ആ കണ്ണുകള്‍ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ സ്‌നേഹത്തോടെയും ആനന്ദത്തോടെയും എന്നെ നോക്കി, കസവില്‍ പൊതിഞ്ഞ ഒരു സ്ത്രീക്ക് വേണ്ടി ഞാനവയെ വഞ്ചിച്ചിട്ടില്ല എന്നമട്ടിലായിരുന്നു അത്. വീണ്ടും അവളുടെ ഇളകുന്ന വടിവൊത്ത ശരീരത്തിന്റെ പാട്ട് എന്നെ കീഴടക്കാനും മോഹിപ്പിക്കാനും തുടങ്ങി.

പ്രാതലിന്റെ സമയത്തെ സംഭാഷണം ഇന്നലത്തെ അതിഥി പ്രഭ്വി മിയൊഞ്ചിന്‍സ്‌കായയെ കുറിച്ചായിരുന്നു. എന്റെ മൂത്ത സഹോദരന്‍ ആത്മാര്‍ത്ഥമായും അവരില്‍ ആകൃഷ്ടനായിപ്പോയിരുന്നു. അദ്ദേഹം സത്യസന്ധനും ദയയുള്ളവനുമായിരുന്നു, എന്നാല്‍ ഫ്രെഞ്ച് പബ്ലിക് സ്‌കൂളില്‍ പഠിച്ചതുകൊണ്ട് കൊഞ്ചിയും, ഇഴഞ്ഞ രീതിയിലും സംസാരിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം കരുതുകയും, വലതുകാല്‍ അല്പം വലിച്ചിഴച്ച് നടക്കുകയും ചെയ്തു. അതുകൂടാതെ ഗ്രാമപ്രദേശത്തെ കടുത്ത വേനല്‍ തന്റെ പച്ചപ്പരിഷ്‌കാരത്തിന്റെ പ്രത്യേകതകളെ മായ്ച്ചുകളയുമെന്ന് പേടിച്ച് അദ്ദേഹം ഇളയ  സഹോദരീസഹോദരന്മാരായ ഞങ്ങളെ തന്റെ വിചിത്രമായ പെരുമാറ്റം കൊണ്ട് വലിയ തോതില്‍ അത്ഭുതപ്പെടുത്തിയിരുന്നു.

'പ്രഭുപത്‌നി ദിവ്യമായ തരത്തില്‍ മനോഹരിയാണ്!' വലിച്ചുനീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 'ഈ ഋതുവിലെ ഏറ്റവും മികച്ച സുന്ദരി അവരായിരുന്നു.'

മിലിട്ടറി അക്കാദമിയില്‍ പഠിക്കുന്ന രണ്ടാമത്തെ സഹോദരന്‍ അതംഗീകരിച്ചില്ല. 'അവളില്‍ ഒരു പ്രത്യേകതയും ഞാന്‍ കാണുന്നില്ല. അവള്‍ക്ക് പൊങ്ങച്ചം കാണിക്കാം, പക്ഷെ ഒരു നാട്ടിന്‍പുറത്തുകാരിയുടെ കൈകളാണവള്‍ക്ക്, ചണവിത്ത് കുതിര്‍ത്തുന്ന ഒരു കിഴവിത്തള്ളയുടെ കൈകള്‍.

അതുകേട്ട് മൂത്തസഹോദരന്‍ പരിഹാസപൂര്‍വ്വം ഫ്രെഞ്ച് ഭാഷയില്‍ പറഞ്ഞു: എന്ത് കൈ? എന്ത് കിഴവിത്തള്ള? എന്ത് ചണവിത്ത്?

'എന്നാല്‍ ആരാണ് യഥാര്‍ത്ഥത്തില്‍ സുന്ദരിയെന്ന് ഞാന്‍ നിങ്ങളോട് പറയാം, രണ്ടാമത്തെ സഹോദരന്‍ തുടര്‍ന്നു, 'പൂന്തോട്ടത്തില്‍ പണിയെടുക്കുന്ന ഗങ്കയാണത്.'

'ഹാ!'

'അവള്‍ തീര്‍ച്ചയായും മോശമായി വസ്ത്രം ധരിക്കുന്നവളാണ്, പക്ഷെ അവള്‍ക്ക് ഒരു കസവ് ഗൗണും കൈയ്യുറകളും കൊടുക്കൂ, നിന്റെ പ്രഭ്വിയെ അവള്‍ നിഷ്പ്രയാസം പരാജയപ്പെടുത്തും.'

എന്റെ ഹൃദയം വളരെ വേഗത്തില്‍ മിടിക്കാന്‍ തുടങ്ങിയതുകൊണ്ട്  കണ്ണടയ്‌ക്കേണ്ടി വന്നു എനിക്ക്.

നിനക്കെങ്ങനെയാണ് ഇത്തരം അസംബന്ധം പറയാന്‍ കഴിയുന്നത്? എന്റെ സഹോദരി വേര പ്രഭ്വിയുടെ പക്ഷം പിടിച്ചുകൊണ്ട് പറഞ്ഞു. 'ഗങ്ക പരുക്കനാണ്, അവള്‍ക്ക് ചീത്ത പെരുമാറ്റവുമുണ്ട്. അവള്‍ കത്തികൊണ്ടാണ് മീന്‍ തിന്നുന്നതെന്ന് തോന്നുന്നു.

എനിക്ക് അസഹ്യവേദന തോന്നി. എന്തോ ഒന്ന്, എന്റെ ഏതോ രഹസ്യം വെളിപ്പെടാന്‍ പോവുകയാണെന്ന് എനിക്ക് തോന്നി, പക്ഷെ ആ രഹസ്യം എന്തായിരുന്നുവെന്ന് എനിക്കും അറിയുമായിരുന്നില്ല.

അതിന്, ഇതുമായി ബന്ധമൊന്നുമില്ലെന്ന് നമുക്ക് പറയാന്‍ കഴിയുമെന്ന് തോന്നുന്നു, മൂത്ത സഹോദരന്‍ പറഞ്ഞു. 'ഹെലെന്‍ ഓഫ് ട്രോയ്ക്ക് ഫ്രെഞ്ചുകാരികളായ ആയകള്‍ ഉണ്ടായിരുന്നില്ല, അവള്‍ ഒരു കത്തിപോലും ഉപയോഗിച്ചല്ല, കൈവിരലുകള്‍ ഉപയോഗിച്ചാണ് മീന്‍ തിന്നത്, എന്നിട്ടും അത്യധികം സുന്ദരിയെന്ന അവളുടെ ഖ്യാതി വെല്ലുവിളിക്കപ്പെടാത്തതായിരുന്നു. എന്താണ് പ്രശ്‌നം കിഷ്മിഷ്? നീയെന്താണ് ചുവപ്പുനിറമായിപ്പോയത്?

കിഷ്മിഷ് എന്റെ ഓമനപ്പേരായിരുന്നു. വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാന്‍ മറുപടി പറഞ്ഞു, 'എന്നെ വെറുതെ വിടൂ, ഞാന്‍ നിങ്ങള്‍ക്ക് ഒരു ദ്രോഹവും ചെയ്യുന്നില്ല. എന്നാല്‍ നിങ്ങള്‍... നിങ്ങളെപ്പോഴും എന്നെ ഉപദ്രവിക്കുന്നു.''

വൈകീട്ട്, സ്വീകരണമുറിയിലെ ഇരുട്ടില്‍ സോഫയില്‍ കിടക്കുമ്പോള്‍ തളത്തില്‍ നിന്നും അമ്മ എനിക്കിഷ്ടമുള്ള മാര്‍ത്ത ഓപ്പറയിലെ കവറ്റിന എന്ന പാട്ട് പിയാനോയില്‍ വായിക്കുന്ന ശബ്ദം ഞാന്‍ കേട്ടു. മൃദുലമായ, ശ്രുതിമധുരമായ എന്തോ ഒന്ന് ആ പാട്ടിലുണ്ടായിരുന്നു, ഗങ്കയുടെ ചലനങ്ങളില്‍ ഞാന്‍ കണ്ടിരുന്ന പാട്ടിന്റെ അതേ ആലസ്യം അതെന്നിലുണര്‍ത്തി. ആ മധുരമായ വേദനയും, സംഗീതവും, പിന്നെ എന്റെ സങ്കടവും സന്തോഷവും കാരണം കുഷ്യനില്‍ മുഖമമര്‍ത്തി ഞാന്‍ കരഞ്ഞു.

അതൊരു മങ്ങിയ പ്രഭാതമായിരുന്നു, മഴ പെയ്യുമെന്നും അതിനാല്‍ പൂന്തോട്ടത്തിലേക്ക് പോകാന്‍ എന്നെ അനുവദിക്കുകയില്ലെന്നും ഞാന്‍ പേടിച്ചു.

എന്നെ പുറത്ത് പോകാന്‍ സമ്മതിച്ചില്ല.

ഞാന്‍ ദു:ഖത്തോടെ പിയാനോയുടെ മുന്നിലിരുന്ന് പാഠങ്ങള്‍ പരിശീലിക്കാന്‍ തുടങ്ങി, ഓരോ തവണയും ഒരേ ഭാഗത്തുതന്നെ തെറ്റ് വരുത്തിക്കൊണ്ട്.

പക്ഷെ രാവിലെ കുറേനേരം കഴിഞ്ഞ് സൂര്യന്‍ പുറത്തുവന്നപ്പോള്‍ ഞാന്‍ തോട്ടത്തിലേക്കോടി.

പെണ്‍കുട്ടികള്‍ തങ്ങളുടെ കൈക്കോട്ട് താഴെയിട്ട് ഉച്ചഭക്ഷണത്തിന് അപ്പോള്‍ ഇരുന്നതേയുള്ളു. അവര്‍ തുണികളില്‍ പൊതിഞ്ഞ പാത്രങ്ങളും കൂജകളും പുറത്തെടുത്ത് ഗോതമ്പുകഞ്ഞിയോ അല്ലെങ്കില്‍ തൈരോ കഴിക്കാന്‍ തുടങ്ങി. ഗങ്ക തന്റെ ചെറിയ പൊതി തുറന്ന് കട്ടിയുള്ള ഒരു കഷ്ണം റൊട്ടിയും ഒരു വെളുത്തുള്ളിയല്ലിയും പുറത്തെടുത്ത്, റൊട്ടിയില്‍ വെളുത്തുള്ളി തിരുമ്മി, കുസൃതിയുള്ള കണ്ണുകള്‍ മിന്നിച്ചുകൊണ്ട് എന്നെ നോക്കി തിന്നാന്‍ തുടങ്ങി.

ഞാന്‍ പേടിച്ച് അവിടെ നിന്നും പോയ്ക്കളഞ്ഞു. അത്തരം അഴുക്ക് ഗങ്ക തിന്നു എന്നത് ഭയപ്പെടുത്തുന്നതായിരുന്നു. വെളുത്തുള്ളി അവളെ എന്നില്‍ നിന്നും തള്ളിമാറ്റിയതുപോലെയായിരുന്നു. അവള്‍ മനസ്സിലാക്കാന്‍ കഴിയാത്തവളും അപരിചിതയുമാണെന്ന് തോന്നി. അവള്‍ കത്തികൊണ്ട് മീന്‍ കഴിക്കുന്നതായിരുന്നു നല്ലത്.

സുന്ദരിയായ യെലെനയെക്കുറിച്ച് എന്റെ സഹോദരന്‍ പറഞ്ഞത് ഞാനോര്‍ത്തു, പക്ഷെ അതെനിക്ക് ഒരാശ്വാസവും നല്‍കാത്തതിനാല്‍ ഞാന്‍ വിഷമിച്ച് വീട്ടിലേക്ക് നടന്നു.

ആയ പിറകിലെ വാതില്‍ക്കല്‍ കാലുറകള്‍ തുന്നിക്കൊണ്ട് പരിചാരകനുമായി സംസാരിച്ച് ഇരിക്കുന്നുണ്ടായിരുന്നു.

'ഗങ്ക' എന്ന പേരുകേട്ട് ഞാന്‍ മരവിച്ചുപോയി. ഞാന്‍ അവരുടെ അടുത്തേക്ക് പോയാല്‍ ഒന്നുകില്‍ അവര്‍ എന്നെ പറഞ്ഞയയ്ക്കുകയോ അല്ലെങ്കില്‍ സംസാരം നിര്‍ത്തുകയോ ചെയ്യും.

 

..................................

വീണ്ടും അവളുടെ ഇളകുന്ന വടിവൊത്ത ശരീരത്തിന്റെ പാട്ട് എന്നെ കീഴടക്കാനും മോഹിപ്പിക്കാനും തുടങ്ങി.

 

Photo: Daniil Manujlov / EyeEm/ Gettyimages

......................................

 

'മഞ്ഞുകാലം മുഴുവനും അവള്‍ കാര്യസ്ഥന്റെ ഭാര്യക്ക് വേണ്ടി പണിയെടുത്തു. നന്നായി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു പെണ്‍കുട്ടിയാണവള്‍. പക്ഷെ എല്ലാ വൈകുന്നേരവും ഒരു പട്ടാളക്കാരന്‍ അവളുടെ കൂടെയുണ്ടെന്ന കാര്യം കാര്യസ്ഥന്റെ ഭാര്യ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒരു വൈകുന്നേരം അവള്‍ അയാളെ അവിടെ നിന്നും പറഞ്ഞുവിട്ടു, രണ്ടാമതൊരു വൈകുന്നേരവും അവളയാളെ അവിടെ നിന്നും പറഞ്ഞുവിട്ടു. പക്ഷെ എല്ലാ ദിവസവും അയാളെ അവിടെ നിന്നും പറഞ്ഞയക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.

'തീര്‍ച്ചയായും പറ്റില്ല,' ആയ പറഞ്ഞു, 'ഓരോ രാത്രിയിലും പറ്റില്ല.'

'അതുകൊണ്ട് തീര്‍ച്ചയായും അവള്‍ ഗങ്കയെ ഇടക്കെല്ലാം ശകാരിച്ചു, പക്ഷെ, അതുകൊണ്ട് ഒരു കാര്യവുമുണ്ടായില്ല, ഗങ്ക വെറുതെ ചിരിക്കുക മാത്രം ചെയ്തു പിന്നെ, വെളിപാട് പെരുന്നാളിന്റെ തലേദിവസം കാര്യസ്ഥന്റെ ഭാര്യ അടുക്കളയില്‍ നിന്നും ശബ്ദങ്ങള്‍ കേട്ടു. ഗങ്ക എന്തോ സാധനങ്ങള്‍ നീക്കുന്നതുപോലെയാണ് തോന്നിയത്. രാവിലെ ചെറിയൊരു കരച്ചില്‍ കേട്ട് അവള്‍ അടുക്കളയിലേക്ക് പോയി. ഗങ്കയെ എവിടെയും കാണാനുണ്ടായിരുന്നില്ല, അവിടെ കട്ടിലില്‍ പഴന്തുണിയില്‍ പൊതിഞ്ഞ് അലറിക്കരയുന്ന ഒരു കുഞ്ഞ് മാത്രമേ ഉണ്ടായിരുന്നുള്ളു. കാര്യസ്ഥന്റെ ഭാര്യ പേടിച്ചു. അവള്‍ ഗങ്കയെ തിരയാന്‍ തുടങ്ങി, അവള്‍ക്കെന്ത് പറ്റിക്കാണും?എന്തെങ്കിലും ഭീകരമായത് സംഭവിച്ചിരിക്കുമോ?  ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ഗങ്ക മഞ്ഞുകട്ടിക്കിടയിലെ പിളര്‍പ്പിനരികില്‍, നഗ്‌നപാദയായി അവളുടെ തുണി കഴുകുകയും പാട്ടുപാടുകയും ചെയ്യുകയായിരുന്നു. കാര്യസ്ഥന്റെ ഭാര്യക്ക് അവളെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന് തോന്നി, പക്ഷെ അവളില്ലാതെ താനെന്തുചെയ്യും? അത്രയും ഊര്‍ജ്ജസ്വലയായ, കഠിനാദ്ധ്വാനിയായ ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍.'

ഞാന്‍ പതുക്കെ അവിടെനിന്നും പിന്‍വാങ്ങി.

അപ്പോള്‍ ഗങ്ക ഒരു സാധാരണക്കാരനായ പഠിപ്പില്ലാത്ത പട്ടാളക്കാരനുമായി കൂട്ടായിരുന്നു. അത് ഭയാനകമാണ്, ഭയാനകം. അവളേതോ കുട്ടിയെ ദ്രോഹിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിലെല്ലാം എന്തോ ദുരൂഹതയും ഭീകരതയും ഉണ്ട്. അവളെവിടെ നിന്നോ അതിനെ മോഷ്ടിച്ച് പഴന്തുണിയിലൊളിപ്പിച്ചു വെച്ചതാണ്, അത് കരയാന്‍ തുടങ്ങിയപ്പോള്‍ അവള്‍ മഞ്ഞുകട്ടിയിലെ കുഴിയിലേക്ക് ഓടിപ്പോയി അവിടെ നിന്നും പാട്ടുപാടിയതാണ്.

ആ വൈകുന്നേരം മുഴുവനും എനിക്ക് ദു:ഖം തോന്നി, രാത്രിയില്‍ ഒരു സ്വപ്നം കണ്ട് കണ്ണീരോടെ ഞാനുണര്‍ന്നു. പക്ഷെ എന്റെ സ്വപ്നം സങ്കടപ്പെടുത്തുന്നതോ ഭയപ്പെടുത്തുന്നതോ ആയിരുന്നില്ല, ഞാന്‍ കരഞ്ഞത് വ്യസനം കൊണ്ടായിരുന്നില്ല മറിച്ച് ആനന്ദം കൊണ്ടായിരുന്നു. ഉണര്‍ന്നപ്പോള്‍ എനിക്കത് പകുതി മാത്രമേ ഓര്‍മ്മിക്കാന്‍ കഴിഞ്ഞുള്ളു, അതെന്താണെന്ന് എടുത്തുപറയാനും എനിക്ക് കഴിഞ്ഞില്ല.

'സ്വപ്നത്തില്‍ ഞാനൊരു തോണി കണ്ടു. വളരെ സുതാര്യമായ ഇളം നീല നിറമായിരുന്നു അതിന്. ചുമരുകള്‍ക്കിടയിലൂടെ അത് നേരെ ആറ്റുവഞ്ചികള്‍ക്കിടയിലേക്ക് തുഴഞ്ഞുപോയി. കവിതയും സംഗീതവും മാത്രമായിരുന്നു എല്ലാം.

'പക്ഷെ അങ്ങനെയാണെങ്കില്‍ നീ നിലവിളിക്കുന്നതെന്തിനാ? ആയ വിസ്മയത്തോടെ ചോദിച്ചു. 'ഒരു തോണി എങ്ങിനെയാണ് നിന്നെ ഓരിയിടീപ്പിക്കുന്നത്? ഒരു തോണി എന്നുപറഞ്ഞാല്‍ എന്തെങ്കിലും നല്ലതായിരിക്കും.'

അവര്‍ക്ക് മനസ്സിലായില്ല എന്നത് എനിക്ക് കാണാമായിരുന്നു, പക്ഷെ അതില്‍ കൂടുതലൊന്നും എനിക്ക് പറയാനോ വിവരിക്കാനോ ഉണ്ടായിരുന്നില്ല. എന്റെ മനസ്സ് ഉന്മാദത്താല്‍ മുഴങ്ങുകയും, പാടുകയും, കരയുകയും ചെയ്യുകയായിരുന്നു. ഒരു ഇളം നീല നിറമുള്ള തോണി, ആറ്റുവഞ്ചികള്‍, കവിത, പാട്ട്....

ഞാന്‍ പൂന്തോട്ടത്തിലേക്ക് പോയില്ല. ഗങ്കയെ ഞാന്‍ കാണുമെന്നും പട്ടാളക്കാരനെക്കുറിച്ചും, പഴന്തുണിയില്‍ പൊതിഞ്ഞ പിഞ്ചുകുഞ്ഞിനെക്കുറിച്ചും എനിക്ക് മനസ്സിലാകാത്ത ഭയാനകമായ കാര്യങ്ങള്‍ ഞാന്‍ ആലോചിക്കാന്‍ തുടങ്ങുമെന്ന് ഞാന്‍ പേടിച്ചു,.

ദിവസം ഇഴഞ്ഞുനീങ്ങി. പ്രക്ഷുബ്ധമായ കാലവസ്ഥയായിരുന്നു പുറത്ത്, കാറ്റ് മരങ്ങളെ ചായ്ച്ചുകൊണ്ടിരുന്നു. അലയടിക്കുന്ന തിരമാലകളുടെ ശബ്ദം പോലെ അവ മരക്കൊമ്പുകളെയും ഇലകളെയും ഇളക്കി മറിച്ചുകൊണ്ടിരുന്നു.

ഇടനാഴിയില്‍, കലവറയുടെ പുറത്ത് ഒരതിശയമുണ്ടായിരുന്നു, മേശയുടെ മുകളില്‍ ഒരു തുറന്ന വീഞ്ഞപ്പെട്ടിയില്‍ നാരങ്ങകള്‍. അന്നേ ദിവസം രാവിലെ പട്ടണത്തില്‍ നിന്നും കൊണ്ടുവന്നതാവണം അവ. ഉച്ചഭക്ഷണത്തിനുശേഷം അത് ഞങ്ങള്‍ക്ക് തരും.

നാരങ്ങകള്‍ എനിക്ക് വലിയ ഇഷ്ടമാണ്. അവ സൂര്യനെപ്പോലെ ഉരുണ്ടതും സ്വര്‍ണ്ണനിറമുള്ളതുമാണ്. അവയുടെ തൊലിയ്ക്കുള്ളില്‍ മധുരവും മണവുമുള്ള നീര് നിറഞ്ഞ ആയിരം അറകളുണ്ട്. നാരങ്ങകള്‍ സുന്ദരമാണ്, നാരങ്ങകള്‍ ആനന്ദമാണ്.

പെട്ടെന്ന് ഞാന്‍ ഗങ്കയെക്കുറിച്ച് ചിന്തിച്ചു. അവള്‍ നാരങ്ങകളെ അറിഞ്ഞിട്ടില്ല. ഊഷ്മളമായ അലിവും കാരുണ്യവും എന്റെ ഹൃദയത്തെ നിറച്ചു.

പാവം! അവള്‍ക്കറിയില്ല. ഒന്നെങ്കിലും ഞാനവള്‍ക്ക് കൊടുക്കണം. പക്ഷെ എങ്ങനെ? ചോദിക്കാതെ ഒന്നെടുക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല. പക്ഷെ ചോദിച്ചിരുന്നെങ്കില്‍ ഉച്ചഭക്ഷണം കഴിയുന്നതുവരെ എന്നോട് കാത്തിരിക്കാന്‍ പറയുമായിരുന്നു. അപ്പോള്‍ അതെനിക്ക് കൂടെ കൊണ്ടുപോകാന്‍ കഴിയില്ല. അവരെന്നെ കൊണ്ടുപോകാന്‍ അനുവദിക്കില്ല, അവര്‍ ചോദ്യങ്ങള്‍ ചോദിക്കും, അവര്‍ ചിലപ്പോള്‍ ഊഹിക്കുക പോലും ചെയ്യും. അവര്‍ ചിരിക്കാന്‍ തുടങ്ങും. ചോദിക്കാതെ ഒന്നെടുക്കുന്നതാണ് നല്ലത്. എനിക്ക് ശിക്ഷ കിട്ടും, പിന്നെയെനിക്ക് നാരങ്ങ തരില്ല, അത്രയേ ഉണ്ടാവൂ. ഞാനെന്തിനെയാണ് പേടിച്ചിരുന്നത്?

ഉരുണ്ട് കുളിര്‍ത്ത, ഇമ്പമുള്ള നാരങ്ങ എന്റെ കൈയില്‍ കിടന്നു.

എനിക്കെങ്ങനെ കഴിഞ്ഞു? കള്ളന്‍! കള്ളന്‍! പക്ഷെ അതെല്ലാം പിന്നത്തേക്ക് വെക്കാം, ഇപ്പോഴെനിക്ക് പെട്ടെന്ന് ഗങ്കയുടെ അടുത്തെത്തണം.

പെണ്‍കുട്ടികള്‍ വീടിന്റെ പിറകുവശത്തെ വാതിലിന്റെ അടുത്തുതന്നെ കള പറിക്കുന്നുണ്ടായിരുന്നു.

'ഗങ്ക! ഇത് നിനക്ക് വേണ്ടിയാണ്, നിനക്ക് വേണ്ടി! തിന്നു നോക്കൂ, നിനക്കാണിത്.'

അവളുടെ ചുവന്ന ചുണ്ടുകള്‍ ചിരിച്ചു.

'ഇതെന്താണ്?'

'ഇതാണ് നാരങ്ങ. ഇത് നിനക്കാണ്.

അതവള്‍ കൈയിലിട്ട് തിരിക്കുകയായിരുന്നു. ഞാനവളെ അമ്പരപ്പിക്കാന്‍ പാടില്ല.

ഞാന്‍ വീട്ടിലേക്കോടിപ്പോയി ഇടനാഴിയിലെ ജനലിലൂടെ തല പുറത്തേക്കിട്ട്, എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു. അവളുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ ഞാനാഗ്രഹിച്ചു.

അവള്‍ തോലോടുകൂടി ഒരു കഷ്ണം കടിച്ചു (ഞാനെന്തിനാണ് അവള്‍ക്ക് തൊലി പൊളിച്ചു കൊടുക്കാതിരുന്നത്?), പിന്നെ വായ വലുതായി പൊളിച്ച്, മുഖം കോട്ടി, കടിച്ചെടുത്തത് തുപ്പിക്കളഞ്ഞ് നാരങ്ങ ദൂരെ കുറ്റിച്ചെടികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞു. മറ്റുള്ള പെണ്‍കുട്ടികള്‍ ചിരിച്ചുകൊണ്ട് അവളുടെ ചുറ്റും കൂടി. അവളപ്പോഴും മുഖം ചുളിക്കുകയും, തലയിളക്കുകയും, തുപ്പുകയും, ചിത്രത്തുന്നല്‍ ചെയ്ത ഷര്‍ട്ടിന്റെ കൈ കൊണ്ട് വായ തുടയ്ക്കുകയും ചെയ്യുകയായിരുന്നു.

ഞാന്‍ ജാലകപ്പടിയില്‍ നിന്നും ചാടിയിറങ്ങി വേഗത്തില്‍ ഇടനാഴിയിലെ ഇരുണ്ട മൂലയിലേക്ക് പോയി, പൊടിപിടിച്ച പരവതാനികൊണ്ട് മൂടിയ ഒരു വലിയ അലമാരയുടെ പിറകില്‍, നിലത്ത് ഒളിച്ചിരുന്ന് കരയാന്‍ തുടങ്ങി.

എല്ലാം കഴിഞ്ഞിരുന്നു. ലോകത്തില്‍ വെച്ച് എനിക്കറിയാവുന്ന ഏറ്റവും നല്ല സാധനം അവള്‍ക്ക് കൊടുക്കാന്‍ വേണ്ടി ഞാനൊരു കള്ളനായിത്തീര്‍ന്നിരുന്നു. അതവള്‍ക്ക് മനസ്സിലായില്ല, അവളത് തുപ്പിക്കളഞ്ഞു.

എങ്ങിനെയാണ് ഈ ദു:ഖത്തില്‍ നിന്നും വേദനയില്‍ നിന്നും ഞാനെന്നെങ്കിലും കരകയറുക?

കണ്ണീര്‍ വറ്റുന്നതുവരെ ഞാന്‍ കരഞ്ഞു. പിന്നീട് ഒരു പുതിയചിന്ത എന്റെ തലയിലേക്ക് വന്നു, 'ഇവിടെ അലമാരയുടെ പിറകില്‍ എലികളുണ്ടെങ്കിലോ?'

ആ പേടി എന്റെ മനസ്സില്‍ കടന്നു, അത് ശക്തമായി, മുന്‍പുണ്ടായിരുന്ന എന്റെ വികാരങ്ങളെ ഭയപ്പെടുത്തി ഓടിക്കുകയും എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തു.

ഇടനാഴിയില്‍ വെച്ച് ഞാന്‍ ആയയുമായി കൂട്ടിമുട്ടി. അവര്‍ പേടിച്ചുപോയി.

നിന്റെ ഉടുപ്പ്, നിന്റെ ഉടുപ്പ്! അതപ്പടി അഴുക്കായിരിക്കുന്നു! നീ വീണ്ടും കരയുന്നില്ലല്ലോ, ഉണ്ടോ?

ഞാനൊന്നും പറഞ്ഞില്ല. ഇന്ന് രാവിലെ, ഞാന്‍ അത്രയധികം വിവരിക്കാന്‍ ആഗ്രഹിച്ചിരുന്ന എന്റെ ആറ്റുവഞ്ചികളെ മനസ്സിലാക്കാന്‍  മനുഷ്യവര്‍ഗ്ഗത്തിന് സാധിച്ചില്ല. 'അതിനെ' അതിനെക്കുറിച്ച് ഒരു തരത്തിലും സംസാരിക്കാന്‍ കഴിയുകയില്ല. 'അത്' എനിക്ക് ഒറ്റയ്ക്ക് കൂടെ കഴിയേണ്ട ഒന്നായിരുന്നു.

പക്ഷെ മനുഷ്യവര്‍ഗ്ഗത്തിന് ഒരുത്തരം വേണമായിരുന്നു അതെന്നെ ചുമലില്‍ പിടിച്ച് കുലുക്കിക്കൊണ്ടിരുന്നു. എന്നെക്കൊണ്ട് കഴിയുന്ന വിധത്തില്‍ ഞാനതിനെ ചെറുത്തുനിന്നു.

'ഞാന്‍ കരയുകയല്ല..ഞാന്‍...എന്റെ...എനിക്ക് പല്ല് വേദനിക്കുന്നു.' 

 

മറുകരയിലെ കഥകള്‍

ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ

ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ

ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ

ഒരു മണിക്കൂറിന്റെ കഥ, കേറ്റ് ചോപിന്‍

എന്റെ സഹോദരന്‍, ഹെന്റി, ജെ. എം ബേറി എഴുതിയ കഥ

തൂവല്‍ത്തലയണ,  ഹൊറേസിയോ കിറോഗ എഴുതിയ കഥ

ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം, റുബെന്‍ ദാരിയോ എഴുതിയ കഥ

ഒരു യാത്ര, അമേരിക്കന്‍ നോവലിസ്റ്റ് ഈഡിത് വോര്‍ട്ടന്‍ എഴുതിയ കഥ

ആരാണത് ചെയ്തത്, നൊബേല്‍ സമ്മാന ജേതാവ് ലുയിജി പിരാന്ദെല്ലൊയുടെ കഥ

വയസ്സന്‍ കപ്യാര്‍, വ്‌ലാഡിമിര്‍ കൊറോലെങ്കോയുടെ കഥ

മറ്റവള്‍, അമേരിക്കന്‍ കഥാകൃത്ത് ഷെര്‍വുഡ് ആന്‍ഡേഴ്‌സണ്‍ എഴുതിയ കഥ

വിശ്വസ്ത ഹൃദയം, ഐറിഷ് എഴുത്തുകാരന്‍ ജോര്‍ജ് മോര്‍ എഴുതിയ കഥ

അവസാനത്തെ പാഠം, ഫ്രഞ്ച് നോവലിസ്റ്റും കഥാകൃത്തുമായ അല്‍ഫോന്‍സ് ഡോഡെ  എഴുതിയ കഥ

click me!