Asianet News MalayalamAsianet News Malayalam

ആരാണത് ചെയ്തത്, നൊബേല്‍ സമ്മാന ജേതാവ് ലുയിജി പിരാന്ദെല്ലൊയുടെ കഥ

മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍,  1934-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഇറ്റാലിയന്‍ എഴുത്തുകാരന്‍  ലുയിജി പിരാന്ദെല്ലൊ എഴുതിയ കഥ

Marukara a column for translation short story by  Luigi Pirandello  translation by Reshmi Kittappa
Author
Thiruvananthapuram, First Published Jun 26, 2021, 3:05 PM IST

വിവര്‍ത്തകയുടെ കുറിപ്പ് 

മുന്‍പൊരിക്കലും കേട്ടിട്ടില്ലാത്തതുകൊണ്ട് ലുയിജി പിരാന്ദെല്ലൊ എന്ന പേരുപോലും കുറച്ചൊരു ആശ്ചര്യമാണ് ഉണ്ടാക്കിയത്. കോഴിക്കോട്ന്‍ ഭാഷയില്‍ പിരാന്തല്ലോ എന്ന് പറഞ്ഞാല്‍, അര്‍ത്ഥം വേറെയാണല്ലോ! 

എണ്‍പതോ തൊണ്ണൂറോ കൊല്ലങ്ങള്‍ക്കു മുമ്പ് ഒരാളെഴുതിയ കഥകളുടെ പുതുമ ഇന്നും കുറയാതെ നില്‍ക്കുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ആ അത്ഭുതത്തിന്റെ അളവ് വീണ്ടും കൂടുകയാണ്. ചിലര്‍ കഥകളെഴുതി വല്ലാതെ അതിശയിപ്പിക്കും. വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നും കഥാപാത്രങ്ങള്‍ ഒട്ടും മങ്ങലില്ലാതെ നമ്മുടെ മുന്നില്‍ തെളിയുമ്പോള്‍ കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ എന്തെന്നില്ലാത്ത ആവേശത്തള്ളിച്ചയിലേക്ക് കൂപ്പുകുത്തും. 

വായനക്കാരെ അങ്ങനെ ആവേശം കൊള്ളിക്കാന്‍ എല്ലാ കഥകള്‍ക്കും കഴിയില്ല എന്ന സത്യത്തിന് മുകളിലേക്ക് ഓങ്ങിവെച്ച ഒരു കത്തിയാണ് ലുയിജി പിരാന്ദെല്ലൊ. കഥയിലൂടെ നടക്കാന്‍,  ഇരുട്ടില്‍ മഴ നനയാന്‍, വീഞ്ഞ് കുടിച്ചുകുടിച്ച് മത്തുപിടിക്കാന്‍ അദ്ദേഹം നമ്മളെ ഒരു ചെറുചിരിയോടെ പഠിപ്പിക്കുന്നു. ഒരെഴുത്തുകാരനേയോ എഴുത്തുകാരിയേയോ അറിയാന്‍ അവരുടെ പത്തുകഥകള്‍ വായിക്കണമെന്നില്ലെന്നും ഒരുവരി മാത്രം മതിയെന്നുമുള്ള ബോധത്തിലേക്ക് പിരാന്ദെല്ലൊ തന്റെ വെള്ളത്താടിയുമായി നടന്നുകയറുന്നു.  

1867ല്‍ ഇറ്റലിയിലെ സിസിലിദ്വീപില്‍, ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച ലുയിജി പിരാന്ദെല്ലൊ കുടുംബത്തൊഴിലായ സള്‍ഫര്‍ കച്ചവടത്തില്‍നിന്നും വഴിമാറി സാഹിത്യത്തിലേക്ക് നടക്കാന്‍ തീരുമാനിക്കുകയായിരുന്നു. നൂറുകണക്കിന് ചെറുകഥകള്‍, നാല്‍പ്പതോളം നാടകങ്ങള്‍, നോവലുകള്‍, കവിതകള്‍, പിരാന്ദെല്ലോയുടെ എഴുത്തിന്റെ കണക്ക് ഇതിലൊന്നും ഒതുങ്ങുന്നതല്ല. എങ്കിലും നാടകരംഗത്ത് നല്‍കിയ സംഭാവനകളാണ് അദ്ദേഹത്തെ താന്‍ ജീവിക്കുന്ന കാലത്ത് പ്രശസ്തനാക്കിയത്.  ജീവിതത്തില്‍ ദുരിതങ്ങള്‍ എപ്പോഴും കൂടെയുണ്ടായിട്ടും അതിനെ മറികടന്ന് എഴുത്തിന്റെ ആഴങ്ങളിലേക്കെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1934ല്‍ സാഹിത്യത്തിനുള്ള നോബെല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തിയ് അതിനാലാണ്. 

മറുകരയില്‍ ഇന്ന് ലുയിജി പിരാന്ദെല്ലൊയുടെ അതിശയിപ്പിക്കുന്ന എഴുത്തിന് ഒരുദാഹരണമായ ''ആരാണത് ചെയ്തത്?'' എന്ന കഥ.

 

Marukara a column for translation short story by  Luigi Pirandello  translation by Reshmi Kittappa
 

ഞാന്‍ പറയുന്നത് നിങ്ങളെയെല്ലാവരെയും ചിരിപ്പിക്കുന്നുണ്ടെങ്കില്‍, നിങ്ങളെന്നോട് പറയൂ ആരാണത് ചെയ്തതെന്ന്. പക്ഷെ ഏറ്റവും കുറഞ്ഞത് നിരപരാധിയായ ആന്ദ്രെ സാന്‍സെരയെ വെറുതെ വിടൂ. ഞാന്‍ നൂറാമത്തെ തവണ ആവര്‍ത്തിക്കുകയാണ്, ഞാനുമായുള്ള കൂടിക്കാഴ്ചക്ക് അവന്‍ വന്നിരുന്നില്ല. ഇനി നമുക്ക് എന്നെക്കുറിച്ച് സംസാരിക്കാം.

ഒരുപക്ഷേ ഞാന്‍ ഒക്‌ടോബറില്‍ റോമിലേക്ക് വന്നു എന്ന വസ്തുതയായിരിക്കാം ഞാന്‍ കുറ്റം ചെയ്തു എന്നതിനുള്ള തെളിവ്, ശരിയല്ലേ? മുന്‍പുള്ള വര്‍ഷങ്ങളിലെല്ലാം ഞാന്‍ എപ്പോഴും ഒരിക്കല്‍ മാത്രമേ വരാറുണ്ടായിരുന്നുള്ളു, അത് ജൂണ്‍ മാസത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂണില്‍ എന്റെ വിവാഹനിശ്ചയം മുടങ്ങിപ്പോയി എന്ന സത്യം നിങ്ങള്‍ കണക്കിലെടുക്കുന്നില്ലേ? നേപ്പിള്‍സില്‍, ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെ ഞാനൊരു ഭ്രാന്തനെപ്പോലെ പെരുമാറി, അത് അത്രയധികമായതിനാല്‍ എന്റെ ഓഫീസ് മാനേജര്‍ എന്നോട് ഒക്‌ടോബറില്‍ ഒരു മാസത്തെ ലീവുകൂടി എടുക്കാന്‍ നിര്‍ദ്ദേശിച്ചു. 

എന്റെ സ്വപ്നം, വര്‍ഷങ്ങളായി എനിക്കുണ്ടായിരുന്ന സ്വപ്നം തകര്‍ന്നുപോയിരുന്നു. അത് മറക്കാന്‍ വേണ്ടി ഞാന്‍ നേപ്പിള്‍സില്‍ വെച്ച് കുടിക്കാന്‍ തുടങ്ങി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ നാണംകെട്ട ഒരു കള്ളനായിരിക്കും. ഞാനൊരിക്കലും വീഞ്ഞ് കുടിച്ചിട്ടില്ല. എന്റെ തലയിലുണ്ടായിരുന്ന ഒരു വേദനയാണ് എനിക്ക് ബോധക്കേടും തലതിരിച്ചിലും ഛര്‍ദ്ദിക്കണമെന്ന തോന്നലും ഉണ്ടാക്കിയത്. ഞാന്‍ കുടിച്ചുവെന്നോ? എന്നാലിപ്പോള്‍, സ്വയം ഒഴിഞ്ഞുമാറാന്‍ വേണ്ടി ഞാന്‍ ഭ്രാന്തഭിനയിക്കുകയാണെന്ന് അവര്‍ എല്ലാവരെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. പകരം, ഞാന്‍ വിഡ്ഡിയെപ്പോലെ, എന്നോട് ചെയ്തതുപോലെത്തന്നെ തിരിച്ച് ചെയ്യാന്‍ വേണ്ടി, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വളരെയധികം വര്‍ഷങ്ങള്‍ എന്റെ സ്വബോധവുമായി കലഹിച്ചതിനും, വിശ്വസ്തനും പരിശുദ്ധനുമായി ഇരുന്നതിനും പകരം വീട്ടാന്‍ വേണ്ടി താല്‍ക്കാലികമായ പ്രേമബന്ധങ്ങളില്‍ എന്നെത്തന്നെ അര്‍പ്പിച്ചിരിക്കുകയായിരുന്നു. ഞാനങ്ങനെ ചെയ്തു, അങ്ങനെ ചെയ്തുകൊണ്ട് അതിരുകടക്കുകയും ചെയ്തു എന്ന് ഞാന്‍ സമ്മതിക്കുന്നു.

റോമില്‍, എന്റെ അമ്മയുടെ വീട്ടില്‍വെച്ച് ഞാന്‍ ഏഴുവര്‍ഷമായി കാണാതിരുന്ന ആന്ദ്രെ സാന്‍സെരയെ ഞാന്‍ വീണ്ടും കാണുന്നു. അയാള്‍ അമേരിക്കയില്‍ നിന്നും രണ്ടുമാസം മുന്‍പ് തിരിച്ചെത്തിയതായിരുന്നു. എന്റെ അമ്മ വിശ്വാസത്തോടെ എന്നെ അവന്റെ കൈയിലേല്‍പ്പിച്ചു. കുട്ടികളായിരുന്നപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നതാണ്, പാവം വയസ്സായ ആ സ്ത്രീക്ക് ഞങ്ങളെ അറിയാവുന്നതിനേക്കാള്‍ നന്നായി ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു. ഞങ്ങളെക്കുറിച്ച്, അമ്മയുടെ ശുദ്ധമായ മനസ്സില്‍ ഞങ്ങള്‍ അര്‍ഹിക്കുന്നതിനേക്കാള്‍ നല്ലൊരു അഭിപ്രായം ഉണ്ടായിരുന്നു. 

ഞങ്ങള്‍ രണ്ട് മാലാഖമാരാണെന്ന് അവര്‍ കരുതി, ഇരുപത്തിയാറ് വയസ്സുള്ള ഞങ്ങള്‍! പക്ഷെ ഈ നല്ല അഭിപ്രായത്തിലേക്ക് ഞാനമ്മയെ നയിച്ചത് എന്റെ വിവാഹം നിശ്ചയിച്ചുകഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഞാന്‍ ജീവിച്ച രീതിയിലൂടെയാണ്. കൂടുതല്‍ പറയേണ്ട ആവശ്യമില്ല. ആന്ദ്രെയുടെ കൂടെ മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് നേപ്പിള്‍സില്‍ നടന്നിരുന്ന മോശമായ വഴി ഞാന്‍ പിന്തുടര്‍ന്നു. 

ഇനി ഞാന്‍ പ്രധാനപ്പെട്ട പ്രശ്‌നത്തിലേക്ക് വരാം. ഒരു വൈകുന്നേരം അവന്‍ പറയുന്നു....പക്ഷെ അതിനുമുന്‍പ് ഞാന്‍ നിങ്ങളോട് പറയുന്നു ഇനി ഞാന്‍ പറയാന്‍ പോകുന്ന വ്യക്തിയെ സാന്‍സരെക്ക് അറിയില്ല, അയാള്‍ മറ്റുള്ളവരില്‍ നിന്നും അവളെക്കുറിച്ച് കേട്ടിട്ടേയുള്ളു. അവനെന്നോട് പറഞ്ഞത് ഞാന്‍ ഒരു പ്രത്യേക ആകര്‍ഷണമുള്ള - അവന്‍ സാധാരണ അങ്ങനെയാണ് പറയാറുള്ളത് - ഒരാളെ പോയി കാണണമെന്നാണ്. അവനെന്താണ് പറഞ്ഞതെന്ന് കൃത്യമായും എനിക്ക് നിങ്ങളോട് പറയാന്‍ കഴിയില്ല, പക്ഷെ അവന്റെ വാക്കുകള്‍ എന്റെ മനസ്സിലുണ്ടാക്കിയ ദൃശ്യങ്ങള്‍ മാത്രം എനിക്ക് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയും. 

വലിയ കട്ടിലുള്ള ഒരിരുണ്ട മുറി, കട്ടിലിന്റെ കാല്‍ക്കല്‍ ഒരു മറയുണ്ടായിരുന്നു, പ്രേതത്തെപ്പോലെ ഒരു പുതപ്പില്‍ പൊതിഞ്ഞ് ഒരു പെണ്‍കുട്ടി, മറയുടെ പിറകില്‍ ഒരു മുതിര്‍ന്ന സ്ത്രീ, പെണ്‍കുട്ടിയുടെ അമ്മായി ഒരു ചെറിയ വട്ടമേശയുടെ അടുത്തിരുന്ന് തുന്നുകയായിരുന്നു. മേശയുടെ മുകളിലെ ഒരു വിളക്ക്,  വയസ്സായ സ്ത്രീയെയും അവരുടെ ചുറുചുറുക്കോടെ ചലിക്കുന്ന കൈകളെയും വലിയൊരു നിഴലാക്കി ചുമരില്‍ പതിപ്പിക്കുന്നു.  പെണ്‍കുട്ടി സംസാരിക്കുകയോ അവളുടെ മുഖം കാണാന്‍ അനുവദിക്കുകയോ ചെയ്തില്ല, അതിനുപകരം അവളുടെ അമ്മായിയാണ് സംസാരിച്ചത്, വിശ്വസ്തരായ ചില ഇടപാടുകാരോട് കഷ്ടപ്പാടുകള്‍ എണ്ണിപ്പറഞ്ഞത്: വടക്കന്‍ ഇറ്റലിയില്‍ മികച്ച ശമ്പളം കിട്ടുന്ന ജോലിയുള്ള വളരെ നല്ലൊരു ചെറുപ്പക്കാരനുമായി ആ സ്ത്രീയുടെ മരുമകളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു, പക്ഷെ സ്ത്രീധനം കാരണം ആ വിവാഹം വേണ്ടെന്നുവെച്ചു. സ്ത്രീധനം കൊടുക്കാനുണ്ടായിരുന്നു, പക്ഷെ കുടുംബത്തിലുണ്ടായ ഒരു ദുരന്തം അത് മുഴുവനും ഇല്ലാതാക്കി. വളരെ ചുരുങ്ങിയ സമയം കൊണ്ട്, നല്ലവനായ ആ ചെറുപ്പക്കാരന്‍ കണ്ടുപിടിക്കുന്നതിനുമുന്‍പ് അവര്‍ക്ക് ആ പണം ഉണ്ടാക്കിയെടുക്കണം. ''ആ മുറിയുടെ വാതിലിനു മുകളില്‍ ആര്‍ക്കുവേണമെങ്കിലും 'ഹൃദയവേദന' എന്നെഴുതാന്‍ പറ്റും.'' ആന്ദ്രെ സാന്‍സെര പറഞ്ഞവസാനിപ്പിച്ചു.

 

Marukara a column for translation short story by  Luigi Pirandello  translation by Reshmi Kittappa

 

സ്വാഭാവികമായും, എനിക്ക് മോഹമുണ്ടായിരുന്നു. അങ്ങനെ ആന്ദ്രെയും ഞാനും അടുത്ത ദിവസം വൈകുന്നേരം എട്ടരയ്ക്ക്, പോര്‍ട്ട ദെല്‍ പോപൊളൊയുടെ പുറത്ത് കണ്ടുമുട്ടാമെന്ന് തീരുമാനിച്ചു. അവന്‍ വിയ ഫ്‌ലമീനിയയിലാണ് താമസിക്കുന്നത്. ആ രണ്ടു സ്ത്രീകളുടെ വീട് വിയ ലൌറിനയിലാണ്, അതിന്റെ നമ്പര്‍ ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല.

അതൊരു ശനിയാഴ്ച രാത്രിയായിരുന്നു, അപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. 

ഞങ്ങളുടെ മുന്നില്‍ വിയ ഫ്‌ലമീനിയ നീണ്ടുനിവര്‍ന്ന് കിടന്നു. 

ചെളിയുള്ളതും, അങ്ങുമിങ്ങും തെരുവ് വിളക്കുകളുടെ പ്രകാശം നിറഞ്ഞതുമായിരുന്നു അത്, എനിക്ക് പിറകില്‍, വില്ല ബൊര്‍ഗീസ് സ്മാരകത്തിലെ മഴപ്പെയ്ത്തില്‍പ്പെട്ട ഇരുണ്ട മരങ്ങളെ ഇളക്കിയ കൊടുങ്കാറ്റില്‍ ആ വെളിച്ചം കുതിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്തുകൊണ്ടിരുന്നു. മോശമായ കാലാവസ്ഥയായതുകൊണ്ട് അവന്‍ വരില്ലെന്ന് ഞാന്‍ കരുതി, എന്നിട്ടും അവിടെ നില്‍ക്കണോ അതോ പോകണോ എന്നെനിക്ക് തീരുമാനിക്കാന്‍ കഴിഞ്ഞില്ല, എന്റെ കുടയുടെ ചുറ്റുമുള്ള അരികുകളില്‍ നിന്നും വീണുകൊണ്ടിരിക്കുന്ന മഴവെള്ളത്തിന്റെ അരുവികളിലേക്ക് നോക്കിക്കൊണ്ട് ആശയക്കുഴപ്പത്തോടെ ഞാനവിടെ നിന്നു. 

വിയ ലോറിനയിലേക്ക് ഞാനൊറ്റയ്ക്ക് പോകണോ? 

വേണ്ട, വേണ്ട.. കഴിഞ്ഞ മൂന്നു മാസങ്ങളായി ഞാന്‍ നയിച്ചുകൊണ്ടിരുന്ന ജീവിതത്തെക്കുറിച്ചുള്ള തീവ്രമായ ഒരു മനംപുരട്ടല്‍ ആ നിമിഷത്തില്‍ എന്നെ പിടികൂടി. അവിടെ ദുര്‍മാര്‍ഗ്ഗത്തിലേക്കുള്ള വഴിയില്‍ കൂട്ടുകാരന്‍ വിട്ടിട്ടുപോയ എന്നെക്കുറിച്ച് എനിക്ക് ലജ്ജ തോന്നി. അത്രയും ഭയാനകമായ ഒരു സന്ധ്യയില്‍ ഞങ്ങളുടെ കൂടിക്കാഴ്ച നടത്താന്‍ വേണ്ടത്രയും ദുഷിച്ചവനാണ് ഞാനെന്ന് സംശയിക്കാതെ, ആന്ദ്രെ ഒരുപക്ഷെ ഏതെങ്കിലും നേരുള്ളൊരു വീട്ടില്‍ സായാഹ്നം ചിലവഴിക്കാന്‍ പോയിട്ടുണ്ടാവുമെന്ന് ഞാന്‍ കരുതി. എന്നിട്ടും, അതല്ല കാര്യമെന്ന് ഞാന്‍ വിചാരിച്ചു. മലിനമായതിനേക്കാള്‍ കൂടുതല്‍ ദു:ഖാര്‍ത്തനാണ് ഞാന്‍. എനിക്കിപ്പോള്‍ എങ്ങോട്ടാണ് പോവാന്‍ കഴിയുക? 

എന്റെ മുന്‍പത്തെ ജീവിതത്തില്‍, അരികില്‍ പ്രണയിനിയുമായി അവളുടെ വീട്ടില്‍ വെച്ച് ചിലവഴിച്ച ശാന്തമായ വൈകുന്നേരങ്ങള്‍ എന്റെ മനസ്സിലേക്ക് വന്നു. 

ഓ ടുഡ! ടുഡ! 

 

Marukara a column for translation short story by  Luigi Pirandello  translation by Reshmi Kittappa

 

പെട്ടെന്ന് ആ നഗരകവാടത്തിന്റെ നടുവിലെ കമാനത്തില്‍ കൂനുള്ള, ഞെരിയാണിവരെ നീളമുള്ള മേലങ്കിധരിച്ച ഒരു വൃദ്ധനായ മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു. രണ്ടു കൈകള്‍കൊണ്ടും അയാള്‍ കീറിപ്പറിഞ്ഞ ഒരു കുട കൂട്ടിപ്പിടിച്ചിരുന്നു. അയാള്‍ വിയ ഫ്‌ലമീനിയയിലേക്കാണ് പോയ്‌ക്കൊണ്ടിരുന്നത്, ഏറെക്കുറെ കാറ്റ് പറത്തിച്ച് കൊണ്ടുപോകുന്നതുപോലെ. എന്റെ കണ്ണുകള്‍ ഞാനയാളില്‍ത്തന്നെ കേന്ദ്രീകരിച്ചു.....എന്റെ ശരീരത്തിലൂടെ മുഴുവനായും ഒരു കുളിര് കടന്നുപോയി. 

മിസ്റ്റര്‍ ജകോപൊ, ജകോപൊ സ്‌റ്റേഴ്‌സി, ടുഡയുടെ അച്ഛന്‍, എന്റെ മുന്‍പത്തെ പ്രതിശ്രുതവധുവിന്റെ അച്ഛന്‍! 

ഒരുവര്‍ഷം മുന്‍പ്, ഞാന്‍ സ്വയം എന്റെ ഈ കൈകള്‍ കൊണ്ട് അദ്ദേഹത്തെ ശവപ്പെട്ടിയിലടയ്ക്കുകയും ക്യാമ്പോ ബെരാനൊ സെമിത്തേരിയിലേക്ക് അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്‌തെങ്കില്‍ ഇതെങ്ങനെ സംഭവിക്കും? എന്നിട്ടും, നോക്കൂ, അദ്ദേഹം ഇതാ. എന്റെ മുന്നിലൂടെ കടന്നുപോകുന്നു. 

ഓ ദൈവമേ!...അദ്ദേഹം എന്നെ നോക്കാന്‍ വേണ്ടി തിരിയുന്നു, അദ്ദേഹത്തിന്റെ ചിരി എനിക്ക് കാണാന്‍ വേണ്ടി തല ഒരുവശത്തേക്ക് ചരിയ്ക്കുന്നു. എന്തൊരു ചിരിയാണ്! 

ഞാന്‍ കോച്ചിവലിക്കുന്ന വിറയലില്‍പ്പെട്ട് നിന്നിടത്തുതന്നെ നിന്നുപോയി. ഞാന്‍ ഒച്ചവെക്കാന്‍ ശ്രമിച്ചു, പക്ഷെ ശബ്ദം എന്റെ തൊണ്ടയില്‍ നിന്നും പുറത്തുവന്നില്ല. കുറച്ചുനേരം എന്റെ കണ്ണുകള്‍ കൊണ്ട് ഞാനദ്ദേഹത്തെ പിന്തുടര്‍ന്നു. അവസാനം എന്റെ ഭയത്തില്‍നിന്നും പുറത്തുകടന്ന് ഞാന്‍ അദ്ദേഹത്തിന്റെ പിറകെ ഓടി.

എന്നെ വിശ്വസിക്കണമെന്ന് ഞാനപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള ഒരു കഥയുണ്ടാക്കാന്‍ എനിക്ക് കഴിയില്ല. 

അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകള്‍ അതുപോലെ തന്നെ ആവര്‍ത്തിക്കുന്നത് അസാദ്ധ്യമാണ്, പക്ഷെ ചില ആശയങ്ങള്‍ എന്റെ മനസ്സിന് ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും, കാരണം ജകോപൊ സ്റ്റേഴ്‌സി, മദ്യപാനാസക്തിയുള്ള ഒരു മനുഷ്യനായിരുന്നെങ്കിലും ഒരു യഥാര്‍ത്ഥ തത്വചിന്തകനായിരുന്നു, ഏറ്റവും മൗലികതയുള്ള ഒരു തത്വചിന്തകന്‍. അദ്ദേഹം എന്നോട് മരിച്ചവരുടെ ജ്ഞാനത്തോടെ സംസാരിച്ചു.

 

Marukara a column for translation short story by  Luigi Pirandello  translation by Reshmi Kittappa

 

അദ്ദേഹം തന്റെ ചെറിയ വിറയ്ക്കുന്ന കൈകള്‍ ഒരു മദ്യശാലയുടെ ചില്ലുവാതിലിന്റെ പിടിയില്‍ വെക്കാന്‍ തുടങ്ങുമ്പോഴേക്കും ഞാനദ്ദേഹത്തിന്റെ ഒപ്പമെത്തി. അദ്ദേഹം പെട്ടെന്ന് തിരിഞ്ഞ്, എന്റെ കൈയില്‍പ്പിടിച്ചുകൊണ്ട് എന്നെ ഒരു ഇരുണ്ട നിഴലിലേക്ക് കൊണ്ടുപോയിട്ട് പറഞ്ഞു:

''ലൂസി, ദൈവത്തെ ഓര്‍ത്ത് ദയവുചെയ്ത് ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറയരുത്!''

''അതെന്തിന്, എങ്ങനെയാണ്..നിങ്ങള്‍?'' ഞാന്‍ വിക്കി.

''അതെ, ഞാന്‍ മരിച്ചുപോയി, ലൂസി,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു,' പക്ഷെ എന്റെ ചീത്തശ്ശീലം, നിനക്കറിയാമല്ലോ, അത് ശക്തമാണ്! ഞാനിപ്പോള്‍ത്തന്നെ വിവരിച്ചുപറയാം. മരിച്ചുകഴിഞ്ഞാല്‍ മറ്റൊരു ജന്മത്തിലേക്ക് പാകമാകുന്ന ആളുകളുണ്ട്, അങ്ങനെ അല്ലാത്തവരും ഉണ്ട്. ആദ്യം പറഞ്ഞവര്‍ മരിച്ചുകഴിഞ്ഞാല്‍ ഒരിക്കലും തിരിച്ചുവരികയില്ല, കാരണം അവര്‍ തങ്ങളുടെ വഴി കണ്ടുപിടിക്കുന്നതില്‍ വിജയിച്ചിരിക്കും...അവസാനം പറഞ്ഞവര്‍ പകരം തിരിച്ചുവരുന്നു, കാരണം അവര്‍ക്കത് കണ്ടുപിടിക്കാന്‍ കഴിയുന്നില്ല, സ്വാഭാവികമായും അവര്‍ എവിടെയാണോ നഷ്ടമായത് അവിടംതന്നെ അവര്‍ കണ്ടെത്തുന്നു. എന്നെ സംബന്ധിച്ച്, അതിവിടെയാണ്, ഈ മദ്യശാലയില്‍. പക്ഷെ അത് നീ വിചാരിക്കുന്നതുപോലെയല്ല. ഇതെന്റെ ശിക്ഷയാണ്. ഞാന്‍ കുടിക്കുന്നു, പക്ഷെ അത് ഞാന്‍ കുടിക്കുന്നില്ല എന്നതുപോലെയാണ്, കാരണം കുടിക്കുന്നതിനനുസരിച്ച് എന്റെ ദാഹം കൂടുന്നു. അപ്പോള്‍പ്പിന്നെ, നിനക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതുപോലെ, എന്നെ ധാരാളിത്തത്തോടെ സല്‍ക്കരിക്കാന്‍ എനിക്ക് കഴിയുകയില്ല.

''തന്റെ വലതുകൈയിലെ ചൂണ്ടുവിരലും തള്ളവിരലും തമ്മില്‍ ഉരച്ചുകൊണ്ട് അയാള്‍ തന്റെ മുഖം കോട്ടിക്കാണിച്ചു, ആ ഗോഷ്ടികൊണ്ട് അയാളുദ്ദേശിച്ചത് തന്റെ കൈയില്‍ കാശൊന്നുമില്ല എന്നാണ്. ഞാന്‍ ബുദ്ധികെട്ടവനെപ്പോലെ അയാളെ നോക്കി. ഞാന്‍ സ്വപ്നം കാണുകയായിരുന്നോ? ഈയൊരു വിഡ്ഡിച്ചോദ്യം എന്റെ ചുണ്ടുകളിലെത്തി:

''ഓ, തീര്‍ച്ചയായും! നിങ്ങളെങ്ങനെയാണ് ജീവിച്ചുപോന്നത്?''

അയാള്‍ ചിരിച്ചു, എന്നിട്ട് ഒരു കൈ എന്റെ തോളിലിട്ടുകൊണ്ട് മറുപടി പറഞ്ഞു:

''നീയത് അറിഞ്ഞിരുന്നെങ്കില്‍!....എന്റെ ശവമടക്ക് കഴിഞ്ഞതിന്റെ പിറ്റേദിവസം, എന്റെ ഭാര്യയുടെ നിര്‍ദ്ദേശപ്രകാരം ഉണ്ടാക്കി ശവക്കല്ലറക്ക് മുകളില്‍ വെച്ചിരുന്ന മനോഹരമായ ചീനക്കളിമണ്‍ ഫലകം മുതല്‍ ഞാന്‍ വില്‍ക്കാന്‍ തുടങ്ങി. അതിന്റെ നടുവില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു 'എന്റെ ആരാധ്യനായ ഭര്‍ത്താവിന്.' ഇപ്പോള്‍, ഞങ്ങള്‍ മരിച്ചവര്‍ക്ക്, ചില കള്ളങ്ങള്‍ സഹിക്കാന്‍ കഴിയില്ല, അതുകൊണ്ട് ഞാനത് കുറച്ച് കാശിന് വിറ്റു. അങ്ങനെ ഒരാഴ്ച എനിക്ക് മുന്നോട്ട് പോവാന്‍ കഴിഞ്ഞു. എന്റെ ഭാര്യ എന്നെ കാണാന്‍ വരുമെന്നോ ആ ഫലകം അവിടെയില്ലെന്ന് കണ്ടുപിടിക്കുമോ എന്നുള്ള അപകടം അവിടെയുണ്ടായിരുന്നില്ല. ഇപ്പോള്‍ ഞാന്‍ പറ്റുകാരുമായി ചീട്ടുകളിക്കും, ഞാന്‍ ജയിക്കുന്നതുകൊണ്ട് തോറ്റവരുടെ ചിലവില്‍ ഞാന്‍ കുടിക്കും. ചുരുക്കത്തില്‍...ഇതൊരു സാഹസമാണ്. നീയെന്താണ് ചെയ്യുന്നത്?''

അയാള്‍ക്ക് മറുപടി കൊടുക്കാന്‍ എന്നെക്കൊണ്ട് കഴിഞ്ഞില്ല. ഒരു നിമിഷം ഞാനയാളെ നോക്കിനിന്നു, എന്നിട്ട് ഭ്രാന്തുപിടിച്ചതുപോലെ അയാളുടെ കൈയില്‍ കടന്നുപിടിച്ചു.

''എന്നോട് സത്യം പറയൂ! നിങ്ങളാരാണ്? നിങ്ങള്‍ ഇവിടെ എങ്ങനെയെത്തി?''

അയാള്‍ സമചിത്തത കൈവിടാതെ ചിരിച്ചുകൊണ്ട് പറഞ്ഞു:

''പക്ഷെ നീ തന്നെയാണ് എന്നെ തിരിച്ചറിഞ്ഞത്!..ഞാനിവിടെ എങ്ങനെയാണെത്തിയത്? ഞാന്‍ നിന്നോട് പറയാം, പക്ഷെ ആദ്യം നമുക്ക് അകത്തേക്ക് പോകാം. നീ കാണുന്നില്ലേ? മഴ പെയ്യുകയാണ്.''

അയാളെന്നെ പ്രലോഭിപ്പിച്ച് മദ്യശാലയിലേക്ക് കൊണ്ടുപോയി. അവിടെ, അയാളെന്നെ വീണ്ടും വീണ്ടും കുടിക്കാന്‍ നിര്‍ബന്ധിച്ചു, തീര്‍ച്ചയായും എന്നെ കുടിപ്പിച്ച് മത്തുപിടിപ്പിക്കണമെന്ന ഉദ്ദേശ്യം കൊണ്ടായിരുന്നു അത്. അത്രക്ക് അമ്പരക്കുകയും നടുങ്ങുകയും ചെയ്തതിനാല്‍ എനിക്ക് എതിര്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വീഞ്ഞ് കുടിക്കാറില്ല, എന്നിട്ടും ഞാനെത്ര കുടിച്ചെന്ന് എനിക്കോര്‍ക്കാന്‍ കഴിയുന്നില്ല. 

ശ്വാസം മുട്ടിക്കുന്ന പുകയുടെ ഒരു പടലം ഞാനോര്‍ക്കുന്നുണ്ട്, വീഞ്ഞിന്റെ തീക്ഷ്ണമായ ചൂര്, അവ്യക്തമായി പാത്രങ്ങള്‍ കലമ്പിക്കുന്ന ശബ്ദം, അടുക്കളയുടെ ചൂടുള്ള കനത്ത ഗന്ധം, പിറുപിറുക്കുന്ന അടക്കിയ പരുക്കന്‍ ഒച്ചകള്‍. അരികത്ത്, കളി കാണുന്നതില്‍ മുഴുകി, ദേഷ്യപ്പെടുകയും അനുമോദിക്കുകയും ചെയ്യുന്ന കാണികളുടെ മുരള്‍ച്ചകള്‍ക്കിടയില്‍, പരസ്പരം ശ്വാസം കവരാനെന്ന വിധത്തില്‍ കുനിഞ്ഞിരുന്ന് രണ്ടു വൃദ്ധന്മാര്‍ ചീട്ടുകളിക്കുന്നുണ്ട്. പൊക്കം കുറഞ്ഞ മച്ചില്‍നിന്നും തൂങ്ങുന്ന ഒരു വിളക്ക്, കട്ടിയുള്ള പുകയിലൂടെ തന്റെ മഞ്ഞവെളിച്ചം പരത്തുന്നുണ്ട്. 

പക്ഷെ എന്നെ എറ്റവും കൂടുതല്‍ അമ്പരപ്പിച്ചത്, അവിടെയുള്ള അത്രയും ആളുകളില്‍ ഒരാള്‍ പോലും മരിച്ച ഒരു മനുഷ്യന്‍ അവിടെയുണ്ടെന്ന കാര്യം സംശയിച്ചില്ല എന്ന് കണ്ടതാണ്. ഓരോരുത്തരെ നോക്കുമ്പോഴും, എന്റെ ചങ്ങാതിയെ ചൂണ്ടിക്കാണിച്ച് ഇങ്ങനെ പറയാന്‍ ഞാന്‍ വെമ്പി: ''ഇയാള്‍ ഒരു മരിച്ച മനുഷ്യനാണ്!''. പക്ഷെ അപ്പോള്‍, എന്റെ ചുണ്ടിലെ ആ വെമ്പല്‍ ഏതാണ്ട് വായിച്ചിട്ടാവണം ജകോപൊ സ്റ്റേഴ്‌സി, തോളുകള്‍ ചുമരില്‍ ചാരിക്കൊണ്ട് തല നെഞ്ചിലേക്ക് കുനിച്ച് എന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ ചിരിച്ചു. അയാളുടെ കണ്ണുകള്‍ ജ്വലിക്കുകയും അതില്‍ കണ്ണുനീര്‍ നിറയുകയും ചെയ്തു! കുടിക്കുമ്പോഴും അയാള്‍ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് അയാള്‍ ഉത്സാഹത്തോടെ ശബ്ദം താഴ്ത്തി എന്നോട് സംസാരിക്കാന്‍ തുടങ്ങി. വീഞ്ഞിന്റെ ശക്തി കാരണം എന്റെ തല അപ്പോള്‍ത്തന്നെ കറങ്ങാന്‍ തുടങ്ങിയിരുന്നു, പക്ഷെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള അയാളുടെ വിചിത്രമായ വാക്കുകള്‍ ആ കറക്കത്തിന്റെ ആക്കം കൂട്ടി. അയാളത് ശ്രദ്ധിച്ച്, ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞുനിര്‍ത്തി:

''അത് നിനക്ക് പറ്റുന്ന കാര്യങ്ങളല്ല. നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം. ടുഡയെക്കുറിച്ച്?''

''ടുഡ?'' ഞാനുരുവിട്ടു. ''നിങ്ങള്‍ക്കറിയില്ലേ? അതെല്ലാം കഴിഞ്ഞു...''

അയാള്‍ സമ്മതിക്കുന്ന വിധത്തില്‍ പലതവണ തലയിളക്കി, പക്ഷെ പകരം ഇങ്ങനെ പറഞ്ഞു:

''ഞാനതറിഞ്ഞില്ല, പക്ഷെ ആ ബന്ധം അവസാനിപ്പിച്ചതിലൂടെ നീ നല്ലതാണ് ചെയ്തത്. എന്നോട് പറയൂ, അവളുടെ അമ്മ കാരണമായിരുന്നില്ലേ അത്, ശരിയല്ലേ? എന്റെ ഭാര്യ, അമാലിയ നോചെ, നികൃഷ്ടമായ തരത്തിലുള്ള ഒരു ജന്തുവാണ്! എല്ലാ നോചെകളെയും പോലെത്തന്നെയാണ് അവളും! നോക്കൂ, ഞാന്‍......''

അയാള്‍ തലയില്‍ നിന്നും തൊപ്പിയെടുത്ത് ചെറിയ മേശപ്പുറത്ത് വെച്ചു. എന്നിട്ട് തന്റെ ഉയര്‍ന്ന നെറ്റിയില്‍ അടിച്ചുകൊണ്ട്, കണ്ണുചിമ്മി പറഞ്ഞു:

''രണ്ടുതവണ, ആദ്യം 1860-ലും, പിന്നെ 75-ലും. അപ്പോഴും സുന്ദരിയായിരുന്നെങ്കിലും അവള്‍ വിശുദ്ധയായിരുന്നില്ലെന്ന് നീ തീര്‍ച്ചയായും മനസ്സിലാക്കണം. പക്ഷെ എനിക്കിപ്പോള്‍ അതിനെക്കുറിച്ച് പരാതി പറയാന്‍ കഴിയില്ല. ഞാനവള്‍ക്ക് മാപ്പുകൊടുത്തു, അത്രയേ ഉള്ളൂ. എന്റെ മകനേ-അങ്ങനെ നിന്നെ വിളിക്കാമോ?-എന്റെ മകനേ, എന്നെ വിശ്വസിക്കണം, മരിച്ചതിന്റെ തൊട്ടടുത്ത നിമിഷത്തിലാണ് ഞാന്‍ ശ്വസിക്കാന്‍ തുടങ്ങിയത്. സത്യത്തില്‍, അവരെ ഞാന്‍ ഇപ്പോഴും സംരക്ഷിക്കുന്നുണ്ടെന്ന് നീ കരുതുന്നുണ്ടോ? ഇല്ല അമ്മയെയുമില്ല, മകളെയുമില്ല. അമ്മ കാരണമാണ് മകളെക്കൂടി ഞാന്‍ സംരക്ഷിക്കാത്തത്. നിന്നോട് എല്ലാം പറയാന്‍ ഞാനാഗ്രഹിക്കുന്നു. അവരെങ്ങനെയാണ് ജീവിക്കുന്നതെന്ന് എനിക്കറിയാം. ഇത് കേള്‍ക്ക്, എന്റെ അതേ അവസ്ഥയിലുള്ള മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ എനിക്കും ചെയ്യാം. അവര്‍ കാണാതെ ഇടക്കെല്ലാം അവിടെ പോവുകയും രഹസ്യമായി കുറച്ചുപണം മോഷ്ടിക്കുകയും ചെയ്യാം. പക്ഷെ ഞാനത് ചെയ്യില്ല. ആ പണത്തില്‍ നിന്നും ഒന്നും ഞാന്‍ മോഷ്ടിക്കുകയില്ല! നിനക്കറിയുമോ, അവരെങ്ങനെയാണ് ജീവിക്കുന്നതെന്ന് നിനക്കറിയുമോ?''

''എങ്ങനെയാണ്?'' ഞാന്‍ ചോദിച്ചു. ''അവരെക്കുറിച്ച് അന്വേഷിക്കുന്നത് ഞാന്‍ നിര്‍ത്തിയിരിക്കുകയാണ്.''

''ഓ പിന്നേ, നിനക്കറിയാം,'' അയാള്‍ തുടര്‍ന്നു. ''അവര്‍ ഇന്നലെ രാത്രി നിന്നോട് പറഞ്ഞു.''

സംശയത്തോടെ, ഞാനെന്റെ കണ്ണുകളില്‍ ജിജ്ഞാസയുടെ ഭാവം വരുത്തി.

''അതെ, എന്നെ കാണുന്നതിനു മുന്‍പ് നീ പോകാനാഗ്രഹിച്ച സ്ഥലത്ത്!''

ഞാന്‍ ചാടിയെഴുന്നേറ്റു, പക്ഷെ എനിക്ക് നില്‍ക്കാന്‍ കഴിഞ്ഞില്ല, കൈമുട്ട് കുത്തി ഞാന്‍ ചെറിയ മേശയിലേക്ക് വീണു, ഞാനയാളോട് അലറി:

''അത് അവരായിരുന്നോ? ടുഡ? ടുഡയും അവളുടെ അമ്മയും?''

അയാള്‍ എന്റെ കൈ കടന്നുപിടിച്ച് ചൂണ്ടുവിരല്‍ അയാളുടെ ചുണ്ടില്‍ വെച്ചു.

''പതുക്കെ, പതുക്കെ! പണമടച്ചിട്ട് എന്റെ കൂടെ വരൂ. വേഗത്തില്‍ പണമടച്ച് വരൂ.''

ഞങ്ങള്‍ മദ്യശാല വിട്ടു. 

മഴ മുന്‍പത്തേക്കാള്‍ കനത്ത് പെയ്യുന്നുണ്ടായിരുന്നു. 

ഞങ്ങളുടെ നടത്തത്തെ ഏറെക്കുറെ തടഞ്ഞുകൊണ്ട് തീവ്രമായ കാറ്റ്, ഞങ്ങളുടെ മുഖത്തേക്ക് വെള്ളം ചുഴറ്റിയെറിഞ്ഞു. മദ്യപിച്ച്, ആടിയാടി നടക്കുമ്പോള്‍, എന്റെ തല എരിയുകയും അതിന് ഭാരക്കൂടുതല്‍ തോന്നുകയും ചെയ്തു, ഞാന്‍ വിലപിച്ചു, ''ടുഡയോ? ടുഡയും അവളുടെ അമ്മയുമോ?'' വന്യമായ നിഴലില്‍ അയാളുടെ മേലങ്കിയിട്ട രൂപവും, അയാള്‍ മഴക്കെതിരെ ഉയര്‍ത്തിപ്പിടിച്ചിരുന്ന കുടയും കൂടിക്കലര്‍ന്ന്, എന്റെ കണ്ണുകളില്‍ അത് ഭീമാകാരമായി. ഒരു പേടിസ്വപ്നത്തിലെ പ്രേതം എന്നെയൊരു ഗര്‍ത്തത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതുപോലെയായിരുന്നു അത്. അവിടെ വെച്ച് ശക്തമായ ഒരു തള്ളലില്‍ അയാളെന്നെ ഒരു ഇരുണ്ട പ്രവേശനവാതിലിലേക്ക് കടത്തി, എന്റെ ചെവിയില്‍ അയാള്‍ ഉച്ചത്തില്‍പ്പറഞ്ഞു, ''പോ, പോയി എന്റെ മകളെ കാണ്!''

ഇപ്പോള്‍, ഇവിടെ, എന്റെ തലയിലുള്ളത്, എന്റെ കഴുത്തില്‍ തൂങ്ങിപ്പിടിച്ച് നില്‍ക്കുന്ന ടുഡയുടെ നിലവിളികള്‍ മാത്രമാണ്, എന്റെ തലച്ചോറിനെ കുത്തിത്തുളച്ച നിലവിളികള്‍...ഓ..അത് അയാളായിരുന്നു, ഞാന്‍ വീണ്ടും ആണയിടുന്നു, അത് അയാളായിരുന്നു, ജകോപൊ സ്റ്റേഴ്‌സി. അയാള്‍, അയാളാണ് താന്‍ ടുഡയുടെ അമ്മായിയാണെന്ന് കള്ളം പറഞ്ഞ ആ കിളവിയുടെ കഴുത്ത് ഞെരിച്ചത്...പക്ഷെ അയാളത് ചെയ്തിരുന്നില്ലെങ്കില്‍, ഞാന്‍ ചെയ്യുമായിരുന്നു. അയാളവളെ ശ്വാസം മുട്ടിച്ചു എന്തെന്നാല്‍ അങ്ങനെ ചെയ്യാന്‍ എന്നെക്കാള്‍ കൂടുതല്‍ കാരണം അയാള്‍ക്കായിരുന്നു. 

 

മറുകരയിലെ കഥകള്‍

ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ

ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ

ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ

ഒരു മണിക്കൂറിന്റെ കഥ, കേറ്റ് ചോപിന്‍

എന്റെ സഹോദരന്‍, ഹെന്റി, ജെ. എം ബേറി എഴുതിയ കഥ

തൂവല്‍ത്തലയണ,  ഹൊറേസിയോ കിറോഗ എഴുതിയ കഥ

ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം, റുബെന്‍ ദാരിയോ എഴുതിയ കഥ

ഒരു യാത്ര, അമേരിക്കന്‍ നോവലിസ്റ്റ് ഈഡിത് വോര്‍ട്ടന്‍ എഴുതിയ കഥ

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios