Asianet News MalayalamAsianet News Malayalam

ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ

മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍,  ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്റെ ''ഞാനൊരു ആണായിരുന്നെങ്കില്‍'' എന്ന കഥ.

charlotte perkins gilmans short story if i were a man
Author
Thiruvananthapuram, First Published Apr 7, 2021, 5:23 PM IST

വിവര്‍ത്തകയുടെ കുറിപ്പ് 

ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാനെക്കുറിച്ച് വായിക്കുന്നത് ഈയിടെയാണ്. അമേരിക്കന്‍ എഴുത്തുകാരി, ചിത്രകാരി, സാമൂഹ്യപ്രവര്‍ത്തക, ഫെമിനിസ്റ്റ് എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള അവരുടെ ജീവിതചിത്രങ്ങളിലൂടെ കടന്നുപോയപ്പോള്‍ അത്രയൊന്നും സന്തോഷകരമായ കാര്യങ്ങളല്ല കാണാനായത്. പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമായി അവര്‍ ജീവിച്ചിരുന്ന കാലത്തെ ആണധികാരത്തിന്റെ ചിത്രങ്ങള്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഏതാണ്ടതേപടിയൊക്കെ നിലനില്‍ക്കുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു താരതമ്യത്തിനുവേണ്ടിയെങ്കിലും ഷാര്‍ലറ്റിനെ വായിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുകയായിരുന്നു. 

ഒരു വ്യവസ്ഥിതിയോട് യുദ്ധം ചെയ്യുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ചും അത് എഴുത്തിലൂടെയാകുമ്പോള്‍. ആണ്‍കോയ്മയിലുറച്ച ഒരു സാമൂഹ്യവ്യവസ്ഥയെ തന്റെ എഴുത്തുകളിലൂടെ തുറന്നുകാണിച്ച പ്രമുഖയായ ആ എഴുത്തുകാരി പക്ഷെ 1935-ല്‍ തന്റെ മരണത്തിനുശേഷം പൊതുബോധത്തില്‍ നിന്നും മറഞ്ഞുപോവുകയാണുണ്ടായത്. അതിനുശേഷം 1970-കളില്‍ ഫെമിനിസ്റ്റ് സാഹിത്യധാരയാണ് ഷാര്‍ലറ്റിന്റെ എഴുത്തുകളെ വീണ്ടെടുത്ത് വീണ്ടും വായനക്കാര്‍ക്കിടയിലേക്ക് കൊണ്ടുവരുന്നത്. അമേരിക്കന്‍ സാഹിത്യചരിത്രത്തില്‍ ഏറ്റവും ആദരിക്കപ്പെടുന്ന ഫെമിനിസ്റ്റ് എഴുത്തുകാരിലൊരാളാണ് ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍.

1860 -ല്‍ കണക്റ്റിക്കട്ടില്‍ ജനിച്ച ഗില്‍മാന്‍ 1935-ല്‍ കാന്‍സര്‍ രോഗിയായിരിക്കെ ആത്മഹത്യയിലൂടെ ജീവിതത്തിന് വിരാമമിടുകയായിരുന്നു. പോരാട്ടങ്ങള്‍ക്ക് തീറെഴുതിയതായിരുന്നു അവരുടെ ജീവിതം. കുട്ടിക്കാലത്തേ പിതാവ് ഉപേക്ഷിച്ചതിനാല്‍, കടുത്ത ദാരിദ്ര്യത്തിലൂടെയാണ് അവര്‍ വളര്‍ന്നത്. ചെറിയ ജോലികള്‍ ചെയ്തു വളര്‍ന്ന അവര്‍ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിലൂടെയാണ് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. അതിനിടെ, അന്നത്തെ സമൂഹം മുന്നോട്ടുവെച്ച വിധിവിലക്കുകളെ കൂസലില്ലാതെ മറികടന്നാണ് അവര്‍ വ്യക്തിജീവിതത്തില്‍ സ്വാതന്ത്ര്യം പ്രാപിച്ചത്. വിവാഹമോചനം അത്രയൊന്നും പ്രാബല്യത്തിലില്ലാത്ത കാലത്ത് കൂസലില്ലാതെ അതിനു മുതിര്‍ന്ന അവര്‍ വിവിധ ലെസ്ബിയന്‍ ബന്ധങ്ങളിലൂടെ പില്‍ക്കാലത്ത് കടന്നുപോയി. ജീവിതത്തിലുടനീളം അവര്‍ രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റങ്ങളുടെ ഭാഗമാവുകയും അധികാരവുമായി മുഖാമുഖം നില്‍ക്കുകയും ചെയ്തു. 

ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്റെ ''ഞാനൊരു ആണായിരുന്നെങ്കില്‍'' എന്ന കഥയാണ് ഇക്കുറി മറുകരയില്‍. 

 

charlotte perkins gilmans short story if i were a man

 

ഞാനൊരു ആണായിരുന്നെങ്കില്‍

മോളി 'സ്ത്രീസഹജമായ' ഗുണങ്ങളുള്ളവളായിരുന്നു. ആദരവോടെ 'ഒരു ശരിയായ സ്ത്രീ' എന്ന് പറയുന്നതിനുള്ള മനോഹരമായ ഒരുദാഹരണമായിരുന്നു അവള്‍. തീര്‍ച്ചയായും ചെറിയവളായിരുന്നു, ശരിയായ ഒരു സ്ത്രീയും പ്രസിദ്ധയാകണമെന്നില്ല.അവള്‍ സുന്ദരിയായിരുന്നു,  ശരിയായ ഒരു സ്ത്രീയും സാധാരണക്കാരിയാവണമെന്നില്ല. ചപല, ചഞ്ചലഹൃദയ, വഴക്കമുള്ളവള്‍,  സുന്ദരമായ വസ്ത്രങ്ങളില്‍ താല്പര്യവും എപ്പോഴും 'അവ നന്നായി ധരിക്കുകയും' ചെയ്യുന്നവള്‍എന്നൊക്കെ നിഗൂഢമായ ശൈലിയില്‍ പറയാം. (ഇത് വസ്ത്രങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നതല്ല, അവ ഒട്ടും തന്നെ നന്നായി ധരിക്കണമെന്നില്ല. പക്ഷെ ചിലര്‍ക്ക് അവ ധരിക്കുന്നതും, അതിട്ട് നടക്കുന്നതും ഒരു പ്രത്യേക സൗന്ദര്യമാണ്,അത് വളരെക്കുറച്ചുപേര്‍ക്ക് മാത്രം അനുവദിച്ചതാണെന്ന് തോന്നുന്നു)

'സമൂഹത്തില്‍ പെരുമാറാനുള്ള കഴിവും' അതിന്റെ കൂടെ 'സമൂഹ'ത്തിന്റെ സ്‌നേഹവും കൈവശമുള്ള അവള്‍ സ്‌നേഹനിധിയായ ഒരു ഭാര്യയും അര്‍പ്പണബോധമുള്ള ഒരമ്മയുമായിരുന്നു. ഇതിന്റെയെല്ലാം കൂടെ വീടിനെ ഇഷ്ടപ്പെടുകയും അതിനെക്കുറിച്ച് അഭിമാനം കൊള്ളുകയും,മിക്ക സ്ത്രീകളും ചെയ്യുന്നതുപോലെ നല്ല പ്രാപ്തിയോടെ അതിനെ നോക്കിനടത്തുകയും ചെയ്തു അവള്‍.

എന്നെങ്കിലും ഒരു യഥാര്‍ത്ഥ സ്ത്രീ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മോളി മാത്യൂസണ്‍ ആയിരുന്നു, എന്നിട്ടും താന്‍ ഒരു പുരുഷനായിരുന്നെങ്കിലെന്ന് അവള്‍ മനസ്സുകൊണ്ട് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.

ഉടനടി അവളങ്ങനെയായി!

അവള്‍ ജെറാള്‍ഡായി, വഴിയിലൂടെ, നിവര്‍ന്നവീതിയുള്ള ചുമലുകളുമായി അയാളുടെ രാവിലത്തെ തീവണ്ടി പിടിക്കാന്‍ പതിവുപോലെ തിരക്കിട്ട് നടക്കുകയായിരുന്നു, ഇത്തിരി ദേഷ്യത്തിലായിരുന്നു എന്നും സമ്മതിക്കണം.

ഒരു പുരുഷന്‍! ഒരു യഥാര്‍ത്ഥ പുരുഷന്‍ - വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍വേണ്ടി മാത്രം ഉപബോധമനസ്സില്‍ അവളുടെ ഓര്‍മ്മകള്‍ അവശേഷിക്കുന്ന ഒരു പുരുഷന്‍.

ആദ്യം തമാശതോന്നുന്ന വിധത്തില്‍ ശരീരത്തിന് വലിപ്പവും ഭാരവും കൂടുതല്‍ വണ്ണവും അനുഭവപ്പെടുകയും, കാലുകളും കൈകളും അസാധാരണമായ വിധത്തില്‍ വലുതാവുകയും, അവളുടെ നീണ്ട സ്വതന്ത്രമായ കാലുകള്‍ പൊയ്ക്കാലുകളിലെന്ന പോലെ മുന്നോട്ടായുകയും ചെയ്തു.

അത് കഴിഞ്ഞ് അവള്‍ പോയ സ്ഥലങ്ങളിലെല്ലാം, ഇതാണ് ശരിയായ വലിപ്പമെന്ന, ദിവസം മുഴുവന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ആഹ്ലാദകരമായ ഒരുതോന്നലുണ്ടായി.

ഇപ്പോള്‍ എല്ലാം പാകമാണ്. അവളുടെ പിന്‍ഭാഗം സീറ്റില്‍ സൗകര്യത്തോടെ ചാരി ഇരിക്കുകയാണ്, അവളുടെ കാലുകള്‍ സുഖമായി നിലത്താണ്. അവളുടെ കാലുകളോ?.......അവന്റെ കാലുകള്‍! അവളത് സൂക്ഷിച്ചുനോക്കി. ആദ്യകാല സ്‌കൂള്‍ദിനങ്ങള്‍ കഴിഞ്ഞതില്‍പ്പിന്നെ ഒരിക്കലും അത്രയും സ്വാതന്ത്ര്യവും സുഖവും അവളുടെ കാലുകള്‍ക്ക് അനുഭവപ്പെട്ടിട്ടില്ല. ഉറപ്പോടും ബലത്തോടെയുമാണ് അവ നിലത്ത് നടന്നത്; വേഗത്തില്‍, ചടുലമായി, സുരക്ഷിതമായി, തിരിച്ചറിയാനാകാത്ത ഒരു പ്രചോദനത്തില്‍അവള്‍ ഓടി തീവണ്ടിയുടെ ഒരു ബോഗിയില്‍ കയറി.

മറ്റൊരു ഉള്‍പ്രേരണയില്‍പ്പെട്ട് അവള്‍ ചില്ലറയ്ക്കുവേണ്ടി സൗകര്യമുള്ള ഒരു കീശയില്‍ പരതി, ഉടന്‍തന്നെ യാന്ത്രികമായി കണ്ടക്ടര്‍ക്കുവേണ്ടി ഒരു നിക്കലും പത്രക്കാരന്‍ പയ്യന് കൊടുക്കാന്‍ ഒരു പെന്നിയും പുറത്തെടുത്തു.

ഈ കീശകള്‍ ഒരു രഹസ്യം വെളിപ്പെട്ടതുപോലെയായിരുന്നു. അതവിടെയുണ്ടെന്ന് തീര്‍ച്ചയായും അവള്‍ക്കറിയാമായിരുന്നു, അവളവ എണ്ണിയിട്ടുണ്ട്, അവയെ കളിയാക്കിയിട്ടുണ്ട്, അവ തുന്നി ശരിയാക്കിയിട്ടുണ്ട്, അവയോട് അസൂയപ്പെട്ടിട്ടുപോലുമുണ്ട്; പക്ഷെ ഒരിക്കലും കീശകള്‍ ഉണ്ടായാല്‍ എങ്ങനെയിരിക്കുമെന്ന സ്വപ്നം അവള്‍ കണ്ടിരുന്നില്ല.

പത്രക്കടലാസിനുപിറകില്‍ തന്റെ ബോധത്തെ, കൂടിക്കലര്‍ന്നിരിക്കുന്ന ആ അസാധാരണബോധത്തെ,ഒരു കീശയില്‍ നിന്നും മറ്റൊന്നിലേക്ക് അലഞ്ഞുനടക്കാന്‍ അവളനുവദിച്ചു, അടിയന്തിരാവശ്യത്തിന് പെട്ടെന്ന് എടുക്കാന്‍ പറ്റുന്ന തരത്തില്‍ആ സാധനങ്ങളെല്ലാം കീശയിലുണ്ടെന്ന ഉറച്ച വിശ്വാസം തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു അത്. ചുരുട്ടിന്റെ പെട്ടി അവള്‍ക്ക് ആശ്വാസത്തിന്റെ ഊഷ്മളമായ ഒരു വികാരം നല്‍കി, അതില്‍ നിറയെ ചുരുട്ടുകളുണ്ടായിരുന്നു; ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഫൗണ്ടന്‍ പേന, അവള്‍ തലകുത്തി നിന്നില്ലെങ്കില്‍ സുരക്ഷിതമാണത്; ചാവികള്‍, പെന്‍സിലുകള്‍, കത്തുകള്‍, പ്രമാണങ്ങള്‍, നോട്ടുപുസ്തകം, ചെക്ക്ബുക്ക്, പേഴ്‌സ് എല്ലാം പെട്ടെന്ന് അധികാരത്തിന്റെയും അഭിമാനത്തിന്റെയും ആഴത്തിലുള്ള തള്ളിക്കയറ്റത്തോടെ, ജീവിതത്തില്‍ പണം കൈവശം വെക്കുന്നതിന്റെ, അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരം അവളിലുണ്ടാക്കി. അവള്‍ സ്വന്തമായി സമ്പാദിച്ച പണം, കൊടുക്കാനോ അല്ലെങ്കില്‍ കൈവശം വെക്കാനോ ഉള്ള, ഇരക്കേണ്ട ആവശ്യമില്ലാത്ത, ശല്യപ്പെടുത്തലോ സ്വാധീനിക്കലോ ആവശ്യമില്ലാത്ത അവളുടെ പണം.

 

........................

Read more: ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ

charlotte perkins gilmans short story if i were a man

ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍

 

ട്രെയിന്‍ പിടിച്ച്, പുകവലിക്കാരുടെ കോച്ചില്‍ അയാള്‍ സീറ്റ് പിടിച്ചപ്പോള്‍ അവള്‍ അതിശയിച്ചു. അയാളെ സംബന്ധിക്കുന്ന എല്ലാം മറ്റുള്ള പുരുഷന്മാരായിരുന്നു, യാത്രക്കാരടക്കം, അതില്‍ മിക്കവരും അയാളുടെ സുഹൃത്തുക്കളായിരുന്നു.

അവളാണെങ്കില്‍, അവരെയെല്ലാം തിരിച്ചറിയുന്നത് 'മേരി വേഡിന്റെ ഭര്‍ത്താവ്,' 'ബെല്ലെ ഗ്രാന്റുമായി വിവാഹം നിശ്ചയിച്ചിരിക്കുന്ന ആള്‍,' 'ആ പണക്കാരനായ മിസ്റ്റര്‍ ഷോപ്വര്‍ത്ത്,' അല്ലെങ്കില്‍ 'ചുറുചുറുക്കുള്ള മിസ്റ്റര്‍ ബീല്‍.'  എന്നിങ്ങനെയാകും.എല്ലാവരും തങ്ങളുടെ തൊപ്പികള്‍ പൊക്കി അവളെ വണങ്ങുകയും, അടുപ്പമുള്ളവരാണെങ്കില്‍, പ്രത്യേകിച്ചും മിസ്റ്റര്‍ ബീല്‍, മര്യാദയോടെ സംസാരിക്കുകയും ചെയ്തിട്ടുണ്ടാവും.
പുരുഷന്മാരെ വളരെ അടുത്ത് പരിചയപ്പെടുന്നുവെന്ന തോന്നലാണ് പിന്നീടുണ്ടായത്, അവരെങ്ങനെയാണോ അങ്ങനെത്തന്നെ അവരെ അറിയുന്ന അനുഭവം. ആ അറിവിന്റെ തുച്ഛമായ ഒരളവുതന്നെ അവള്‍ക്ക് അത്ഭുതമായിരുന്നു. സംസാരത്തിന്റെ മുഴുവന്‍ പശ്ചാത്തലവും, ആണ്‍കുട്ടികളായ കാലം തൊട്ടുള്ളതും, ബാര്‍ബര്‍ ഷോപ്പിലെയും ക്ലബ്ബിലെയും പരദൂഷണങ്ങളും, രാവിലെയും വൈകീട്ടുമുള്ള ട്രെയിനിലെ സംഭാഷണങ്ങളും, രാഷ്ട്രീയപ്പാര്‍ട്ടികളോടുള്ള ബന്ധവും, കച്ചവടത്തിന്റെ നിലനില്‍പുകളും വീക്ഷണങ്ങളും, സ്വഭാവത്തെക്കുറിച്ചുള്ളതും, അവള്‍ മുന്‍പൊരിക്കലും അറിഞ്ഞിട്ടില്ലാത്തൊരു തരത്തിലായിരുന്നു.

അവരോരോരുത്തരും വന്ന് ജെറാള്‍ഡിനോട് സംസാരിച്ചു. അയാള്‍ അവര്‍ക്കിടയില്‍ വളരെ അറിയപ്പെടുന്നവനാണെന്ന് തോന്നി. ഈ പുതിയ ഓര്‍മ്മശക്തിയോടെ, ഈ ആണുങ്ങളുടെയെല്ലാം മനസ്സുകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ഒരറിവോടെ അവരുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മറഞ്ഞുകിടക്കുന്ന ബോധത്തിനടിയില്‍ ഞെട്ടിക്കുന്ന പുതിയ ഒരറിവ് പ്രവഹിച്ചു-സത്യത്തില്‍ എന്താണ് പുരുഷന്മാര്‍ സ്ത്രീകളെക്കുറിച്ച് ചിന്തിക്കുന്നത്.

നല്ല, ശരാശരിയിലുള്ള അമേരിക്കക്കാരായ ആണുങ്ങള്‍ അവിടെയുണ്ടായിരുന്നു; കല്യാണം കഴിഞ്ഞ ആണുങ്ങളായിരുന്നു കൂടുതലും, സന്തോഷമുള്ളവര്‍-സന്തോഷം ഒരു പൊതുവായ കാര്യമാണ് എന്നതുപോലെ. ഓരോരുത്തരുടെയും മനസ്സിലും രണ്ടുനിലകളുള്ള ഒരു വിഭാഗമുണ്ടെന്ന് തോന്നി,അവരുടെ മറ്റുള്ള ആശയങ്ങളില്‍ നിന്നും വളരെ അകന്ന്, സ്ത്രീകളെക്കുറിച്ചുള്ള ചിന്തകളും വികാരങ്ങളും അവര്‍ സൂക്ഷിച്ചിരുന്ന ഒരു പ്രത്യേക സ്ഥലം.

മുകളിലത്തെ പകുതിയില്‍ മൃദുവായ വികാരങ്ങളായിരുന്നു, ഏറ്റവും മനോഹരമായ സങ്കല്‍പങ്ങള്‍, മാധുര്യമൂറുന്ന ഓര്‍മ്മകള്‍, 'വീട്', 'അമ്മ' എന്നതിനെക്കുറിച്ചുള്ള സുന്ദരമായ എല്ലാ വികാരങ്ങളും, എല്ലാംലോലമായ ആരാധനയോടെയുള്ള വിശേഷണങ്ങളായിരുന്നു, ഒരു ദേവാലയത്തില്‍ മൂടുപടമിട്ട പ്രതിമയെ അന്ധമായി ആരാധിക്കുന്നതുപോലെ അവര്‍ പ്രിയപ്പെട്ടതെങ്കിലും സാധാരണ അനുഭവങ്ങളുമായി ആ സ്ഥലത്തെ പങ്കുവെച്ചു.

താഴത്തെ പകുതിയില്‍ തീര്‍ത്തും കൂടിക്കലര്‍ന്ന ആശയങ്ങളായിരുന്നു സൂക്ഷിച്ചിരുന്നത്. ഉള്ളിലാണ്ടുകിടന്നിരുന്ന അവളുടെ സ്വബോധം തീവ്രമായ ദു:ഖത്തിലേക്കുണര്‍ന്നു. ഇവിടെ, അവളുടെ ശുദ്ധമനസ്സുള്ള ഭര്‍ത്താവില്‍പ്പോലും ആണുങ്ങളുടെ അത്താഴവിരുന്നില്‍ പറഞ്ഞ കഥകളുടെ ഓര്‍മ്മകളും, തെരുവിലോ അല്ലെങ്കില്‍ ട്രെയിനിലോ ഒളിഞ്ഞുകേട്ട ഏറ്റവും മോശമായ കാര്യങ്ങളും, പാരമ്പര്യങ്ങളുടെ അടിസ്ഥാനവും, നികൃഷ്ടമായ പരിഹാസപ്പേരുകളും, പരിചിതമെങ്കിലും ആരോടും പങ്കുവെച്ചിട്ടില്ലാത്ത മൊത്തം അനുഭവങ്ങളുമായിരുന്നു.
ഇതെല്ലാം തന്നെ 'സ്ത്രീ' എന്ന വിഭാഗത്തിലായിരുന്നു, മനസ്സിന്റെ ബാക്കിയുള്ള ഭാഗത്ത് തീര്‍ച്ചയായും പുതിയ ബോധമായിരുന്നു.
ലോകം അവള്‍ക്കു മുന്നില്‍ തുറന്നു. അവള്‍ വളര്‍ന്ന ലോകമായിരുന്നില്ല അത്, അവിടെ ഭൂപടമെന്നാല്‍ മിക്കവാറും വീടായിരുന്നു, ബാക്കിയുള്ളത് 'വിദേശം,' അല്ലെങ്കില്‍ 'കണ്ടുപിടിച്ചിട്ടില്ലാത്ത രാജ്യം,' പക്ഷെ ലോകത്തിന്റെ രൂപത്തില്‍ ഉണ്ടായിരുന്നത്, പുരുഷന്റെ ലോകമായിരുന്നു, പുരുഷന്മാര്‍ ഉണ്ടാക്കി, അവര്‍ ജീവിച്ച്, അവര്‍ കണ്ട ലോകം. 

എല്ലാം തല കറക്കുന്നതായിരുന്നു. കെട്ടിടം പണിയുന്നയാളിന്റെ ബില്ലിനനുസരിച്ച് അല്ലെങ്കില്‍ വസ്തുക്കളുടെയും രീതികളുടെയും സാങ്കേതിക ഉള്‍ക്കാഴ്ച്ചയനുസരിച്ച് കോച്ചിന്റെ ജനലിനപ്പുറത്ത് വേഗത്തില്‍ പാഞ്ഞുപോകുന്ന വീടുകള്‍ കാണുന്നത്; 'ഉടമസ്ഥന്‍' ആരാണെന്ന ദു:ഖകരമായ അറിവോടെ, കടന്നുപോകുന്ന ഒരു ഗ്രാമം കാണുന്നത്, എങ്ങിനെ അതിന്റെ തലവന്‍ വേഗത്തില്‍ രാജ്യത്തിന്റെ അധികാരശക്തിയിലേക്കുയരുന്നു എന്നറിയുന്നത്, അതല്ലെങ്കില്‍ ഒരിടത്ത് കല്ലുപാകിയത് ശരിയായ രീതിയിലല്ല എന്ന് മനസ്സിലാക്കുന്നത്, ആഗ്രഹിക്കുന്ന വസ്തുക്കളുടെ വെറും പ്രദര്‍ശനശാലകളല്ലാതെ കച്ചവടസംരംഭങ്ങളായി കടകളെ കാണുന്നത്, അതില്‍ മിക്കതും മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലുകളാണെന്നും ചിലതുമാത്രം ലാഭകരമായി പ്രവര്‍ത്തിക്കുന്നുവെന്നും മനസ്സിലാക്കുന്നത്-ഈ പുതിയ ലോകം അവളെ അമ്പരപ്പിച്ചു കളഞ്ഞു.

ജെറാള്‍ഡായ അവള്‍, ഇപ്പോഴും വീട്ടിലിരുന്ന് മോളിയായ അവള്‍ സങ്കടപ്പെടുന്ന ആ പണത്തെക്കുറിച്ച് ഇതിനകം മറന്നുകഴിഞ്ഞിരുന്നു. 

ജെറാള്‍ഡ് ഒരു മനുഷ്യനോട് 'കച്ചവടക്കാര്യം സംസാരിക്കുകയും' മറ്റൊരാളോട് 'രാഷ്ട്രീയം സംസാരിക്കുകയും' ഒരു അയല്‍ക്കാരന്‍ ശ്രദ്ധാപൂര്‍വ്വം മറച്ചുവെച്ചിരുന്ന ബുദ്ധിമുട്ടുകളില്‍ സഹതപിക്കുകയുമായിരുന്നു അപ്പോള്‍.

ആ അയല്‍ക്കാരന്റെ ഭാര്യയോട് മോളിക്ക് മുമ്പെല്ലാം സഹതാപം തോന്നിയിരുന്നു.

ഈ വലിയ പുരുഷാധിപത്യ ബോധവുമായി അവള്‍ ഉഗ്രമായി പോരടിക്കാന്‍തുടങ്ങി. പെട്ടെന്ന് താന്‍ വായിച്ചിരുന്ന കാര്യങ്ങളും, കേട്ടിട്ടുള്ള പ്രഭാഷണങ്ങളും വ്യക്തമായി അവളോര്‍ക്കുകയും കൂടിവരുന്ന തീവ്രതയോടെ ഈ തികഞ്ഞ പുരുഷചിന്തയെ പുരുഷന്റെ കാഴ്ചപ്പാടില്‍ നിന്നും വെറുക്കുകയും ചെയ്തു.

തെരുവിന്റെ അപ്പുറത്ത് താമസിക്കുന്ന മിസ്റ്റര്‍ മൈല്‍സ് എന്ന പരാതിക്കാരനായ ചെറിയ മനുഷ്യന്‍ ഇപ്പോള്‍ സംസാരിക്കുകയാണ്. വളരെ ആത്മസംതൃപ്തിയുള്ള ഒരു ഭാര്യയുണ്ടായിരുന്നു അയാള്‍ക്ക്; മോളിക്കൊരിക്കലും അവരെ കൂടുതലൊന്നും ഇഷ്ടമായിരുന്നില്ല, പക്ഷെ അയാളാണ് നല്ലതെന്ന് എപ്പോഴും അവള്‍ ചിന്തിച്ചിരുന്നു. ചെറിയ ഉപചാരങ്ങള്‍ കാണിക്കുന്നതില്‍ വളരെ കൃത്യതയുള്ള ആളായിരുന്നു അയാള്‍.

ഇവിടെ അയാള്‍ ജെറാള്‍ഡിനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്തുതരം സംസാരം!

''ഇവിടേക്ക് വരേണ്ടിവന്നു,'' അയാള്‍ പറഞ്ഞു. ''എന്റെ സീറ്റ് അത് കിട്ടണമെന്ന് ഉറപ്പിച്ച ഒരു സ്ത്രീക്ക് കൊടുത്തു. മനസ്സില്‍ വിചാരിച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് കിട്ടാത്തതായി ഒന്നുമില്ല, അല്ലേ?''

''ഒരു പേടിയുമില്ല!'' അടുത്ത സീറ്റിലിരുന്ന വലിയ മനുഷ്യന്‍ പറഞ്ഞു. ''വിചാരിക്കാന്‍ അവര്‍ക്കങ്ങനെ മനസ്സൊന്നുമില്ല, നിങ്ങള്‍ക്കറിയുമോ, അങ്ങനെ ചെയ്യുകയാണെങ്കില്‍, തീര്‍ച്ചയായും അവരത് മാറ്റുകയും ചെയ്യും.''

''യഥാര്‍ത്ഥത്തിലുള്ള അപകടം,''റെവ.ആല്‍ഫ്രെഡ് സ്മിത് എന്ന, മെലിഞ്ഞുനീണ്ട, പെട്ടെന്ന് പേടിക്കുന്ന, നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ മുഖമുള്ള എപിസ്‌കോപ പുരോഹിതന്‍ തുടങ്ങി ''അവര്‍ ദൈവം നിശ്ചയിച്ച അവരുടെ അതിരുകള്‍ക്ക് പുറത്ത് കടക്കുന്നതാണ്.''

''അവരുടെ ജന്മനാലുള്ള അതിരുകള്‍ അവരെ പിടിച്ചുവെക്കും എന്ന് ഞാന്‍ കരുതുന്നു,'' ഉത്സാഹത്തോടെ ഡോ. ജോന്‍സ് പറഞ്ഞു. 

''ശരീരശാസ്ത്രത്തെ നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയില്ല എന്നാണ് ഞാന്‍ പറയുന്നത്.''

''ഞാനൊരിക്കലും സ്വയം അതിരുകളൊന്നും കണ്ടിട്ടില്ല, എന്തുതന്നെയായാലും അവര്‍ ആഗ്രഹിക്കുന്നതുപോലെ ചെയ്യാനല്ല,'' മിസ്റ്റര്‍ മൈല്‍സ് പറഞ്ഞു. ''വെറും പണക്കാരനായ ഒരു ഭര്‍ത്താവും, ഒന്നാന്തരമൊരു വീടും, എണ്ണമറ്റ തൊപ്പികളും വസ്ത്രങ്ങളും, ഏറ്റവും പുതിയ തരത്തിലുള്ള കാറുകളും കുറച്ച് വൈരക്കല്ലുകളും, അങ്ങനെ പലതും. അത് നമ്മളെ നല്ല തിരക്കിലാക്കുന്നു.''

വഴിയുടെ അറ്റത്തുള്ള സീറ്റില്‍ ഒരു ക്ഷീണിച്ച മനുഷ്യന്‍ ഇരിക്കുന്നുണ്ടായിരുന്നു. എപ്പോഴും മനോഹരമായി വസ്ത്രം ധരിക്കുന്ന ചന്തമുള്ള ഒരു ഭാര്യയും വിവാഹം കഴിക്കാത്ത മൂന്ന് പെണ്മക്കളും അയാള്‍ക്കുണ്ടായിരുന്നു, അവരും മനോഹരമായി വസ്ത്രം ധരിച്ചിരുന്നു, മോളിക്കവരെ അറിയാമായിരുന്നു. അയാള്‍ കഠിനാദ്ധ്വാനം ചെയ്തിരുന്ന കാര്യവും അവള്‍ക്കറിയാമായിരുന്നു, ഒട്ടൊരു ആകാംക്ഷയോടെ അവള്‍ അയാളെ നോക്കി.

എങ്കിലും അവള്‍ സന്തോഷത്തോടെ ചിരിച്ചു.

''നിങ്ങള്‍ക്ക് സുഖമാണല്ലൊ, മൈല്‍സ്,''അയാള്‍ പറഞ്ഞു. ''ഒരു പുരുഷന്‍ പിന്നെ എന്തിനുവേണ്ടിയാണ് ജോലി ചെയ്യുന്നത്? നന്മയുള്ള ഒരു സ്ത്രീ ഭൂമിയിലെ ഏറ്റവും നല്ല കാര്യമാണ്.''

''ഒരു ചീത്ത സ്ത്രീ മോശമായ കാര്യവും, അതുറപ്പാണ്,'' മൈല്‍സ് പ്രതികരിച്ചു.

''അവള്‍ക്കൊരു രോഗിയായ അനിയത്തിയുണ്ട്, തൊഴില്‍പരമായി എനിക്കറിയാം,'' ഡോ. ജോന്‍സ് ഗൌരവത്തോടെ പ്രഖ്യാപിച്ചപ്പോള്‍ റെവ.ആല്‍ഫ്രെഡ് സ്മിത് കൂട്ടിച്ചേര്‍ത്തു, ''അവളാണ് ഭൂമിയിലേക്ക് തിന്മയെ കൊണ്ടുവന്നത്.''

ജെറാള്‍ഡ് മാത്യൂസണ്‍ ഉടനടി എഴുന്നേറ്റുനിന്നു. തിരിച്ചറിയാന്‍ കഴിയാതിരുന്ന എന്തോ ഒന്ന് അയാളുടെയുള്ളില്‍ ഇളകിമറിഞ്ഞുകൊണ്ടിരുന്നു-അയാള്‍ക്ക് തടുക്കാന്‍ കഴിഞ്ഞില്ല.

''എനിക്ക് തോന്നുന്നത് നമ്മളെല്ലാവരും നോവയെപ്പോലെ സംസാരിക്കുകയാണെന്നാണ്,'' അയാള്‍ തമാശരൂപത്തില്‍ പറഞ്ഞു. അല്ലെങ്കില്‍ പുരാതന ഹിന്ദു വേദപുസ്തകങ്ങളിലേതുപോലെ. സ്ത്രീകള്‍ക്ക് അവരുടേതായ പരിമിതികളുണ്ട്, പക്ഷെ അതുപോലെ തന്നെ നമുക്കുമുണ്ട്, ദൈവത്തിനതറിയാം. സ്‌കൂളിലും കോളേജിലും നമ്മളെപ്പോലെ തന്നെ സമര്‍ത്ഥരായിരുന്ന പെണ്‍കുട്ടികളെ നമുക്കറിയില്ലേ?''

''അവര്‍ക്ക് നമ്മുടെ കളികള്‍ കളിക്കാന്‍ പറ്റില്ല'' പുരോഹിതന്‍ വിരസമായി പറഞ്ഞു.

ജെറാള്‍ഡ് അനുഭവപരിചയമുള്ള കണ്ണുകള്‍ കൊണ്ട് അയാളുടെ ശോഷിച്ച ശരീരഭാഗങ്ങള്‍ അളന്നു.

''ഞാനൊരിക്കലും ഫുട്‌ബോളില്‍ പ്രത്യേകിച്ച് നല്ലതൊന്നുമായിരുന്നില്ല,'' അയാള്‍ വിനയത്തോടെ സമ്മതിച്ചു, ''പക്ഷെ എല്ലാവിധത്തിലും ഒരു പുരുഷനെ വെല്ലാന്‍ കഴിയുന്ന സഹനശക്തിയുള്ള സ്ത്രീകളെ എനിക്കറിയാം. അത് മാത്രമല്ല ജീവിതം കായികവിനോദത്തിലല്ല ചിലവിടുന്നത്!''

അതൊരു ദു:ഖകരമായ സത്യമായിരുന്നു. അവരെല്ലാവരും അറ്റത്തെ സീറ്റില്‍ ഒറ്റക്കിരിക്കുന്ന, മുഷിഞ്ഞ വസ്ത്രം ധരിച്ച, ഇരുണ്ട ശരീരപ്രകൃതിയുള്ള ഒരാളെ നോക്കി. ഒരിക്കലയാള്‍ തലക്കെട്ടുകളും ഫോട്ടോകളുമായി വാര്‍ത്തകളുടെ പേജില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ അവരെല്ലാവരേക്കാളും ഏറ്റവും കുറവ് സമ്പാദിക്കുന്നത് അയാളാണ്...

''അതെ നമ്മളെ ആശ്രയിക്കുന്നതിന് നമ്മളവരെ കുറ്റം പറയുന്നു, പക്ഷെ  ഭാര്യമാരെ ജോലിക്ക് പറഞ്ഞയക്കാന്‍ നമ്മളൊരുക്കമാണോ? ഒരുക്കമല്ല. അത് നമ്മുടെ അഭിമാനത്തെ മുറിപ്പെടുത്തുന്നു, അത്രമാത്രം. പണത്തിനുവേണ്ടി കല്യാണം കഴിക്കുന്നതിന് നമ്മളവരെ എപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്, പക്ഷെ പണമൊന്നുമില്ലാത്ത ഒരു വിഡ്ഡിയെ കല്യാണം കഴിക്കുന്ന ഒരു പെണ്‍കുട്ടിയെ നമ്മളെന്താണ് വിളിക്കുക? ഒരു പാവം വിഡ്ഡി എന്ന്, അത്രയേയുള്ളു. അവര്‍ക്കതറിയാം.

''അമ്മയായ ഹവ്വയെക്കുറിച്ചാണെങ്കില്‍-ഞാനവിടെ ഉണ്ടായിരുന്നില്ല എന്നതിനാല്‍ ആ കഥ എനിക്ക് നിരസിക്കാന്‍ കഴിയില്ല, പക്ഷെ ഇത് ഞാന്‍ പറയും. അവള്‍ ഭൂമിയിലേക്ക് തിന്മ കൊണ്ടുവന്നെങ്കില്‍, അന്നുമുതല്‍ അതിന്റെ സിംഹഭാഗവും മുന്നോട്ട് കൊണ്ടുപോകുന്നത് നമ്മള്‍ ആണുങ്ങളാണ്, അതിനെക്കുറിച്ച് എന്തുപറയുന്നു?''

അവര്‍ നഗരത്തിലെത്തിച്ചേര്‍ന്നു, ദിവസം മുഴുവനും നീണ്ട തന്റെ ജോലിയില്‍, ജെറാള്‍ഡിന് പുതിയ കാഴ്ചപ്പാടുകളെയും, വിചിത്രമായ വികാരങ്ങളെയും കുറിച്ച് അവ്യക്തമായ ബോധമുണ്ടായിരുന്നു, ഉള്ളില്‍ ആണ്ടുകിടക്കുന്ന മോളി പിന്നെയും പിന്നെയും മനസ്സിലാക്കിക്കൊണ്ടിരുന്നു.

 

Read more: ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ

Follow Us:
Download App:
  • android
  • ios