Asianet News MalayalamAsianet News Malayalam

മറ്റവള്‍, അമേരിക്കന്‍ കഥാകൃത്ത് ഷെര്‍വുഡ് ആന്‍ഡേഴ്‌സണ്‍ എഴുതിയ കഥ

മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍,  അമേരിക്കന്‍ കഥാകൃത്ത് ഷെര്‍വുഡ് ആന്‍ഡേഴ്‌സന്റെ 'മറ്റവള്‍' എന്ന കഥ.

Marukara a column for translation short story by Sherwood Anderson translation by Reshmi Kittappa
Author
New York, First Published Aug 3, 2021, 5:53 PM IST
 • Facebook
 • Twitter
 • Whatsapp

വിവര്‍ത്തകയുടെ കുറിപ്പ്

ചില കഥകള്‍ വായിക്കുമ്പോള്‍ അത് കഥയല്ല, എഴുതിയ ആള്‍ തന്റെ അനുഭവങ്ങള്‍ കുറിച്ചുവെച്ചതാണെന്ന തോന്നല്‍ പലപ്പോഴും ഉണ്ടാവാറുണ്ട്. എഴുത്തുകാരന്റെയോ എഴുത്തുകാരിയുടെയോ മുഖമായിരിക്കും അപ്പോള്‍ കഥാപാത്രങ്ങള്‍ക്ക്. അമേരിക്കന്‍ എഴുത്തുകാരനായ ഷെര്‍വുഡ് ആന്‍ഡേഴ്‌സന്റെ 'മറ്റവള്‍' എന്ന കഥ വായിക്കുമ്പോള്‍ ചിത്രങ്ങളില്‍ കണ്ട ആന്‍ഡേഴ്‌സന്റെ മുഖമായിരുന്നു പ്രധാന കഥാപാത്രത്തിന്. ഒരു ജീവിതത്തെ, അതിന്റെ അതിസാധാരണത്വത്തെ വരച്ചുകാണിക്കുന്നതിലുള്ള എഴുത്തുകാരുടെ കഴിവായിരിക്കണം ഒരുപക്ഷെ വായനക്കാരെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ദിവസേന നാം ജീവിച്ചുതീര്‍ക്കുന്ന സാധാരണ ജീവിതം, എന്നും കണ്ടുമടുക്കുന്ന മനുഷ്യരും ചുറ്റുപാടുകളും, അത് അതേപടി അടര്‍ത്തിയെടുത്ത് വാക്കുകളാക്കുമ്പോള്‍ ചിലപ്പോഴെങ്കിലും അത് നമ്മളോരോരുത്തരുടെയും ജീവിതമാകുന്നു, എഴുത്തുകാരന്റേതടക്കം.

1876 സെപ്റ്റംബര്‍ 13ന് അമേരിക്കയിലെ ഒഹായൊ സ്റ്റേറ്റില്‍ ജനിച്ച ഷെര്‍വുഡ് ആന്‍ഡേഴ്‌സന്‍ ചെറുകഥാകൃത്ത് എന്നനിലയിലാണ് പ്രശസ്തനായത്. അനുഭവങ്ങളെ യാഥാര്‍ത്ഥ്യങ്ങളായി രൂപാന്തരപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. അതിസൂക്ഷ്മമായി കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതി അദ്ദേഹത്തിന് 'എഴുത്തുകാരന്റെ എഴുത്തുകാരന്‍' എന്ന അംഗീകാരം നേടിക്കൊടുത്തു.  പ്രഗത്ഭരായ മറ്റുപല എഴുത്തുകാരെയും പോലെതന്നെ ഷെര്‍വുഡിന്റെ കുട്ടിക്കാലവും കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. പിതാവിന്റെ കച്ചവടം പൊളിഞ്ഞപ്പോള്‍ കുടുംബം ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് താമസം മാറിക്കൊണ്ടിരിക്കുകയും അദ്ദേഹത്തിന്റെ അമ്മ മദ്യത്തിന് അടിപ്പെടുകയും ചെയ്തു. കുടുംബത്തിനെ സാമ്പത്തികമായി സഹായിക്കാന്‍ വേണ്ടി ആന്‍ഡേഴ്‌സന് പതിനാലു വയസ്സില്‍ സ്‌കൂള്‍ വിടേണ്ടി വന്നു.

രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ സാഹിത്യത്തെ തന്റെ ചെറുകഥകളുടെ പ്രത്യേക സമ്പ്രദായം കൊണ്ട് ശക്തമായി സ്വാധീനിച്ച വ്യക്തിയാണ് ഷെര്‍വുഡ് ആന്‍ഡേഴ്‌സന്‍. നിത്യജീവിതത്തിലെ സാധാരണ സംഭാഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ആഖ്യാനരീതി ചെറുകഥാരംഗത്ത് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തി. ലോകപ്രശസ്ത എഴുത്തുകാരായ ഹെമിംഗ്വേ, വില്യം ഫോക്‌നര്‍ തുടങ്ങിയ എഴുത്തുകാരെ ഈ ശൈലി ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ടെന്നത് അവര്‍ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്.

ജീവിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടെന്നതുപോലെ മരിക്കാന്‍ ഷെര്‍വുഡ് ആന്‍ഡേഴ്‌സനും ഒരു കാരണമുണ്ടായിരുന്നു. അറുപത്തിനാലാം വയസ്സില്‍ സൗത്ത് അമേരിക്കയിലേക്കുള്ള ഒരു കപ്പല്‍ യാത്രക്കിടെ രോഗബാധിതനായ അദ്ദേഹത്തെ പനാമയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് 1941 മാര്‍ച്ച് 8ന് അദ്ദേഹം മരിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍, ദിവസങ്ങള്‍ക്ക് മുന്‍പ് അറിയാതെ വിഴുങ്ങിപ്പോയ ഒരു ടൂത്ത്പിക്ക് അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളെ നശിപ്പിച്ചുകളഞ്ഞു എന്ന് കണ്ടെത്തുകയുണ്ടായി. വെര്‍ജീനിയയിലെ റൌണ്ട് ഹില്‍ സെമിത്തേരിയിലെ അദ്ദേഹത്തിന്റെ കല്ലറയ്ക്ക് മുകളില്‍ ആലേഖനം ചെയ്തിരിക്കുന്ന വാക്കുകള്‍ ഇങ്ങനെയാണ്. 'മരണമല്ല, ജീവിതമാണ് ഏറ്റവും വലിയ സാഹസികത.'

ഇത്തവണ മറുകരയില്‍ ഷെര്‍വുഡ് ആന്‍ഡേഴ്‌സന്റെ 'മറ്റവള്‍' എന്ന കഥ വായിക്കാം.


Marukara a column for translation short story by Sherwood Anderson translation by Reshmi Kittappa

 

''ഞാനെന്റെ ഭാര്യയുമായി പ്രണയത്തിലാണ്,'' വിവാഹം കഴിച്ച സ്ത്രീയോടുള്ള അവന്റെ ബന്ധത്തെ ഞാന്‍ ചോദ്യം ചെയ്തിട്ടില്ലാത്തതിനാല്‍ അതൊരു അനാവശ്യമായ പ്രസ്താവനയായിരുന്നു. ഞങ്ങള്‍ നടന്ന് പത്തുമിനിട്ടായപ്പോള്‍ അവനത് വീണ്ടും പറഞ്ഞു. ഞാന്‍ തിരിഞ്ഞ് അവനെ നോക്കി. 

അവന്‍ സംസാരിക്കാന്‍ തുടങ്ങി, ഇനി ഞാന്‍ കുറിച്ചുവെക്കാന്‍ പോകുന്ന കഥ അവനെന്നോട് പറഞ്ഞതാണ്.

അവന്റെ മനസ്സിലുണ്ടായിരുന്ന ആ കാര്യം സംഭവിച്ചത് അവന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ആ ആഴ്ചയിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് അവന്റെ വിവാഹം നടക്കാന്‍ പോകുകയായിരുന്നു. അതിനു മുന്‍പത്തെ വെള്ളിയാഴ്ച അവന് സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ചു എന്നറിയിച്ചുകൊണ്ടുള്ള ഒരു ടെലഗ്രാം കിട്ടി. അവന് അഭിമാനവും സന്തോഷവും തോന്നുന്ന മറ്റൊരു കാര്യവും സംഭവിച്ചു. രഹസ്യമായി കവിതകള്‍ എഴുതുന്ന ശീലം അവനുണ്ടായിരുന്നു, അതിനു മുന്‍പത്തെ വര്‍ഷം അതില്‍ പലതും കവിതാ മാസികകളില്‍ അച്ചടിച്ചു വന്നിരുന്നു. ഒരു വര്‍ഷം അച്ചടിച്ചുവരുന്ന കവിതകളില്‍ ഏറ്റവും നല്ലതെന്ന് തോന്നുന്നതിന് സമ്മാനങ്ങള്‍ കൊടുത്തിരുന്ന സംഘത്തില്‍ ഒന്ന് അവരുടെ ലിസ്റ്റില്‍ ആദ്യം അവന്റെ പേരാണ് ചേര്‍ത്തത്. അവന്റെ വിജയത്തിന്റെ കഥ അവന്റെ ജന്മനഗരത്തിലെ പത്രങ്ങളില്‍ അച്ചടിച്ചുവരികയും അതിലൊരു പത്രം അവന്റെ പടം പ്രസിദ്ധീകരിക്കുകയും ചെയ്തു.

പ്രതീക്ഷിച്ചതുപോലെ ആ ആഴ്ചയില്‍ അവന്‍ ആവേശഭരിതനായിരുന്നു, അതിനേക്കാള്‍ കൂടുതല്‍ വികാരവിക്ഷോഭത്തിലുമായിരുന്നു. ഒരു ജഡ്ജിയുടെ മകളായ തന്റെ പ്രതിശ്രുതവധുവിനെ കാണാന്‍ മിക്കവാറും എല്ലാ വൈകുന്നേരവും അവന്‍ പോയി. ഒരു തവണ അവനവിടെ എത്തിയപ്പോള്‍ വീടുനിറയെ ആളുകളായിരുന്നു കൂടാതെ ഒരുപാട് കത്തുകളും, ടെലഗ്രാമുകളും, പൊതിക്കെട്ടുകളും അവിടെ കിട്ടിയിരുന്നു. അവന്‍ ഒരുവശത്തേക്ക് അല്പം മാറിനിന്നപ്പോള്‍ പുരുഷന്മാരും സ്ത്രീകളും അവനോട് സംസാരിക്കാന്‍ വേണ്ടി വന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ചതിലുള്ള അവന്റെ വിജയത്തിലും ഒരു കവിയെന്ന നിലയിലുള്ള  നേട്ടത്തിലും അവരവനെ അനുമോദിച്ചു. വീട്ടിലേക്ക് തിരിച്ചുപോയി രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍, എല്ലാവരും തന്നെ പ്രശംസിക്കുന്നു എന്ന് തോന്നിയതുകൊണ്ട് അവന് ഉറങ്ങാന്‍ കഴിഞ്ഞില്ല. ബുധനാഴ്ച വൈകുന്നേരം നാടകശാലയില്‍ പോയപ്പോള്‍ അവിടുത്തെ മുഴുവന്‍ ആളുകളും തന്നെ തിരിച്ചറിഞ്ഞതായി അവന് തോന്നി. എല്ലാവരും തലയാട്ടുകയും ചിരിക്കുകയും ചെയ്തു. നാടകത്തിന്റെ ആദ്യഭാഗത്തിനുശേഷം അഞ്ചോ ആറോ പുരുഷന്മാരും രണ്ടുസ്ത്രീകളും തങ്ങളുടെ സീറ്റുവിട്ട് അയാളുടെ ചുറ്റും കൂടി. അത് ചെറിയൊരു കൂട്ടമായി മാറി. അതേനിരയിലെ സീറ്റുകളില്‍ ഇരുന്നിരുന്ന അപരിചിതര്‍ കഴുത്തുനീട്ടി നോക്കി. മുന്‍പൊരിക്കലും ഇത്രയും ശ്രദ്ധ അയാള്‍ക്ക് ലഭിച്ചിരുന്നില്ല, അപ്പോള്‍ പ്രതീക്ഷയുടെ ഒരു ജ്വരം അവനെ പിടികൂടി.

തന്റെ അനുഭവങ്ങളെക്കുറിച്ച് അവനെന്നോട് വിവരിച്ചു കൊണ്ടിരുന്നപ്പോള്‍, അതവന് ആകപ്പാടെ അസാധാരണമായ ഒരു സമയമായിരുന്നു. താന്‍ അന്തരീക്ഷത്തില്‍ ഒഴുകുകയാണെന്ന് അവന് തോന്നി. ഒരുപാട് ആളുകളെ കാണുകയും ഒരുപാട് പ്രശംസാവാക്കുകള്‍ കേള്‍ക്കുകയും ചെയ്തുകഴിഞ്ഞ് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവന്റെ തല തിരിഞ്ഞുകൊണ്ടേയിരുന്നു. കണ്ണടച്ചപ്പോള്‍ ഒരു ജനക്കൂട്ടമവന്റെ മുറിയിലേക്ക് അതിക്രമിച്ചുകയറി. നഗരത്തിലെ എല്ലാ ജനങ്ങളുടെയും മനസ്സുകള്‍ അവനില്‍ത്തന്നെ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് തോന്നി. ഏറ്റവും ബുദ്ധിശൂന്യമായ ചിന്തകള്‍ അവനെ പിടികൂടി. ഒരു നഗരത്തിലെ തെരുവുകളിലൂടെ വണ്ടിയില്‍ സവാരിചെയ്യുന്നത് അവള്‍ സങ്കല്പിച്ചു. ജനാലകള്‍ തുറന്നിരിക്കുകയായിരുന്നു, ആളുകള്‍ വീടുകളുടെ വാതില്‍ തുറന്ന് പുറത്തേക്കോടി. ''അതാ അയാള്‍, അതയാളാണ്,'' അവര്‍ ഉറക്കെ പറഞ്ഞു, അതോടെ സന്തോഷത്തിന്റെ ആര്‍പ്പുവിളിയുയര്‍ന്നു. ആളുകള്‍ നിരന്നുനില്‍ക്കുന്ന ഒരു തെരുവിലേക്ക് വണ്ടി കടന്നു. ഒരായിരം കണ്ണുകള്‍ അയാളെ നോക്കി. ''നിങ്ങള്‍ ആഗ്രഹിച്ചിരുന്നത് ഇതാ! നിങ്ങള്‍ സ്വയം എന്തൊരു മനുഷ്യനായി നിങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നു!'' ആ കണ്ണുകള്‍ ഇങ്ങനെ പറയുന്നതായി തോന്നി.

ആളുകളുടെ ആവേശം അവനൊരു പുതിയ കവിത എഴുതിയതുകൊണ്ടായിരുന്നോ അതല്ലെങ്കില്‍ തന്റെ പുതിയ ഔദ്യോഗിക പദവിയില്‍ ശ്രദ്ധേയമായ ഒരു പ്രവൃത്തി ചെയ്തതുകൊണ്ടായിരുന്നോ എന്ന് എന്റെ സുഹൃത്തിന് വിവരിക്കാന്‍ കഴിഞ്ഞില്ല. ആ സമയത്ത് അവന്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ്, ദൂരെ നഗരത്തിന്റെ അറ്റത്ത് കിഴുക്കാന്തൂക്കായ ഒരു മലഞ്ചരിവിന് മുകളിലുള്ള ഒരു തെരുവിലായിരുന്നു, അവന്റെ കിടപ്പറയുടെ ജനാലയിലൂടെ താഴോട്ട് മരങ്ങളും ഫാക്ടറിയുടെ മേല്‍ക്കൂരകളും പുഴയും നോക്കാന്‍ കഴിഞ്ഞിരുന്നു. ഉറങ്ങാന്‍ കഴിയാത്തതിനാലും ചിന്തകള്‍ തള്ളിക്കയറി വന്ന് അവനെ കൂടുതല്‍ ആവേശഭരിതനാക്കിയതുകൊണ്ടും അവന്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റ് ചിന്തിക്കാന്‍ ശ്രമിച്ചു.

അത്തരം സാഹചര്യങ്ങളില്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ അവന്‍ ചിന്തകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു, പക്ഷെ ജനലിനരികെ തീര്‍ത്തും ഉണര്‍ന്നിരിക്കുമ്പോള്‍ വളരെ അപ്രതീക്ഷിതവും ലജ്ജിപ്പിക്കുന്നതുമായ ഒരു കാര്യം സംഭവിച്ചു. 

രാത്രി തെളിഞ്ഞതും സുന്ദരവുമായിരുന്നു. ചന്ദ്രനുദിച്ചിരുന്നു. തന്റെ ഭാര്യയാവാന്‍ പോകുന്ന സ്ത്രീയെക്കുറിച്ച് സ്വപ്നം കാണാന്‍ അവനാഗ്രഹിച്ചു, ഉത്തമമായ കാവ്യങ്ങള്‍ക്ക് വേണ്ടിയുള്ള വരികള്‍ ആലോചിക്കാന്‍ ആഗ്രഹിച്ചു, അതല്ലെങ്കില്‍ തന്റെ ഔദ്യോഗികജീവിതത്തെ സ്വാധീനിക്കുന്ന ആശയങ്ങള്‍. എന്നാല്‍ അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത്തരത്തിലുള്ള എന്തെങ്കിലും ചെയ്യാന്‍ അവന്റെ മനസ്സ് വിസമ്മതിച്ചു.

അവന്‍ താമസിച്ചിരുന്ന തെരുവിന്റെ ഒരു മൂലയില്‍ നാലപത് വയസ്സുള്ള ഒരു തടിച്ച മനുഷ്യനും, തിളങ്ങുന്ന ചാരനിറമുള്ള കണ്ണുകളുള്ള ഉത്സാഹവതിയായ അയാളുടെ ഭാര്യയും നടത്തിയിരുന്ന ചുരുട്ടിന്റെയും പത്രത്തിന്റെയും കടയുണ്ടായിരുന്നു. രാവിലെ നഗരത്തിലേക്ക് പോകുന്നതിനുമുന്‍പ് അയാള്‍ അവിടെ കയറി പത്രം വാങ്ങും.  ചിലനേരത്ത് തടിച്ച മനുഷ്യനെ മാത്രമേ അയാള്‍ കണ്ടിരുന്നുള്ളു, പക്ഷെ ഇടക്ക് അയാള്‍ അപ്രത്യക്ഷനാവുകയും പകരം അയാളുടെ ഭാര്യ അയാളെ കാത്ത് നില്‍ക്കുകയും ചെയ്യും. ഒരു പ്രത്യേകതയും ഇല്ലാത്ത, ശ്രദ്ധിക്കത്തക്കതായി ഒന്നുമില്ലാത്ത ഒരു സാധാരണ സ്ത്രീയായിരുന്നു അവളെന്ന് തന്റെ കഥ പറയുന്നതിനിടയില്‍ അവന്‍ കുറഞ്ഞത് ഒരിരുപതുതവണ ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്. പക്ഷെ, അവളുടെ സാന്നിദ്ധ്യം അവനെ വളരെയധികം ഇളക്കിയിരുന്നത് എന്തുകൊണ്ടാണെന്ന് അവന് വിവരിക്കാന്‍ കഴിഞ്ഞില്ല. ആ ആഴ്ച പതറിപ്പോയ അവന്റെ ശ്രദ്ധയുടെ ഇടയില്‍ അവള്‍ മാത്രമാണ് തന്റെ മനസ്സില്‍ വ്യക്തമായും വേറിട്ടും നിന്നത് എന്ന് അവനറിഞ്ഞു. മഹത്തായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനാഗ്രഹിച്ചപ്പോള്‍ അവന് അവളെക്കുറിച്ച് മാത്രമേ ചിന്തിക്കാന്‍ കഴിഞ്ഞുള്ളു. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുന്‍പ് അവന്റെ ഭാവന താന്‍ അവളുമായി ഒരു പ്രേമബന്ധത്തിലാണ് എന്ന ധാരണയില്‍ എത്തിക്കഴിഞ്ഞിരുന്നു.

''എനിക്കെന്നെ മനസ്സിലാവുന്നില്ല,'' എന്നോട് കഥ പറയുമ്പോള്‍ അവന്‍ പറഞ്ഞു. ''രാത്രിയില്‍, നഗരം ശാന്തമായിക്കഴിഞ്ഞ് എനിക്കുറങ്ങേണ്ട നേരമാവുമ്പോള്‍ ഞാനെല്ലാ സമയത്തും അവളെക്കുറിച്ച് ചിന്തിച്ചു. അങ്ങനെ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോള്‍ അവളെക്കുറിച്ചുള്ള ബോധം എന്റെ പകല്‍ സമയത്തെ ചിന്തകളിലേക്കും കയറിക്കൂടി. ഞാന്‍ അങ്ങേയറ്റം പരിഭ്രാന്തനായി. ഇപ്പോളെന്റെ ഭാര്യയായിരിക്കുന്ന സ്ത്രീയെ കാണാന്‍ പോയപ്പോള്‍ എനിക്കവളോടുള്ള സ്‌നേഹത്തെ എന്റെ അലഞ്ഞുതിരിഞ്ഞ ചിന്തകള്‍ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് ഞാന്‍ കണ്ടെത്തി. ലോകത്തില്‍ ഒരു സ്ത്രീയുടെ കൂടെ മാത്രം ജീവിക്കാനും, എന്റെ സ്വഭാവവും ലോകത്തിലെ എന്റെ സ്ഥാനവും നന്നാക്കാനുള്ള ഉദ്യമത്തില്‍ എന്റെ പങ്കാളിയാകാനും ഒരാളെ മാത്രമേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു, പക്ഷെ ഇപ്പോള്‍ നിങ്ങള്‍ നോക്കൂ മറ്റേ സ്ത്രീയെ കെട്ടിപ്പിടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവളെന്റെ അസ്തിത്വത്തിലേക്ക് കടന്നിരിക്കുന്നു. എല്ലാഭാഗത്തുനിന്നും ആളുകള്‍ പറഞ്ഞുകൊണ്ടിരുന്നത് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരു വലിയമനുഷ്യനാണ് ഞാനെന്നായിരുന്നു, ഞാനാണെങ്കില്‍ ഇങ്ങനെയും. അന്നു വൈകുന്നേരം നാടകശാലയില്‍ നിന്നും തിരിച്ച് വീട്ടിലേക്ക് ഞാന്‍ നടന്നാണ് വന്നത് കാരണം ഉറങ്ങാന്‍ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു, എന്നില്‍ സൈ്വര്യക്കേടുണ്ടാക്കുന്ന ഉള്‍പ്രേരണകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഞാന്‍ ചുരുട്ടുകടയുടെ അരികെയുള്ള നടപ്പാതയില്‍ ചെന്നുനിന്നു. അതൊരു രണ്ടുനില കെട്ടിടമായിരുന്നു, ആ സ്ത്രീ തന്റെ ഭര്‍ത്താവുമൊത്ത് മുകളിലത്തെ നിലയിലാണ് താമസിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. ആ കെട്ടിടത്തിന്റെ ചുവരില്‍ ശരീരമമര്‍ത്തിക്കൊണ്ട് കുറേനേരം ആ ഇരുട്ടില്‍ ഞാന്‍ നിന്നു, രണ്ടുപേരും അപ്പോള്‍ മുകളില്‍ കിടക്കയിലായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചു. അതെന്നെ രോഷാകുലനാക്കി.

 

Marukara a column for translation short story by Sherwood Anderson translation by Reshmi Kittappa

ഷെര്‍വുഡ് ആന്‍ഡേഴ്‌സണ്‍

 

''പിന്നീട് എന്നോടെനിക്ക് കൂടുതല്‍ ദേഷ്യം തോന്നി. വീട്ടില്‍പ്പോയി ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു. ചില കാവ്യപുസ്തകങ്ങളും ഗദ്യങ്ങളും എന്നെ എല്ലായ്‌പ്പോഴും വളരെയധികം വികാരാധീനനാക്കിയിരുന്നു, അതിനാല്‍ എന്റെ കട്ടിലിനടുത്തുള്ള മേശയില്‍ ഞാന്‍ കുറേ പുസ്തകങ്ങള്‍ എടുത്തിട്ടു.

''പുസ്തകങ്ങളിലെ ശബ്ദങ്ങള്‍ മരിച്ചവരുടെ ശബ്ദങ്ങള്‍ പോലെയായിരുന്നു. ഞാനതൊന്നും കേട്ടില്ല. അച്ചടിച്ച വാക്കുകള്‍ എന്റെ ബോധത്തിലേക്ക് തുളച്ചുകയറിയില്ല. സ്‌നേഹിച്ചിരുന്ന സ്ത്രീയെക്കുറിച്ച് ചിന്തിക്കാന്‍ ഞാന്‍ ശ്രമിച്ചു, പക്ഷെ അവളുടെ രൂപവും ദൂരെയുള്ള എന്തോ ഒന്നായി, ആ നിമിഷത്തില്‍ അപ്രസക്തമായ ഒന്നായി മാറിയതുപോലെ തോന്നി. ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അത് വല്ലാത്തൊരു ദയനീയമായ അനുഭവമായിരുന്നു.

''വ്യാഴാഴ്ച രാവിലെ ഞാന്‍ കടയിലേക്ക് പോയി. ആ സ്ത്രീ ഒറ്റയ്ക്കവിടെ നില്‍ക്കുന്നുണ്ടായിരുന്നു. എനിക്കെന്താണ് തോന്നിയിരുന്നതെന്ന് അവള്‍ക്കറിയാമെന്ന് തോന്നി. ഒരുപക്ഷെ ഞാനവളെക്കുറിച്ച് ചിന്തിച്ചിരുന്നതുപോലെ അവളെന്നെക്കുറിച്ചും ചിന്തിച്ചിട്ടുണ്ടാവും. അവളുടെ ചുണ്ടിന്റെ കോണുകളില്‍ സംശയത്തോടെ മടിച്ചുകൊണ്ട് ഒരു ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. താണതരം തുണികൊണ്ടുണ്ടാക്കിയ ഒരുടുപ്പായിരുന്നു അവളിട്ടിരുന്നത്, അതിന്റെ ചുമലില്‍ ഒരു കീറലുണ്ടായിരുന്നു. എന്നെക്കാള്‍ പത്തുവയസ്സെങ്കിലും കൂടുതലുണ്ടാവും അവള്‍ക്ക്. ചില്ലുകൌണ്ടറിലേക്ക് ഞാന്‍ നാണയത്തുട്ടുകള്‍ ഇടുമ്പോള്‍ അതിന്റെ പിറകില്‍ അവള്‍ നില്‍ക്കുന്നതുകൊണ്ട് എന്റെ കൈകള്‍ വിറയ്ക്കുകയും നാണയത്തുട്ടുകള്‍ ഉച്ചത്തില്‍ ചിലമ്പിച്ച ശബ്ദമുണ്ടാക്കുകയും ചെയ്തു. ഞാന്‍ സംസാരിച്ചപ്പോള്‍ എന്റെ തൊണ്ടയില്‍ നിന്നുംവന്ന ശബ്ദം എന്നെങ്കിലും എന്റേതായിരുന്നോ എന്ന് തോന്നിയതേയില്ല. അത് കഷ്ടിച്ച് ഒരു കനത്ത മന്ത്രിക്കലിന് മുകളിലേക്കുയര്‍ന്നു. 'ഞാന്‍ നിന്നെ ആഗ്രഹിക്കുന്നു.' 'ഞാന്‍ വളരെയധികം നിന്നെ ആശിക്കുന്നു. നിനക്ക് നിന്റെ ഭര്‍ത്താവില്‍ നിന്നും ഓടിവരാന്‍ കഴിയുമോ? ഇന്ന് രാത്രി ഏഴുമണിക്ക് എന്റെ അപാര്‍ട്ട്‌മെന്റിലേക്ക് വരണം.'

''ഏഴുമണിക്ക് ആ സ്ത്രീ എന്റെ അപാര്‍ട്ട്‌മെന്റിലേക്ക് വരികതന്നെ ചെയ്തു. അന്ന് രാവിലെ അവളൊന്നും തന്നെ പറഞ്ഞിരുന്നില്ല. ഒരുപക്ഷെ ഒരു നിമിഷത്തേക്ക് ഞങ്ങള്‍ പരസ്പരം നോക്കി നിന്നിരിക്കണം. ലോകത്തിലുള്ള എല്ലാത്തിനെക്കുറിച്ചും ഞാന്‍ മറന്നുപോയിരുന്നു, അവളെ ഒഴിച്ച്. പിന്നീടവള്‍ തലയിളക്കുകയും ഞാനവിടെനിന്നും പോവുകയും ചെയ്തു. ഇപ്പോഴതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അവളൊരു വാക്കുപോലും പറഞ്ഞത് കേട്ടതായി ഞാനോര്‍ക്കുന്നില്ല. ഏഴുമണിക്ക് എന്റെ അപാര്‍ട്ട്‌മെന്റിലേക്ക് അവള്‍ വന്നനേരത്ത് ഇരുട്ടായിരുന്നു. അത് ഒക്ടോബര്‍ മാസമായിരുന്നെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഞാന്‍ വിളക്കുകളൊന്നും തെളിയിച്ചിരുന്നില്ല, കൂടാതെ എന്റെ ജോലിക്കാരനെ പറഞ്ഞുവിടുകയും ചെയ്തിരുന്നു.

''ആ ദിവസം ഞാന്‍ നല്ല അവസ്ഥയിലായിരുന്നില്ല. ഒരുപാടാളുകള്‍ ഓഫീസില്‍ എന്നെക്കാണാന്‍ വന്നു. അവരോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഞാനെല്ലാം കൂട്ടിക്കുഴച്ചാണ് പറഞ്ഞത്. എന്റെ വിവാഹം നടക്കാന്‍ പോകുന്നത് കാരണമാണ് ഞാന്‍ തലതിരിഞ്ഞതുപോലെ കാണിക്കുന്നതെന്ന് അഭിപ്രായപ്പെട്ട് ചിരിച്ചുകൊണ്ട് അവര്‍ കടന്നുപോയി.

''ആ ദിവസം രാവിലെയാണ്, എന്റെ വിവാഹത്തിന് തൊട്ടുമുന്‍പുള്ള ആ ദിവസം, എനിക്ക് എന്റെ പ്രതിശ്രുതവധുവില്‍ നിന്നും നീണ്ട മനോഹരമായ ഒരു കത്ത് ലഭിച്ചത്. അതിനു തലേന്ന് രാത്രി അവള്‍ക്കും ഉറങ്ങാന്‍ കഴിയാതിരുന്നതുകൊണ്ട് ഒരു കത്തെഴുതാന്‍ വേണ്ടി അവള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു. അവളതില്‍ പറഞ്ഞതെല്ലാം വളരെ തീവ്രവും സത്യവുമായിരുന്നു, പക്ഷെ ഒരു ജീവനുള്ള വസ്തു എന്ന നിലയില്‍ അവള്‍ സ്വയം അകലേക്ക് പിന്മാറിയതായാണ് തോന്നിയത്, ദൂരെ ആകാശങ്ങളിലേക്ക് പറക്കുന്ന പക്ഷിയാണ് അവളെന്ന് എനിക്ക് തോന്നി, ഞാനാണെങ്കില്‍ ഒരു കളപ്പുരയുടെ മുന്നിലെ പൊടി നിറഞ്ഞ നിരത്തില്‍ നഗ്‌നപാദനായി അമ്പരപ്പോടെ, അവളുടെ അകന്നുപോകുന്ന രൂപം നോക്കി നില്‍ക്കുന്ന ഒരാണ്‍കുട്ടിയെപ്പോലെയായിരുന്നു. ഞാന്‍ അത്ഭുതപ്പെടുകയാണ്, ഞാനെന്താണര്‍ത്ഥമാക്കിയതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ?

''ആ എഴുത്തിനെക്കുറിച്ച് പറയുകയാണെങ്കില്‍, അതില്‍ അവള്‍, ആ ഉണര്‍ന്നിരിക്കുന്ന സ്ത്രീ തന്റെ ഹൃദയത്തിലുള്ളത് തുറന്നുപറഞ്ഞിരുന്നു. അവള്‍ക്ക് ജീവിതത്തെക്കുറിച്ച് ഉറപ്പായും ഒന്നുമറിയാമായിരുന്നില്ല, പക്ഷെ അവളൊരു സ്ത്രീയായിരുന്നു. തന്റെ കിടക്കയില്‍ എന്നെപ്പോലെ തന്നെ പരിഭ്രാന്തിയോടെയും ആകാംക്ഷയോടെയും കിടക്കുകയായിരുന്നു അവളെന്ന് ഞാന്‍ വിചാരിക്കുന്നു. വലിയൊരു മാറ്റം തന്റെ ജീവിതത്തില്‍ വരാന്‍ പോവുകയാണെന്ന കാര്യം അവള്‍ മനസ്സിലാക്കിയിരുന്നു, അതിലവള്‍ക്ക് ആഹ്ലാദവും പേടിയും ഉണ്ടായിരുന്നു. എല്ലാത്തിനെക്കുറിച്ചും ആലോചിച്ചുകൊണ്ട് അവള്‍ കിടന്നു. പിന്നീടവളെഴുന്നേറ്റ് ആ തുണ്ടുകടലാസില്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി. എത്രമാത്രം പേടിയും എത്ര സന്തോഷവുമുണ്ടെന്ന് അവളെന്നോട് പറഞ്ഞു. മിക്കവാറും എല്ലാ ചെറുപ്പക്കാരികളെയും പോലെ അവളും രഹസ്യങ്ങള്‍ പറയുന്നത് കേട്ടിട്ടുണ്ടായിരുന്നു. കത്തില്‍ അവള്‍ വളരെ ഓമനത്തമുള്ളവളും നല്ലവളുമായിരുന്നു. 'നമ്മുടെ വിവാഹം കഴിഞ്ഞ് കുറേക്കാലത്തേക്ക് സ്ത്രീയും പുരുഷനുമാണെന്ന കാര്യം നമ്മള്‍ മറന്നുപോകും,' അവളെഴുതി. 'നമ്മള്‍ മനുഷ്യരായിരിക്കും. ഞാന്‍ അറിവില്ലാത്തവളും ഇടയ്‌ക്കൊക്കെ വളരെയധികം ബുദ്ധിശൂന്യയും ആയിരിക്കുമെന്ന കാര്യം നിങ്ങള്‍ തീര്‍ച്ചയായും ഓര്‍ക്കണം. നിങ്ങളെന്നെ സ്‌നേഹിക്കുകയും എന്നോട് ക്ഷമയും ദയയും കാണിക്കുകയും വേണം. ഞാന്‍ കൂടുതല്‍ അറിഞ്ഞുകഴിഞ്ഞാല്‍, കുറെക്കാലം കഴിഞ്ഞ് ജീവിതത്തിന്റെ രീതികള്‍ നിങ്ങളെന്നെ പഠിപ്പിച്ചുകഴിഞ്ഞാല്‍, എല്ലാം മടക്കിത്തരാന്‍ ഞാന്‍ ശ്രമിക്കും. ആര്‍ദ്രതയോടെയും ആസക്തിയോടെയും ഞാന്‍ നിങ്ങളെ സ്‌നേഹിക്കും. അതിനുള്ള സാധ്യത എന്റെയുള്ളിലുണ്ട്, അല്ലെങ്കില്‍ ഞാന്‍ വിവാഹം കഴിക്കാന്‍ ഒരിക്കലും ആഗ്രഹിക്കുമായിരുന്നില്ല. എനിക്ക് പേടിയുണ്ട് പക്ഷെ ഞാന്‍ സന്തോഷവതിയുമാണ്. ഹോ, എനിക്കെത്ര സന്തോഷമുണ്ടെന്നോ നമ്മുടെ വിവാഹസമയം അടുത്തെത്തിയതില്‍.'

''ഇപ്പോള്‍ നിങ്ങള്‍ നോക്കൂ എന്തൊരു ഗതികേടിലാണ് ഞാന്‍ പെട്ടിരിക്കുന്നതെന്ന്. ഓഫീസില്‍ വെച്ച് എന്റെ പ്രതിശ്രുതവധുവിന്റെ കത്ത് വായിച്ചതിനുശേഷം ഞാന്‍ പെട്ടെന്ന് ദൃഢനിശ്ചയവും ശക്തിയും ഉള്ളവനായി. ഒരു കുലീനയായ സ്ത്രീയുടെ ഭര്‍ത്താവാകാന്‍ പോകുന്ന കാര്യമോര്‍ത്ത് അഭിമാനത്തോടെ കസേരയില്‍ നിന്നും എഴുന്നേറ്റ് നടന്നത് ഞാനോര്‍ക്കുന്നു. ഞാനെന്തൊരു ദുര്‍ബ്ബലനാണ് എന്ന് സ്വയം കണ്ടുപിടിക്കുന്നതിന് മുന്‍പുതന്നെ എന്നെക്കുറിച്ചുള്ളതുപോലെ തന്നെ ഉത്കണ്ഠ എനിക്കവളെക്കുറിച്ചും തോന്നി. ഞന്‍ ദുര്‍ബ്ബലനാവില്ല എന്നൊരു ഉറച്ച തീരുമാനം ഞാനെടുത്തു. ആ ദിവസം വൈകീട്ട് ഒന്‍പതുമണിക്ക് എന്റെ പ്രതിശ്രുത വധുവിനെ കാണാന്‍ ഓടിച്ചെല്ലണമെന്ന് ഞാന്‍ പരിപാടിയിട്ടിരുന്നു. 'എനിക്കിപ്പോള്‍ കുഴപ്പമൊന്നുമില്ല' ഞാന്‍ എന്നോടുതന്നെ പറഞ്ഞു. അവളുടെ സ്വഭാവത്തിന്റെ സൗന്ദര്യം എന്നെ എന്നില്‍ നിന്നുതന്നെ രക്ഷിച്ചിരുന്നു. ഞാനിപ്പോള്‍ വീട്ടില്‍ പോയി മറ്റേ സ്ത്രീയെ ദൂരേക്ക് പറഞ്ഞയയ്ക്കും.  രാവിലെ ഞാനെന്റെ പണിക്കാരന് ഫോണ്‍ ചെയ്ത് അവനോട് അന്ന് വൈകുന്നേരം വീട്ടില്‍ ഉണ്ടാവരുത് എന്ന് പറഞ്ഞിരുന്നു, ഇപ്പോള്‍ അവനോട് വീട്ടില്‍ത്തന്നെ തങ്ങണമെന്ന് പറയാന്‍ ഞാന്‍ ടെലഫോണെടുത്തു.

'പിന്നീട് ഒരു ചിന്ത എന്നിലേക്കെത്തി. 'എന്ത് സംഗതി ആണെങ്കിലും അവനവിടെ ഉണ്ടാവണമെന്ന് ഞാനാഗ്രഹിക്കുന്നില്ല.' ഞാന്‍ സ്വയം പറഞ്ഞു. 'വിവാഹത്തിന്റെ തലേ ദിവസം ഒരു സ്ത്രീ എന്റെ വീട്ടിലേക്ക് വരുന്നതുകണ്ടാല്‍ അവനെന്തു വിചാരിക്കും?' ഞാന്‍ ഫോണ്‍ താഴെ വെച്ച് വീട്ടില്‍ പോകാനൊരുങ്ങി. ഞാന്‍ വേലക്കാരനോട് വീടിന് പുറത്തുപോകാന്‍ പറയാനുള്ള കാരണം ആ സ്ത്രീയോട് ഞാന്‍ സംസാരിക്കുന്നത് അവന്‍ കേള്‍ക്കേണ്ട എന്നുകരുതിയാണ്. എനിക്കവളോട് മര്യാദകേട് കാണിക്കാന്‍ കഴിയില്ല. എന്തെങ്കിലും തരത്തിലുള്ള ഒരു വിശദീകരണം എനിക്കുണ്ടാക്കണം,' ഞാന്‍ മനസ്സില്‍ പറഞ്ഞു.

''ആ സ്ത്രീ ഏഴുമണിക്ക് വന്നു, നിങ്ങള്‍ ഊഹിച്ചതുപോലെ ഞാനവളെ ഉള്ളിലേക്ക് കടക്കാന്‍ അനുവദിക്കുകയും ഞാനെടുത്തിരുന്ന ദൃഢനിശ്ചയം മറക്കുകയും ചെയ്തു. മറ്റെന്തെങ്കിലും ചെയ്യാനുള്ള ഒരുദ്ദേശ്യവും എനിക്കുണ്ടായിരുന്നില്ല. വാതിലിനുപുറത്ത് കോളിംഗ്‌ബെല്‍ ഉണ്ടായിരുന്നു, പക്ഷെ അതവള്‍ അടിച്ചില്ല, പകരം മൃദുവായി വാതിലില്‍ തട്ടുക മാത്രം ചെയ്തു. ആ വൈകുന്നേരം അവള്‍ ചെയ്തതെല്ലാം വളരെ മൃദുവും ശാന്തവുമാണെന്ന് എനിക്ക് തോന്നി, പക്ഷെ അത് സ്ഥിരതയോടും വേഗത്തിലുമായിരുന്നു. ഞാന്‍ പറയുന്നത് വ്യക്തമാവുന്നുണ്ടോ? അവള്‍ വരുമ്പോള്‍ ഞാന്‍ ഉള്ളില്‍ വാതിലിനടുത്ത് അരമണിക്കൂറായി അവളെക്കാത്ത് നില്‍ക്കുകയായിരുന്നു. രാവിലെ കടയില്‍ വെച്ച് അവളെന്നെ നോക്കിയപ്പോള്‍ കൗണ്ടറില്‍ നാണയത്തുകളിടുന്ന എന്റെ കൈകള്‍ വിറച്ചതുപോലെ അപ്പോളെന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അവള്‍ ധൃതിയില്‍ അകത്തുകയറി, ഞാനവളെ കെട്ടിപ്പിടിച്ചു. ഞങ്ങള്‍ ഒരുമിച്ച് ആ ഇരുട്ടില്‍ നിന്നു. പിന്നീടെന്റെ കൈകള്‍ വിറച്ചില്ല. എനിക്ക് വളരെയധികം സന്തോഷവും ഉത്സാഹവും തോന്നി.

''ഞാനെല്ലാം വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഞാന്‍ വിവാഹം കഴിച്ച സ്ത്രീ എങ്ങനെയാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ല. നിങ്ങള്‍ നോക്കൂ, മറ്റേ സ്ത്രീയെക്കുറിച്ച് ഞാന്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്റെ ഭാര്യയെ സ്‌നേഹിക്കുന്നു എന്ന് ഞാന്‍ ഒന്നും നോക്കാതെ വിളിച്ചുപറയും, നിങ്ങളെപ്പോലെ വിവേകമുള്ള ഒരാള്‍ക്ക് അതത്ര കാര്യമുള്ളതല്ല. സത്യം പറയുകയാണെങ്കില്‍ ഈ കാര്യത്തെക്കുറിച്ച് ഞാന്‍ പറയാതിരുന്നെങ്കില്‍ എനിക്ക് കൂടുതല്‍ ആശ്വാസം ഉണ്ടാകുമായിരുന്നു. ഞാനൊരു പുകയിലക്കടക്കാരന്റെ ഭാര്യയുമായി പ്രണയത്തിലാണെന്ന തോന്നല്‍ നിങ്ങളിലുണ്ടാക്കുന്നത് ഒഴിവാക്കാന്‍ പറ്റാത്തതാണ്. പക്ഷെ അത് സത്യമല്ല. എന്റെ വിവാഹത്തിന് മുന്‍പുള്ള ആഴ്ച മുഴുവനും ഞാനവളെക്കുറിച്ച് വളരെയധികം ആലോചിച്ചിരുന്നു. പക്ഷെ അവളെന്റെ അപര്‍ട്ട്‌മെന്റിലേക്ക് വന്നതിനുശേഷം അവളെന്റെ മനസ്സില്‍ നിന്നും മുഴുവനായും വിട്ടുപോയി.

''ഞാന്‍ സത്യമാണോ പറയുന്നത്? എനിക്കെന്താണ് സംഭവിച്ചതെന്ന് പറയാന്‍ വളരെയധികം ശ്രമിക്കുകയാണ് ഞാന്‍. അന്ന് വൈകുന്നേരത്തിന് ശേഷം എന്റെ അപാര്‍ട്ട്‌മെന്റിലേക്ക് വന്ന സ്ത്രീയെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല എന്നാണ് ഞാന്‍ പറയുന്നത്. എന്നാലിപ്പോള്‍, അക്കാര്യത്തെക്കുറിച്ചുള്ള സത്യങ്ങള്‍ പറയുകയാണെങ്കില്‍ അത് ശരിയല്ല. അന്ന് വൈകുന്നേരം ഒന്‍പതുമണിക്ക് ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീ കത്തില്‍ എഴുതിയിരുന്നത് പ്രകാരം ഞാനവളുടെ അടുത്തേക്ക് പോയി. മറ്റേ സ്ത്രീയും എന്റെ കൂടെ വന്നു എന്നത് എനിക്ക് ഒരു തരത്തിലും വിവരിക്കാന്‍ കഴിയുന്നില്ല.  ഞാനര്‍ത്ഥമാക്കിയത് ഇതാണ്, എനിയ്ക്കും പുകയിലവ്യാപാരിയുടെ ഭാര്യയ്ക്കുമിടയില്‍ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എനിക്ക് എന്റെ വിവാഹവുമായി മുന്നോട്ട് പോവാന്‍ കഴിയുമായിരുന്നില്ല എന്നാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. 'എന്നെ സംബന്ധിച്ച് ഒന്നുകില്‍ ഇത് അല്ലെങ്കില്‍ മറ്റേത്,' ഞാന്‍ സ്വയം പറഞ്ഞു.

''സത്യത്തില്‍ അന്ന് വൈകീട്ട്, ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന്റെ ഭാവിയെക്കുറിച്ച് കൈവന്ന പുതിയൊരു വിശ്വാസത്തോടെ ഞാനെന്റെ പ്രിയപ്പെട്ടവളെ കാണാന്‍ പോയി. ഇക്കാര്യം പറയാന്‍ ശ്രമിച്ച് ഞാനെല്ലാം കൂടി കൂട്ടിക്കുഴയ്ക്കും എന്നെനിക്ക് പേടിയുണ്ട്. ഒരു നിമിഷം മുന്‍പ് ഞാന്‍ പറഞ്ഞു മറ്റേ സ്ത്രീ, പുകയിലക്കടക്കാരന്റെ ഭാര്യ എന്റെകൂടെ വന്നെന്ന്. സത്യത്തില്‍ അവരെന്റെ കൂടെ വന്നു എന്നല്ല ഞാനുദ്ദേശിച്ചത്. ഞാന്‍ പറഞ്ഞുവരുന്നത് സ്വന്തം ആഗ്രഹങ്ങളിലും കാര്യങ്ങള്‍ കാണാനുള്ള ധൈര്യത്തിലും, ഒരളവുവരെ അവള്‍ക്കുള്ള വിശ്വാസം എന്റെ കൂടെ വന്നു എന്നാണ്. നിങ്ങള്‍ക്കത് മനസ്സിലായോ? ഞാനെന്റെ പ്രതിശ്രുതവധുവിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു കൂട്ടം ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. ചിലരെല്ലാം ദൂരസ്ഥലങ്ങളില്‍ നിന്നും വന്ന, ഞാന്‍ മുന്‍പ് കണ്ടിട്ടില്ലാത്ത ബന്ധുക്കളായിരുന്നു. ഞാന്‍ മുറിയിലേക്ക് കടന്നപ്പോള്‍ അവള്‍ പെട്ടെന്ന് മുഖമുയര്‍ത്തി നോക്കി. എന്റെ മുഖം പ്രകാശിച്ചിട്ടുണ്ടാകും. അത്രയധികം വികാരാധീനയായി അവളെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. അവളുടെ എഴുത്ത് എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്ന് അവള്‍ കരുതി, തീര്‍ച്ചയായും അതങ്ങനെ തന്നെയായിരുന്നു. അവള്‍ ചാടിയെഴുന്നേറ്റ് എന്റെയടുത്തേക്ക് ഓടിവന്നു.  ആഹ്ലാദമുള്ള ഒരു കുട്ടിയെപ്പോലെയായിരുന്നു അവള്‍. തിരിഞ്ഞ് കൌതുകത്തോടെ ഞങ്ങളെ നോക്കിയ ആളുകളുടെ മുന്‍പില്‍ വെച്ച് അവള്‍ തന്റെ മനസ്സിലുള്ള കാര്യം പറഞ്ഞു. 'ഹോ, എനിക്ക് വളരെയധികം സന്തോഷമുണ്ട്,' അവള്‍ ഉറക്കെപ്പറഞ്ഞു. 'നമ്മള്‍ രണ്ട് മനുഷ്യരായിരിക്കും. നമ്മള്‍ക്ക് ഭര്‍ത്താവും ഭാര്യയും ആവേണ്ട കാര്യമില്ല.'

എല്ലാവരും ചിരിച്ചെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവാം, പക്ഷെ ഞാന്‍ ചിരിച്ചില്ല. എന്റെ കണ്ണുകള്‍ നിറഞ്ഞു. അത്രയധികം സന്തോഷമുണ്ടായതിനാല്‍ എനിക്ക് ഒച്ചവെക്കുവാന്‍ തോന്നി. ഞാന്‍ അര്‍ത്ഥമാക്കിയത് ഒരുപക്ഷെ നിങ്ങള്‍ക്ക് മനസ്സിലാകും. ആ ദിവസം ഓഫീസില്‍ വെച്ച് ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീ അയച്ച എഴുത്ത് വായിച്ച് ഞാന്‍ എന്നോടുതന്നെ പറഞ്ഞു, 'പ്രിയപ്പെട്ട ആ ചെറുപ്പക്കാരിയെ ഞാന്‍ സംരക്ഷിക്കും.' അതിലെന്തോ ഒരു ആത്മസംതൃപ്തി ഉണ്ടായിരുന്നു. അവളുടെ വീട്ടില്‍ അവളങ്ങനെ ഉറക്കെ പറയുകയും എല്ലാവരും ചിരിക്കുകയും ചെയ്തപ്പോള്‍, ഞാന്‍ സ്വയം പറഞ്ഞത് ഇങ്ങനെയെന്തോ ആയിരുന്നു. 'നമ്മള്‍ നമ്മളെ സംരക്ഷിക്കും.' അത്തരത്തിലെന്തോ ഒന്ന് ഞാനവളുടെ ചെവിയില്‍ മന്ത്രിച്ചു. സത്യം പറയുകയാണെങ്കില്‍ ഇരിക്കുന്ന കൊമ്പില്‍ നിന്നും ഞാന്‍ താഴോട്ടിറങ്ങിയിരുന്നു. മറ്റേ സ്ത്രീയുടെ ജീവചൈതന്യമാണ് എന്റെയുള്ളില്‍ അത് ചെയ്തത്. എല്ലാ ആളുകളും ഒത്തുകൂടുന്നതിനുമുന്‍പ് ഞാനെന്റെ പ്രതിശ്രുതവധുവിനെ ചേര്‍ത്തുപിടിക്കുകയും ഞങ്ങള്‍ ചുംബിക്കുകയും ചെയ്തു. ഞങ്ങള്‍ പരസ്പരം കണ്ടപ്പോഴുണ്ടായ ആ വൈകാരികബന്ധം എത്ര മധുരതരമാണെന്ന് അവര്‍ വിചാരിച്ചു. എന്നെക്കുറിച്ചുള്ള സത്യമറിയുകയാണെങ്കില്‍ അവരെന്തു കരുതുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ!

''ആ വൈകുന്നേരത്തിന് ശേഷം മറ്റേ സ്ത്രീയെക്കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ടേയില്ലയെന്ന് ഇപ്പോള്‍ ഞാന്‍ രണ്ടുതവണ പറഞ്ഞു. അത് പകുതി ശരിയാണ്, പക്ഷെ ചിലസമയത്ത് വൈകുന്നേരം ഞാന്‍ തെരുവിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ അല്ലെങ്കില്‍ പാര്‍ക്കില്‍ നമ്മള്‍ ഇപ്പോള്‍ നടക്കുന്നതുപോലെ നടക്കുമ്പോള്‍, പതുക്കെ സന്ധ്യ വന്നെത്തുകയും പെട്ടെന്ന് രാത്രിയാകുകയും ചെയ്യുമ്പോള്‍, അവളെക്കുറിച്ചുള്ള വികാരം തീവ്രമായി എന്റെ ശരീരത്തിലേക്കും മനസ്സിലേക്കുമെത്തും. ആ ഒരു കൂടിക്കാഴ്ചക്ക് ശേഷം ഞാനവളെ പിന്നീടൊരിക്കലും കണ്ടിട്ടില്ല. അടുത്ത ദിവസം എന്റെ വിവാഹം കഴിഞ്ഞതിനുശേഷം ഞാനവളുടെ തെരുവിലേക്ക് പിന്നീടൊരിക്കലും തിരിച്ചുപോയിട്ടില്ല. എന്നിരുന്നാലും ഇടക്കെല്ലാം ഇപ്പോഴത്തെപ്പോലെ നടക്കുമ്പോള്‍, പെട്ടെന്ന് തടുക്കാനാവാത്ത ഒരു തീക്ഷ്ണമായ വികാരം എന്നെ പിടികൂടും. ഞാന്‍ മണ്ണിനടിയിലെ ഒരു വിത്തായിരുന്നപ്പോള്‍ വസന്തത്തിലെ ഇളംചൂടാര്‍ന്ന മഴ വന്നെത്തിയതുപോലെയായിരുന്നു അത്. ഞാനൊരു മനുഷ്യനായിരുന്നില്ല, ഒരു മരമായിരുന്നു എന്നതുപോലെ.

''ഇപ്പോള്‍ നിങ്ങള്‍ നോക്കൂ എന്റെ വിവാഹം കഴിയുകയും എല്ലാം ശരിയാവുകയും ചെയ്തു. എന്നെ സംബന്ധിച്ച് എന്റെ വിവാഹം അതിമനോഹരമായ ഒരു കാര്യമാണ്. എന്റെ വിവാഹം സന്തോഷകരമല്ല എന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ ഞാന്‍ നിങ്ങളെ ഒരു കള്ളനെന്ന് വിളിക്കും, ഞാന്‍ തീര്‍ത്തും സത്യമാണ് പറയുന്നത്. മറ്റേ സ്ത്രീയെക്കുറിച്ച് നിങ്ങളോട് പറയാനുള്ള ഒരു ശ്രമം ഞാന്‍ നടത്തിയിട്ടുണ്ട്. അവളെക്കുറിച്ച് പറയുമ്പോള്‍ ഒരു തരത്തിലുള്ള ആശ്വാസമുണ്ട്. ഇതിനു മുന്‍പൊരിക്കലും ഞാനിങ്ങനെ ചെയ്തിട്ടില്ല. എന്റെ ഭാര്യയുമായി ഞാന്‍ സ്‌നേഹത്തിലല്ല എന്നുള്ള ഒരു തെറ്റായ ധാരണ ഞാന്‍ നിങ്ങള്‍ക്ക് നല്‍കും എന്ന് പേടിച്ച ഞാന്‍ എത്ര വിഡ്ഡിയായിരുന്നു എന്ന് ഞാനത്ഭുതപ്പെടുന്നു. നിങ്ങള്‍ മനസ്സിലാക്കുന്നതിനെ ഞാന്‍ സ്വാഭാവികമായും വിശ്വസിച്ചിരുന്നില്ലെങ്കില്‍ ഇത് ഞാന്‍ നിങ്ങളോട് പറയുമായിരുന്നില്ല. ഇങ്ങനെയൊരു പ്രശ്‌നമുള്ളതുകൊണ്ട് ഞാനെന്നെ സ്വയമൊന്ന് ഇളക്കിയിട്ടുണ്ട്.  ഇന്ന് രാത്രി ഞാന്‍ മറ്റേ സ്ത്രീയെക്കുറിച്ച് ചിന്തിക്കും. അത് ചിലപ്പോഴൊക്കെ സംഭവിക്കാറുണ്ട്. ഉറങ്ങാന്‍ കിടന്നതിനുശേഷമാണ് അത് സംഭവിക്കാറുള്ളത്. എന്റെ ഭാര്യ തൊട്ടടുത്തുള്ള മുറിയില്‍ വാതില്‍ എപ്പോഴും തുറന്നിട്ടിട്ടാണ് ഉറങ്ങാറുള്ളത്. ഇന്ന് രാത്രി ചന്ദ്രനുദിക്കും, ചന്ദ്രനുള്ളപ്പോള്‍ വെളിച്ചത്തിന്റെ നീളമുള്ള രേഖകള്‍ അവളുടെ കിടക്കയിലേക്ക് വീഴും. ഇന്ന് അര്‍ദ്ധരാത്രിക്ക് ഞാനെഴുന്നേല്‍ക്കും. ഒരു കൈ തലയില്‍ വെച്ച് അവളപ്പോള്‍ ഉറങ്ങുകയായിരിക്കും.

''ഞാനിപ്പോള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? ഒരു മനുഷ്യന്‍ കിടക്കയില്‍ കിടക്കുന്ന തന്റെ ഭാര്യയെക്കുറിച്ച് പറയുകയില്ല. ഞാന്‍ പറയുന്നത്, ഈ സംസാരം കാരണം ഇന്നുരാത്രി ഞാന്‍ മറ്റേ സ്ത്രീയെക്കുറിച്ച് ചിന്തിക്കുമെന്നാണ്. വിവാഹം കഴിക്കുന്നതിന് മുന്‍പുള്ള ആഴ്ചയില്‍ ചെയ്തതുപോലെ എന്റെ ചിന്തകള്‍ രൂപപ്പെടുകയില്ല. ആ സ്ത്രീക്ക് എന്ത് സംഭവിച്ചുവെന്ന് ഞാനത്ഭുതപ്പെടും.  ഒരു നിമിഷത്തേക്ക് അവളെ ചേര്‍ത്തുപിടിക്കുന്നതായി വീണ്ടുമെനിക്ക് തോന്നും. ഒരു മണിക്കൂര്‍ നേരം ആരോടും ഒരിക്കലും ഇല്ലാതിരുന്നതിനേക്കാള്‍ കൂടുതല്‍ ഞാനവളുമായി അടുത്തായിരുന്നുവെന്ന് ഞാന്‍ ചിന്തിക്കും. പിന്നീട് എന്റെ ഭാര്യയുമായി അതുപോലെ അടുത്താകുന്ന സമയത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കും. നിങ്ങള്‍ക്കറിയുമോ അവളിപ്പോഴും ഉള്‍ക്കാഴ്ചയുള്ള ഒരു സ്ത്രീയാണ്. ഒരു നിമിഷനേരത്തേക്ക് ഞാന്‍ കണ്ണടയ്ക്കുമ്പോള്‍ മറ്റേ സ്ത്രീയുടെ ധൃതിയുള്ള, കൗശലവും നിശ്ചയദാര്‍ഢ്യവും നിറഞ്ഞ കണ്ണുകള്‍ എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കും. എന്റെ തലകറങ്ങി പെട്ടെന്ന് ഞാന്‍ കണ്ണുതുറക്കുമ്പോള്‍, ഞാനെന്റെ ജീവിതം ചിലവഴിക്കാമെന്ന് വാഗ്ദാനം നല്‍കിയ പ്രിയപ്പെട്ട സ്ത്രീയെ വീണ്ടും കാണും. പിന്നീട് ഉറങ്ങി രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ആ സമയം, കല്യാണത്തിന്റെ തലേന്ന് വൈകീട്ട് ഞാനെന്റെ ഇരുട്ടുള്ള അപാര്‍ട്ട്‌മെന്റില്‍ നിന്നും എന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട അനുഭവം കഴിഞ്ഞ് പുറത്തിറങ്ങിയ സമയം പോലെയാണെന്ന് എനിക്ക് തോന്നും.  ഞാന്‍ പറയാനുദ്ദേശിക്കുന്നത്, എന്നെ സംബന്ധിച്ച് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ മറ്റേ സ്ത്രീ തീര്‍ത്തും പോയിക്കഴിഞ്ഞിരിക്കും എന്നാണ്.

മറുകരയിലെ കഥകള്‍

ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ

ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ

ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ

ഒരു മണിക്കൂറിന്റെ കഥ, കേറ്റ് ചോപിന്‍

എന്റെ സഹോദരന്‍, ഹെന്റി, ജെ. എം ബേറി എഴുതിയ കഥ

തൂവല്‍ത്തലയണ,  ഹൊറേസിയോ കിറോഗ എഴുതിയ കഥ

ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം, റുബെന്‍ ദാരിയോ എഴുതിയ കഥ

ഒരു യാത്ര, അമേരിക്കന്‍ നോവലിസ്റ്റ് ഈഡിത് വോര്‍ട്ടന്‍ എഴുതിയ കഥ

ആരാണത് ചെയ്തത്, നൊബേല്‍ സമ്മാന ജേതാവ് ലുയിജി പിരാന്ദെല്ലൊയുടെ കഥ

വയസ്സന്‍ കപ്യാര്‍, വ്‌ലാഡിമിര്‍ കൊറോലെങ്കോയുടെ കഥ

ഗ്രഹണം, നൊബേല്‍ സമ്മാനം കിട്ടിയ ആദ്യ എഴുത്തുകാരിയുടെ കഥ

 

Follow Us:
Download App:
 • android
 • ios