വിവര്‍ത്തകയുടെ കുറിപ്പ്
മറുകരയിലെ ഇന്നത്തെ കഥ അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ കേറ്റ് ചോപിന്റേതാണ്. എഴുത്ത്, സ്ത്രീകള്‍ക്ക് അസാദ്ധ്യമായിരുന്നില്ലെങ്കിലും അതിനുള്ളിലെ സ്ത്രീ സ്വാതന്ത്ര്യപ്രഖ്യാപനം സമൂഹത്തിന്റെ നെറ്റി ചുളിപ്പിച്ചിരുന്ന ഒരു കാലത്തിലിരുന്നാണ് കേറ്റ് ചോപിന്‍ എന്ന അമേരിക്കന്‍ എഴുത്തുകാരി ധൈര്യശാലികളായ, കൂസലില്ലാത്ത തന്റെ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. എക്കാലത്തും വിവാദങ്ങള്‍ പിടിച്ചുപറ്റാന്‍ കെല്‍പ്പുള്ള പ്രമേയമാണ് സ്ത്രീസ്വാതന്ത്ര്യം. 1894ല്‍ കേറ്റ് ചോപിന്‍ 'ഒരു മണിക്കൂറിന്റെ കഥ'' എഴുതുമ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല.  സാങ്കല്പികതയും, യാഥാര്‍ത്ഥ്യവാദവും, സ്ത്രീസ്വാതന്ത്ര്യവാദവുമെല്ലാം ഒരുപോലെ സമന്വയിക്കുന്ന രചനകളിലൂടെ, അമേരിക്കന്‍ സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാളായി മാറിയ കേറ്റ് ചോപിന്‍ എന്ന എഴുത്തുകാരിക്ക് നേരിടേണ്ടിവന്ന തിരസ്‌കാരങ്ങള്‍ പക്ഷെ, എന്തിനുംപോന്ന, സമൂഹത്തോട് ഒറ്റയ്ക്ക് പൊരുതുകയും ഉള്ളിലെ ആഗ്രഹങ്ങള്‍ ഉറക്കെ വിളിച്ചുപറയുകയും ചെയ്ത തന്റെ സ്ത്രീ കഥാപാത്രങ്ങളെച്ചൊല്ലിയായിരുന്നു.

''ഒരു മണിക്കൂറിന്റെ കഥ''യിലെ നായികയും അവിശ്വസനീയമായ, ശക്തമായ തന്റെ കാഴ്ചപ്പാടിലൂടെ വായനക്കാരുടെയുള്ളില്‍ കയറിപ്പറ്റുന്നുണ്ട്. വിവാഹവും, അതിനോടുള്ള യാഥാസ്ഥിതികമല്ലാത്ത വീക്ഷണവും കേറ്റ് ചോപിന്റെ എഴുത്തില്‍ പലപ്പോഴും വിഷയമാകുന്നുണ്ടെങ്കിലും സമൂഹം എന്താണോ ഒരു സ്ത്രീയില്‍ നിന്നും ആവശ്യപ്പെടുന്നത്, അതിനെ വകഞ്ഞുമാറ്റി സ്വന്തം ഉള്‍പ്രേരണകളെ തിരഞ്ഞെടുക്കുന്ന ഒരു സ്ത്രീസാന്നിദ്ധ്യം കേറ്റിന്റെ രചനകളില്‍ തിളക്കത്തോടെ നില്‍ക്കുന്നുണ്ട്. തന്റെ സ്വീകരണമുറിയില്‍, നിരന്തരം ശല്യപ്പെടുത്തുന്ന ആറുകുട്ടികള്‍ക്കിടയിലിരുന്ന് ഒറ്റയിരിപ്പിന്, രണ്ടാമതൊന്ന് വായിച്ചുനോക്കുകകൂടി ചെയ്യാതെ കഥകളെഴുതിയിരുന്ന കേറ്റ് ചോപിനെ ആരാധിക്കാനും കൂടുതല്‍ വായിക്കാനുമാണ് ഈ നിമിഷത്തില്‍ തോന്നുന്നത്.

 

 

ഒരു മണിക്കൂറിന്റെ കഥ

മിസ്സിസ്.മല്ലാര്‍ഡിന് ഹൃദ്രോഗമുണ്ടെന്ന് അറിയാവുന്നതുകൊണ്ട് വളരെ ശ്രദ്ധയോടെ കഴിയുന്നതും സൌമ്യമായിട്ടായിരുന്നു ഭര്‍ത്താവിന്റെ മരണവാര്‍ത്ത അവളെ അറിയിച്ചത്.

അവളുടെ സഹോദരി ജോസെഫീനാണ് വാചകങ്ങള്‍ ഇടയ്ക്ക് നിര്‍ത്തിക്കൊണ്ട്, പകുതി വെളിപ്പെടുന്നമട്ടിലുള്ള സൂചനകളോടെ അക്കാര്യം അവളോട് പറഞ്ഞത്,  അവളുടെ ഭര്‍ത്താവിന്റെ സുഹൃത്ത് റിച്ചാര്‍ഡും അവളുടെ അരികെയുണ്ടായിരുന്നു. തീവണ്ടിയപകടം നടന്ന്, മരണപ്പെട്ടവരുടെ കൂട്ടത്തില്‍ ഏറ്റവുമാദ്യം ബ്രെന്റ്‌ലി മല്ലാര്‍ഡിന്റെ പേര് വന്നപ്പോള്‍ അയാളായിരുന്നു പത്രകാര്യാലയത്തില്‍ ഉണ്ടായിരുന്നത്. രണ്ടാമതൊരു ടെലെഗ്രാമിനാല്‍ ആ സത്യം ഒന്നുകൂടി സ്വയം ഉറപ്പിക്കാനുള്ള സമയം മാത്രമെ അയാളെടുത്തുള്ളു, സങ്കടകരമായ ആ വാര്‍ത്ത, ശ്രദ്ധക്കുറവുള്ള, മനസ്സലിവില്ലാത്ത ഏതെങ്കിലും സുഹൃത്ത് വന്നുപറയുന്നത് തടയാന്‍ വേണ്ടി അയാള്‍ തിരക്കിട്ട് വന്നതായിരുന്നു.

പലസ്ത്രീകളും ഈ വാര്‍ത്ത കേട്ടാലുണ്ടാവുന്നതുപോലെ, മരവിപ്പോടെ അതിന്റെ ഗൌരവം അംഗീകരിക്കാന്‍ കഴിയാത്തതുപോലെയായിരുന്നില്ല അവളത് കേട്ടത്. പെട്ടെന്ന് നിയന്ത്രണം വിട്ട് സഹോദരിയുടെ കൈകളില്‍ക്കിടന്ന് അവള്‍ പൊട്ടിക്കരഞ്ഞു. ദു:ഖക്കൊടുങ്കാറ്റ് താനേ അടങ്ങിയപ്പോള്‍ അവള്‍ ഒറ്റയ്ക്ക് തന്റെ മുറിയിലേക്ക് പോയി.

അവിടെ തുറന്ന ജനാലയ്ക്കഭിമുഖമായി ഇരിക്കാന്‍ നല്ല സുഖമുള്ള ഒരു ചാരുകസേര കിടപ്പുണ്ടായിരുന്നു. ശരീരത്തെ ഞെരുക്കിയിരുന്ന, മനസ്സിലേക്കും എത്തുമെന്ന് തോന്നിയ ഒരു തളര്‍ച്ചയുടെ സമ്മര്‍ദ്ദത്തില്‍ അവളതിലേക്ക് വീണു.

വീടിനുമുന്നില്‍ തുറന്നചതുരത്തിലെ മരത്തലപ്പുകള്‍ പുതിയ മുളപൊട്ടലില്‍  ഇളകിയാടുന്നത് അവള്‍ക്ക് കാണാന്‍ കഴിഞ്ഞു. മഴയുടെ ആസ്വാദ്യകരമായ ഗന്ധം അന്തരീക്ഷത്തിലുണ്ടായിരുന്നു. താഴെ തെരുവില്‍ ഒരു വില്പനക്കാരന്‍ തന്റെ സാധനങ്ങളെക്കുറിച്ച് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ആരോ പാടുന്ന ഒരു വിദൂരഗാനത്തിന്റെ സ്വരങ്ങള്‍ അവ്യക്തമായി അവളിലേക്കെത്തി, എണ്ണമറ്റ കുരുവികള്‍ ഇറയത്തിരുന്ന് ചിലച്ചുകൊണ്ടിരുന്നു.

 

 കേറ്റ് ചോപിന്‍ 

 

പടിഞ്ഞാറ് അവളുടെ ജനലിനഭിമുഖമായി വന്ന് ഒന്നിനുമുകളില്‍ മറ്റൊന്നായി കുന്നുകൂടിയ മേഘങ്ങള്‍ക്കിടയിലൂടെ അങ്ങിങ്ങായി നീലാകാശത്തിന്റെ തുണ്ടുകള്‍ കാണുന്നുണ്ടായിരുന്നു.

പിറകില്‍ കസേരയുടെ കുഷ്യനിലേക്ക് തലവെച്ചുകൊണ്ട്, ഒട്ടും ഇളകാതെ അവളിരുന്നു, കരഞ്ഞുറങ്ങിപ്പോയപ്പോയ ഒരു കുട്ടി തന്റെ സ്വപ്നത്തില്‍ തുടര്‍ച്ചയായി തേങ്ങുന്നതുപോലെ, ഒരു തേങ്ങല്‍ തൊണ്ടയിലേക്ക് വന്ന് ഇടയ്ക്കവളെ ഇളക്കിക്കൊണ്ടിരുന്നു.

അവള്‍ ചെറുപ്പമായിരുന്നു, വെളുത്ത ശാന്തമായ മുഖത്തെ രേഖകള്‍ നിയന്ത്രണത്തെക്കൂടാതെ ഏതോ ഒരു കരുത്തിനെപ്പോലും സൂചിപ്പിച്ചു. പക്ഷെ ഇപ്പോള്‍ അവളുടെ കണ്ണുകളില്‍ വിരസമായ ഒരു മിഴിച്ചുനോട്ടമാണുള്ളത്, അതുറച്ചിരിക്കുന്നത് അങ്ങകലെ കാണുന്ന ആകാശത്തിന്റെ നീലത്തുണ്ടുകളിലൊന്നിലേക്കാണ്. അത് വെറും ഒരു നോട്ടമായിരുന്നില്ല, മറിച്ച് ബുദ്ധിപരമായ ഒരു ചിന്തയുടെ സൂചനയായിരുന്നു.

എന്തോ ഒന്ന് അവളിലേക്ക് വരുന്നുണ്ടായിരുന്നു, അതിനെ പേടിയോടെ കാത്തിരിക്കുകയായിരുന്നു അവള്‍. അതെന്തായിരുന്നു? അവള്‍ക്കറിയുമായിരുന്നില്ല, അത് രഹസ്യവും പിടികിട്ടാത്തതുമായിരുന്നു. പക്ഷെ അവള്‍ക്കത് അനുഭവപ്പെട്ടു, ആകാശത്തില്‍ നിന്നും ഇഴഞ്ഞ്, ശബ്ദങ്ങള്‍ക്കിടയിലൂടെ, ഗന്ധങ്ങള്‍ക്കിടയിലൂടെ, ചുറ്റും നിറഞ്ഞിരിക്കുന്ന നിറങ്ങള്‍ക്കിടയിലൂടെ അവളുടെ അടുത്തേക്കെത്തുന്നത്.

അവളുടെ മാറിടം ക്രമരഹിതമായി ഉയര്‍ന്നുതാണു. തന്നെ കീഴടക്കാന്‍ അടുത്തേക്ക് വരുന്ന ആ കാര്യത്തെ അവള്‍ തിരിച്ചറിയാന്‍ തുടങ്ങുകയായിരുന്നു, തന്റെ വെളുത്ത ശോഷിച്ച കൈകള്‍ പോലെത്തന്നെ ശക്തിയില്ലാത്ത തന്റെ ഇച്ഛാശക്തികൊണ്ട് അതിനെ തിരിച്ചോടിക്കാന്‍ പ്രയാസപ്പെടുകയായിരുന്നു അവള്‍. സ്വയം സ്വതന്ത്രയായപ്പോള്‍ അവളുടെ പാതി തുറന്ന ചുണ്ടുകളില്‍ നിന്നും മന്ത്രം പോലൊരു ചെറിയ വാക്ക് പുറത്തുവന്നു. ശ്വാസത്തിനിടയില്‍ വീണ്ടും വീണ്ടും അവളാ വാക്ക് പറഞ്ഞുകൊണ്ടിരുന്നു: ''സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം!'' ശൂന്യമായ മിഴിച്ചുനോട്ടവും അതിനെ തുടര്‍ന്നുണ്ടായ പേടിച്ചരണ്ട ഭാവവും അവളുടെ കണ്ണുകളില്‍ നിന്നും അപ്രത്യക്ഷമായി. അവയില്‍ ആകാംക്ഷയും തിളക്കവും നിറഞ്ഞു. അവളുടെ നാഡിമിടിപ്പ് കൂടി, ഓടിക്കൊണ്ടിരിക്കുന്ന രക്തം അവളുടെ ശരീരത്തിന്റെ ഓരോ ഇഞ്ചിനെയും ഊഷ്മളവും ശാന്തവുമാക്കി.

തന്നെ പിടികൂടിയിരുന്നത് പൈശാചികമായ ഒരു ആനന്ദമാണോ അതോ അല്ലയോ എന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ അവള്‍ മിനക്കെട്ടില്ല. വ്യക്തവും ഉയര്‍ന്നതുമായ ഒരു ബോധം ആ ചിന്ത നിസ്സാരമെന്ന് തള്ളിക്കളയാന്‍ അവളെ സഹായിച്ചു. മരണത്തില്‍ മടക്കിവെച്ചിരിക്കുന്ന ബലഹീനമായ ആ കൈകള്‍ കണ്ടാല്‍, സ്‌നേഹത്തോടെയല്ലാതെ അവളെ നോക്കിയിട്ടില്ലാത്ത ആ മുഖം നിശ്ചലവും ഇരുണ്ടതും നിര്‍ജ്ജീവവുമാണെന്ന് കാണുമ്പോള്‍ താന്‍ വീണ്ടും കരഞ്ഞുപോകുമെന്ന് അവള്‍ക്കുറപ്പായിരുന്നു, പക്ഷെ കയ്‌പേറിയ ആ നിമിഷത്തിനപ്പുറത്ത് തീര്‍ത്തും അവളുടേതുമാത്രമായ വരാനിരിക്കുന്ന വര്‍ഷങ്ങളുടെ ഒരു നീണ്ടനിര അവള്‍ കണ്ടു. അവയെ സ്വീകരിക്കാന്‍ വേണ്ടി അവള്‍ കൈകള്‍ വിരിച്ചുനിന്നു.

 

 

വരാനിരിക്കുന്ന ആ വര്‍ഷങ്ങളില്‍ ആര്‍ക്കുവേണ്ടിയും ജീവിക്കാനുണ്ടാവില്ല, അവള്‍ അവള്‍ക്കുവേണ്ടിത്തന്നെ ജീവിക്കണം. അവളുടെ ആഗ്രഹങ്ങളെ അടിച്ചമര്‍ത്താന്‍ ശക്തിയുള്ള, ഒരു സഹജീവിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പുരുഷന്മാരും സ്ത്രീകളും അന്ധമായ പിടിവാശിയോടെ വിശ്വസിക്കുന്ന ആ സ്വകാര്യതാല്പര്യങ്ങള്‍, ഇനി ഉണ്ടാവുകയില്ല. ഉദ്ദേശ്യം ദയയുള്ളതായാലും ക്രൂരമായാലും ആ പ്രവൃത്തി ഒരു കുറ്റകൃത്യത്തില്‍ കുറഞ്ഞതല്ലെന്ന് തിരിച്ചറിവിന്റെ ആ ചെറിയനിമിഷത്തില്‍ അവള്‍ക്ക് തോന്നി.

എന്നിട്ടും അവളയാളെ സ്‌നേഹിച്ചിട്ടുണ്ടായിരുന്നു-ചിലപ്പോഴൊക്കെ. ഇടയ്‌ക്കൊന്നും സ്‌നേഹിച്ചതുമില്ല. അതുകൊണ്ടെന്തായിരുന്നു കാര്യം! തന്റെ നിലനില്പിന്റെ ശക്തമായ പ്രചോദനമായി അവള്‍ തിരിച്ചറിഞ്ഞ ഈ താനെന്ന ഭാവത്തിനുമുന്നില്‍ സ്‌നേഹമെന്ന ഉത്തരം കിട്ടാത്ത നിഗൂഢതയെ എങ്ങനെയാണ് വിലമതിക്കേണ്ടത്!

''സ്വതന്ത്രം, ശരീരവും മനസ്സും സ്വതന്ത്രം!'' അവള്‍ പതുക്കെപ്പറഞ്ഞുകൊണ്ടിരുന്നു.

ജോസഫീന്‍ അടഞ്ഞ വാതിലിനുമുന്നില്‍ മുട്ടുകുത്തിനിന്ന് താക്കോല്‍ദ്വാരത്തില്‍ ചുണ്ടുചേര്‍ത്ത് ഉള്ളിലേക്ക് കടക്കാന്‍വേണ്ടി കേണപേക്ഷിക്കുകയായിരുന്നു.

''ലൂയിസ്, വാതില്‍ തുറക്ക്! ഞാന്‍ യാചിക്കുകയാണ്, വാതില്‍ തുറക്ക്-നീ സുഖക്കേട് വരുത്തിവെക്കും. നീയെന്താണ് ചെയ്യുന്നത് ലൂയിസ്? ദൈവത്തെയോര്‍ത്ത് വാതില്‍തുറക്ക്.''

''പോയ്‌ക്കോ അവിടുന്ന്. ഞാന്‍ സുഖക്കേടൊന്നും വരുത്തിവെക്കുന്നില്ല.'' ഇല്ല; ആ തുറന്ന ജനാലയിലൂടെ അവള്‍ അനശ്വരജീവിതത്തിനായുള്ള മൃതസഞ്ജീവനി കുടിക്കുകയായിരുന്നു.

തന്റെ മുന്നിലുള്ള ആ ദിവസങ്ങളുടെയൊപ്പം അവളുടെ ഭാവന നിയന്ത്രണം വിട്ടലഞ്ഞു. വസന്തത്തിന്റെ ദിവസങ്ങള്‍, വേനല്‍ദിനങ്ങള്‍ എന്നിങ്ങനെ എല്ലാ തരത്തിലുള്ള ദിവസങ്ങളും അവളുടേത് മാത്രമായിരിക്കും. ജീവിതം നീണ്ടതായിരിക്കാന്‍ അവള്‍ പ്രാര്‍ത്ഥിച്ചു. ജീവിതം ചിലപ്പോള്‍ നീണ്ടതായിരിക്കുമെന്ന് ഒരു ഞെട്ടലോടെ അവള്‍ ചിന്തിച്ചത് ഇന്നലെയായിരുന്നു.

ഒടുവില്‍ അവളെഴുന്നേറ്റ് ശല്യം ചെയ്തുകൊണ്ടിരുന്ന സഹോദരിയുടെ മുന്നിലേക്ക്  വാതില്‍ തുറന്നു. ജയത്തിന്റെ ഉന്മത്തഭാവം അവളുടെ കണ്ണുകളിലുണ്ടായിരുന്നു, അറിയാതെയാണെങ്കിലും വിജയത്തിന്റെ ഒരു ദേവതയെപ്പോലെയാണ് അവള്‍ നടന്നത്. സഹോദരിയുടെ അരക്കെട്ടില്‍ അവള്‍ മുറുകെപ്പിടിച്ചു, രണ്ടുപേരും ഒരുമിച്ച് പടികളിറങ്ങി. അവരെക്കാത്ത് റിച്ചാര്‍ഡ് താഴെ നില്‍ക്കുന്നുണ്ടായിരുന്നു.

മുന്നിലെ വാതില്‍ ആരോ താക്കോലിട്ട് തുറക്കുന്നുണ്ടായിരുന്നു. ഉള്ളിലേക്ക് കടന്നുവന്നത് ബ്രെന്റ്‌ലി മല്ലാര്‍ഡാണ്, അല്പം യാത്രക്ഷീണത്തോടെ, ശാന്തമായി തന്റെ ചെറിയ സ്യൂട്ട്‌കേസും കുടയും പിടിച്ചുകൊണ്ട്. അയാള്‍ അപകടസ്ഥലത്തുനിന്നും വളരെ അകലെയായിരുന്നു, അങ്ങിനെയൊരപകടം നടന്നത് അയാളറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല. ജോസഫീന്റെ അലറിക്കരച്ചില്‍ കേട്ട്, ഭാര്യയുടെ കാഴ്ചയില്‍ നിന്നും അയാളെ മറയ്ക്കാനുള്ള റിച്ചാര്‍ഡിന്റെ പെട്ടെന്നുള്ള നീക്കം കണ്ട് അയാളമ്പരന്നുനിന്നു.

ഡോക്ടര്‍മാര്‍ വന്നപ്പോള്‍ അവര്‍ പറഞ്ഞത് അവള്‍ ഹൃദ്രോഗം മൂലമാണ് മരിച്ചതെന്നാണ്-കൊല്ലുന്ന ആ സന്തോഷം മൂലം.

 

മറുകരയിലെ കഥകള്‍

ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ

ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ

ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ