Asianet News MalayalamAsianet News Malayalam

വയസ്സന്‍ കപ്യാര്‍, വ്‌ലാഡിമിര്‍ കൊറോലെങ്കോയുടെ കഥ

മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍,  രാഷ്ട്രീയകാരണങ്ങളാല്‍ നാമറിയാതെപോയ ഒരു  റഷ്യന്‍ എഴുത്തുകാരന്റെ കഥ

Marukara a column for translation short story by Vladimir Korolenko  translation by Reshmi Kittappa
Author
Moscow, First Published Jul 6, 2021, 7:39 PM IST

വിവര്‍ത്തകയുടെ കുറിപ്പ്

സോവിയറ്റ് യൂനിയന്റെ നല്ല കാലത്താണ് റഷ്യന്‍ പുസ്തകങ്ങള്‍ ലോകമാകെ പരന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ണായക ശക്തിയായിരുന്ന കേരളത്തിലും സ്വാഭാവികമായി സോവിയറ്റ് പുസ്തകങ്ങള്‍ ഒഴുകിയെത്തി. മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട, മനോഹരമായ കടലാസുകളില്‍, അതിമനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം, കമനീയമായി അച്ചടിക്കപ്പെട്ട ആ പുസ്തകങ്ങള്‍ കാഴ്ചയിലും ഉള്ളടക്കത്തിലും സവിശേഷമായിരുന്നു. നമ്മുടെ പല തലമുറകളുടെ ഓര്‍മ്മകളില്‍ സോവിയറ്റ് പുസ്തകങ്ങളുടെ മണംപോലും അതേപടി ഇന്നും ബാക്കിയുണ്ട്്. 

ദസ്തയെവ്‌സ്‌കി, ഗോര്‍ക്കി, ചെഖോവ്, ടോള്‍സ്റ്റോയ്, പുഷ്‌കിന്‍ തുടങ്ങിയ റഷ്യന്‍ എഴുത്തുകാരുടെ ഒരു നീണ്ടനിര മലയാളി വായനക്കാര്‍ക്ക് സുപരിചിതമായിരുന്നു. സാഹിത്യപരമായ ഒരു വിജയം എന്നതിനേക്കാള്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള രാഷ്ട്രീയവും ആദര്‍ശപരവുമായ ഒരു പൊരുത്തമായി ഇതിനെ കാണുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയോട് വന്‍ശക്തിയായ റഷ്യക്കുണ്ടായിരുന്ന മൃദുല സമീപനവും നെഹ്രുവിന്റെ നേരിയ ഇടതുചായ്വും സംഗതികള്‍ എളുപ്പമാക്കി. വിശപ്പ്, സാമൂഹികപ്രശ്‌നങ്ങള്‍, ഭാഷകളോടുള്ള സ്‌നേഹം ഇതെല്ലാം രണ്ടു രാഷ്ട്രങ്ങള്‍ക്കും പൊതുവായുണ്ടായിരുന്ന കാര്യങ്ങളായിരുന്നു. ഇതിനിടയില്‍ പരിഭാഷകരുണ്ടായിരുന്നു, റഷ്യന്‍ ഭാഷയില്‍ എഴുതിയതിനെ അതേപടി നമുക്കുവേണ്ടി മാറ്റിത്തന്നവര്‍.

ഒരു വലിയ വിഭാഗം ഭാഗം റഷ്യന്‍ സാഹിത്യകാരന്മാരുടെ പുസ്തകങ്ങള്‍ ഇവിടെ എത്തിയെങ്കിലും അജ്ഞാതമായ കാരണങ്ങള്‍ കൊണ്ട് നമ്മള്‍ വായിക്കപ്പെടാതെ പോയ ഒരുപാട് റഷ്യന്‍ എഴുത്തുകാര്‍ ഇനിയുമുണ്ട്. അതിലൊരാളാണ് വ്‌ലാഡിമിര്‍ കൊറോലെങ്കോ. വ്‌ലാഡിമിര്‍ ഗലക്ഷ്യനോവിച്ച് കൊറൊലെങ്കോ 1853ല്‍ യുക്രെയിനിലാണ് ജനിച്ചത്, ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹത്തിന്റെ കൃതികള്‍ കൂടുതലും മര്‍ദ്ദിതരോട് അനുകമ്പ കാണിക്കുന്നതിനാല്‍ ഓര്‍മ്മിക്കപ്പെടുന്നതാണ്. 

ചെറുപ്പത്തിലേ വിപ്ലവകാരിയായിരുന്നു അദ്ദേഹം. അതിനാല്‍ അദ്ദേഹത്തെ ജയിലിലടയ്ക്കുകയും അതിനുശേഷം സൈബീരിയയിലേക്ക് നാടുകടത്തുകയും ചെയ്തു. അഞ്ചുവര്‍ഷം കഴിഞ്ഞ് സ്വതന്ത്രനായപ്പോള്‍ അദ്ദേഹം തന്റെ ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചു. സൈബീരിയയില്‍ കണ്ടുമുട്ടിയ യാചകരും, കള്ളന്മാരും, തീര്‍ത്ഥാടകരും, സമൂഹം ഭ്രഷ്ട് കല്പിച്ച മനുഷ്യരുമാണ് പ്രധാനമായും അദ്ദേഹത്തിന്റെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒരു സമത്വവാദിയായിരുന്ന കൊറോലെങ്കോ മാര്‍ക്‌സിസത്തിന് എതിരായിരുന്നു. 1920-ല്‍ സോവിയറ്റ് ഭരണാധികാരികളുടെയും വ്‌ലാഡിമിര്‍ കൊറൊലെങ്കോയുടെയും ഇടയില്‍ യോജിപ്പുണ്ടാക്കാനുള്ള ശ്രമം ലെനിന്‍ നടത്തിയിരുന്നു.

ബോള്‍ഷെവിക്കുകള്‍ ഭരണം പിടിച്ചെടുത്ത റഷ്യയില്‍ ആഭ്യന്തരയുദ്ധത്തിന്റെ ക്ലേശങ്ങളിലൂടെ അദ്ദേഹം വാര്‍ദ്ധക്യം ചെലവഴിച്ചു. തന്റെ ഓര്‍മ്മക്കുറിപ്പില്‍ മാക്‌സിം ഗോര്‍ക്കി കൊറോലെങ്കോയെക്കുറിച്ച് പറഞ്ഞത് ''സംസ്‌കാരസമ്പന്നരായ മനുഷ്യരില്‍ സത്യത്തിനും നീതിക്കും വേണ്ടി അത്രയധികം ദാഹിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല'' എന്നാണ്. റഷ്യന്‍ എഴുത്തുകാരില്‍ ഏറ്റവും സത്യസന്ധനായ ആള്‍ എന്നും ഗോര്‍ക്കി അദ്ദേഹത്തെ വിശേഷിപ്പിച്ചു. സത്യത്തില്‍ തന്റെ പ്രാഗല്‍ഭ്യവും എല്ലാ ഇച്ഛാശക്തികളും സ്വാതന്ത്ര്യത്തിനും മനുഷ്യനേട്ടങ്ങള്‍ക്കും വേണ്ടി അദ്ദേഹം ചിലവഴിച്ചു. 1921 ഡിസംബര്‍ 25ന് യുക്രെയിനില്‍ അദ്ദേഹം അന്തരിച്ചു.

വയസ്സന്‍ കപ്യാര്‍, വ്‌ലാഡിമിര്‍ കൊറോലെങ്കോയുടെ കഥയാണ് ഇന്നത്തെ മറുകരയില്‍.

 

Marukara a column for translation short story by Vladimir Korolenko  translation by Reshmi Kittappa

 

വയസ്സന്‍ കപ്യാര്‍\വ്‌ലാഡിമിര്‍ കൊറോലെങ്കോ

അങ്ങ് ദൂരെ നദിക്കപ്പുറത്ത്, പൈന്‍ മരങ്ങള്‍ക്കടിയില്‍ അഭയം തേടിയ ഗ്രാമം, വസന്ത രാത്രികളിലെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിന്റെ, ആ പ്രത്യേക വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുകയാണ്,  നേരിയമഞ്ഞ് നിലത്തു നിന്നും മുകളിലേക്കുയര്‍ന്ന് കാട്ടിലെ നിഴലുകളുടെ കടുപ്പം കൂട്ടുകയും തുറസ്സായ സ്ഥലത്തിനെ വെള്ളിനിറം കലര്‍ന്ന നീലപ്പുകകൊണ്ട് നിറയ്ക്കുകയും ചെയ്യുന്നു. എല്ലാം നിശ്ചലവും ദു:ഖഭരിതവുമാണ്. ഗ്രാമം ശാന്തമായ മയക്കത്തിലാണ്.

ശോചനീയമായ കുടിലുകളുടെ കറുത്ത രൂപരേഖകള്‍ കഷ്ടിച്ചുമാത്രം വേര്‍തിരിച്ചറിയാം. അവിടവിടെയായി ഒരു വെളിച്ചം തെളിയുന്നു, വല്ലപ്പോഴും ഒരു പടിവാതില്‍ കരയുന്നു, ജാഗ്രതയോടെ ഒരു പട്ടി കുരയ്ക്കുന്നു, ഇടക്കിടക്ക് നേരിയ മര്‍മ്മരമുതിരുന്ന ഇരുണ്ട വനനിബിഡതയില്‍ നിന്നും വഴിയാത്രക്കാരുടെ രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നു, ഒരാള്‍ കുതിരയോടിച്ച് പോകുന്നു, ഒരു ചുമട്ടുവണ്ടി ഉരഞ്ഞുനീങ്ങുന്നു. കാട്ടിനുള്ളിലെ ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ ഈസ്റ്റര്‍ ആഘോഷിക്കാന്‍ പള്ളിയിലേക്ക് പോകാന്‍ തുടങ്ങുകയാണ്.

ഗ്രാമത്തിനു നടുവിലെ ഒരു ചെറിയ കുന്നിന്‍മുകളിലാണ് പള്ളി നില്‍ക്കുന്നത്. അതിന്റെ ജനാലകള്‍ മെഴുകുതിരികള്‍ കൊണ്ട് പ്രകാശിപ്പിച്ചിട്ടുണ്ട്, പഴക്കവും ഉയരവുമുള്ള, ഇരുണ്ട മണിമേട ആകാശനീലയിലേക്ക് നീണ്ടുകിടക്കുന്നു.

കോവണി ഞരങ്ങുന്ന ശബ്ദം. വൃദ്ധനായ കപ്യാര്‍ മിഹായിച്ച് മണിമേടയിലേക്ക് കയറുകയാണ്, ഉടന്‍ തന്നെ അയാളുടെ റാന്തല്‍ ഊര്‍ന്നുവീണ ഒരു നക്ഷത്രം പോലെ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കും.

വയസ്സായ ആ മനുഷ്യന് പിരിയന്‍ കോവണി കയറാന്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ട്. പഴക്കംചെന്ന കാലുകള്‍ അയാളെ ചുമക്കാന്‍ മടിക്കുന്നു, അയാളും തളര്‍ന്നിരിക്കുന്നു, കണ്ണുകള്‍ക്ക് മങ്ങിയ കാഴ്ചയേയുള്ളു. അയാള്‍ക്ക് വിശ്രമിക്കാനുള്ള സമയമായിട്ടുണ്ട്, പക്ഷെ ദൈവം മരണത്തെ അയയ്ക്കുന്നില്ല. ആ വൃദ്ധന്‍ ആണ്മക്കളെയും പേരക്കുട്ടികളെയും അടക്കം ചെയ്തിട്ടുണ്ട്, ചെറുപ്പക്കാരെയും വയസ്സായവരെയും കുഴിമാടത്തിലേക്ക് അനുഗമിച്ചിട്ടുണ്ട്, എന്നിട്ടും അയാള്‍ ജീവിക്കുകയാണ്. എത്ര കഠിനമാണത്! പലതവണ ഈസ്റ്റര്‍ ആഘോഷം അയാള്‍ വിളംബരം ചെയ്തിട്ടുണ്ട്, എണ്ണം പോലും ഓര്‍മ്മയില്ലാത്തത്രയും തവണ അയാള്‍ പറഞ്ഞ സമയത്ത് ഇതേ മണിമേടയില്‍ വന്ന് കാത്തിരുന്നിട്ടുണ്ട്. ഇപ്പോഴിതാ ദൈവം വീണ്ടും അയാളെ കൊണ്ടുവന്നിരിക്കുന്നു. അയാള്‍ തന്റെ കൈമുട്ടുകള്‍ അഴികളില്‍ അമര്‍ത്തിക്കൊണ്ട് മണിമേടയില്‍ നിന്നും താഴോട്ട് നോക്കി. താഴെ പള്ളിയങ്കണത്തിലെ കല്ലറകള്‍, ഇരുട്ടില്‍ കഷ്ടിച്ച് വേര്‍തിരിച്ച് കാണാം, നീട്ടിയ കൈകളോടെ പഴയ കുരിശുകള്‍ അവയെ കാത്തുരക്ഷിക്കുകയാണെന്ന് തോന്നും. അങ്ങിങ്ങായി ഇനിയും ഇലകള്‍ നിറഞ്ഞിട്ടില്ലാത്ത ബിര്‍ച്ച് മരങ്ങള്‍ അവയ്ക്ക് മുകളില്‍ കുനിഞ്ഞ് നില്‍ക്കുന്നു. ഇളം മൊട്ടുകളുടെ സുഗന്ധം മുകളില്‍ മിഹായിച്ചിലേക്കെത്തി, എല്ലാം അനന്തമായ നിദ്രയുടെ പ്രശാന്ത നിശ്ചലതയില്‍ പൊതിഞ്ഞിരിക്കുകയാണെന്ന് തോന്നുന്നു.

അടുത്ത വര്‍ഷം അയാള്‍ക്കെന്ത് സംഭവിക്കും? വീണ്ടും അയാള്‍ ഇവിടെക്കേറി ഈ പിച്ചളമണിയുടെ താഴെവന്ന് മാറ്റൊലികളോടെ രാത്രിയെ ഉണര്‍ത്തുമോ, അതോ അയാള്‍ അവിടെ പള്ളിയങ്കണത്തിലെ ഇരുണ്ട മൂലയില്‍ ഒരു കുരിശിനടിയില്‍ കിടക്കുകയാവുമോ? 

ദൈവത്തിനറിയാം. അയാള്‍ ഒരുങ്ങിയിരിക്കുകയാണ്, അതിനിടയ്ക്കാണ് ദൈവം അയാള്‍ക്ക് മറ്റൊരു ആഘോഷം കൂടി അനുവദിച്ചിരിക്കുന്നത്. ''ദൈവത്തിന് സ്തുതി'' ആ പഴയ ചുണ്ടുകള്‍ പതിവുപല്ലവി ആവര്‍ത്തിച്ചു, എന്നിട്ട് മിഹായിച്ച് മുകളില്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിലെ ലക്ഷക്കണക്കിന് ജ്വാലകളെ നോക്കി കുരിശുവരച്ചു.

''മിഹായിച്ച്! മിഹായിച്ച്!'' മറ്റൊരു വിറയ്ക്കുന്ന ശബ്ദം താഴെനിന്നും അയാളെ വിളിക്കുന്നു. ബിഷപ്പിന്റെ വയസ്സായ സഹായി തന്റെ ചിമ്മുന്ന നീര്‍ നിറഞ്ഞ കണ്ണുകള്‍ കൈത്തലം കൊണ്ട് മറച്ച് മണിമേടയിലേക്ക് നോക്കുകയാണ്, പക്ഷെ അയാള്‍ക്ക് മിഹായിച്ചിനെ കാണാന്‍ കഴിയുന്നില്ല.

''നിങ്ങള്‍ക്കെന്താണ് വേണ്ടത്? ഞാനിതാ ഇവിടെയുണ്ട്,'' മണിമേടയില്‍ നിന്നും പുറത്തേക്ക് ചാഞ്ഞുനിന്നുകൊണ്ട് കപ്യാര്‍ മറുപടി പറഞ്ഞു. ''നിങ്ങള്‍ക്കെന്നെ കാണാന്‍ പറ്റുന്നില്ലേ?''

''ഇല്ല, എനിക്ക് കാണാന്‍ പറ്റുന്നില്ല. മണിയടിക്കാനുള്ള സമയമായി എന്ന് നിനക്ക് തോന്നുന്നില്ലെ? നീയെന്താണ് വിചാരിക്കുന്നത്?''

രണ്ടുപേരും മുകളില്‍ നക്ഷത്രങ്ങളിലേക്ക് നോക്കി. ദൈവത്തിന്റെ ആയിരം മെഴുകുതിരികള്‍ അവരുടെ മേല്‍ തിളങ്ങി. ജ്വലിക്കുന്ന വെള്ളിനക്ഷത്രം അപ്പോഴേക്കും അങ്ങുയരത്തില്‍ എത്തിയിരുന്നു. മിഹായിച്ച് ഒരു നിമിഷം ചിന്തിച്ചു.

''ആയിട്ടില്ല, അല്പനേരം കൂടി ഞാന്‍ കാത്തിരിക്കും....എപ്പോള്‍ തുടങ്ങണമെന്ന് എനിക്കറിയാം.''

അയാള്‍ക്കറിയാം. അയാള്‍ക്ക് ഘടികാരത്തിന്റെ ആവശ്യമില്ല. ദൈവത്തിന്റെ നക്ഷത്രങ്ങള്‍ അയാളോട് സമയം പറയും.

ഭൂമിയും ആകാശവും, നീലാകാശത്തില്‍ പൊങ്ങിക്കിടക്കുന്ന വെള്ളമേഘങ്ങള്‍, കൊടുംകാടിന്റെ അവ്യക്തമായ മര്‍മ്മരം, താഴെ കാണാത്ത നദിയുടെ കുതിപ്പ്, ഇതെല്ലാം അയാള്‍ക്ക് പരിചിതമാണ്, എല്ലാം അയാളുമായി അടുത്ത ബന്ധമുള്ളതാണ്. അയാള്‍ തന്റെ ജീവിതം മുഴുവന്‍ ഇവിടെ ചിലവഴിച്ചത് വെറുതെയായില്ല. അയാളുടെ മുന്നില്‍ വിദൂരമായ ഭൂതകാലം കടന്നുവന്നു. മണിമേടയിലേക്ക് ആദ്യമായി എങ്ങിനെയാണ് താന്‍ കയറിയതെന്ന് അയാളോര്‍ത്തു. എന്റെ ദൈവമേ! എത്രകാലം മുന്‍പായിരുന്നു അത്...എത്രകാലം മുന്‍പ്. അയാള്‍ തന്നെത്തന്നെ കാണുകയാണ്, മിന്നുന്ന കണ്ണുകളുള്ള വെളുത്ത ഒരാണ്‍കുട്ടി, കാറ്റ്-തെരുവിലെ പൊടി ഉയര്‍ത്തുന്ന തരത്തിലുള്ള കാറ്റല്ല, എന്നാല്‍ ഭൂമിയില്‍ നിന്നും ഉയരത്തില്‍ വീശുന്ന പ്രത്യേക തരത്തിലുള്ള ഒരു കാറ്റ് അതിന്റെ കാണാത്ത ചിറകുകളടിച്ചുകൊണ്ട്, അയാളുടെ മുടി അലങ്കോലപ്പെടുത്തിക്കൊണ്ട് വീശുകയാണ്. താഴെ, ദൂരെദൂരെ, ചെറിയ മനുഷ്യര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഗ്രാമത്തിലെ വീടുകളും വളരെ ചെറുതാണെന്ന് തോന്നി, കാടുകള്‍ അങ്ങകലേക്ക് പിന്‍വാങ്ങിയിരുന്നു. പള്ളി നിന്നിരുന്ന വട്ടത്തിലുള്ള തുറസ്സായ സ്ഥലം വലുതും അതിരില്ലാത്തതുമാണെന്ന് തോന്നിയിരുന്നു. ആഹാ, അതവിടെയുണ്ട്, എല്ലാം അവിടെയുണ്ട്! ആ നരച്ച് വയസ്സായ മനുഷ്യന്‍ ചെറിയ തുറസ്സായ സ്ഥലത്തേക്ക് നോക്കിക്കൊണ്ട് ചിരിക്കുകയാണ്.

 

Marukara a column for translation short story by Vladimir Korolenko  translation by Reshmi Kittappa

വ്‌ലാഡിമിര്‍ കൊറോലെങ്കോ

 

''അതാണ് ജീവിതം!... യുവത്വത്തില്‍ നിങ്ങള്‍ക്കതിന്റെ അറ്റം കാണാന്‍ കഴിയില്ല. ഹാ, അതവിടെയുണ്ട്!'' അയാളത് വ്യക്തമായി കാണുന്നുണ്ട്, തുടക്കം മുതല്‍ അയാള്‍ തനിക്കായി പള്ളിയങ്കണത്തില്‍ തിരഞ്ഞെടുത്ത കല്ലറ വരെ. നല്ലത്...ദൈവത്തിനെ സ്തുതിക്കണം, ഇതുവരെ തനിക്ക് വിശ്രമിക്കാനുള്ള സമയമായിട്ടില്ല. തളര്‍ന്ന പാത സത്യസന്ധമായി നടന്നിട്ടുള്ളതും നനഞ്ഞ മണ്ണ് അയാളുടെ അമ്മയുമാണ്. വേഗം തന്നെ ഹാ വേഗം തന്നെ!

എന്നിരുന്നാലും, ഇപ്പോള്‍ സമയമായിരിക്കുന്നു. മുകളിലെ നക്ഷത്രങ്ങളിലേക്ക് നോക്കിക്കൊണ്ട് മിഹായിച്ച് നിവര്‍ന്നുനിന്ന് തന്റെ തൊപ്പിയെടുത്ത്, കുരിശുവരച്ച് പള്ളിമണിയുടെ കയറുകളെടുത്തു. ഒരു നിമിഷത്തിനുള്ളില്‍ രാത്രിയുടെ അന്തരീക്ഷം മുഴക്കമുള്ള ഒരു മണിയടികൊണ്ട് വിറച്ചു. പിന്നീട് മറ്റൊന്ന്, അതുകഴിഞ്ഞ് മൂന്നും നാലും, അങ്ങനെ ഒന്നിനുപിറകെ മറ്റൊന്നായി ശക്തിയുള്ള ആ മധുരനാദം കാത്തിരിക്കുന്ന രാത്രിയെ നിറച്ചുകൊണ്ട് ഒഴുകിക്കൊണ്ടിരുന്നു.

മണിയടി നിന്നുകഴിഞ്ഞു, പള്ളിയില്‍ ദൈവാരാധന ആരംഭിച്ചിരിക്കുന്നു. മുന്‍പുള്ള വര്‍ഷങ്ങളിലെല്ലാം മിഹായിച്ച് എപ്പോഴും പ്രാര്‍ത്ഥിക്കാനും പാട്ടുകേള്‍ക്കാനുമായി താഴെ വാതിലനടുത്ത് ഒരു മൂലയില്‍ പോയി നില്‍ക്കുമായിരുന്നു, പക്ഷെ ഇപ്പോള്‍ അയാള്‍ മുകളില്‍ത്തന്നെ നിന്നു. താഴെ പോകുന്നത് അയാള്‍ക്ക് ബുദ്ധിമുട്ടാണ്, കൂടാതെ വല്ലാത്തൊരു ക്ഷീണവുമുണ്ട്. ബെഞ്ചിലിരുന്ന്, പിച്ചളമണിയുടെ നിശ്ചലമായിക്കൊണ്ടിരിക്കുന്ന മുഴക്കം ശ്രദ്ധിച്ചുകൊണ്ട് അയാള്‍ ചിന്തയില്‍ മുഴുകി. എന്തിനെക്കുറിച്ചാണ് അയാള്‍ ചിന്തിക്കുന്നത്? അയാള്‍ക്ക് തന്നെ അത് പറയാന്‍ കഴിയില്ല. റാന്തലിന്റെ മങ്ങിയ വെളിച്ചത്തിലാണ് മണിമേട, മണിയുടെ മാറ്റൊലിക്കൊള്ളുന്ന ഒച്ച ഇരുട്ടില്‍ ലയിച്ചുകഴിഞ്ഞു. താഴെ പള്ളിയില്‍ നിന്നും പാട്ടിന്റെ അവ്യക്തമായ ശബ്ദം ഇടയ്ക്ക് കേള്‍ക്കാം, രാത്രിക്കാറ്റ് പള്ളിമണിയുടെ കയറുകളെ ഇളക്കുന്നു.

ആ വൃദ്ധന്‍ തന്റെ നരച്ച തല നെഞ്ചിലേക്ക് താഴ്ത്തി. വേര്‍പിരിഞ്ഞ ചിത്രങ്ങള്‍ അയാളുടെ മുന്നില്‍ പൊങ്ങിക്കിടന്നു. താഴെ അവര്‍ ''ട്രോപര്‍'' ഗാനമാണ് പാടുന്നതെന്ന് അയാള്‍ വിചാരിച്ചു, തന്നെയും ആ കൂട്ടത്തില്‍ അയാള്‍ പള്ളിയില്‍ കാണുന്നുണ്ട്. ഗായകസംഘത്തില്‍ ഒരുപാട് യുവശബ്ദങ്ങളുണ്ട്, വയസ്സനായ പാതിരി, സൗമ്യപ്രകൃതിയുള്ള ഫാദര്‍ നോം, വിറയ്ക്കുന്ന ശബ്ദത്തോടെ പ്രാര്‍ത്ഥനകള്‍ ഈണത്തില്‍ ചൊല്ലുകയാണ്. നൂറുകണക്കിന് ഗ്രാമീണരുടെ തലകള്‍ കാറ്റില്‍പ്പെട്ട ചോളക്കതിരുകള്‍ പോലെ നിരന്തരം കുനിയുന്നുണ്ട്, ഗ്രാമീണര്‍ കുരിശുവരയ്ക്കുന്നു. എല്ലാം പരിചയമുള്ള മുഖങ്ങളാണെങ്കിലും അതില്‍ മരിച്ചവരുണ്ട്, എവിടെയാണത്, ആ സന്തോഷം? 

അണയാന്‍ പോകുന്ന തീയുടെ ആളിക്കത്തല്‍ പോലെ ആ പഴയ തലച്ചോര്‍ ഉണര്‍ന്നു, അയാളുടെ ചിന്ത തിളങ്ങുന്ന വേഗതയാര്‍ന്ന രശ്മികളായി തന്റെ കഴിഞ്ഞ ജീവിതത്തിന്റെ എല്ലാ ഊടുവഴികളെയും പ്രകാശിപ്പിച്ചുകൊണ്ട്  തെന്നിപ്പോകുന്നു, സഹിക്കാനാവാത്ത ക്ലേശങ്ങള്‍, ദു:ഖം, ആകുലത. എവിടെയാണത്, ആ സന്തോഷം? കനത്ത ഭാരം ശക്തിയുള്ള ചുമലുകളെ വളയ്ക്കുന്നു, ഇളയ മുഖങ്ങളെ ചുളിയ്ക്കുന്നു, എങ്ങനെ നെടുവീര്‍പ്പിടണമെന്ന് പഠിപ്പിക്കുന്നു.

കൂട്ടത്തില്‍ അയാളുടെ പ്രിയതമ, ഗ്രാമത്തിലെ സ്ത്രീകളുടെ ഇടതുഭാഗത്ത് വിനയത്തോടെ തലകുനിച്ച് നില്‍ക്കുന്നത് കണ്ടെന്ന് അയാള്‍ക്ക് തോന്നി. അവളൊരു നല്ലൊരു സ്ത്രീയായിരുന്നു...അവളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ! അവള്‍ വളരെയധികം ദു:ഖവും വേദനയും അനുഭവിച്ചിരുന്നു. ഇല്ലായ്മയും ജോലികളും, നിരന്തരമുള്ള സ്ത്രീസഹജമായ ദു:ഖങ്ങളും ഒരു സ്ത്രീയുടെ സൗന്ദര്യത്തെ കൊഴിയ്ക്കുകയും അവളുടെ കണ്ണുകളെ തിളക്കമില്ലാതാക്കുകയും ചെയ്യുന്നു, അവളുടെ അപാരമായ സൗന്ദര്യത്തിന്റെ ഇടയിലും അപ്രതീക്ഷിതമായി എത്താവുന്ന ജീവിതാഘാതങ്ങളെക്കുറിച്ചുള്ള അവ്യക്തമായ ഭയത്തിന്റെ സ്ഥായിയായ ഭാവം കാണാം. അവളുടെ സന്തോഷം എവിടെയാണ്? ഒരു മകന്‍ മാത്രമേ അവര്‍ക്ക് ബാക്കിയായിരുന്നുള്ളു, അവരുടെ പ്രതീക്ഷയും ആനന്ദവുമായി, അവന് മനുഷ്യരുടെ അനീതികള്‍ സഹിക്കേണ്ടിവന്നു.

അയാളിതാ ഇവിടെ, തന്റെ നിറഞ്ഞൊഴുകുന്ന ദു:ഖത്തിന്റെ പാനപാത്രവുമായി, അവളുടെ കല്ലറയ്ക്ക് മുകളിലെ മണ്ണമര്‍ത്തി, തന്റെ കണ്ണുനീര്‍ കൊണ്ട് അതിനെ നനച്ചുകൊണ്ടിരിക്കുന്നു. അയാള്‍ തിടുക്കത്തില്‍ കുരിശുവരച്ച് മണ്ണില്‍ തന്റെ തലയമര്‍ത്തി. മിഹായിച്ചിന്റെ ഹൃദയം ഓര്‍മ്മകളുടെ തെളിമയില്‍ തുളുമ്പി, മാനുഷികദു:ഖത്തിന്റെയും അനീതിയുടെയും ചുമരുകളില്‍ നിന്നും ആരാധിച്ചവരുടെ കറുത്ത രൂപങ്ങള്‍ കാര്‍ക്കശ്യത്തോടെ താഴോട്ട് നോക്കി. എല്ലാം പോയിരിക്കുന്നു, അതെല്ലാം കഴിഞ്ഞകാലത്തായിരുന്നു. ഇപ്പോള്‍ അയാളുടെ ലോകം മുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഇരുട്ടില്‍ പള്ളിമണി ഘടിപ്പിച്ച കയറുകളെ ഉലച്ചുകൊണ്ട് കാറ്റടിക്കുന്ന ഈ ഇരുണ്ട ഗോപുരത്തിനുള്ളിലാണ്. ''ദൈവം നിനക്ക് വിധിപറയും..ദൈവം വിധിപറയും,'' തന്റെ നരച്ച തല താഴ്ത്തിക്കൊണ്ട് ആ വയസ്സന്‍ ഉരുവിട്ടു, അയാളുടെ കവിളിലൂടെ പതുക്കെ കണ്ണുനീരൊഴുകി.

''മിഹായിച്ച്! മിഹായിച്ച്! നിങ്ങള്‍ ഉറങ്ങിപ്പോയോ?'' അവര്‍ താഴെ നിന്നും വിളിച്ചു.

''എന്ത്?'' ചാടിയെഴുന്നേറ്റുകൊണ്ട് അയാള്‍ ചോദിച്ചു. ''ദൈവമേ, ഞാന്‍ ഉറങ്ങുകയായിരുന്നു. എന്തൊരു മാനക്കേട്!'' അസാധാരണമായ വേഗത്തില്‍ അയാള്‍ കയറുകളെല്ലാം ഒന്നിച്ചുകൂട്ടി. താഴെ, ഉറുമ്പുകളുടെ ഒരു കൂട്ടം പോലെ ഗ്രാമീണര്‍ അങ്ങുമിങ്ങും നീങ്ങുന്നു. സ്വര്‍ണ്ണനിറമുള്ള മേലങ്കിയില്‍ വെട്ടിത്തിളങ്ങുന്ന ഗായകസംഘം അന്തരീക്ഷത്തെ പാട്ടുകൊണ്ട് നിറയ്ക്കുന്നു. അവര്‍ പള്ളിയുടെ അരികിലുള്ള കുരിശ് കടന്ന് മുന്നോട്ട് നടക്കുകയാണ്, മിഹായിച്ചില്‍ നിന്നും ആനന്ദത്തിന്റെ നിലവിളി ഉയര്‍ന്നു ''യേശു മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു!''

 ആ ആര്‍പ്പുവിളി വൃദ്ധന്റെ ഹൃദയത്തിലേക്ക് ഒരു തിര പോലെ തുളച്ചുകയറി. നീണ്ട മെഴുകുതിരികള്‍ ഇരുട്ടില്‍ കൂടുതല്‍ പ്രകാശത്തില്‍ എരിയുന്നതായി അയാള്‍ക്ക് തോന്നി, ജനക്കൂട്ടം കൂടുതല്‍ ആവേശഭരിതരായി, ഗായകസംഘം കൂടുതല്‍ ഉച്ചത്തില്‍ പാടി. കാറ്റ് ശബ്ദത്തിന്റെ തിരകളെ പിടികൂടി അതിനെ മുകളിലേക്കുയര്‍ത്തുകയും, ഉച്ചത്തിലുള്ള ജയഘോഷത്തിന്റെ മണിനാദവുമായി കലര്‍ത്തുകയും ചെയ്തു..

വയസ്സന്‍ മിഹായിച്ച് മുന്‍പൊരിക്കലും ഇതുപോലെ മണിയടിച്ചിട്ടില്ല. നിറഞ്ഞുകവിയുന്ന ആ പഴയ ഹൃദയം ജീവനില്ലാത്ത ആ മണിയിലേക്ക് കടന്നതുപോലെയാണ് അനുഭവപ്പെട്ടത്, പള്ളിമണികള്‍ പാടുകയും ചിരിക്കുകയും കരയുകയുമാണെന്ന് തോന്നി, അവ ഉത്കൃഷ്ടമായ ഒരു ശബ്ദത്തിന്റെ കിരീടമായി രൂപപ്പെട്ട് അങ്ങുദൂരെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിലേക്ക് വഹിക്കപ്പെട്ടു. നക്ഷത്രങ്ങള്‍ കൂടുതല്‍ ശോഭയോടെ പ്രകാശിച്ചു, വിറയ്ക്കുന്ന ശബ്ദങ്ങള്‍ കൂടിക്കലര്‍ന്ന് സ്‌നേഹാശ്ലേഷങ്ങളോടെ വീണ്ടും ഭൂമിലേക്ക് പതിച്ചു. പാടുന്നയാള്‍ തന്റെ ശക്തിയേറിയ സ്വരത്തില്‍ ഭൂമിയെ മുക്കിക്കൊണ്ട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ''യേശു ഉയിര്‍ത്തെണീറ്റിരിക്കുന്നു!''

രണ്ടു പാട്ടുകാരുടെ സ്വരങ്ങള്‍ ഇരുമ്പുമണിയുടെ മാറിമാറിയുള്ള അടിയില്‍ വിറച്ചുകൊണ്ട് ആനന്ദത്തോടെ പാടി: ''യേശു ഉയിര്‍ത്തെണീറ്റിരിക്കുന്നു!'' തങ്ങള്‍ പിറകിലായിപ്പോവേണ്ടെന്ന് കരുതിയിട്ടെന്നപോലെ ചെറിയമണികള്‍ ധൃതിയില്‍ വലിയ മണിനാദത്തിന്റെ ഇടയില്‍ മുഴങ്ങുകയും കൊച്ചുകുട്ടികളെപ്പോലെ പാടുകയും ചെയ്തു ''യേശു ഉയിര്‍ത്തെണീറ്റിരിക്കുന്നു!'' ആ പഴഞ്ചന്‍  മണിമേട സ്വയം വിറയ്ക്കുന്നതുപോലെ തോന്നി, കാറ്റ്, വയസ്സന്‍ കപ്യാരുടെ മുഖത്ത് വീശിക്കൊണ്ട് ചിറകിട്ടടിച്ച് അതാവര്‍ത്തിച്ചു: ''യേശു ഉയിര്‍ത്തെണീറ്റിരിക്കുന്നു!''  

തളര്‍ന്ന ഹൃദയം ദു:ഖവും ഉത്കണ്ഠകളും നിറഞ്ഞ ജീവിതത്തെക്കുറിച്ച് മറന്നു. ജീവിതമെന്നതിന്റെ അര്‍ത്ഥം അയാള്‍ക്ക് ഇടുങ്ങിയ ആ മണിമേട മാത്രമാണെന്ന് വയസ്സന്‍ കപ്യാര്‍ മറന്നു, പരുക്കന്‍ കാലാവസ്ഥകള്‍ നിലം പതിപ്പിച്ച ഒരു പ്രാചീന മരം പോലെ താന്‍ ലോകത്തില്‍ ഒറ്റപ്പെട്ടതാണെന്ന കാര്യവും അയാള്‍ മറന്നു. ഉച്ചത്തിലാര്‍ക്കുകയും പാടുകയും ചെയ്തുകൊണ്ട് ആകാശത്തിലേക്കുയരുകയും എന്നിട്ട് വിളറിയ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്ന ശബ്ദങ്ങളെ അയാള്‍ ശ്രദ്ധിച്ചു, തനിക്കുചുറ്റും തന്റെ ആണ്‍മക്കളും അവരുടെ ആണ്‍കുട്ടികളുമാണെന്ന് അയാള്‍ക്ക് തോന്നി, അവരുടെ ശബ്ദങ്ങള്‍, ചെറുപ്പക്കാരുടെയും വയസ്സായവരുടെയും ഒന്നായിച്ചേര്‍ന്ന് ഒരൊറ്റ സംഗീതമായി മാറുന്നു, എന്നിട്ട് അയാളൊരിക്കലും കണ്ടിട്ടില്ലാത്ത ആനന്ദത്തെയും സന്തോഷത്തെയും കുറിച്ച് അയാള്‍ക്ക് പാടിക്കൊടുക്കുന്നു. കയറുകള്‍ വലിച്ചുകൊണ്ടിരിക്കുമ്പോള്‍ കണ്ണീര്‍ അയാളുടെ കവിളിലൂടെ ഒഴുകുകയും അയാളുടെ ഹൃദയം സന്തോഷത്തിന്റെ മിഥ്യാബോധത്തില്‍ മിടിക്കുകയും ചെയ്യുന്നു.

താഴെ ആളുകള്‍ അത് ശ്രദ്ധിച്ചുനിന്ന് ഇതിനു മുന്‍പൊരിക്കലും മിഹായിച്ച് ഇത്രയും മനോഹരമായി മണിയടിച്ചിട്ടില്ലെന്ന് പരസ്പരം പറയുന്നു. പെട്ടെന്ന് വലിയ മണി സന്ദേഹത്തോടെ മുഴങ്ങുകയും പിന്നെ നില്‍ക്കുകയും ചെയ്യുന്നു. അകമ്പടിക്കാരായ മണികള്‍, ശങ്കയോടെ, തൊണ്ടവിറച്ചുകൊണ്ട് അസാധാരണമായി കൂട്ടത്തോടെ മുഴങ്ങുകയും,  ഇടറുകയും കരയുകയും, പതുക്കെ അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുകയും ചെയ്യുന്ന നീണ്ട വിഷാദപൂര്‍ണ്ണമായ ഒരു നാദത്തെ ശ്രദ്ധിക്കുന്നതുപോലെ പെട്ടെന്ന് നിലയ്ക്കുന്നു.

വയസ്സന്‍ കപ്യാര്‍ നിസ്സഹായനായി ബെഞ്ചിലേക്ക് വീഴുന്നു, അവസാനത്തെ രണ്ടുതുള്ളി കണ്ണുനീര്‍ മെല്ലെ അയാളുടെ കവിളിലൂടെ ഊര്‍ന്നിറങ്ങുന്നു.

''നോക്കൂ, ആരെയെങ്കിലും സഹായത്തിന് അയയ്ക്കൂ, വയസ്സന്‍ കപ്യാര്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു!.''

 

മറുകരയിലെ കഥകള്‍

ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ

ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ

ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ

ഒരു മണിക്കൂറിന്റെ കഥ, കേറ്റ് ചോപിന്‍

എന്റെ സഹോദരന്‍, ഹെന്റി, ജെ. എം ബേറി എഴുതിയ കഥ

തൂവല്‍ത്തലയണ,  ഹൊറേസിയോ കിറോഗ എഴുതിയ കഥ

ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം, റുബെന്‍ ദാരിയോ എഴുതിയ കഥ

ഒരു യാത്ര, അമേരിക്കന്‍ നോവലിസ്റ്റ് ഈഡിത് വോര്‍ട്ടന്‍ എഴുതിയ കഥ

ആരാണത് ചെയ്തത്, നൊബേല്‍ സമ്മാന ജേതാവ് ലുയിജി പിരാന്ദെല്ലൊയുടെ കഥ

Follow Us:
Download App:
  • android
  • ios