
ഹരിപ്പാട് : ഹരിപ്പാട് സ്വദേശിയായ വിഷ്ണു എന്ന യുവാവിനെ യുവാവിനെ തട്ടിക്കൊണ്ട് പോയി റൂമിൽ മണിക്കൂറുകളോളം പൂട്ടിയിട്ട് ക്രൂരമായി മർദ്ധിച്ച കേസിലെ പ്രതികൾ പിടിയിൽ. കൊലക്കേസ് പ്രതിയായ യദുകൃഷ്ണൻ, നിരവധി കൊലപാതക ശ്രമ കേസുകളിലെ പ്രതിയായ ഫാറൂഖ്, അശ്വിൻ എന്നിവരെയാണ് ഹരിപ്പാട് ഐഎസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്തിൽ ഉള്ള സംഘം പിടികൂടിയത്. ഉച്ചക്ക് ശേഷം ജോലി കഴിഞ്ഞുവന്ന വിഷ്ണുവിനെ തടഞ്ഞുനിർത്തി റൂമില്‍ കൊണ്ട് പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആ സമയം റൂമിൽ മറ്റ് രണ്ടു കുട്ടികളും ഉണ്ടായിരുന്നു. പ്രതികള്‍ ആ കുട്ടികളേയും ഉപദ്രവിക്കുന്നുണ്ടായിരുന്നു. വിഷ്ണുവിന്റെ ഫോണ്‍, ബൈക്കിന്റെ താക്കോല്‍, കഴുത്തിൽ കിടന്ന രണ്ട് പവന്റെ സ്വർണമാല, കൈയ്യിൽ കിടന്ന അര പവന്റെ ചെയിൻ, കാതിൽ കിടന്ന റിംഗ്, സ്മാർട്ട് വാച്ച്, ഇട്ടിരുന്ന വസ്ത്രവും ഊരി എടുത്തു.
15,000 രൂപ തന്നാൽ വിഷ്ണുവിനെ വിടാമെന്നും പറഞ്ഞു. പണം വിഷ്ണുവിന്റെ കൈയ്യിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ ആരോടെങ്കിലും ചോദിച്ച് പണം ഗൂഗിൾ പേ യിൽ അയപ്പിക്കാൻ പറഞ്ഞു. അപ്പോഴേക്കും നേരം രാത്രിയായി തുടങ്ങി. പലരെ വിളിച്ചു പണം കടമായി അയക്കാനാണ് എന്ന് ആവശ്യപ്പെടുകയും ചെയ്തു. വേറെ എന്തേലും പറഞ്ഞാൽ കൊന്നു കളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. അങ്ങനെ 15,000 രൂപ ഗൂഗിൾ പേ വഴി ഇവർ പറഞ്ഞ നമ്പറിലേക്കു അയച്ചു. വീണ്ടും വിഷ്ണുവിനെയും അവിടെ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെയും ഉപദ്രവിച്ചു. രാത്രി ആയപ്പോൾ ഇതിൽ ഒരാൾ വിഷ്ണുവിന്റെ ബൈക്കുമായി ഭക്ഷണം മേടിച്ചുകൊണ്ട് വന്നു അവർ മൂന്ന് പേരും കൂടി കഴിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ യദുകൃഷ്ണനും കൂട്ടത്തിലെ ഒരാളുമായി വാക്ക് തർക്കം ഉണ്ടാവുകയും യദുകൃഷ്ണൻ കമ്പി വടി കൊണ്ട് മറ്റേ ആളെ അടിക്കുകയും ചെയ്തു. അയാൾ അവിടെ നിന്നും ഇറങ്ങി ഓടി അയാളെ പിടിക്കാൻ വേണ്ടി ഫാറൂഖും യദു കൃഷ്ണയും കൂടി പിറകെ ഓടി. ആ സമയം കൊണ്ട് റൂമിലുണ്ടായിരുന്ന കുട്ടികളും വിഷ്ണുവും ഓടി രക്ഷപെടുകയായിരുന്നു. മെയിൻ റോഡിൽ എത്തിയ ശേഷം കൂട്ടുകാരനെ വിളിച്ചു വരുത്തിയാണ് വിഷ്ണു ഹോസ്പിറ്റലിൽ പോയത്. വിഷ്ണുവിന്റെ ചെവിയിൽ നിന്നും രക്തവും വരുന്നുണ്ടായിരുന്നു. തലക്കും മറ്റും പരിക്കുണ്ടായിരുന്നതിനാൽ വിഷ്ണുവിനെ വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി.
പണം നല്‍കാത്തതിന്റെ പേരിൽ ഒരു ബംഗ്ലാദേശ് യുവാവിനെ കുത്തികൊന്ന കേസിലെ പ്രതിയാണ് യദുകൃഷ്ണൻ. ഇയാൾക്ക് സമാന രീതിയിലുള്ള മൂന്ന് കേസ് ഉണ്ട്. കൂടാതെ കൊലപാതക കേസ് ഉൾപ്പടെ 11 കേസിലെ പ്രതിയാണ് ഇയാൾ. ഇയാളെ പൊലീസ് സഹസികമായാണ് പിടികൂടിയത്. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിൽ ഇറങ്ങിയത്. ഫാറൂക്ക് ഇതേ പോലെ പിടിച്ചു പറി, തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതിയാണ്. ഇയാൾക്ക് കൊലപാതക ശ്രമം ഉൾപ്പടെ നിരവധി കേസ് ഉണ്ട് . ഈ വർഷം ഹരിപ്പാട് അമ്പലത്തിനു മുന്നിൽ വെച്ചു ഒരു ചെറുപ്പക്കാരനോട് പണം ചോദിച്ച് കൊടുക്കാത്തതിന്റെ പേരിൽ അയാളെ കുത്തിയ കേസിൽ ജയിലിലായിരുന്നു.