വിവാഹസംഘത്തെ പടക്കമെറിഞ്ഞ് ആക്രമിച്ച സംഭവം; ഗുണ്ടാസംഘത്തെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ, പൊലീസിനെതിരെ ആക്രമണം

Published : Apr 28, 2025, 09:04 AM IST
വിവാഹസംഘത്തെ പടക്കമെറിഞ്ഞ് ആക്രമിച്ച സംഭവം; ഗുണ്ടാസംഘത്തെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ, പൊലീസിനെതിരെ ആക്രമണം

Synopsis

പൊലീസ് ജീപ്പിന് നേരെയും പ്രതികൾ സ്ഫോടക വസ്തു എറിഞ്ഞു. കാർ റിവേഴ്‌സ് എടുത്ത് ജീപ്പിനെ ഇടിപ്പിച്ചു. പൊലീസുകാരെയും പ്രതികൾ ആക്രമിച്ചു.

കോഴിക്കോട്: കൊടുവള്ളിയിൽ ആക്രമണം നടത്തിയ ഗുണ്ടാസംഘത്തെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലിൽ അതിസാഹസികമായി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ജീപ്പിന് നേരെയും പ്രതികൾ സ്ഫോടക വസ്തു എറിഞ്ഞു. കാർ റിവേഴ്‌സ് എടുത്ത് പൊലീസ് ജീപ്പിനെ ഇടിപ്പിച്ചു. ചമ്പാട്ട് മുക്ക് എന്ന സ്ഥലത്ത് വെച്ചാണ് പ്രതികൾ കാർ ഉപേക്ഷിച്ചത്. പൊലീസുകാരെയും പ്രതികൾ ആക്രമിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ആക്രമണത്തിൽ പൊലീസ് ജീപ്പിന് ഒന്നേകാൽ ലക്ഷം രൂപ നഷ്ടം വന്നെന്നും എഫ്ഐആർ പറയുന്നു. ഇന്നലെ അറസ്റ്റിലായ ആട് ഷമീർ, അസീസ്, അജ്മൽ എന്നിവർ റിമാൻഡിലാണ്. പ്രതികൾക്കെതിരെ ബിഎൻഎസ് വകുപ്പുകൾക്കൊപ്പം എക്സ്പ്ലോസീവ് ആക്ട്, പൊതുമുതൽ നശിപ്പിക്കൽ വകുപ്പുകളും ചുമത്തി.

ഇന്നലെയാണ് കൊടുവള്ളിയിൽ വിവാഹസംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. വിവാഹ സംഘം സഞ്ചരിച്ച ബസിന് നേർക്ക് പടക്കമെറിഞ്ഞാണ് പ്രതികൾ ആക്രമണം നടത്തിയത്. പുറത്തിറങ്ങിയവരെ ക്രൂരമായി മർദിച്ചു. ബസ് ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.  പ്രതികള്‍ക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊടുവള്ളിയിൽ ഇവർക്കെതിരെ മുമ്പ് വധശ്രമത്തിനും കേസുണ്ട്. ഗതാഗത തടസം ഉണ്ടാക്കിയെന്ന് പറഞ്ഞ് ബസ് ജീവനക്കാരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിച്ച ആട് ഷമീറിന്റെ നേതൃത്വത്തിലുള്ള കൊട്ടേഷൻ സംഘം എന്തിന് വേണ്ടിയാണ് പ്രദേശത്ത് എത്തിയത് എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. 

Also Read: വിവാഹസംഘത്തെ പടക്കമെറിഞ്ഞ് ആക്രമിച്ച സംഭവം; പ്രതികളെ പിന്തുടർന്ന 3 പൊലീസുകാർക്ക് പരിക്ക്, 3 പേർ പിടിയിൽ

ഇന്നലെ പിടികൂടിയ പ്രതികളായ ആട് ഷമീർ, കൊളവയൽ അസീസ് എന്നിവരാണ് അഞ്ച് മാസം മുമ്പ് കൊടുവള്ളിയിലെ മുഹമ്മദ്‌ സാലി എന്ന ആളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സാമ്പത്തിക ഹവാല ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ഈ അക്രമം. വീണ്ടും ഇയാളെ തേടിയാണോ സംഘം എത്തിയത് എന്നും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. ഇയാളെയും ഇന്നലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. തോക്കും, നമ്പർ പ്ലെറ്റുകളും പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്നലെ പൊലീസിന്റെ പിടിയിൽ ആകാതെ രക്ഷപ്പെട്ട സംഘത്തിലെ അമൽ എന്ന പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാണ്. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവരെ വിശദമായി ചോദ്യം ചെയ്യാൻ ഉടൻ തന്നെ കസ്റ്റഡി അപേക്ഷ പൊലീസ് സമർപ്പിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി