
കൊല്ലം: കഞ്ചാവ് ലഹരിയിലായിരുന്ന (Cannabis) രണ്ട് യുവാക്കളുടെ ആക്രമണത്തിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ (Woman Police Constable) ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. കൊല്ലത്ത് അഞ്ചാലുംമൂട് ജങ്ഷനിൽ ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ആക്രമണത്തിൽ സൂരജ് (23), ശരത്ത് (23) എന്നിവരെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയോടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അഞ്ചാലുംമൂട് ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുന്നില്‍വെച്ച് പൂക്കട നടത്തുന്ന അജി എന്നയാളുടെ കാറില്‍ ഇടിച്ചതാണ് സംഭവത്തിന് തുടക്കം. വണ്ടി ഇടിച്ചതിനെ ചോദ്യം ചെയ്ത അജിയെ സൂരജും ശരത്തും മർദ്ദിച്ചു. ഇവരുടെ കയ്യിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് അജിയുടെ തലയടിച്ച് പൊട്ടിച്ചു.
ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃക്കരുവ സ്വദേശി ഉല്ലാസ് എന്നയാളുടെ കാലിൽ ഇടിച്ചു. ബൈക്കുമായി രക്ഷപ്പെടുന്നതിനിടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയും പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു.
സ്റ്റേഷനിലെത്തിച്ചപ്പോൾ ഇരുവരും അവിടെവച്ചും അക്രമോത്സുകരായി. ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ വനിതാ പൊലീസ് ഓഫീസർ അജിമോളുടെ നെഞ്ചിൽ ചവിട്ടുകയും യൂണിഫോം പിടിച്ച് വലിക്കുകയും ചെയ്തു. സ്റ്റേഷനിൽ 5000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കി. തലയ്ക്ക് പരിക്കേറ്റ അജി, കാലിന് പരിക്കേറ്റ ഉല്ലാസ്, നെഞ്ചിൽ ചവിട്ടേറ്റ പൊലീസ് ഓഫീസർ അജിമോൾ എന്നിവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകി.
ഇരു സംഭവങ്ങളിലും പൊലീസ് പ്രത്യേകം കേസെടുത്തിട്ടുണ്ട്. അഞ്ചാലുംമൂട് സ്റ്റേഷന്‍ എസ്.എച്ച്.ഒ. സി.ദേവരാജന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam