ബിജെപി പുറത്ത്, ചേന്നം പള്ളിപ്പുറത്ത് ഇനി കോൺഗ്രസ് ഭരണം; സിപിഎം അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തു

Published : Sep 23, 2026, 09:23 PM IST
Congress Chennam Pallippuram

Synopsis

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. ബുധനാഴ്ച നടന്ന പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം. സിപിഎം അംഗങ്ങളുടെ പിന്തുണയോടെ ആണ് കോൺഗ്രസ് ഭരണം പിടിച്ചെടുത്തത്.

പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസിന് വിജയം. പ്രസിഡന്റായി കോൺഗ്രസിലെ ജ്യോതിശ്രീയും വൈസ് പ്രസിഡന്റായി അഗസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു. 19 അംഗ ഭരണസമിതിയിൽ കോൺഗ്രസ്-7, ബിജെപി-7, സിപിഎം-5 എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ ബിജെപി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നേടിയിരുന്നു. എന്നാൽ ആറ് മാസത്തിന് ശേഷം കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചതോടെ പ്രമേയം പാസാകുകയും ബിജെപിക്ക് ഭരണം നഷ്ടമാകുകയുമായിരുന്നു.

ബുധനാഴ്ച രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് വി വിനിതയും കോൺഗ്രസിൽ നിന്ന് ജ്യോതിശ്രീയും സിപിഎമ്മിൽ നിന്ന് രജിതയുമാണ് മത്സരിച്ചത്. ആദ്യ റൗണ്ടിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ, ഏഴ് വോട്ടുകൾ വീതം നേടിയ കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികൾ തമ്മിൽ രണ്ടാം റൗണ്ട് മത്സരം നടന്നു. ഇതിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഒൻപത് വോട്ടുകളും ബിജെപിക്ക് ഏഴ് വോട്ടുകളും ലഭിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി. സിപിഎമ്മിൻ്റെ രണ്ട് അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുകയും മൂന്നുപേർ വോട്ട് അസാധുവാക്കുകയുമായിരുന്നു. ഇതോടെ ജ്യോതിശ്രീ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് അഗസ്റ്റിനും ബിജെപിയിൽ നിന്ന് ദിനേശ് കുമാറും സിപിഎമ്മിൽ നിന്ന് സുജിത്തുമാണ് മത്സരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടിങ് നില ഇവിടെയും ആവർത്തിച്ചതോടെ അഗസ്റ്റിൻ വൈസ് പ്രസിഡന്റായി വിജയിച്ചു.

അതേസമയം, രണ്ട് സ്ഥാനങ്ങളിലേക്കും സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാനും ഇരുമുന്നണികളെയും പിന്തുണയ്‌ക്കേണ്ടെന്നുമായിരുന്നു പാർട്ടി തീരുമാനമെന്നും ഇത് ലംഘിച്ച് കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത രണ്ട് ജനപ്രതിനിധികൾക്കെതിരെ സംഘടനാപരമായും നിയമപരമായും ശക്തമായ നടപടി സ്വീകരിക്കുമെന്നും സിപിഎം ചേർത്തല ഏരിയ സെക്രട്ടറി ബി വിനോദ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹനുമാൻ ക്ഷേത്രത്തിലെ കല്ലുകൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായ സംഭവം; തിരുവാഭരണ കമ്മിഷണർ സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്തും
വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1,15000 രൂപ പിഴയും ശിക്ഷ