ബുള്ളറ്റില്‍ പെണ്‍കുട്ടികള്‍, ജീപ്പിലും കാറിലും ആണ്‍കുട്ടികള്‍; പനമരത്തും 'സെന്‍റ് ഓഫ് റേസിംഗ്'

Published : Mar 28, 2022, 10:35 AM IST
ബുള്ളറ്റില്‍ പെണ്‍കുട്ടികള്‍, ജീപ്പിലും കാറിലും ആണ്‍കുട്ടികള്‍; പനമരത്തും 'സെന്‍റ് ഓഫ് റേസിംഗ്'

Synopsis

പനമരത്ത് കാറുകളിലും ബൈക്കുകളിലും വിദ്യാർഥികൾ സ്കൂൾമുറ്റത്ത് റേസിങ് അഭ്യാസങ്ങൾ നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയിലായിരുന്നു വിദ്യാർഥികളുടെ സാഹസികപ്രകടനങ്ങൾ നടന്നത്.

കൽപറ്റ: വയനാട് ജില്ലയിലെ പനമരത്തും സെന്‍റ് ഓഫിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ സാഹസിക പ്രകടനം. കണിയാമ്പറ്റ ഹയർ സെക്കന്ററി സ്കൂളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള വിദ്യാർഥികളുടെ അഭ്യാസ പ്രകടനം വിവാദമായതിന് പിന്നാലെ നാലു പേർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പനമരം ഹയർ സെക്കന്ററി സ്കൂളിലും യാത്രയയപ്പ് ദിവസം വിദ്യാർഥികൾ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തിയ ദൃശ്യങ്ങൾ പുറത്തു വന്നത്. പനമരത്ത് കാറുകളിലും ബൈക്കുകളിലും വിദ്യാർഥികൾ സ്കൂൾമുറ്റത്ത് റേസിങ് അഭ്യാസങ്ങൾ നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയിലായിരുന്നു വിദ്യാർഥികളുടെ സാഹസികപ്രകടനങ്ങൾ നടന്നത്.

പെൺകുട്ടികളും ആൺകുട്ടികളും ബുള്ളറ്റുകളിലും ബൈക്കിലും കാറിലുമായി അപകടകരമായരീതിയിൽ റേസിങ് നടത്തിയതായി ദൃശ്യങ്ങളിൽ വ്യക്തമാവുന്നുണ്ട്. ഹെല്‍മറ്റ് പോലും ധരിക്കാതെയായിരുന്നു ബൈക്കിലെ അഭ്യാസ പ്രകടനങ്ങള്‍.  അധ്യാപകർ നോക്കിനിൽക്കെ സ്കൂൾ കവാടവും കടന്ന് വാഹനങ്ങളുമായി സ്കൂൾമുറ്റത്തെത്തി അഭ്യാസപ്രകടനങ്ങൾ നടത്തുകയായിരുന്നു. കാറിന്റെ ഡോറിലും മറ്റും വിദ്യാർഥികൾ നിൽക്കുന്നുമുണ്ട്. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു സ്കൂളിലേക്ക് വാഹനങ്ങൾ ഇരച്ചെത്തിയത്. ഇതുകണ്ട് അധ്യാപകർ നിസ്സഹായരായി നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികൾ 'കാർ റേസിങ്' നടത്തിയ സംഭവത്തിൽ 4 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ആർ.ടി.ഒ അധികൃതർ അറിയിച്ചു. അപകടകരമായ രീതിയിൽ വണ്ടിയോടിച്ച വിദ്യാർഥികളെ തിരിച്ചറിഞ്ഞ് അവരുടെ ലൈസൻസിന്‍റെ പകർപ്പ് എടുത്തിട്ടുണ്ട്. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വണ്ടിയോടിച്ച രണ്ടു വിദ്യാർഥികൾക്കെതിരെ കമ്പളക്കാട് പൊലീസ് കേസെടുത്തിരുന്നു. അമിത വേഗതയിൽ വാഹനമോടിക്കൽ, അശ്രദ്ധമായി മനുഷ്യജീവൻ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

കാറിലും ബൈക്കിലുമായി സ്കൂൾ ഗ്രൗണ്ടിൽ പൊടിപാറ്റി നടത്തിയ അഭ്യാസ പ്രകടനങ്ങൾ വിദ്യാർഥികൾതന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കാറിന്‍റെ ഡോറിലിരുന്ന് യാത്രചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലുള്ളത്. അധ്യാപകരുടെയും പൊലീസിന്‍റെയും മുന്നറിയിപ്പും എതിർപ്പുകളുമൊന്നും ഗൗനിക്കാതെയായിരുന്നു അഭ്യാസങ്ങൾ. കഴിഞ്ഞദിവസം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ അഭ്യാസപ്രകടനം നടത്തി വാഹനം അപകടത്തിൽപെടുത്തിയ മൂന്നുപേരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. കാർ റേസിങ് നടത്തിയതിന് നാലായിരം രൂപ വീതം പിഴയും ഈടാക്കിയിരുന്നു. നടക്കാവ് പൊലീസ് ഇവർക്കെതിരെ കേസും എടുത്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലഹരി ഉപയോ​ഗത്തിനിടെ കുഴഞ്ഞുവീണു, 3 സുഹൃത്തുക്കൾ വിജിലിനെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തി, മൃതദേഹാവശിഷ്ടം കുടുംബത്തിന് കൈമാറി
പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി