
ഹരിപ്പാട്: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഏത്തവാഴ കൃഷി നശിച്ചതിലൂടെ ഒന്നരലക്ഷം രൂപയ്ക്ക് മേൽ നഷ്ടം സംഭവിച്ച ഉമ്മര്‍ കുഞ്ഞിന് തീരാത്ത വേദന. വീയപുരം രണ്ടാം വാർഡിൽ ആറുപറയിൽ ഉമ്മർ കുഞ്ഞിന്റെ ഏത്തവാഴകൃഷിയാണ് മഴയിലും കാറ്റിലും പൂർണ്ണമായും തകർന്നടിഞ്ഞത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ നിന്ന് ഒരു പരിധി വരെ സംരക്ഷണം നൽകി പാകപ്പെടുത്തിയ കൃഷിയാണ് ഒരു രാത്രി കൊണ്ട് പ്രതീക്ഷ തകർത്ത് ഒടിഞ്ഞു നശിച്ചത്. ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയായിരുന്നു.
കഴിഞ്ഞ സീസണിലെ തുടർച്ചയായ വെള്ളപ്പൊക്കവും മഴയും കാറ്റും മൂലം കൃഷി ദുരന്തം നേരിടേണ്ടി വന്ന കർഷകർ ഇക്കുറി വാഴ കൃഷി ഇറക്കിയിരുന്നില്ല. ഇറക്കിയ നാമമാത്ര കർഷകരിൽ ഒരാളായിരുന്നു ഈ കർഷകൻ. ഒരു വാഴയ്ക്ക് 300 രൂപയോളം ചിലവ് വന്നിരുന്നു. കയറും മുളയും ഉപയോഗിച്ചും എല്ലാ വാഴകൾക്കും സംരക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും വാഴയുടെ മധ്യഭാഗം വെച്ച് ഒടിഞ്ഞു വീണാണ് കൃഷി നാശം സംഭവിച്ചത്. ഒരു കിലോഗ്രാം നേന്ത്രവാഴ കായ്ക്ക് 70 രൂപ മുതൽ 80 വരെ വിലയുണ്ടായിരുന്നു. ഒരു കുലയ്ക്ക് 600 മുതൽ 700 രൂപ വരെ ലഭിക്കുമായിരുന്നുവെന്നും കർഷകൻ പറഞ്ഞു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
വീയപുരത്തേതിന് പുറമെ ചെറുതന ഗ്രാമപഞ്ചായത്തിലെ ചെങ്ങാരപ്പള്ളിച്ചിറ, പുത്തൻ തുരുത്ത് എന്നിവിടങ്ങളിലെ കർഷകരുടേയും വാഴ കൃഷി നശിച്ചു. ചെങ്ങാരപ്പള്ളിച്ചിറയിൽ ദയാനന്ദൻ, വിജിതാ വിജയൻ വിജിത് ഭവനം എന്നിവരുടേതും പുത്തൻ തുരുത്തിൽ സജി മുപ്പത്തിനാലിൽ, ജോയി കൊല്ലന്റെ പറമ്പിൽ, ജോഷി എന്നിവരുടേയും വാഴകളാണ് നശിച്ചത്. കഴിഞ്ഞ വെള്ളത്തെ അതിജീവിച്ച കരുത്തുറ്റതല്ലെങ്കിലും ഓണത്തോടെ വിളവെടുക്കാമെന്ന പ്രതീക്ഷയിലായിലായിരുന്നു കർഷകർ. ആയിരത്തോളം വാഴകളാണ് ചെറുതനയിൽ നശിച്ചത്. ഏറെ പ്രതീക്ഷ പുലർത്തി ഇറക്കിയ കൃഷി നശിച്ച വിഷമത്തിലാണ് കർഷകർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam