Asianet News MalayalamAsianet News Malayalam

കടുവക്കുഞ്ഞ് കെണിയിൽ, മാറാതെ അമ്മ കടുവ, കുങ്കി ആനയെ എത്തിച്ചിട്ടും രക്ഷയില്ല; 7 മണിക്കൂറിനൊടുവിൽ ദൗത്യം വിജയം

അമ്മക്കടുവ ആക്രമണ സ്വഭാവം കാട്ടിയതോടെ വനം വകുപ്പും വെട്ടിലായി, രണ്ട് വനപാലകർ അമ്മക്കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്

tiger cub trapped in wayanad, 7 hours rescue work
Author
First Published Aug 31, 2022, 9:45 PM IST

കൽപ്പറ്റ: ഇന്ന് പുലർച്ചെയാണ് മീനങ്ങാടി മണ്ഡക വയലിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുഞ്ഞ് കുടുങ്ങിയത്. മേഖലയിൽ കടുവ ശല്യം രൂക്ഷമായ സാഹചര്യത്തിലായിരുന്നു വനപാലകർ കൂട് സ്ഥാപിച്ചത്. എന്നാൽ കൂട്ടിൽ അകപ്പെട്ടതാകട്ടെ നാല് മാസം പ്രായമായ കടുവ കുഞ്ഞ്. വനം വകുപ്പ് സംഘം രാവിലെ ഏഴ് മണിയോടെ സ്ഥലത്ത് എത്തിയപ്പോഴാണ് അമ്മക്കടുവയും മറ്റൊരു കുഞ്ഞും കൂടിനടുത്ത് നിലയുറപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടത്. രണ്ട് വനപാലകർ അമ്മക്കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അമ്മക്കടുവ ആക്രമണ സ്വഭാവം കാട്ടിയതോടെ വനം വകുപ്പും വെട്ടിലായി. സൗത്ത് വയനാട് ഡി എഫ് ഒ ഷജ്ന കരീം, ചീഫ് ഫോറസ്റ്റ് സർജൻ അരുൺ സഖറിയ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം തൊട്ടുപിന്നാലെ സ്ഥലത്തെത്തി.

പിന്നീട് മുൾമുനയിൽ നിന്ന നീണ്ട 7 മണിക്കൂറുകളാണ് കടന്നു പോയത്. കൂടിന് സമീപത്തു നിന്ന് അമ്മക്കടുവ മാറിയതേയില്ല. വനം വകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് കുഞ്ഞിനെ മാത്രമായി മറ്റൊരിടത്തേക്ക് മാറ്റാൻ കഴിയില്ല. അതിനാൽ കുഞ്ഞിനെ അമ്മയ്ക്ക് ഒപ്പം തുറന്നുവിടാൻ തീരുമാനിച്ചു. നാട്ടുകാരെയും ഇക്കാര്യങ്ങൾ ധരിപ്പിച്ചു. കൂട്ടിൽ അകപ്പെട്ട കടുവയെ തുറന്നുവിടുന്നത് വനം വകുപ്പിന് അതിസാഹസികമായ ദൗത്യമായിരുന്നു. ഏത് സമയവും അമ്മ കടുവ ആക്രമിച്ചേക്കാം. മേഖലയിൽ നിന്ന് ജനങ്ങളെയടക്കം അകറ്റി നിർത്തി. വനപാലകർക്ക് മാത്രമായിരുന്നു സ്ഥലത്തേക്ക് പ്രവേശന അനുമതി. ഉച്ചയോടെ കടുവയെ തുറന്നുവിടാൻ മുത്തങ്ങയിൽ നിന്ന് രണ്ട് കുങ്കിയാനകളെ എത്തിച്ചു. മികച്ച പരിശീലനം നേടിയ വടക്കനാട് കൊന്പനും കലൂർ കൊന്പനുമാണ് മൈലന്പാടിയിൽ എത്തിയത്. എന്നാൽ കുഞ്ഞിന് അപായമുണ്ടാകുമെന്ന് കരുതി കുങ്കിയാനകളെയും അമ്മകടുവ കൂട്ടിനടുത്തേക്ക് അടുപ്പിച്ചില്ല. ഇതോടെ വീണ്ടും മുൾമുനയുടെ മണിക്കൂറുകൾ. കൂട് തുറക്കാൻ സ്ഥലത്ത് ജെസിബിയും ആധുനിക ഉപകരണങ്ങളും എത്തി. ഈ സമയത്തിനിടെ പോലീസിന്‍റെയും വനം വകുപ്പിന്‍റെയും നൂറിലേറെ ജീവനക്കാർ സ്ഥലത്ത് ക്യാന്പ് ചെയ്ത് കഴിഞ്ഞിരുന്നു. നാട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ വിനയനും സംഘവുമെത്തി.

വിവാഹം ക്ഷണിച്ച് ആര്യയും-സച്ചിനും; ഉപഹാരം വേണ്ട, സ്നേഹോപഹാരം നിർബന്ധമുള്ളവരുണ്ടെങ്കിൽ അവരോട് പറയാനുള്ളത്!

ഒടുവിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കുങ്കി ആനകളെ ഉപയോഗിച്ച് കടുവയെ പ്രതിരോധിച്ചു. ഈ സമയം കൊണ്ട് കൂടു തുറന്ന് കുഞ്ഞിനെ പുറത്താക്കി. പിന്നാലെ കുഞ്ഞുങ്ങളുമായി അമ്മ കടുവ കാടിനുള്ളിലേക്ക് ഓടി. ഒരാഴ്ച മുന്പ് വാകേരിയിൽ നിന്ന് കാട്ടിലേക്ക് ഓടിച്ചുവിട്ട അമ്മക്കടുവയും കുഞ്ഞുങ്ങളുമാണ് ഇതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. മൂന്നു കടുവകളും ഒന്നിച്ചാണ് കാട്ടിലേക്ക് തിരിച്ചു പോയത്. രാവിലെ മുതൽ മണ്ഡകവയൽ പ്രദേശം വനം വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. ജനം പുറത്തിറങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തി. മൈലന്പാടി, ആവയൽ, പുല്ലുമല, കൽപന, സീസി, മടൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഹർത്താൽ പ്രതീതി ആയിരുന്നു.

മൈലന്പാടിയിലേത് അതിസാഹസികമായ ദൗത്യമായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിൽ തന്നെ അപൂർമായാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. കടുവ കുഞ്ഞിനെ സുരക്ഷിതമായി അമ്മയോടൊപ്പം വിടുന്നതിന് വനപാലകർ ജീവൻപണയം വെച്ചാണ് ജോലി ചെയ്തത്. ജനപ്രതിനിധികളും നാട്ടുകാരും രക്ഷാദൗത്യത്തിൽ പൂർണമായി സഹകരിച്ചുവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മീനങ്ങാടി മേഖലയിൽ അക്രമകാരിയായ കടുവ ഇപ്പോഴും ഒളിമറയത്താണ്. ഈ കടുവയെ പിടികൂടുന്നതിനായി മേഖലയിൽ രണ്ടാമതൊരു കൂടും സ്ഥാപിച്ചു. സ്ഥലത്ത് നിരീക്ഷണം ശക്തമാക്കുമെന്നും വനം വകുപ്പ് അറിയിച്ചു. മാസങ്ങളായ മീനങ്ങാടി, ബത്തേരി മേഖലകളിലെ വിവിധയിടങ്ങളിൽ കടുവയുടെ സാന്നിധ്യം വിവിധയിടങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മാസം മുൻപാണ് വാകേരി ഏദൻവാലി എസ്റ്റേറ്റിൽ വെച്ച് 13 വയസ് പ്രായമുള്ള പെൺകടുവ വനം വകുപ്പിന്‍റെ പിടിയിലായത്. ബത്തേരിയിൽ മധ്യപ്രദേശ് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് കാടുമൂടി കിടക്കുകയാണ്. ഇത് കടവകളുടെ വിഹാരകേന്ദ്രമായി മാറാൻ സഹായിക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. സംസ്ഥാന സർക്കാർ ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കണമെന്നാണ് ആവശ്യം.

സോണിയ ഗാന്ധിയുടെ അമ്മ നിര്യാതയായി, സംസ്കാരം കഴിഞ്ഞു; രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം അവസാന നോക്കുകണ്ട് സോണിയ

Follow Us:
Download App:
  • android
  • ios