
കായംകുളം: യുവാവിനെ ആക്രമിച്ച് കഠിനമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ. ക്ലാപ്പന പ്രയാർ സൗത്ത് കൊല്ലശ്ശേരിൽ പടീറ്റതിൽ അഖിലിനെ (27) ആണ് കരീലക്കുളങ്ങര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി 25ന് രാത്രി ഒൻപതരയോടെ പത്തിയൂർ ഹിബ ബ്ലോക്ക് ഫാക്ടറിക്ക് സമീപത്തുവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
മുൻവൈരാഗ്യത്തെ തുടർന്ന് അഖിലും കൂട്ടാളികളും ചേർന്ന് അനിൽ കുമാർ എന്നയാളെ കല്ലുകൾ പൊതിഞ്ഞുകെട്ടിയ തുണി ഉപയോഗിച്ച് മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അനിൽ കുമാറിന്റെ മൂക്കിനും താടിയെല്ലിനും പൊട്ടലുണ്ടായിരുന്നു.
കൃത്യത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ സംഭവം നടന്നതിന് പിന്നാലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒന്നാം പ്രതിയായ അഖിൽ എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
കരീലക്കുളങ്ങര എസ്എച്ച്ഒ പി ജെ നോബിളിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എസ് നിതിൻ, എഎസ്ഐ സുഭാഷ്, സിവിൽ പൊലീസ് ഓഫീസര്‍മാരായ സബീഷ്, ജയകൃഷ്ണൻ, രഞ്ജിത്ത്, അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam