നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിഹിൽ റോഷൻ എന്ന യുവാവിനെ കൊച്ചിയിൽ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ ശുപാർശയെ തുടർന്ന് ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.

കൊച്ചി: നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന യുവാവിനെ കാപ്പ (KAAPA) നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. എരൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോയിയുടെ മകൻ നിഹിൽ റോഷൻ (26) നെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

കൊച്ചി സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേഹോപദ്രവം ഏൽപ്പിക്കൽ, നരഹത്യാശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിഹിൽ. ഇയാൾ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് പതിവാക്കിയതോടെ, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ ശുപാർശയിൽ എറണാകുളം ജില്ലാ കളക്ടറാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹിൽപാലസ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇത്തരത്തിൽ ക്രമസമാധാന നില തകർക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കൊച്ചിയിൽ മയക്കുമരുന്ന് - ക്രിമിനൽ സംഘങ്ങൾക്കെതിരെ കടുത്ത നടപടിയുമായി പൊലീസ് മുന്നോട്ട് പോവുകയാണ്.