മരട് കേസിലെ പ്രതികൾ ആലപ്പുഴ ഭാ​ഗത്തേക്ക് വരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ കൃപാസനം ഭാഗത്തുവെച്ച് വാഹനങ്ങൾ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

മണ്ണഞ്ചേരി(ആലപ്പുഴ): മണ്ണഞ്ചേരി പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ എറണാകുളം മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികൾ എംഡിഎംഎയുമായി പിടിയിലായി. കഴിഞ്ഞദിവസം ആലപ്പുഴയിൽ നടത്തിയ വാഹനപരിശോധനയിലാണ് രണ്ട് വാഹനങ്ങളിൽനിന്നായി നാലുപേരെ പൊലീസ് മയക്കുമരുന്നുമായി പിടികൂടിയത്.

മരട് കേസിലെ പ്രതികൾ ആലപ്പുഴ ഭാ​ഗത്തേക്ക് വരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ കൃപാസനം ഭാഗത്തുവെച്ച് വാഹനങ്ങൾ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന കൊച്ചി മുണ്ടവേലി പുന്നക്കൽ വീട്ടിൽ ഫ്രാൻസിസ് സേവിയർ (33), പത്തനംതിട്ട കോഴഞ്ചേരി തിരുമാത സദനം വീട്ടിൽ ആര്യ എന്നിവരെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണഞ്ചേരി എസ് ഐ ജേക്കബ് റെജി ജോസ്, ഗ്രേഡ് എസ് ഐ രാജേഷ്, ഗ്രേഡ് എ എസ് ഐ ദയാ മോൾ, സീനിയർ സിപിഒമാരായ അനൂപ്, ജയാ മോൾ, ഡ്രൈവർ സിപിഒ അജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

തുടർന്ന് മരട് കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെന്ന് സംശയിക്കുന്നവർ സഞ്ചരിച്ച വാഹനം ആലപ്പുഴ ഭാഗത്തേക്ക് എത്തുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ പേർ പിടിയിലായി. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് നടത്തിയ പരിശോധനയിൽ 0.77 ഗ്രാം തൂക്കംവരുന്ന സിപ്പ് ലോക്ക് കവറിലായി സൂക്ഷിച്ചിരുന്ന 11.78 ഗ്രാം എംഡിഎംഎയുമായി പാലക്കാട് മണ്ണാർക്കാട് വെള്ളാപ്പള്ളി ഹൗസിൽ ഷഹനാസ് (29), കണ്ണൂർ ഇരിട്ടി ആക്കപ്പാറയിൽ വീട്ടിൽ അനൂപ് (26) എന്നിവരാണ് അറസ്റ്റിലായത്. മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെ എൽ, ഗ്രേഡ് എ എസ് ഐ രമേഷ് ബാബു, സീനിയർ സിപിഒ മാത്യു, സിപിഒ ഗോപകുമാർ, ഗ്രേഡ് എ എസ് ഐ ഉല്ലാസ്, ജില്ലാ ഡൻസാഫ് ടീം എന്നിവർ ചേർന്നാണ് ഈ പ്രതികളെ പിടികൂടിയത്.