
കൊല്ലം: ചെറുമക്കളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ പ്രതികാരത്തിൽ 65കാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കുളത്തുപ്പുഴ സ്വദേശി വേണുനാഥൻ പിള്ളയെയാണ് തെന്മല ഒറ്റക്കൽ സ്വദേശികളായ സനൽ, രാജേഷ് എന്നിവർ ചേർന്ന് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ തെന്മലയിലാണ് സംഭവം.
കഴിഞ്ഞ കുറേ നാളുകളായി ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപ മകളുടെ വീട്ടിൽ താമസിച്ചുവരികയാണ് വേണുനാഥൻ പിള്ള. ഇന്നലെ വൈകിട്ട് തെന്മലയിൽ കടയിൽ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്ന ഇദ്ദേഹത്തെ മദ്യലഹരിയിൽ ചുറ്റികയുമായി എത്തി പ്രതികൾ മർദിക്കുകയായിരുന്നു.
സനൽ ആണ് ചുറ്റികകൊണ്ട് വേണുനാഥൻ പിള്ളയുടെ തലയ്ക്കടിച്ചത്. ഈ സമയം കടയിലുണ്ടായിരുന്നവർ ചേർന്ന് സനലിനെ തടഞ്ഞു. ആക്രമണത്തിൽ രക്തംവാർന്നു നിലത്തുവീണ വയോധികനെ നാട്ടുകാർ ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികളായ സനലും രാജേഷും ചേർന്ന് വേണുനാഥൻ പിള്ളയുടെ ചെറുമക്കളെ വഴിയിൽ വെച്ച് സ്ഥിരമായി മദ്യപിച്ചു ശല്യം ചെയ്തിരുന്നുവെന്നുകാട്ടി വേണുനാഥൻ പിള്ള തെന്മല പോലീസിൽ പരാതി നൽകിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതാണ് വയോധികനെ മർദിക്കാൻ ഉണ്ടായ പ്രകോപന കാരണം എന്നാണ് വിവരം.
തെന്മല പൊലീസ് സബ് ഇൻസ്‌പെക്ടർ നിതിൻ രാജ്, സിപിഒമാരായ വിഷ്ണു, വിപിൻ, അജിത്ത്, പ്രവീൺ എന്നിവർ സംഭവസ്ഥലത്ത് എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam