തിരുവനന്തപുരം സിറ്റി പൊലീസ് യൂണിറ്റിന് കീഴിലെ സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള 791 വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് യൂണിറ്റിന് കീഴിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിയമനടപടികൾ പൂർത്തിയായതുമായ വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ലേലവുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർവഹിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിട്ടുണ്ട്. സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്തതും, അന്വേഷണാവസ്ഥയിലോ, തർക്കത്തിലോ, കോടതിയുടെ വിചാരണയിലോ/ പരിഗണനയിലോ ഇല്ലാത്തതായ വാഹനങ്ങൾ, സെപ്റ്റംബർ ആറ് വരെ എസ്എച്ച്ഒയെ സമീപിച്ച് അവകാശവാദം ഉന്നയിക്കുന്നവർക്ക് കൈപ്പറ്റാം.
അല്ലാത്ത പക്ഷം ഇവ ലേലം ചെയ്യുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിറക്കി.നഗരപരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത് സൂക്ഷിച്ചിരിക്കുന്ന 791 വാഹനങ്ങളിൽ നിയമപരമായ നടപടികൾ പൂർത്തിയായവയാണ് ഇ-ലേലത്തിലൂടെ വിൽപ്പന നടത്തുന്നത്. വാഹനങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ലേല നടപടികൾ.MSTC Ltd. മുഖേനയാണ് ഇ-ലേലം നടത്തുക. www.mstcecommerce.com എന്ന വെബ്സൈറ്റ് വഴിയാണ് ലേല നടപടികൾ പൂർത്തിയാക്കുകയെന്ന് പൊലീസ് ഉത്തരവിൽ വ്യക്തമാക്കുന്നു. സിറ്റി പൊലീസ് പരിധിയിലെ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ https://shorturl.at/8MqkQ എന്ന ലിങ്കിലൂടെ അറിയാമെന്നും പൊലീസ് വ്യക്തമാക്കി.
