
സുല്‍ത്താന്‍ ബത്തേരി:ഇറ്റലിയില്‍ നിന്ന് തിരികെയെത്തിയവരുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാറിന് നേരെ ഒറ്റയാന്റെ ആക്രമണം. പുല്‍പ്പള്ളി പാടിച്ചിറയിലെ വീട്ടിലേക്ക് വരുകയായിരുന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാറിനുമുന്‍പില്‍ പോയിരുന്ന പിക്കപ്പ് വാനും ആക്രമണത്തിനിരയായി. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഇരുളം-മൂന്നാനക്കുഴി റോഡിലെ ചേലക്കൊല്ലി വനമേഖലയിലായിരുന്നു സംഭവം.
പാടിച്ചിറ പുതിയപറമ്പില്‍ ബേബി തോമസ്, ഭാര്യ മിനി, ഭാര്യാമാതാവ് ചിന്നമ്മ, ഇവരുടെ സഹായി ഓമന, ഡ്രൈവറും അയല്‍വാസിയുമായ സിജോ ചിറക്കപ്പറമ്പില്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇറ്റലിയില്‍നിന്നെത്തിയ മിനിയെയും ചിന്നമ്മയെയും കൊണ്ടുവരാനാണ് ബേബി സ്വന്തം വാഹനവുമായി നെടുമ്പാശ്ശേരിക്ക് പോയത്. കാട്ടാനയുടെ ആക്രമണത്തില്‍ ബേബിയുടെ കൈയില്‍ ചില്ലുകൊണ്ട് മുറിവുണ്ടായി. മിനിയുടെ തോളിന് ഇടിയില്‍ പരിക്കേറ്റിട്ടുണ്ട്. ഇരുവർക്കും പുല്‍പ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സതേടിയ ശേഷം വനംവകുപ്പ് ജീവനക്കാര്‍ വീട്ടിലെത്തിച്ചത്.
ചേലക്കൊല്ലി ശിവക്ഷേത്രംകഴിഞ്ഞുള്ള വളവ് തിരിഞ്ഞതും റോഡിലുണ്ടായിരുന്ന കൊമ്പനാന കാറിനടത്തേക്ക് ഓടിയെത്തി മുന്‍ചില്ലില്‍ ആഞ്ഞുകുത്തുകയായിരുന്നുവെന്നാണ് കുടുബം നടുക്കുന്ന അനുഭവത്തേക്കുറിച്ച് പറയുന്നത്. കാറിന് ചുറ്റുംകറങ്ങി ഡ്രൈവറുടെ ഇടതുഭാഗത്ത് കൊമ്പുതാഴ്ത്തി കുത്തിനീക്കാന്‍ ശ്രമിച്ചു. പിന്‍വാതിലിലും ഇടിച്ചു. കാറിന്റെ മുന്നിലെയും വശത്തെയും ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വാഹനത്തില്‍ ഒന്നലധികം സ്ഥലത്തായി കൊമ്പുതാഴ്ത്തിയ ദ്വാരങ്ങളുമുണ്ടായി. വാഹനത്തിലുള്ളവര്‍ ശബ്ദമുണ്ടാക്കുകയും ഹോണ്‍ മുഴക്കുകയും ചെയ്തതോടെ ആന തിരിഞ്ഞ അവസരത്തില്‍ കാര്‍ മുന്നോട്ടെടുത്തതാണ് ജീവൻ രക്ഷപ്പെടാൻ കാരണമായത്.
കാര്‍ ആക്രമിക്കുന്നതിന് കുറച്ചുമുന്‍പ് അതുവഴിവന്ന കേണിച്ചിറ വെള്ളിലംകുന്നില്‍ ബി.എം. സുനിലിന്റെ പിക്കപ്പ് വാനും ആനയുടെ ആക്രമണത്തിനിരയായി. പിക്കപ്പ് വാനിന്റെ റേഡിയേറ്റര്‍ കുത്തി തകര്‍ത്തതിന് ശേഷമായിരിക്കാം ഒറ്റയാൻ പിന്നാലെ വന്ന കാറിന് നേര്‍ക്കെത്തിയതെന്നാണ് കരുതുന്നത്. ഇരുവാഹനങ്ങളുമായി വാഹനങ്ങളിലുണ്ടായിരുന്നവര്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. വനപാലകരെത്തി പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം