
ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.
മഴയെക്കുറിച്ച് പറയുമ്പോള്‍ പഴയ ആ പരസ്യവാചകം ഓര്‍മ്മവരും. നിങ്ങളെവിടെയോ അവിടെ. ചെല്ലുന്നിടത്തെല്ലാം പെയ്യുന്നൊരു സ്വപ്നം. ഏത് ഓര്‍മ്മയുമായും ബന്ധിപ്പിക്കാനാവുന്ന തോരാത്ത പെയ്ത്ത്. ഓര്‍മ്മയുടെ അങ്ങേയറ്റത്ത് മുതല്‍ മഴയുണ്ട്. അവിടെനിന്നിങ്ങോട്ട് ജീവിതം പായുന്നിടത്തെല്ലാം ഒപ്പം അതെത്തി. ഇനിയുമൊരു പക്ഷേ, വരുംകാല അലച്ചിലുകളുടെ നൊമാദിക് വഴികളിലും മഴയുടെ കാല്‍പ്പാടുകള്‍ പിന്തുടരാതിരിക്കില്ല.
മഴയ്ക്ക് ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോ അര്‍ത്ഥമായിരുന്നു. കുഞ്ഞുന്നാളില്‍ മഴയ്ക്ക് അമ്പരപ്പിന്റെ തണുപ്പായിരുന്നു. ബാല്യത്തില്‍ കളിചിരികളുടെ തിമിര്‍പ്പ്. കൗമാരത്തില്‍ എത്തുമ്പോള്‍ മഴയുടെ അര്‍ത്ഥം പിന്നെയും മാറുന്നു. മോഹങ്ങളുടെയും സ്വപ്‌നങ്ങളുടെയും നനുത്ത നൂലുകള്‍. യൗവനത്തിന്റെ നിറപ്പകിട്ടില്‍ മഴയ്ക്ക് പിന്നെയും അര്‍ത്ഥങ്ങള്‍ മാറുന്നു. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും വിഷാദത്തിന്റെയും മഴമരങ്ങള്‍. മധ്യവയസ്സിലും വാര്‍ദ്ധക്യത്തിലും മഴയ്ക്ക് എന്തെന്ത് അര്‍ത്ഥമാവുമെന്ന് ആര്‍ക്കറിയാം?
പറഞ്ഞുവന്നത് ദേശാതിവര്‍ത്തിയായ മഴയുടെ നാടോടിത്തത്തെക്കുറിച്ചാണ്. നാടോടുമ്പോള്‍, നാടുവിട്ടോടുമ്പോള്‍ മഴയുടെ സഹവര്‍തിത്വത്തെക്കുറിച്ച്. നാടും വീടും വിട്ട് പോയ പലയിടങ്ങളിലും മഴയുടെ കൈത്താങ്ങുണ്ടായിരുന്നുവെന്ന് ഇപ്പോഴറിയാം. ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തുമുള്ള യാത്രകളില്‍ പലതിനും മഴയുടെ അകമ്പടി ഉണ്ടായിരുന്നു. യാത്രയുടെ പെരുവഴികളില്‍ നിനച്ചിരിക്കാത്ത നേരത്തത് സംഭവിക്കും. അകലങ്ങളിലെ അലച്ചിലുകളില്‍ ചിലപ്പോള്‍ മഴ നമ്മെ വെറുപ്പിക്കുമെങ്കിലും മഴയോളം ഓര്‍മ്മയുടെ ഖനിയില്‍ ബാക്കിനില്‍ക്കുന്ന മറ്റൊന്നില്ല തന്നെ.
മഴ തൊട്ടതും ഉടലിളകി. നൃത്തച്ചുവടുകള്‍ കൊണ്ട് ഒന്നുലയാന്‍ തോന്നി.
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ സംഭവിച്ച മക്കാവു യാത്രയിലെ മഴയാണ് അകലങ്ങളിലെ ഏറ്റവും നനവുള്ള ഓര്‍മ്മ. ഏഷ്യയുടെ ലാസ് വെഗാസ് എന്നാണ് മക്കാവു അറിയപ്പെടുന്നത്. ജനുവരിയിലെ തണുത്തൊരു പ്രഭാതത്തില്‍ ഹോങ്കോങ്ങില്‍ നിന്നും ഫെറിയില്‍ മക്കാവുവിലേക്കു തിരിക്കുമ്പോള്‍ കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് തയാറായിരുന്നു. പ്രശസ്തമായ കാസിനോകള്‍, വെനിഷ്യന്‍, സേനാഡോ സ്‌ക്വയര്‍, റൂയിന്‍സ് ഓഫ് സെന്റ് പോള്‍സ് കത്തീഡ്രല്‍ എന്നിങ്ങനെ പല ഇഷ്ടങ്ങള്‍. ജോലിയുടെ ഭാഗമായി തുടങ്ങി പിന്നെ വാഹനങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന എനിക്ക്, ഗ്രാന്‍ഡ് പ്രിക്‌സ് മ്യുസിയം തീര്‍ച്ചയായും കാണേണ്ട ഒന്നായിരുന്നു.
നന്നേ തണുത്ത ദിവസമായിട്ടും ട്രാന്‍സിറ്റിനു ഇടയില്‍ ഉറക്കമില്ലാത്തൊരു രാത്രി പിന്നിട്ടിട്ടും വാട്ടര്‍ ജെറ്റ് സര്‍വീസ് ഉറക്കവും ക്ഷീണവുമെല്ലാം കടലില്‍ മായിച്ചു കളഞ്ഞു. ഒരു മണിക്കൂര്‍ നീണ്ട യാത്രയുടെ മനോഹാരിതയെല്ലാം പോര്‍ട്ടിലെ ഇമിഗ്രേഷന്‍ ക്യൂ തകര്‍ത്തെറിഞ്ഞു. നീണ്ട ക്യുവില്‍ മണിക്കൂറുകള്‍ പിന്നിട്ടു ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി പുറത്തെത്തുമ്പോള്‍ ആകെ തളര്‍ന്നിരുന്നു. എന്നാല്‍, എല്ലാ വിവശതകളും മടുപ്പും തെറിപ്പിച്ചു കളഞ്ഞു പുറത്തുള്ള കാഴ്ച. നോക്കു, അവിടെ മഴയാണ്! നൃത്തം ചെയ്യുന്നൊരു മഴ. ഭൂമിയും ആകാശവും ഒരു മഴഗോവണിയാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
മഴ തൊട്ടതും ഉടലിളകി. നൃത്തച്ചുവടുകള്‍ കൊണ്ട് ഒന്നുലയാന്‍ തോന്നി. തെരുവിലുള്ളവരെയോ സഹയാത്രികരെയോ മറന്ന് അറിയാതെ ചുവടനക്കി. മഴനൃത്തം! എനിക്ക് വട്ടാണെന്ന ഗോസിപ്പായിരിക്കുമോ ഇനി ഇവര്‍ക്കിടയില്‍ എന്ന് അന്തിച്ച് നില്‍ക്കും മുമ്പ് അതു സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരില്‍ ചിലര്‍ മഴയത്ത് ഇറങ്ങി. മെല്ലെ മെല്ലെ അതൊരു രസികന്‍ നൃത്തമായി മാറി. ആ ഊര്‍ജത്തിലായിരുന്നു പിന്നെയുള്ള യാത്രകള്‍.
യാത്രയും ഉറക്കവും തണുപ്പും മഴയും ചേര്‍ന്ന് സമ്മാനിച്ച ക്ഷീണത്തില്‍ ആദ്യത്തെ ദിവസം കാസിനോകളിലുള്ള സന്ദര്‍ശനം മാത്രമാക്കി ചുരുക്കി. വെനീഷ്യന്‍ സുന്ദരിമാര്‍ക്കിടയില്‍ ഒരു സായാഹ്നം. അതു കഴിഞ്ഞപ്പോഴോ...ഒരു ദിവസം മുഴുവന്‍ കണ്ടും കേട്ടും തീര്‍ക്കാനായി എനിക്ക് മുന്നില്‍ മക്കാവോ നഗരം മുഴുവന്‍ ബാക്കി കിടക്കുന്നു.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള മനുഷ്യര്‍. അവരുടെ വിചിത്രമായ സംഭാഷണങ്ങള്‍, ശരീരഭാഷകള്‍
രണ്ടാം ദിവസം നഗര കാഴ്ചകളിലേക്കിറങ്ങി. അന്നേരം മഴ പതുക്കെ മാറിനിന്നു. ഗൂഗിളും ട്രിപ്പ് അഡൈ്വസറും വച്ചുനീട്ടിയൊരു വിര്‍ച്വല്‍ യാത്രാ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഗൈഡിന് ഞാന്‍ ഗൈഡന്‍സ് നല്‍കിക്കൊണ്ടേയിരുന്നു. റൂയിന്‍സ് ഓഫ് സൈന്റ് പോള്‍, സോണാഡോ സ്‌ക്വയര്‍, ഗ്രാന്‍ഡ് പ്രിക്‌സ് മ്യുസിയം, വൈന്‍ മ്യുസിയം ...അങ്ങനെയങ്ങിനെ ചുവന്ന വീഞ്ഞു പോലെ ലഹരി പടര്‍ത്തുന്ന നഗരാനുഭവങ്ങള്‍. അപരിചിതമായ നഗരം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള മനുഷ്യര്‍. അവരുടെ വിചിത്രമായ സംഭാഷണങ്ങള്‍, ശരീരഭാഷകള്‍. ലോകം അടിമുടി മാറിയെന്നു തോന്നി. എന്നാല്‍, ചെന്നെത്തുന്ന തെരുവുകളിലെല്ലാം മഴ എന്റെ ധാരണകെള മാറ്റിയെഴുതി. 'മീനച്ചിലാറിന്റെ കരയിലെ മഴ പോലെ തന്നെടീ ഇവിടേം' എന്ന് ആകാശം കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്നു.
രണ്ടാം നാള്‍ ടൂറിസ്റ്റ് ഗൈഡിനൊപ്പമുള്ള യാത്രയിലാണ് അത്രയൊന്നും സാഹസികയല്ലാത്ത എന്നില്‍ ബന്‍ജീ ജമ്പിങ് എന്നൊരു സാധ്യത തുറന്നു വന്നത്. മക്കാവുവില്‍ നിര്‍ബന്ധമായും കാണേണ്ട ഇടമാണ് മക്കാവു ടവര്‍ എന്നറിയാമായിരുന്നെങ്കിലും ആയിരം അടി മുകളില്‍ നിന്നും എടുത്തു ചാടാനുള്ള സാഹസികതയും ധൈര്യവുമൊന്നും ഇല്ലാത്തതു കൊണ്ട് അങ്ങനെയൊരു സാധ്യതയെപ്പറ്റി കൂടുതലൊന്നും ആലോചിച്ചിരുന്നില്ല. മക്കാവു ടവര്‍-ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൊമേര്‍ഷ്യല്‍ ബന്‍ജീ ജമ്പിങ് ഇടം. എ ജെ ഹാക്കേറ്റ ബന്‍ജീ ജമ്പിങ്- 764 അടി ഉയരത്തില്‍ നിന്നും താഴേക്കുള്ള ചാട്ടം. പിഴവുകളില്ലാത്ത അതീവ സൂക്ഷ്മവും ശാസ്തീയവുമായൊരു കുതിപ്പ്. അതോര്‍ത്തോര്‍ത്ത് അന്നുറക്കം വന്നതേയില്ല.
മക്കാവു ദ്വീപിനോട് വിട പറയേണ്ട ദിവസമാണത്. ഗിന്നസ് വേള്‍ഡ് റെക്കോഡിനും എനിക്കുമിടയില്‍ എന്റെ ഭയവും മക്കാവു ടവറില്‍ നിന്നുള്ള ഒരു ജമ്പിന്റെ ദൂരവും മാത്രം. കുറച്ചൊന്നുമല്ലാത്ത ഭയവും അതിലേറെ ആവേശത്തിമിര്‍പ്പുമായി ഞാന്‍ ആ ദിവസത്തെ വരവേറ്റു. വെളുപ്പാന്‍ കാലം മുതലേ മഴ ചാറി കൊണ്ടേയിരുന്നു. ഭയമുണ്ടായിരുന്നു, ശരിക്കും. എന്നാല്‍, നിലത്തിറങ്ങിയതും മഴ വന്ന് കൈ പിടിച്ചു. അതോടെ ഭയം മാറി ത്രില്ലടിക്കാന്‍ തുടങ്ങി.
ബന്‍ജീ ജമ്പിങ്
ഹോട്ടലില്‍ നിന്നും ചെക്ക് ഔട്ട് ചെയ്തു ഗൈഡിനൊപ്പം ടവറിലെത്തി. അവിടെത്തുമ്പോള്‍ മഴ നിലച്ചിരുന്നു. ആകെ വീര്‍പ്പുമുട്ടിക്കുന്ന ഒന്തരീക്ഷം. ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്നും എന്‍ട്രി ടിക്കറ്റ് മാത്രമെടുത്തു ലിഫ്റ്റില്‍ കയറുമ്പോള്‍ അറിയാതെ ഭയം വന്നുപെരുകി. നെഞ്ചും കാലും വിറച്ചു കൊണ്ടിരുന്നു. ഏറ്റവും മുകളിലെ നിലയെത്തി പുറത്തിറങ്ങുമ്പോള്‍ പെട്ടെന്ന് കാലാവസ്ഥ മാറി. ദേ, മഴ!
അസ്ഥി മരവിക്കുന്ന തണുപ്പായിരുന്നു. ഉയരം കൂടുമ്പോള്‍ തണുപ്പ് കൂടും എന്ന ശാസ്ത്ര സത്യം എന്നെ അക്ഷരാര്‍ഥത്തില്‍ കിടുകിടാ വിറപ്പിച്ചിരുന്നു. ഈ തണുപ്പത്ത് ഞാനെങ്ങിനെ ചാടും, ദൈവമേ!.
പെട്ടെന്ന് കണ്ടു, പെരുമഴയുടെ അന്നനട. അസ്ഥി തുളയ്ക്കുന്ന തണുത്ത കാറ്റും. എനിക്കാവില്ല, ഈ അവസ്ഥയില്‍ ചാടാന്‍ -ഉള്ളു പറഞ്ഞു. ഹേയ്, ഇതു പോലാരവസരം ഇനി കിട്ടില്ല-മനസ്സ് അതിനെ തിരുത്തി. മനസ്സ് വീണ്ടും ചാഞ്ചാടുമ്പോള്‍ അറിയാതെ വിളിച്ചു പോയി, എന്റെ മഴേ, ഈ കണ്‍ഫ്യൂഷനൊന്ന് തീര്‍ക്കൂ...
മഴയതു കേട്ടു കാണണം. എന്റെ ഭയത്തിലേക്ക് ആശ്വാസത്തിന്റെ കുട നീട്ടി ജമ്പിങ് ക്രൂ മെംബേര്‍സ് അടുത്തെത്തി. അവര്‍ പറഞ്ഞു: ഇല്ല, ഇത്ര ശക്തമായ മഴയിലും കാറ്റിലും ജമ്പിങ് സാധ്യമല്ല'
ഹോ, സമാധാനം! അതായിരുന്നു ഉള്ളില്‍നിന്നു വന്ന ആദ്യ പ്രതികരണം. എങ്കിലും അതേ നേരം തന്നെ ഉള്ളിലൊരു നിരാശ വന്നു പതഞ്ഞു. ഇവിടെയെത്തിയിട്ട് ചാടിയില്ലെങ്കില്‍ പിന്നെയിനി എപ്പോള്‍?
ആശയക്കുഴപ്പം എനിക്കേ ഉണ്ടായിരുന്നുള്ളൂ. അവര്‍ ഉറപ്പിച്ചിരുന്നു, ഈ മഴയത്തിനി ചാടാന്‍ പറ്റില്ലെന്ന്. അതിനാല്‍, ഒരു ചൂട് കോഫിക്കൊപ്പം ഞാന്‍ അങ്ങനെയിരുന്നു. പൊടുന്നനെ കണ്ടു 1000 അടി മുകളിലെ മഴ. അതങ്ങ് തകര്‍ക്കുകയാണ്. ആകാശവും ഭൂമിയും തമ്മിലുള്ള പോര്. ആഴങ്ങളും ഉയരങ്ങളും തമ്മിലുള്ള പോര്‍വിളി. മഴ പല നിറങ്ങളില്‍ പതഞ്ഞുപൊങ്ങുന്നതുപോലെ തോന്നി. ആകാശത്തോടു ചേര്‍ന്ന് നിന്ന് ഞാന്‍ മഴയെ അടുത്തുനിന്നു കണ്ടു. ഈ മഴയൊരു കുറുമ്പന്‍ മഴ. ആരോടോ വാശി തീര്‍ക്കാനെന്ന പോലെ മഴ ഇരമ്പിപ്പെയ്യുന്നു.
പൊടുന്നനെ കണ്ടു 1000 അടി മുകളിലെ മഴ. അതങ്ങ് തകര്‍ക്കുകയാണ്.
പിന്നെയവിടെ, മൂടല്‍ മഞ്ഞു നിറഞ്ഞു. മൂന്നു നാലു അടിക്കപ്പുറം ഒന്നും കാണാന്‍ ആവാത്തത്ര മൂടല്‍. മഴയാണോ മഞ്ഞാണോ പെയ്യുന്നതെന്നറിയില്ല. അറിയാവുന്നത് ഒന്ന് മാത്രം, ആകെ തണുത്തു വിറങ്ങലിക്കുന്നുണ്ട്!
ആ ഇരിപ്പു മണിക്കൂറുകള്‍ തുടര്‍ന്നു. ഇനി മടക്ക യാത്രയാണ്. ബന്‍ജി ജംപിംഗിനെ അങ്ങനെ വിടില്ലെന്ന് മനസ്സില്‍ കരുതി. ഇനിയൊരിക്കല്‍ എന്തായാലും ഞാന്‍ ചാടും. അതിനായി, ഇനിയുമൊരിക്കല്‍ കൂടി ഇവിടെത്തും. അതേതു കാലത്തായാലും.
മക്കാവു തുറമുഖത്തുനിന്നും ബോട്ട് പുറപ്പെടുമ്പോഴും മഴ പെയ്തു കൊണ്ടിരുന്നു. മഴയും മഞ്ഞും കാറ്റും ചേര്‍ന്ന് സ്വര്‍ഗം ഭൂമിയില്‍ കൊണ്ട് വന്ന ടവറിലെ നേരങ്ങള്‍ അന്നേരം മനസ്സില്‍ നിറഞ്ഞു.
ഇനിയും തോരാത്ത മഴകള്‍
ധന്യ മോഹന്‍: പെരുമഴയത്തൊരു കല്യാണം!
ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍
ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കുഞ്ഞുണ്ടായ കഥ...
നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്
കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല്‍ ഞങ്ങളെയും!
ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല
സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!
കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.