കോന്നിയിലെ സ്ഥാനാര്‍ത്ഥിത്വം; അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ്, റോബിന്‍ പീറ്റര്‍ വിമതനാകുമോ?

By Web TeamFirst Published Sep 28, 2019, 10:52 AM IST
Highlights

അടൂര്‍ പ്രകാശിന്‍റെ നിര്‍ദ്ദേശം തള്ളി പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെ കോന്നിയില്‍ കാര്യങ്ങള്‍ യുഡിഎഫിന് അത്ര എളുപ്പമാകില്ലെന്നാണ് സൂചന. റോബിന്‍ പീറ്റര്‍ വിമതനായി രംഗത്തുവരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

പത്തനംതിട്ട: കോന്നിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ് എംപി. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ താന്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. പി മോഹന്‍രാജാണ് സ്ഥാനാര്‍ത്ഥി എന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പാര്‍ട്ടി നേതൃത്വം ഇക്കാര്യം അറിയിക്കാഞ്ഞതില്‍ അതൃപ്തിയുണ്ടെന്നും അടൂര്‍ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്ററിന്‍റെ പേരാണ് അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ചിരുന്നത്. കാലങ്ങളായി തന്നെ വിജയിപ്പിച്ച കോന്നിയില്‍ പിന്‍ഗാമിയായി എത്തേണ്ടത് റോബിന്‍ പീറ്ററാണെന്ന അടൂര്‍ പ്രകാശിന്‍റെ  നിര്‍ദ്ദേശത്തെ പത്തനംതിട്ട ഡിസിസി എതിര്‍ക്കുകയായിരുന്നു.  ഡിസിസി നേതൃത്വത്തിനു പുറമേ കെപിസിസി സെക്രട്ടറി പഴകുളം മധുവും അടൂര്‍ പ്രകാശിന്‍റെ നീക്കങ്ങളെ എതിര്‍ത്തു രംഗത്തു വന്നിരുന്നു. കാര്യങ്ങള്‍ പരസ്യമായ പോരിലേക്ക് നീങ്ങിയതോടെ  പരസ്യപ്രസ്താവന പാടില്ലെന്ന് പാര്‍ട്ടിനേതൃത്വം നിര്‍ദ്ദേശിക്കുന്ന അവസ്ഥ വരെയുണ്ടായി. എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അവഗണിച്ച് സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അടൂര്‍ പ്രകാശ്.

Read Also: കോന്നി സീറ്റിനെ ചൊല്ലി കോൺഗ്രസ്സിൽ പൊട്ടിത്തെറി; ഡിസിസി പ്രസിഡന്റും അടൂർ പ്രകാശും തമ്മിൽ തുറന്ന പോര്

എന്നാല്‍, അന്തിമതീരുമാനം അടൂര്‍ പ്രകാശിനെതിരായി. ഡിസിസി മുമ്പോട്ടുവച്ച പി മോഹന്‍ രാജിന്‍റെ പേരാണ് പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുത്തത്. ഇതേത്തുടര്‍ന്നാണ് അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ് പ്രതികരിച്ചിരിക്കുന്നത്. റോബിന്‍ പീറ്ററിനെ തള്ളിയ നിലപാടില്‍ അതൃപ്തിയുണ്ടെന്ന് പറയുമ്പോഴും പാർട്ടിക്കകത്തെ പ്രാദേശിക എതിർപ്പുകളെ കുറിച്ച് ചർച്ചക്ക് താൽപര്യം ഇല്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ ആറ്റിങ്ങലില്‍ മത്സരിച്ചത്  പാർട്ടി പറഞ്ഞത് അനുസരിച്ചാണ്.  വിജയിക്കും എന്ന് കരുതിയല്ല ആറ്റിങ്ങലിൽ മത്സരിച്ചത്. റോബിൻ പീറ്ററിനെതിരായ എസ്എൻഡിപിയുടെ എതിർപ്പിനെക്കുറിച്ച് തെരഞ്ഞെടുപ്പിന് ശേഷം പറയാം. പി മോഹൻ രാജ് പിന്തുണ അഭ്യർത്ഥിച്ച് തന്നെ കാണാനെത്തിയിരുന്നു. അദ്ദേഹം പിന്തുണ അഭ്യർത്ഥിച്ചത് നല്ല കാര്യമാണെന്നും  അടൂർ പ്രകാശ് പറഞ്ഞു.

അടൂര്‍ പ്രകാശിന്‍റെ വീട്ടിലെത്തിയാണ് പി മോഹന്‍രാജ് അദ്ദേഹത്തിന്‍റെ പിന്തുണ തേടിയത്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നത് അടൂര്‍ പ്രകാശിന്‍റെ വീട്ടില്‍ നിന്നാണെന്ന് മോഹന്‍ രാജ് പറഞ്ഞു. വിവാദങ്ങളെയും എതിര്‍പ്പുകളെയും കുറിച്ച് പ്രതികരിക്കാനില്ല. കോന്നിയിലെ പ്രചാരണം അടൂര്‍ പ്രകാശിനെ മുന്‍നിര്‍ത്തിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: കോന്നിയിൽ മോഹൻ രാജ് തന്നെ സ്ഥാനാർത്ഥികും ; അടൂർ പ്രകാശിനെ അനുനയിപ്പിക്കാൻ ശ്രമം

അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഡിസിസി നേതൃത്വത്തിനെതിരെ റോബിന്‍ പീറ്റര്‍ രംഗത്തുവന്നു. ഒരു വിഭാഗം തനിക്കെതിരെ വ്യക്തിഹത്യ നടത്തിയെന്ന് റോബിന്‍ ആരോപിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി ഉള്ള പ്രവര്‍ത്തകര്‍ കോന്നിയിലുണ്ട്. സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്നും റോബിന്‍ പീറ്റര്‍ പറഞ്ഞു.അടൂര്‍ പ്രകാശിന്‍റെ നിര്‍ദ്ദേശം തള്ളി പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെ കോന്നിയില്‍ കാര്യങ്ങള്‍ യുഡിഎഫിന് അത്ര എളുപ്പമാകില്ലെന്നാണ് സൂചന. റോബിന്‍ പീറ്റര്‍ വിമതനായി രംഗത്തുവരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Read Also: കോന്നിയിൽ റിബൽ വരുമോ?

റോബിന്‍ പീറ്ററിനെയല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന്  കോന്നി മണ്ഡലത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് റോബിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രാദേശികനേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരം മാനിക്കാതെ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ കെട്ടിയിറിക്കാനാണ് പാര്‍ട്ടിയുടെ ഉദ്ദ്യേശ്യമെങ്കില്‍ തെര‍ഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്ന് കോന്നിയിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും പ്രഖ്യാപിച്ചിരുന്നു.

Read Also: കോന്നിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്ന് റോബിന് പിന്തുണ പ്രഖ്യാപിച്ചു

കോന്നിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സാമുദായിക പരിഗണന വേണമെന്ന നിലപാടാണ് തുടക്കം മുതല്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ് സ്വീകരിച്ചത്. മണ്ഡലത്തില്‍ മത്സരിക്കേണ്ടത് ഈഴവ സമുദായത്തില്‍ നിന്നുള്ളയാളാണെന്നും ബാബു ജോര്‍ജ് വാദിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്ന അടൂര്‍ പ്രകാശിന്‍റെ വാദം ഡിസിസി തള്ളിയതും ഇക്കാരണം പറഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍,  ഇത് കേവലം ജയസാധ്യതയുടെയോ സാമുദായിക പരിഗണനയുടെയോ വിഷയമല്ലെന്നും അടൂര്‍ പ്രകാശിന്‍റെ മേല്‍ക്കൈ ഇല്ലാതാക്കാനുള്ള നീക്കമാണെന്നുമാണ് റോബിന്‍ പീറ്ററിനെ അനുകൂലിക്കുന്നവര്‍ പറഞ്ഞത്. 

Read Also: 'കോന്നിയിൽ സാമുദായിക സമവാക്യം പ്രധാനം'; വിട്ടുവീഴ്ച ഇല്ലാതെ ബാബു ജോര്‍ജ്

click me!