കോന്നി: ഉപതിരഞ്ഞെടുപ്പില്‍ കോന്നിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം തുടരുന്നു. കോന്നിയിലെ സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക പരിഗണന വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്. സാമുദായിക സമവാക്യം പ്രധാനം തന്നെയെന്ന് ഡിസിസി യോഗത്തില്‍ ബാബു ജോര്‍ജ് ആവര്‍ത്തിച്ചു. കോന്നി മണ്ഡലത്തിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്നായിരുന്നു ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് നേരത്തെ ആവശ്യപ്പെട്ടത്. 

Read Also: കോന്നി സീറ്റിനെ ചൊല്ലി കോൺഗ്രസ്സിൽ പൊട്ടിത്തെറി; ഡിസിസി പ്രസിഡന്റും അടൂർ പ്രകാശും തമ്മിൽ തുറന്ന പോര്

എന്നാല്‍ കോന്നിയിലെ സ്ഥാനാർത്ഥി നിർണയത്തിൽ ജാതിയല്ല ജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ നിലപാട്. തന്‍റെ പിൻഗാമിയായി വിശ്വസ്തനായ പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിൻ പീറ്ററുടെ പേരാണ് അടൂർ പ്രകാശ് മുന്നോട്ട് വച്ചിരുന്നത്. എന്നാൽ ഇതിനെതിരെ  പത്തനംതിട്ട ഡിസിസി രംഗത്തെത്തിയതോടെ കാര്യങ്ങൾ സങ്കീർണമാവുകയായിരുന്നു.

ഡിസിസി നേതൃത്വത്തെ കൂടാതെ കെപിസിസി സെക്രട്ടറി പഴകുളം മധുവും അടൂർ പ്രകാശിന്‍റെ നീക്കങ്ങളെ എതിർത്തിരുന്നു. അടൂർ പ്രകാശിന്‍റെ അപ്രമാദിത്വം ചോദ്യം ചെയ്യാനുള്ള ശ്രമത്തിൽ പോര് മുറുകിയതോടെയാണ് ,റോബിൻ പീറ്ററെ ഒഴിവാക്കാൻ  മണ്ഡലത്തിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്ന് ഡിസിസി ആവശ്യപ്പെട്ടത്. ജയിക്കാൻ ഈഴവ സ്ഥാനാർത്ഥി തന്നെ വേണമെന്നില്ലെന്നും ഡിസിസി പ്രസിഡന്‍റ് തനിക്കെതിരെ  നടത്തിയ പരാമർശങ്ങൾ ശരിയല്ലെന്നുമായിരുന്നു അടൂർ പ്രകാശിന്‍റെ പ്രതികരണം.