പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നതിനിടെ മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് പോഷകസംഘടനകളും യോഗം ചേര്‍ന്ന് റോബിന്‍ പീറ്ററിന് പിന്തുണ പ്രഖ്യാപിച്ചു. 

റോബിന്‍ പീറ്ററല്ലാതെ മറ്റൊരാളെ കോന്നിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന് കോന്നിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. മുന്‍എംഎല്‍എയും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശ് ശക്തമായി വാദിച്ചിട്ടും റോബിന്‍ പീറ്ററിനെ അവഗണിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും പ്രാദേശിക നേതൃത്വം പറയുന്നു. 

പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് ശക്തമായ സംഘടനാ സംവിധാനമുണ്ടായിട്ടും നാല് മണ്ഡലങ്ങളും ഇടതുപക്ഷത്തിന്‍റെ കൈയിലാണ്. കോണ്‍ഗ്രസിനകത്തെ പടലപിണക്കങ്ങള്‍ മുതലാക്കിയാണ് ഇവിടെയൊക്കെ ഇടതുപക്ഷം ജയിച്ചു കയറിയത്. സമാനമായ സാഹചര്യം കോന്നിയിലും സൃഷ്ടിച്ച് ഈ സീറ്റും എല്‍ഡിഎഫിന് സമ്മാനിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും കോന്നിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. 

പ്രാദേശികനേതാക്കളുടേയും പ്രവര്‍ത്തകരുടേയും വികാരം മാനിക്കാതെ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കാനാണ് ഉദ്ദേശമെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്ന് കോന്നിയിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ഇതേ നിലപാടാണ് മഹിളാകോണ്‍ഗ്രസ് നേതാക്കളും സ്വീകരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഡിസിസി നിലപാടിനോട് ശക്തമായ വിയോജിപ്പാണ് കോന്നിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളത്.