തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡ‍ലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ കോൺഗ്രസിൽ തുടരുകയാണ്. വട്ടിയൂർക്കാവിൽ പീതാംബര കുറുപ്പിന് പകരം, കെ മോഹൻകുമാർ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. കെ മുരളീധരനെ അനുനയിപ്പിച്ച ശേഷമാണ് വട്ടിയൂർക്കാവിൽ മോഹൻ കുമാർ എന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തിച്ചേർന്നത്. 

കോന്നി അരൂർ മണ്ഡലങ്ങൾ വച്ച് മാറാനാണ് കോൺഗ്രസിലെ എ ഐ ഗ്രൂപ്പുകളുടെ നീക്കം. കോന്നിയിൽ മോഹൻ രാജിനെയും അരൂരിൽ യുവനേതാവ് എസ് ദീപുവിനെയും മത്സരിപ്പിക്കുകയാണ് ലക്ഷ്യം. എന്നാൽ അടൂർ പ്രകാശ് ഇപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. കോന്നിയിൽ റെബിൻ പീറ്ററല്ല സ്ഥാനാർത്ഥിയെങ്കിൽ ഒരു വിധ ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് ഒരു വിഭാഗം യൂത്ത് കോൺഗ്രസുകാർ പറയുന്നത്.

റോബിൻ പീറ്ററിനായി സമ്മർദ്ദം ശക്തമാക്കുകയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. എ, ഐ ഗ്രൂപ്പുകൾ തമ്മിൽ സീറ്റുകൾ വച്ചുമാറുന്നതിനെയും മണ്ഡലം കമ്മിറ്റി എതിർക്കുന്നു. റോബിൻ പീറ്റർ അല്ലെങ്കിൽ, റിബൽ സ്ഥാനാർത്ഥിയെ ഇറക്കുമെന്നാണ് ഇവരുടെ നിലപാട്.

പ്രതിച്ഛായപ്രശ്നവും മണ്ഡലത്തിൽ നിന്നുയർന്ന എതിർപ്പുകളും കണക്കിലെടുത്താണ് പീതാംബരക്കുറുപ്പിനെ മാറ്റിയത്. കടുത്ത എതിർപ്പ് ഉയർത്തിയ കെ മുരളീധരനെ നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചു. ചെന്നിത്തലയും മുരളിയും തമ്മിൽ രണ്ട് തവണ ചർച്ച നടത്തി. മഞ്ഞുരുക്കാൻ മോഹൻകുമാർ മുരളിയെ വീട്ടിലെത്തി കണ്ടു. മുരളി അയഞ്ഞതോടെ മനുഷ്യാവകാശ കമ്മീഷൻ അംഗത്വം രാജിവെക്കാൻ മോഹൻകുമാറിന് പാർട്ടി നിർദ്ദേശം നൽകി.

വട്ടിയൂർകാവ് ഉൾപ്പെടുന്ന പഴയ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിലെ എംഎൽഎയായിരുന്ന മോഹൻകുമാർ തിരുവനന്തപുരം ഡിസിസി അധ്യക്ഷനുമായിരുന്നു. എറണാകുളത്ത് ടി ജെ വിനോദ് സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചു. രാത്രിയോടെ പട്ടികക്ക് അന്തിമരൂപം നൽകാനുള്ള നീക്കത്തിലാണ് കെപിസിസി ഇപ്പോൾ.