വീട്ടിലെ ഇളമുറക്കാരിക്ക് മാവേലിയെന്നാല്‍ മാസ്‌ക്കിട്ട് വരുന്ന അച്ചാച്ചന്‍ ആണ്

By Web TeamFirst Published Aug 30, 2020, 4:29 PM IST
Highlights

കോവിഡ് കാലത്തെ ഓണം. അഖില വി പി എഴുതുന്നു

സമ്പന്നതയുടെ ധാരാളിത്തം ഇക്കുറി പൂക്കളത്തില്‍ ചിലവാകില്ല. പൂ പറിക്കാന്‍ തൊടിയിലേക്ക് ഇറങ്ങിയേ പറ്റൂ. അത് മാത്രമാണ് ഇക്കുറി ഓണത്തിന് ഒരു പഴമയുള്ളൂ. കെട്ടിലും മട്ടിലും പേരിലും വരെ ഓണം പുതുമയുള്ളതാണ്. ഇത്തവണ പൊന്നോണം അല്ല കോറോണം ആണ്. കമ്പവലിയും ഓണത്തല്ലും ഓണക്കോടിയും ഓണസദ്യയും ഒക്കെ ഓണ്‍ലൈന്‍ ആണ്. കെട്ടകാലത്തും ഓണത്തിന് പുതിയ ഓളങ്ങളുണ്ടാകുകയാണ്. 

 

 

ഓണത്തിനെപ്പോഴും ഗൃഹാതുരതയുടെ ഗന്ധമാണ്. മലയാളികളുടെ നൊസറ്റാല്‍ജിയയോട് ഇത്രയധികം അടുപ്പമുള്ള വേറെ ഒരു ആഘോഷമുണ്ടെന്നു തോന്നുന്നില്ല. എന്റെ  ഓണം ഓര്‍മകള്‍ക്കൊക്കെ ഓരോ മണങ്ങള്‍ ആണ്. ചുട്ടപപ്പടത്തിന്റെയും ഔഷധക്കൂട്ടുകളുടെയും ദാരിദ്ര്യത്തിന്റെ നനവ് പേറുന്ന തുണികളുടെയും മണങ്ങള്‍ നിറഞ്ഞ പഞ്ഞക്കര്‍ക്കിടകത്തിനു അറുതിയായി ചിങ്ങം വന്നെത്തുമ്പോള്‍ തന്നെ മനസിലാകെ ഓണ മണങ്ങള്‍ നിറയും. പുതിയ കുപ്പായങ്ങളുടെ മണം. പൂക്കളുടെ മണം. തൂശനിലയുടെ മണം. അതിലേക്കു വിളമ്പുന്ന 'അമ്മ രുചികളുടെ മണം. 

ജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ഓണ വിഭവങ്ങളും ഏറിയും കുറഞ്ഞും ഇരിക്കും. എങ്കിലും കാണം വിറ്റും ഓണം ഉണ്ടിരുന്ന. എത്ര ഇല്ലായ്മയിലും ഓണക്കോടി മുടക്കാറില്ലാരുന്നു അച്ഛന്‍. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന  കാലത്തു ഒരു ഓണത്തിനായിരുന്നുഅച്ഛന്‍ വയ്യാതെ ആശുപത്രിയില്‍ ആയിരുന്നത്. അക്കുറി  സഹായത്തിനു പോലും ആരുമില്ലാതെ, ആ വാടക വീട്ടില്‍ ഓണം ഇല്ലാതെ ആകുന്നതിനെകുറിച്ചോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടു. എന്നാല്‍ ഒരു ഓണക്കോടിക്കു പകരം മൂന്ന് ഓണക്കോടികളും പല രുചികളിലുള്ള ഓണസദ്യയുമായിരുന്നു എന്നെ കാത്തിരുന്നത്. അതിലും മനോഹരമായ ഒരു ഓണക്കോടിയോ ഓണമോ എനിക്കു ഇണ്ടായിട്ടില്ല. ഇനിയെത്ര ഓണം വന്നു പോയാലും അത് പോലെ ആകുമെന്ന് തോന്നുന്നുമില്ല. ഓണത്തിന് നന്മയുടെയും കരുതലിന്റെയും മണം കൂടി ഉണ്ടെന്നു തോന്നിയത്  അന്ന്  മുതലാണ്.

പൂക്കളം ഇടുന്നതു വീട്ടില്‍ നിര്‍ബന്ധം ആയിരുന്നില്ല. കൊല്ലം തോറും മാറി മാറി വരുന്ന വാടക വീടുകളില്‍ പൂവിടുന്നതും, കര്‍ക്കിടകത്തിനു ശീപോതി വെക്കുന്നതൊക്കെ സ്വന്തമായൊരു തരി മണ്ണില്ലാത്ത നിസ്സഹായതയെ കുറിച്ചു ഓര്‍മിപ്പിക്കുന്നത് കൊണ്ടാകും അതൊന്നും ചെയ്യാന്‍ അമ്മ സമ്മതിച്ചിരുന്നില്ല. 

അക്കാലങ്ങളിലൊക്കെ ഓണമുണ്ടു കഴിഞ്ഞു പുതിയ കുപ്പായമിട്ട് വായനശാലയുടെയോ ക്ലബുകളുടെയോ ഓണാഘോഷ പരിപാടികള്‍ കാണാന്‍ പോകുമായിരുന്നു. വീട്ടില്‍ ടീവി ഇല്ലാരുന്നത് കൊണ്ട് പ്രധാന ഓണ വിനോദം അത് തന്നെ ആയിരുന്നു. മിട്ടായി പെറുക്കല്‍ മുതല്‍ ഓണത്തല്ല് വരെ നീളുന്ന ആഘോഷങ്ങളുടെ തിമിര്‍പ്പുകള്‍. പൂക്കളേക്കാള്‍ ഏറെ വീറും വാശിയും നിറച്ച ഓണപൂക്കള മത്സരങ്ങള്‍. കൂട്ടത്തില്‍ ചുറുചുറുക്കുള്ളവരുടെ വടം വലികള്‍. അതിനിടയില്‍ കൂട്ടുകാരികള്‍ക്കിടയില്‍ പുതിയ കുപ്പായത്തിന്റെ മേനി പറച്ചിലുകള്‍.

കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അത്തരം ഓണ ആഘോഷങ്ങളുടെ പൊലിമ നഷ്ടമായ. ഇട വഴിയിലോ റോഡിന്റെ ഓരത്തോ മതിലിന്റെ മുകളിലോ നിന്ന് ഓണാഘോഷ പരിപാടികള്‍ കാണുന്നതിലേക്ക് അത് ചുരുങ്ങി.  പിന്നേം കുറച്ചു കഴിഞ്ഞപ്പോ ക്ലബ്ബുകളും വായനശാലകളും ആഘോഷങ്ങള്‍ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് വെച്ച്  മാറി. കുടവയറന്‍ മാവേലീ വീട്ടിലെത്തി പൂക്കളത്തിനു മാര്‍ക്കിട്ടു പോയി. അമ്മരുചികള്‍ ഇടക്കെപ്പോഴോ ഹോട്ടല്‍ സദ്യക്ക് വഴി മാറി. എങ്കിലും ഓണത്തിന്റെ ഓളത്തിനൊട്ടും കുറവുണ്ടായില്ല.

അത്തം മുതല്‍ പത്തു ദിവസോം അത് കഴിഞ്ഞു രണ്ടാം ഓണവും ,മൂന്നാം ഓണവുമൊക്കെ ആയി അത് പൊടി പൊടിച്ചു. ഇക്കുറി കഥയാകെ മാറി. ഓണത്തിന് ഒപ്പം കൂടേണ്ടവരൊക്കെ പലയിടങ്ങളിലാണ്. ഒന്‍പതു മാസം പ്രായമുള്ള വീട്ടിലെ ഇളമുറക്കാരിക്ക് മാവേലിയെന്നാല്‍ ടീവിയില്‍ മാസ്‌ക്കിട്ട് ഗ്യാപ്പിട്ട് സോപ്പ് ഇട്ട് വരുന്ന ഒരു അച്ചാച്ചന്‍ ആണ്. അതിനപ്പുറത്തേക്ക് കുട വയറു കുലുക്കി നിറ ചിരിയുമായി ഓണ നാളില്‍ തന്നെ കാണാന്‍ വരുന്ന മാവേലി അവള്‍ക് അന്യമാണ്

സമ്പന്നതയുടെ ധാരാളിത്തം ഇക്കുറി പൂക്കളത്തില്‍ ചിലവാകില്ല. പൂ പറിക്കാന്‍ തൊടിയിലേക്ക് ഇറങ്ങിയേ പറ്റൂ. അത് മാത്രമാണ് ഇക്കുറി ഓണത്തിന് ഒരു പഴമയുള്ളൂ. കെട്ടിലും മട്ടിലും പേരിലും വരെ ഓണം പുതുമയുള്ളതാണ്. ഇത്തവണ പൊന്നോണം അല്ല കോറോണം ആണ്. കമ്പവലിയും ഓണത്തല്ലും ഓണക്കോടിയും ഓണസദ്യയും ഒക്കെ ഓണ്‍ലൈന്‍ ആണ്. കെട്ടകാലത്തും ഓണത്തിന് പുതിയ ഓളങ്ങളുണ്ടാകുകയാണ്. 

കോറോണയ്ക്ക് എന്ത് തോന്നിയാലും ,ഓണത്തിനും മാവേലിക്കും ഒന്നും തോന്നാന്‍ മലയാളി സമ്മതിക്കില്ല.

 

കൊറോണക്കാലത്തെ ഓണം: വായനക്കാരെഴുതിയ കുറിപ്പുകള്‍

വീടിനുള്ളില്‍ ഒതുങ്ങിയ ചെറിയോണം  നമുക്ക് സര്‍ഗാത്മകതയുടെ വല്യോണമാക്കാം 

വാട്ട്‌സാപ്പില്‍ ഒരോണക്കാലം

കൊറോണക്കാലത്തെ ഏറ്റവും മനോഹരമായ  ഓണാനുഭവം എന്തായിരിക്കും? 

എന്നാലും ഓണം പൊടിപൊടിക്കും! 

മാവേലി ക്വാറന്റീനില്‍ പോവുമോ? 

അതിരുകളില്ലാത്ത സൗഹാര്‍ദ്ദത്തിന്റെ വിരുന്നൂട്ടല്‍ 

ഓണം എല്ലാവരുടെയുമാണ്! 
 

click me!