Asianet News MalayalamAsianet News Malayalam

വാട്ട്‌സാപ്പില്‍ ഒരോണക്കാലം

കൊറോണക്കാലത്തെ ഓണം. ഇര്‍ഫാന ഹനീഫ് എഴുതുന്നു

onam in corona days by Irfana Haneefa
Author
Thiruvananthapuram, First Published Aug 27, 2020, 5:34 PM IST

ഇക്കുറി ഓണത്തിന്, നമ്മള്‍ മലയാളികള്‍ക്ക് ഒരു പരിചയവും കൂടി ഇല്ലാതിരുന്ന കുറേ പുതിയ വാക്കുകളും, വിശേഷങ്ങളും ക്ഷണിക്കാതെ വരുന്നുണ്ട്. ക്വാറന്റൈന്‍, ലോക്ക് ഡൗണ്‍, കന്റെയിന്‍മെന്റ് സോണ്‍, സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ്, ഹോ... എല്ലാം കൂടെ ആലോചിക്കുമ്പോ തന്നെ പേടി തോന്നുന്നു. എവിടെ നിന്നോ വന്ന ഇത്തിരിക്കുഞ്ഞന്‍ വൈറസുകള്‍ കാരണം ലോകം തന്നെ എങ്ങനെയെല്ലാമാണ് മാറിപ്പോയതെന്നു നോക്കണേ..

 

onam in corona days by Irfana Haneefa

 

ഓണപ്പൂക്കളമൊരുക്കി, ഓണപ്പാട്ടുകളും പാടി, എല്ലാ മത്സരങ്ങളിലും പങ്കെടുത്ത് കുറേ സമ്മാനങ്ങളും വാരിക്കൂട്ടി, ഒരു സഞ്ചിയില്‍ അഞ്ചു കിലോയുടെ ഓണ അരിയും തലയിലേറ്റി വീട്ടിലേക്കൊരു നടത്തമുണ്ട്. 

ഇര്‍ഫാന ഹനീഫ് എഴുതുന്നു

ഐശ്വര്യത്തിന്റെയും, സമ്പല്‍ സമൃദ്ധിയുടെയും പ്രതീകമായ ഓണം പടിവാതില്‍ക്കല്‍ വന്നെത്തുമ്പോള്‍ ബാല്യത്തിലെ സ്‌കൂള്‍ ഓണാഘോഷ ഓര്‍മ്മകളാണ് മനസ്സിലാകെ. അത്തപ്പൂക്കള മത്സരവും, സുന്ദരിക്കു പൊട്ടു കുത്തലും, കലം പൊട്ടിക്കലുമായി ഓണാഘോഷ പരിപാടികള്‍. വിഭവസമൃദ്ധമായ ഓണസദ്യ വായില്‍ ഒരു കപ്പലോടിക്കാന്‍ മാത്രമുള്ള വെള്ളം നിറയ്ക്കുന്നു.

അന്നൊക്കെ കടയില്‍ നിന്നും വാങ്ങി പൂക്കളമിടുന്ന പരിപാടി ഒന്നും ഇല്ല. തലേ ദിവസം ക്ലാസ്സ് ലീഡര്‍ എല്ലാവരോടും പൂക്കള്‍ കൊണ്ടു വരാന്‍ പറയും. കൂടെ കുറച്ച് പേപ്പറുകളും, പൂക്കള്‍ പിച്ചി മുറിക്കുന്നതിനായി ഒരു ബ്ലേഡും കയ്യില്‍ കരുതും. പായസത്തിനായി ഓരോ മുറി തേങ്ങയും, സാമ്പാറിന് വേണ്ട പച്ചക്കറി കഷ്ണങ്ങളും കൊണ്ടു വരാന്‍ ടീച്ചര്‍മാര്‍ പറയും. പിറ്റേന്ന് രാവിലെ കുളിയൊക്കെ കഴിഞ്ഞ്, പൂക്കള്‍ തേടി വീടായ വീടുകളും, തൊടിയായ തൊടികളും കയറിയിറങ്ങും. ചിലരുടെ കയ്യീന്ന് വഴക്കൊക്കെ കേള്‍ക്കും. മിക്കവാറും അനിയത്തിമാര്‍ക്കും, ഏട്ടനുമെല്ലാം ഒരേ ദിവസം തന്നെയായിരിക്കും സ്‌കൂളിലെ ഓണാഘോഷം. നേരത്തെ ഓടിച്ചെന്ന് പൂക്കള്‍ പറിക്കുന്നവര്‍ക്കാകും കൂടുതല്‍ പൂക്കള്‍ കിട്ടുക. എന്തെന്നില്ലാത്തൊരു ഊര്‍ജ്ജമാണ് ആ ദിവസത്തിന്. പരീക്ഷയുടെ ചൂടില്‍ നിന്നും കിട്ടുന്ന വലിയൊരു റിഫ്രഷ്‌മെന്റ്. ഓണപരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ പത്തു ദിവസത്തിന് പൂട്ടുമല്ലോ എന്നതാണ് അതിലെ ഏറ്റവും സന്തോഷമുള്ള കാര്യം. 

വെളുത്തു മിനുസമാര്‍ന്ന അഞ്ചിതളുകളോട് കൂടിയ നന്ത്യാര്‍വട്ട പൂവും കാഴ്ചയില്‍ രാജാവിന്റെ കിരീടം പോലെ തോന്നിക്കുന്ന പപ്പടചെടിയുടെ ചുവന്ന 'കൃഷ്ണ കിരീടവു'മായിരുന്നു മുഖ്യ ആകര്‍ഷണങ്ങള്‍. പിന്നെയുമുണ്ട് കുറേ പൂക്കള്‍. പല നിറങ്ങളിലുള്ള ചെമ്പരത്തികള്‍, വെളുത്ത തുമ്പ പൂവ്, കസ്തൂരി വെണ്ടയുടെ നടുക്ക് ചുവന്ന പൊട്ടു പോലെയുള്ള വട്ടവും ചുറ്റും മഞ്ഞ ഇതളുകളും നിറഞ്ഞ പൂക്കളും പൂച്ചവാല്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന വയലറ്റ് നിറത്തിലുള്ള ഒരു നീണ്ട പൂവും.  ആ പൂക്കളൊന്നും ഇപ്പോള്‍ തൊടികളിലില്ല എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു സത്യം.

ഓണപ്പൂക്കളമൊരുക്കി, ഓണപ്പാട്ടുകളും പാടി, എല്ലാ മത്സരങ്ങളിലും പങ്കെടുത്ത് കുറേ സമ്മാനങ്ങളും വാരിക്കൂട്ടി, ഒരു സഞ്ചിയില്‍ അഞ്ചു കിലോയുടെ ഓണ അരിയും തലയിലേറ്റി വീട്ടിലേക്കൊരു നടത്തമുണ്ട്. പിന്നെ പത്തു ദിവസത്തിന് സ്‌കൂള്‍ അവധിയാണ്. വിരുന്നുപോക്കും, ഊഞ്ഞാലാട്ടവുമൊക്കെയായി പത്തുദിവസം പത്തു മിനിറ്റ് പോലെ കഴിഞ്ഞ് പോകും.

കോളേജിലയിരുന്നപ്പോള്‍ ഒരിക്കല്‍ ഓണവും പെരുന്നാളും ഒരുമിച്ച് വന്നപ്പോള്‍ ഓണപ്പാട്ടുകളുടെയും പെരുന്നാള്‍ പാട്ടുകളുടെയും ലയമായിരുന്നു വേദികളില്‍. മൈലാഞ്ചി മൊഞ്ചുള്ള ഓണാഘോഷം. 

ഇക്കുറി ഓണത്തിന്, നമ്മള്‍ മലയാളികള്‍ക്ക് ഒരു പരിചയവും കൂടി ഇല്ലാതിരുന്ന കുറേ പുതിയ വാക്കുകളും, വിശേഷങ്ങളും ക്ഷണിക്കാതെ വരുന്നുണ്ട്. ക്വാറന്റൈന്‍, ലോക്ക് ഡൗണ്‍, കന്റെയിന്‍മെന്റ് സോണ്‍, സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ്, ഹോ... എല്ലാം കൂടെ ആലോചിക്കുമ്പോ തന്നെ പേടി തോന്നുന്നു. എവിടെ നിന്നോ വന്ന ഇത്തിരിക്കുഞ്ഞന്‍ വൈറസുകള്‍ കാരണം ലോകം തന്നെ എങ്ങനെയെല്ലാമാണ് മാറിപ്പോയതെന്നു നോക്കണേ..

മിക്കവാറും ആളുകള്‍ വീട്ടിലാണ്. അല്ല, അതങ്ങനെയെ പറ്റൂ.. എവിടെ നിന്നാണ് രോഗം വരിക എന്ന് അറിയില്ല.. പിന്നെ നമ്മള്‍ കാരണം ആര്‍ക്കും ഒരു രോഗവും ഉണ്ടാവുകയുമരുത്. ഈയൊരു കൊല്ലം മാത്രം ജീവിച്ചാല്‍ പോരല്ലോ. ഇപ്പൊ ക്ഷമിച്ച് ആഘോഷങ്ങളൊക്കെ മാറ്റി വെച്ച് ജാഗ്രതയോടെ ഇരുന്നാലല്ലേ ഈ വൈറസുകളെ നമ്മള്‍ക്ക് പിടിച്ചുകെട്ടാന്‍ പറ്റൂ. പിന്നെചുറ്റും ഒരുപാടു പ്രായമുള്ളവരും, പ്രമേഹരോഗികളുമൊക്കെ ഉള്ളതല്ലേ.. നമ്മുടെ അശ്രദ്ധ നാടൊട്ടുക്കും വിനയാവരുതല്ലോ.. 

ആഘോഷങ്ങളില്ല.. ആശംസകള്‍ മാത്രം. എങ്കിലും ഓണ്‍ലൈനില്‍ ആഘോഷങ്ങള്‍ക്ക് പുതിയ ഒരു വാതില്‍ തുറന്നിട്ടുണ്ട്. 

ആദ്യം തന്നെ ഞങ്ങള്‍ കോളേജ് വാട്‌സാപ്പ് ഗ്രൂപ്പിന്റെ പേരു മാറ്റി. ആര്‍പ്പോയ് .... ഇര്‍റോ. ' ഹാപ്പി ഓണം' 'തിരുവോണാശംസകള്‍' മാവേലി മന്നന്‍,
തൃക്കാക്കരപ്പന്‍ തുടങ്ങി ഒരുപാടു സ്റ്റിക്കറുകള്‍ ഇപ്പോഴേ ഗ്രൂപ്പാകെ നിറഞ്ഞു. പ്രോഗ്രാമുകളും ഷെഡ്യൂള്‍ ചെയ്തു. ഓണപ്പാട്ട്, ഓണ സെല്‍ഫി മല്‍സരം, അത്തപ്പൂക്കള ഫോട്ടോ മല്‍സരം...അങ്ങനെ. പിന്നെ എല്ലാവരും ചേര്‍ന്ന് ഒരു ഗ്രൂപ്പ് വീഡിയോ കാള്‍.

കൂട്ടത്തില്‍ അല്‍പം രൂപ പിരിവിട്ട് കുറച്ച് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാനും പ്ലാനിട്ടിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍, വിര്‍ച്വല്‍ ഓണാഘോഷം.


കാലമിനിയുമുരുളും..
വിഷുവരും വര്‍ഷം വരും
തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്വരും
അപ്പോഴാരെന്നും
എന്തെന്നും ആര്‍ക്കറിയാം..

(സഫലമീ യാത്ര-എന്‍. എന്‍ കക്കാട്)

Follow Us:
Download App:
  • android
  • ios