വരുമാനം ഒന്നും ഇല്ലാതെ, ആരോടും ഒന്നും പറയാന്‍ കഴിയാതെ ജീവിക്കുന്ന ഒരുപാട് പേരാണ് ചുറ്റിലും. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഒരു മലയാളി എങ്ങിനെ ഓണം ആഘോഷിക്കും? സര്‍ക്കാരിന്റെ ഓണക്കിറ്റ് ഉള്ളത് കൊണ്ട് ഓണത്തിന് പട്ടിണിയാകില്ല എന്ന് എനിക്ക്  ഉറപ്പ് ഉണ്ട്. ഇതൊന്നും ലഭിക്കാത്ത ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. അങ്ങിനെ ഉള്ളവരെ കണ്ടു മുട്ടിയാല്‍ ഒന്ന് സഹായിക്കുക. ഒരു നേരം നമ്മള്‍  ചെയ്യുന്ന സഹായം കൊണ്ട് ഒരു ജീവന്‍ നിലനില്‍ക്കാന്‍ സഹായിക്കുമെങ്കില്‍ അതില്‍പരം വലിയ കാര്യം മറ്റെന്താണുള്ളത്.

 

 

2018 -ലാണ് നമ്മുടെ ഓണങ്ങളുടെ സ്വഭാവം മാറുന്നത്. കേരളത്തെ പ്രളയത്തില്‍ മുക്കിയ മഴക്കാലത്തിന്റെ ബാക്കിയായിരുന്നു ആ തിരുവോണം. പ്രളയം കൂടുതലും ബാധിച്ചത് മധ്യകേരളത്തില്‍ ആയിരുന്നു. ഞാന്‍ ജീവിക്കുന്നത് എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ ആയിരുന്നതിനാല്‍, എന്നെയും കുടുംബത്തെയും നാട്ടുകാരെയും നല്ല രീതിയില്‍ ബാധിച്ചു. ആ ഓണം ആഘോഷങ്ങള്‍ ഇല്ലാതെ ചിലവഴിച്ചത് ബന്ധു വീട്ടില്‍ ആയിരുന്നു. 

 

അടുത്ത വര്‍ഷവും പ്രളയം വന്നു. വ്യക്തിപരമായി എന്റെ പ്രണയ പരാജയവും. പക്ഷെ ആ പ്രളയം ഞങ്ങളെ ബാധിച്ചില്ല. അത് കൂടുതലും വടക്കന്‍ കേരളത്തില്‍ ആയിരുന്നു. പക്ഷെ പ്രണയ പരാജയം എന്നെ നല്ല രീതിയില്‍ ബാധിച്ചു. എന്നെ മാത്രം ബാധിക്കുന്ന വിഷയം ആയത് കൊണ്ട് കൂടുതല്‍ പറഞ്ഞ് വായനക്കാരെ ബോറിപ്പിക്കുന്നില്ല. 

പറഞ്ഞ് വന്നത് ഒരു കാര്യം മാത്രമാണ്-ആ ഓണവും ആഘോഷങ്ങള്‍ ഇല്ലാതെ പോയി എന്ന കാര്യം. പിന്നെയാണ് ഈ ഓണക്കാലമെത്തുന്നത്. കിടക്കാച്ചി ഓണം' കൊറോണം എന്നുറപ്പിക്കാവുന്ന നാളുകള്‍. എന്നെ മാത്രമല്ല ലോകത്തെ മുഴുവന്‍ ആണ് ഇക്കാലം ബാധിച്ചത്. ഒരാഴ്ച്ച അടുപ്പിച്ച് മഴ പെയ്തപ്പോള്‍ ഇത്തവണയും പ്രളയം വരുമെന്ന് ഭയന്നിരുന്നു. പക്ഷെ വന്നില്ല എന്നാലും അമ്മ സാധനങ്ങള്‍ ഒക്കെ വീടിനു മുകളിലേക്ക് കയറ്റിവെച്ചു. 

ഇത്തവണ എങ്ങാന്‍ പ്രളയം വന്നാല്‍ എന്താകും  കേരളത്തിന്റെ അവസ്ഥ?  സാമൂഹിക അകലം പാലിക്കേണ്ട സാഹചര്യത്തില്‍ എങ്ങിനെ ആളുകള്‍ ക്യാമ്പുകളില്‍ കഴിയും? ബന്ധു വീടുകളില്‍ അഭയം പ്രാപിക്കും?. 

കൊറോണ വരാന്‍ സാധ്യത ഉള്ള  എല്ലാ സാഹചര്യങ്ങളിലൂടെയും കടന്നു പോകേണ്ടി വരുന്ന ഒരു വ്യക്തി ആണ് ഞാന്‍. ഒരു മെഡിക്കല്‍ റെപ്. ഈ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഒരുപാട് ആളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടു, ചിലരുടെ ശമ്പളം പാതിയാക്കി. പക്ഷെ എന്റെ കമ്പനി എന്നെ ചതിച്ചില്ല. പ്രതീക്ഷിച്ച കച്ചവടം ഇല്ലാതെയും എനിക്കും എന്റെ കൂടെ ഉള്ളവര്‍ക്കും ശമ്പളം തന്നു കൊണ്ടിരിക്കുന്നു. 

എന്റെ അച്ഛന് കല്‍പ്പണി ആണ്, ചേട്ടന് വെല്‍ഡിങ്ങും. അമ്മയും ചേട്ടത്തിയും കൊച്ചും ഉണ്ട്. കൊറോണ വന്നതിനു ശേഷം അച്ഛന്റെയും ചേട്ടന്റെയും ജോലി ദിനങ്ങള്‍ കുറഞ്ഞു. ഇല്ലെന്ന് തന്നെ പറയാം. പറഞ്ഞ് വന്നത്, മൂന്ന് പേര്‍ ജോലിക്ക് പോയിട്ടും സാമ്പത്തിക ഭദ്രത ഉറപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല എന്ന കാര്യമാണ്. അപ്പോള്‍ ഒരാള്‍ മാത്രം ജോലിക്ക് പോയി ആ വരുമാനം വെച്ച്  ജീവിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും?  

വരുമാനം ഒന്നും ഇല്ലാതെ, ആരോടും ഒന്നും പറയാന്‍ കഴിയാതെ ജീവിക്കുന്ന ഒരുപാട് പേരാണ് ചുറ്റിലും. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഒരു മലയാളി എങ്ങിനെ ഓണം ആഘോഷിക്കും? സര്‍ക്കാരിന്റെ ഓണക്കിറ്റ് ഉള്ളത് കൊണ്ട് ഓണത്തിന് പട്ടിണിയാകില്ല എന്ന് എനിക്ക്  ഉറപ്പ് ഉണ്ട്. ഇതൊന്നും ലഭിക്കാത്ത ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. അങ്ങിനെ ഉള്ളവരെ കണ്ടു മുട്ടിയാല്‍ ഒന്ന് സഹായിക്കുക. ഒരു നേരം നമ്മള്‍  ചെയ്യുന്ന സഹായം കൊണ്ട് ഒരു ജീവന്‍ നിലനില്‍ക്കാന്‍ സഹായിക്കുമെങ്കില്‍ അതില്‍പരം വലിയ കാര്യം മറ്റെന്താണുള്ളത്. അതിലേറെ മനോഹരമായ ഓണാനുഭവം മറ്റെന്താണുള്ളത്?