90 -കളില്‍ ജനിച്ച ഏറെക്കുറെ സിനിമാ പ്രേമിയുടെയും ഓണക്കാലം അങ്ങനെ തന്നെയാവും. കാരണം അക്കാലത്ത് പുതിയ സിനിമകള്‍ കാണണമെങ്കില്‍ റിലീസ് കാലത്ത് തീയറ്ററില്‍ പോകണം പുതിയ സിനിമയുടെ സി.ഡി വിപണിയിലെത്താന്‍ വര്‍ഷങ്ങളെടുക്കുമായിരുന്നു. സ്വാതന്ത്ര്യ ദിനം, ഓണം, പെരുന്നാള്‍ ക്രിസ്തുമസ് ഇങ്ങനെയുള്ള ആഘോഷ ദിവസങ്ങളില്‍ മാത്രമാണ് മിനി സ്‌ക്രീനില്‍ പുതിയ സിനിമകള്‍ കാണാന്‍ കഴിയുക. ഉത്രാടം മുതല്‍ ചതയം വരെയുള്ള നാല് ദിവസങ്ങളില്‍ ചാനലുകള്‍ക്ക് നല്ല കൊയ്ത്താവും. രാവിലെ ടെലിവിഷനു മുന്നിലിരുന്നാല്‍ ഉറങ്ങുന്നത് വരെ പുതിയ പുതിയ സിനിമകള്‍ കാണാം. 

മലബാറിലെ മുസ്ലിം കുടുംബങ്ങളില്‍ ഓണം ആഘോഷിക്കുന്നവര്‍ താരതമ്യേന കുറവാണ്. അതിന് മതപരമായ ചില കാരണങ്ങളുണ്ട്. അത് കൊണ്ട് തന്നെ അതിന്റെ ശരി തെറ്റുകളിലേക്ക് ഞാന്‍ കടക്കുന്നില്ല. കാരണം വര്‍ഷങ്ങളായി പലവിധത്തില്‍ ഓണം എന്റെ ജീവിത വ്യവഹാരങ്ങളില്‍ ഇടപെട്ട് വരുന്നുണ്ട്. ചെറുപ്പത്തിലെ ഓണമെന്നാല്‍ 10 ദിവസത്തെ സ്‌കൂള്‍ അവധിയും മിനി സ്‌ക്രീനിലെത്തുന്ന പുതിയ സിനിമകളുമായിരുന്നു. അതിനപ്പുറം മാവേലിയും വാമനനും പൂക്കളവും എന്തിലധികം പറയണം ഓണസദ്യ പോലും നമ്മുടെ വിഷയമായിരുന്നില്ല. 

90 -കളില്‍ ജനിച്ച ഏറെക്കുറെ സിനിമാ പ്രേമിയുടെയും ഓണക്കാലം അങ്ങനെ തന്നെയാവും. കാരണം അക്കാലത്ത് പുതിയ സിനിമകള്‍ കാണണമെങ്കില്‍ റിലീസ് കാലത്ത് തീയറ്ററില്‍ പോകണം പുതിയ സിനിമയുടെ സി.ഡി വിപണിയിലെത്താന്‍ വര്‍ഷങ്ങളെടുക്കുമായിരുന്നു. സ്വാതന്ത്ര്യ ദിനം, ഓണം, പെരുന്നാള്‍ ക്രിസ്തുമസ് ഇങ്ങനെയുള്ള ആഘോഷ ദിവസങ്ങളില്‍ മാത്രമാണ് മിനി സ്‌ക്രീനില്‍ പുതിയ സിനിമകള്‍ കാണാന്‍ കഴിയുക. ഉത്രാടം മുതല്‍ ചതയം വരെയുള്ള നാല് ദിവസങ്ങളില്‍ ചാനലുകള്‍ക്ക് നല്ല കൊയ്ത്താവും. രാവിലെ ടെലിവിഷനു മുന്നിലിരുന്നാല്‍ ഉറങ്ങുന്നത് വരെ പുതിയ പുതിയ സിനിമകള്‍ കാണാം. 

ആകാശവാണിയിലെ ദാദാസാഹിബ് സിനിമ ശബ്ദരേഖയും കൈരളി ടി വി യിലെ വല്ല്യേട്ടനും ഏഷ്യാനെറ്റിലെ രാവണപ്രഭുവുമൊക്കെ സിനമക്കപ്പുറം ഇപ്പോള്‍ ഒരു കാലത്തെയാണ് ഓര്‍മയിലെത്തിക്കുന്നത്. സ്‌കൂള്‍ അവധി എന്നതിനെക്കാള്‍ സിനിമ ഭ്രാന്തായിരുന്നു ഓണക്കാലത്തിനായുള്ള കാത്തിരിപ്പിന്റെ കാതല്‍. രണ്ട് മണിക്കൂര്‍ സിനിമക്ക് വേണ്ടി നാലു മണിക്കൂര്‍ പ്രേക്ഷകനെ ചാനലിന് മുന്നിലിരുത്തുന്ന കൊടും ചതിയെ ക്ഷമയോടെ സഹിക്കാനും തയ്യാറായിരുന്നു എന്നോര്‍ക്കുമ്പോഴാണ് വാമനനെക്കാള്‍ വലിയ വഞ്ചന ചെയ്തത് ഈ ചാനലുകളായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നത്.

ബാല്യം മുതല്‍ കൗമാരത്തിന്റെ പകുതിവരെ ജീവിച്ചത് അധികവും ഉമ്മയുടെ വീട്ടിലായിരുന്നു. അവിടെ ഞാനും വല്ല്യുമ്മയും അമ്മോനും മാത്രമായിരുന്നു പിന്നെയുളളത് അടുത്ത വീട്ടിലെ സുഭാഷും ബിനീഷുമൊക്കെയാണ് അവരുടെ വീട്ടിലൊക്കെ ഓണമായാല്‍ ഗംഭീരമായ ആഘോഷമാണുണ്ടാവുക. അത്തപ്പൂക്കളവും ഓണസദ്യയും ഒക്കെ ആദ്യമായി അനുഭവിച്ചറിഞ്ഞത് അവിടെ നിന്നാണ്. തുപ്രേട്ടന്റെ ഫാമിലിയാണ് ഓണത്തിന് വീട്ടിലേക്ക് ക്ഷണിക്കുക, എന്നെക്കാള്‍ മൂത്തവരായ പ്രകാശനും സുരേഷുമായിട്ടാണ് അവിടെ കൂട്ട്. അത് കൊണ്ട് തന്നെ ക്ഷണിക്കുക എന്നതിനെക്കാള്‍ കയറി ചെല്ലുക എന്ന് പറയുന്നതാവും കൂടുതല്‍ ശരി. കാരണം നല്ലൊരു സദ്യ കിട്ടണമെങ്കില്‍ ഞങ്ങള്‍ക്ക് വിഷുവോ ഓണമോ വരണം തുപ്രേട്ടന്റെ വീട്ടില്‍ ആ ദിവസം ചോറുണ്ടാക്കുന്ന അളവില്‍ തന്നെ പായസം ഉണ്ടാക്കണം എന്ന് പറഞ്ഞു ശ്രീജ ചേച്ചി ഞങ്ങളെ കളിയാക്കലുണ്ടായിരുന്നു. 

കാരണം ഞങ്ങളുടെ കൂട്ടത്തിലൊരു ഒന്നൊന്നര മൊതലുണ്ടായിരുന്നു റഷീദ് മോന്‍. കുടവയര്‍ നിറഞ്ഞാലും മിനിമം നാല് ക്ലാസ് പായസം അകത്താക്കാന്‍ ശേഷിയുള്ള മാരക ഐറ്റം. സത്യത്തില്‍ ഞങ്ങള്‍ക്ക് ഓണക്കാലം അതിരുകളില്ലാത്ത സൗഹാര്‍ദ്ദത്തിന്റെ വിരുന്നുട്ടലായിരുന്നു. ഈ ഓണം എല്ലാ നഷ്ടങ്ങള്‍ക്കുമപ്പുറം വലിയ നീറ്റലായി മാറുന്നത് ഞങ്ങളുടെ ഇല്ലാതാവുന്ന ആ കൂടിച്ചേരലിനെ ഓര്‍ത്ത് മാത്രമാവും.