ഇക്കൊല്ലത്തെ ഓണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, ചിരിയാണോ സങ്കടമാണോ വരുന്നതെന്നറിയില്ല. ആരൊക്കെ പൂക്കളമിട്ടില്ലെങ്കിലും എല്ലാവരും തന്നെ മാസ്‌കിടും, തീര്‍ച്ച. പുത്തന്‍ ഉടുപ്പിനു പകരം പുത്തന്‍ മാസ്‌ക്. പായസം മിക്സിന് പകരം സാനിറ്ററൈസര്‍. പൂക്കള്‍ക്ക് പകരം ഒരു വാക്സിന്‍ വന്നാല്‍ മതിയായിരുന്നു. നമ്മള്‍ മനുഷ്യരുടെ കാര്യം അവിടെ നില്‍ക്കട്ടെ. മഹാബലിയുടെ കാര്യം ആലോചിക്കുമ്പോഴാണ് സങ്കടം.

 

 

കുറെ ഓണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കൊറോണക്കാലം പോലെ ഒരു ഓണക്കാലം ഉണ്ടായിട്ടില്ല. ഈ സമയത്ത് കഴിഞ്ഞ ഓണങ്ങള്‍ മനസ്സില്‍ മിന്നിമറയുകയാണ്. പൂക്കള്‍ അധികം വാങ്ങാറില്ല. കുറച്ച് പൂക്കള്‍ മാത്രമേ കടയില്‍ നിന്നും വാങ്ങാറുള്ളു. ബാക്കിയൊക്കെ പരിസരത്തുനിന്നും പറിക്കുകയാണ് പതിവ്. 

പിന്നെയുള്ളത് പറഞ്ഞാല്‍ കുറച്ചു കോമഡിയാ. പ്രഥമന് വേണ്ടി ഒന്നാം പാലും രണ്ടാം പാലും എടുത്ത് ഒന്നിനും കൊള്ളാതായ തേങ്ങാപീരയുണ്ടാകും. അമ്മ അതില്‍ കുറച്ച് ഉജാല ഒഴിക്കും. അപ്പോള്‍ അത് നല്ല നീലക്കളറാകും. അതുകൊണ്ടുപോയി പൂക്കളുടെ നടുവില്‍ നല്ല രീതിയില്‍ അങ്ങ് വരയ്ക്കും. അങ്ങനെ ഉജാല, മഞ്ഞള്‍പൊടി, മുളക് പൊടി, ചായപ്പൊടി എന്നിവയെല്ലാം കൊണ്ട് തേങ്ങാപ്പീരയെ പലതരം പൂക്കളുടെ ഇതളുകളാക്കി അമ്മയങ്ങ് മാറ്റും. ഒടുവില്‍ പൂക്കളമൊരുക്കി കഴിയുമ്പോള്‍ ഇതുപോലൊരു സ്റ്റൈലന്‍ പൂക്കളം വേറെ എവിടെയും ഉണ്ടാകില്ല. ചിലപ്പോഴൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്, അമ്മ പൂക്കളമൊരുക്കാന്‍ വേണ്ടിയാണോ എനിക്കിഷ്ടപ്പെട്ട പാല്‍പ്പായസത്തെ ഒഴിവാക്കി പ്രഥമന്‍ വയ്ക്കുന്നത് എന്ന്. പക്ഷെ കഴിഞ്ഞ വര്‍ഷം അമ്മയൊന്ന് മാറ്റിപ്പിടിച്ചു. തേങ്ങാപ്പീരയ്ക്കു പകരം മോശമായ അരിപ്പൊടി പ്രയോഗമാണ് നടത്തിയത്. അതും പക്ഷെ ഗംഭീരമായിരുന്നു.

പിന്നെ പറയാനുള്ളത് ഓണക്കോടിയുടെ കാര്യമാണ്. മിനിമം ഒരു മൂന്ന് ഓണക്കോടിയെങ്കിലും കിട്ടാറുണ്ട്. എത്ര വസ്ത്രങ്ങള്‍ വാങ്ങിയാലും ഓണത്തിന് കിട്ടുന്ന വസ്ത്രങ്ങള്‍ക്ക് ഒരു പ്രത്യേക ഭംഗിയാ.. പിന്നെയുള്ളത് ടി.വിയിലെ പുതിയ സിനിമകളാണ്. തീയറ്ററില്‍ പോയാല്‍ കിട്ടുന്ന അതേ സന്തോഷമായിരിക്കും ഓണത്തിനു വരുന്ന പുതിയ സിനിമകള്‍ കാണുമ്പോള്‍ ഉണ്ടാകുന്നത്. ഇഷ്ടപ്പെട്ട സിനിമകളാണ് വരുന്നതെങ്കില്‍ ഒരു രണ്ടാഴ്ച മുമ്പെ മനസ്സില്‍ തീരുമാനിക്കും, ഏതൊക്കെ സിനിമകള്‍ കാണണമെന്നും അതിനുമുമ്പെയുള്ള ദിനചര്യകള്‍ എങ്ങനെയായിരിക്കണമെന്നും. ആ ഒരു കാത്തിരിപ്പിന്റെയും മറ്റും സുഖം മൊബൈലില്‍ കാണുമ്പോള്‍ കിട്ടില്ലല്ലോ.

എന്തൊക്കെ പറഞ്ഞാലും നമ്മള്‍ മലയാളികള്‍ക്ക് ഓണമെന്നത് ഒരു വികാരമാണ്. അതില്‍ സംശയമൊന്നുമില്ല.

തൊടിയിലെ പൂക്കള്‍ പറിച്ച് കൂട്ടുകാരുമൊത്ത് ചേര്‍ന്ന് നടന്ന് കൈയ്യും കാലും കഴുകാതെ വീട്ടിനുള്ളില്‍ കയറി സദ്യവട്ടങ്ങളില്‍ പോയി കൈകടത്തി പപ്പടവും പായസവും കൂട്ടിയൊരു പിടിയും പിടിച്ച് പുത്തന്‍ ഉടുപ്പിന്റെും പൂക്കളുടെയും സുഗന്ധത്തിന്‍ നടുവില്‍ നിന്ന് പുതിയ സിനിമയും കണ്ടുകൊണ്ട്...... ആഹാ, അന്തസ്സ്!

ഇക്കൊല്ലത്തെ ഓണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, ചിരിയാണോ സങ്കടമാണോ വരുന്നതെന്നറിയില്ല. ആരൊക്കെ പൂക്കളമിട്ടില്ലെങ്കിലും എല്ലാവരും തന്നെ മാസ്‌കിടും, തീര്‍ച്ച. പുത്തന്‍ ഉടുപ്പിനു പകരം പുത്തന്‍ മാസ്‌ക്. പായസം മിക്സിന് പകരം സാനിറ്ററൈസര്‍. പൂക്കള്‍ക്ക് പകരം ഒരു വാക്സിന്‍ വന്നാല്‍ മതിയായിരുന്നു. നമ്മള്‍ മനുഷ്യരുടെ കാര്യം അവിടെ നില്‍ക്കട്ടെ. മഹാബലിയുടെ കാര്യം ആലോചിക്കുമ്പോഴാണ് സങ്കടം. അദ്ദേഹം പാതാളത്തില്‍ നിന്ന് വരുന്നതല്ലേ. അവിടെയുണ്ടോ മാസ്‌ക്! ഉണ്ടെങ്കില്‍ അതും ധരിച്ച് ഓലക്കുടയ്ക്കു പകരം സാനിറ്ററൈസറും കൈയ്യില്‍ പിടിച്ചുള്ള വരവ് ഏതായാലും ഉഷാറാകും.

അയ്യോ വേറൊരു പ്രശ്നമുണ്ട്. പാതാളത്തില്‍ നിന്ന് വരുന്നതല്ലേ, അപ്പോള്‍ ക്വാറന്റൈനില്‍ പോകേണ്ടിവരില്ലേ! അങ്ങനെയാണെങ്കില്‍ ഓണത്തിന് പതിനാലു ദിവസം മുമ്പെങ്കിലും മഹാബലി ഇവിടേക്ക് എത്തേണ്ടി വരും. സാമൂഹ്യ അകലം പാലിക്കേണ്ടതുകൊണ്ടും പലസ്ഥലങ്ങളും കണ്ടെയ്ന്‍മെന്റ് സോണായതുകൊണ്ടും ആരുടെയും വീട്ടില്‍ സന്ദര്‍ശിക്കാനും പറ്റില്ല. പിന്നെ അഥവാ ഇവിടെ നിന്ന് കൊറോണ പിടിച്ചുകഴിഞ്ഞാല്‍ അത് പാതാളത്തില്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടാകില്ലേ..തമ്മില്‍ ഭേദം മനുഷ്യരെപ്പോലെ മഹാബലിയും എല്ലാം സഹിച്ച് ക്ഷമിച്ച് ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ നില്‍ക്കുന്നതാണ്. ഓണം അടുത്ത കൊല്ലവും ഉണ്ടാകും. പക്ഷെ കൊറോണ വന്നാല്‍ അടുത്ത കൊല്ലത്തേക്ക് മഹാബലി ഉണ്ടാകില്ല.

ഓണത്തല്ലും ഓണത്തപ്പനും ഊഞ്ഞാലാട്ടവും വടംവലിയും ഒന്നും ഇല്ലെങ്കിലും സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കസേരക്കളിയെങ്കിലും നടത്താനാകുമോ എന്തോ...
എന്തായാലും ഒന്നുറപ്പാ. എല്ലാവരും പറയുന്നതുപോലെ ഈ കാലവും കടന്നു പോകും. അടുത്ത വര്‍ഷം കൊറോണക്കാലത്തിലെ കൊറ് എടുത്ത് കളഞ്ഞുകൊണ്ട് നല്ലൊരു ഓണക്കാലം ഉണ്ടാകുമെന്ന് ആശ്വസിക്കാം. പ്രതീക്ഷിക്കാം...