ഒരു കയ്യബദ്ധം, റഹീമിൻറെ ജീവന്‍റെ വില 33 കോടി രൂപ! കൈവിടില്ല, ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ പ്രവാസി സമൂഹം

Published : Feb 28, 2024, 11:42 AM ISTUpdated : Feb 28, 2024, 12:05 PM IST
ഒരു കയ്യബദ്ധം, റഹീമിൻറെ ജീവന്‍റെ വില 33 കോടി രൂപ! കൈവിടില്ല, ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ പ്രവാസി സമൂഹം

Synopsis

ദിയാധനമായി ഒന്നര കോടി റിയാൽ (33 കോടിയോളം രൂപ) നൽകിയാൽ മാപ്പ് നൽകി വധശിക്ഷയിൽനിന്ന് ഒഴിവാക്കാമെന്ന് സൗദി പൗരൻറെ കുടുംബം ഇന്ത്യൻ എംബസിയെ രേഖാമൂലം അറിയിച്ചതിൻറെ അടിസ്ഥാനത്തിലാണ് ഫണ്ട് സമാഹരണത്തിന് റഹീമിെൻറ കുടുംബത്തിന് പിന്തുണ നൽകാൻ സർവകക്ഷി യോഗം തീരുമാനിച്ചത്.

റിയാദ്: കയ്യബദ്ധത്താൽ സൗദി ബാലൻ മരിക്കാനിടയായ കേസിൽ റിയാദിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിെൻറ മോചനത്തിനായി  ഒറ്റകെട്ടായി രംഗത്തിറങ്ങാൻ റിയാദിലെ പ്രവാസി സമൂഹം. ദിയാധനം നൽകി മോചിപ്പിക്കാനുള്ള കുടുംബത്തിെൻറയും നാട്ടിലെ സർവകക്ഷിയുടെയും ശ്രമത്തിന് കരുത്തുപകരാൻ റിയാദിലെ റഹീം നിയമസഹായ സമിതിയുടെ യോഗത്തിൽ തീരുമാനമായി.

ബത്ഹയിലെ അപ്പോളോ ഡി പാലസിൽ ചേർന്ന യോഗത്തിൽ സമിതി ചെയർമാൻ സി.പി. മുസ്‌തഫ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി ഉദ്ഘാടനം ചെയ്‌തു. പരിഭാഷകൻ മുഹമ്മദ് നജാത്തി നിയമവിഷയങ്ങളിലുള്ള സംശയങ്ങൾക്ക് ഉത്തരം നൽകി. അഷ്‌റഫ് വേങ്ങാട്ട്  കേസിെൻറയും നിയമനടപടികളുടെയും വിശദാംശങ്ങൾ അവതരിപ്പിച്ചു. എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, ലോകകേരള സഭ അംഗങ്ങളായ കെ.പി.എം. സാദിഖ് വാഴക്കാട്, ഇബ്രാഹിം സുബ്ഹാൻ എന്നിവരും സമിതി അംഗങ്ങളായ സിദ്ദീഖ് തുവ്വൂർ, നവാസ് വെള്ളിമാട്കുന്ന്, അർഷാദ് ഫറോക്ക്, മുഹിയുദ്ദീൻ, കുഞ്ഞോയി കോടമ്പുഴ കൂടാതെ വിവിധ റിയാദിലെ മലയാളി സമൂഹത്തിനിടയിൽ വിവിധ തലങ്ങളിൽപെട്ട നേതാക്കളും സംഘടനാ പ്രതിനിധികളും സംസാരിച്ചു. ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും വൈസ് ചെയർമാൻ മുനീബ് പാഴൂർ നന്ദിയും പറഞ്ഞു.

ദിയാധനമായി ഒന്നര കോടി റിയാൽ (33 കോടിയോളം രൂപ) നൽകിയാൽ മാപ്പ് നൽകി വധശിക്ഷയിൽനിന്ന് ഒഴിവാക്കാമെന്ന് സൗദി പൗരൻറെ കുടുംബം ഇന്ത്യൻ എംബസിയെ രേഖാമൂലം അറിയിച്ചതിൻറെ അടിസ്ഥാനത്തിലാണ് ഫണ്ട് സമാഹരണത്തിന് റഹീമിെൻറ കുടുംബത്തിന് പിന്തുണ നൽകാൻ സർവകക്ഷി യോഗം തീരുമാനിച്ചത്. നേരത്തെ കേസിൽ കോടതി വിധിയിൽ മാത്രം ഉറച്ചുനിന്നിരുന്ന സൗദി കുടുംബം ഇന്ത്യൻ എംബസിയുടെയും നാട്ടിലും റിയാദിലും പ്രവർത്തിക്കുന്ന റഹീം നിയമസഹായ സമിതിയുടെയും നിരന്തരമായ സമ്മർദത്തിെൻറ ഫലമായാണ് വൻതുക ആവശ്യപ്പെട്ടാണെങ്കിലും മാപ്പ് നൽകാൻ മുന്നോട്ടുവന്നത്.

Read Also -  ഇത് വിശാൽ, ദുബൈയിലെ സ്വപ്ന ശമ്പളമുള്ള ജോലി വലിച്ചെറി‌ഞ്ഞു, ഇനി ക്ഷേത്രത്തിൽ കാണാം!

ആഗോളതലത്തിൽ തന്നെ മലയാളി സമൂഹത്തെ പങ്കാളികളാക്കി മോചനദ്രവ്യം സമാഹരിക്കാനുള്ള കുടുംബത്തിെൻറയും നാട്ടിലെ റഹീം നിയമസഹായ സമിതിയുടെയും തീരുമാനത്തിന് റിയാദിലെയും മറ്റും പ്രവാസികൾ പിന്തുണ നൽകും. നാട്ടിൽ നിയമ സഹായ സമിതിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള നടപടികൾ പൂർത്തിയാക്കി. ആവശ്യമെങ്കിൽ കൂടുതൽ വിവിധ ബാങ്കുകളിൽ കൂടുതൽ അക്കൗണ്ടുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. റിയാദിൽ സൗദി കുടുംബത്തിെൻറ പേരിൽ കോടതിയുടെ അനുമതിയോടെ അക്കൗണ്ട് ഉടൻ ആരംഭിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

വിവിധ ഭാഗങ്ങളിൽ നാട്ടിലെ സമിതിയുടെ കീഴിൽ പ്രത്യേക കോഓഡിനേഷൻ കമ്മിറ്റികൾ രൂപവത്കരിക്കും. നാട്ടിൽ റഹീം നിയമ സഹായ സമിതിയുടെ പേരിൽ ഫണ്ട് സമാഹരണത്തിനായി പബ്ലിക് ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. സമിതി ഭാരവാഹികളായ കെ. സുരേഷ് കുമാർ, കെ.കെ. ആലിക്കുട്ടി, എം. ഗിരീഷ് എന്നിവരാണ് ട്രസ്റ്റികൾ. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മണ്ഡലം എം.എൽ.എ കൂടിയായ മുഹമ്മദ് റിയാസും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മുഖ്യ രക്ഷാധികാരികളായിട്ടുള്ള നാട്ടിലെ ജനകീയ സമിതിയിൽ എം.പിമാരായ എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുൽ സമദ് സമദാനി, എളമരം കരീം, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ പി.കെ. കുഞ്ഞാലികുട്ടി, ഡോ. എം.കെ. മുനീർ, മുനവ്വറലി ശിഹാബ് തങ്ങൾ, എം.സി. മായിൻ ഹാജി, ഉമർ പാണ്ടികശാല, വി.കെ.സി. മമ്മദ് കോയ, ബുഷ്‌റ റഫീഖ്, അഡ്വ. പി.എം. നിയാസ്, ശശി നാരങ്ങായിൽ, ഹുസൈൻ മടവൂർ, പി.സി. അഹമ്മദ്‌കുട്ടി ഹാജി, അഷ്‌റഫ് വേങ്ങാട്ട് എന്നിവർ രക്ഷാധികാരികളാണ്. കെ. സുരേഷ് ചെയർമാനും കെ.കെ. ആലിക്കുട്ടി ജനറൽ കൺവീനറും എം. ഗിരീഷ് ട്രഷററുമാണ്.

2006 നവംബർ 28-ന് 26-ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയത്. സ്പോൺസറുടെ മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലക്ക് താഴെ യാതൊരു ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു ബാലൻ. ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത് കഴുത്തിൽ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഇടയ്ക്കിടെ വീൽ ചെയറിൽ പുറത്തും മാർക്കറ്റിലും കൊണ്ടുപോവുകയും ആവശ്യമായ സാധനങ്ങൾ വാങ്ങിച്ചു തിരിച്ചു വീട്ടിൽ കൊണ്ടുവരികയും ചെയ്തിരുന്നു.

2006 ഡിസംബർ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാറിൽ സഞ്ചരിക്കുേമ്പാൾ അബ്ദുറഹീമിെൻറ കൈ അബദ്ധത്തിൽ ബാലെൻറ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി ബോധരഹിതനാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കൊലപാതക കേസിൽ പൊലീസ് അബ്ദുറഹീമിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും വധശിക്ഷ ശരിവെച്ചു. ഇത്രും വർഷത്തിനിടയിൽ കുടുംബവുമായി പല ഘട്ടങ്ങളിലും ഉന്നതതല ഇടപെടൽ നടന്നിരുന്നുവെങ്കിലും മാപ്പ് നൽകാൻ അവർ തയ്യാറായിരുന്നില്ല. കീഴ്കോടതികൾ രണ്ട് തവണ വധശിക്ഷ ശരിവെച്ച കേസിൽ സുപ്രീംകോടതിയുടെ അന്തിമ വിധിയിലും മാറ്റമുണ്ടായില്ല.

ഫോട്ടോ: റിയാദിൽ ചേർന്ന റഹീം നിയമസഹായ സമിതി യോഗം യൂസഫ് കാക്കഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട