
മസ്‍കറ്റ്: തിരുവോണ നാളിനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഒമാനിലെ മലയാളി സമൂഹം. സദ്യവട്ടങ്ങള്‍ ഒരുക്കുന്നതിനും പുതു വസ്ത്രങ്ങൾ വാങ്ങുവാനുമുള്ള അവസാന ദിവസത്തിന്റെ തിരക്കിലായിരുന്നു ഇന്ന് മസ്‌കറ്റിലെ പ്രവാസി മലയാളികൾ.
രണ്ടു വർഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സജീവമായ ഓണാഘോഷ കാഴ്ചയുടെ പൊലിമയാണ് എങ്ങും കാണാൻ കഴിയുന്നത്. "ഓണം ഉണ്ടറിയണം" എന്ന ചൊല്ല് അന്വർത്ഥമാക്കികൊണ്ട് ഈ വർഷത്തെ ഓണം പൊടിപൊടിക്കുവാനുള്ള ഒരുക്കത്തിലാണ് ഒമാനിലെ പ്രവാസി മലയാളികൾ. തിരുവോണ സദ്യയൊരുക്കുവാൻ പച്ചക്കറികൾ വാങ്ങുന്നതിനോടൊപ്പം, പൂവിനും പുടവക്കുമെല്ലാം ഈ പ്രാവശ്യം മുന്‍വര്‍ഷങ്ങളെക്കാള്‍ ആവശ്യക്കാരേറി.
തുമ്പപ്പൂ മുതൽ തൂശനില വരെ വിപണിയിൽ എത്തിക്കുന്നതിൽ വിതരണക്കാരും ശ്രദ്ധ പുലർത്തിയിരുന്നു. ഒമാനിലെ പ്രവാസികൾക്ക് ഓണമുണ്ണാൻ കേരളത്തിൽ നിന്ന് ടൺ കണക്കിന് പച്ചക്കറിയാണ് എത്തിയത്. പല രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് പച്ചക്കറി ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഓണസദ്യക്ക് നാടൻ രുചി ലഭിക്കണമെങ്കിൽ നാട്ടിൽ നിന്നുമുള്ള പച്ചക്കറി തന്നെ വേണമെന്ന നിർബന്ധവും മലയാളിക്കുണ്ട്. അത് മനസിലാക്കി, ഒമാനിലെ ഒരു പ്രധാന വ്യാപാര കേന്ദ്രം 350 ടൺ പച്ചക്കറിയും 10 ടൺ പൂക്കളും വിമാന മാർഗമാണ് ഈ വര്‍ഷം മസ്കറ്റിൽ എത്തിച്ചിട്ടുള്ളത്.
നാളെ വ്യാഴം തിരുവോണനാൾ ഒമാനിൽ പ്രവൃത്തി ദിനമാണെങ്കിലും പ്രവാസികളില്‍ അധികപേരും അവധിയെടുത്തു കൊണ്ടാണ് ആഘോഷങ്ങൾക്കായി ഒരുങ്ങുന്നത്. എന്നാൽ ജോലിക്കായി ഓഫീസിൽ പോകേണ്ടവർ ഭക്ഷണ ശാലകളിൽ ഒരുക്കിയിരിക്കുന്ന ഓണസദ്യക്ക് മുൻകൂർ പണം നൽകി ബുക്ക് ചെയ്തു കഴിഞ്ഞു. തിരുവോണം പ്രമാണിച്ചു ഒമാനിലെ ഇരുപത്തിയൊന്ന് ഇന്ത്യൻ സ്കൂളുകൾക്കും, സ്കൂൾ ഭരണസമിതി അവധി നൽകിയിട്ടുണ്ട്.
ഒമാനിലെ സ്വദേശികൾക്കൊപ്പം മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും മലയാളിയുടെ ഓണവും ഓണസദ്യയും സുപരിചതമായതിനാൽ മലയാളികൾ കൂടുതലുള്ള ഓഫീസുകളിൽ ഇത്തവണ തിരുവോണ സദ്യയും ഒരുക്കിയിട്ടുണ്ട്. ഒമാനിലെ ഓണാഘോഷം ഒരു ദിവസംകൊണ്ടു തീരുന്നതല്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സംഘടനകളുടെ നേതൃത്വത്തിലും ഇനി വരുന്ന എല്ലാ വാരാന്ത്യ ദിനങ്ങളിലും ഓണാഘോഷവും കലാപരിപാടികളും ഉണ്ടാകും.
Read also: ഓണത്തിരക്കിനിടെ താമരശ്ശേരി ചുരത്തിൽ കൂറ്റൻ മരം വീണു, വൻ ഗതാഗത കുരുക്ക്, യാത്ര പൂർണ്ണമായി സ്തംഭിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ