
ദുബൈ: ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച പുതിയ റെക്കോര്‍ഡ് തീര്‍ത്തപ്പോള്‍ കോളടിച്ചത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് കൂടി വരികയായിരുന്നു. ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികളില്‍ പലരും നാട്ടിലേക്ക് പണമയക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ വിനിമയ നിരക്ക് ഇനിയും ഉയരുന്നതും കാത്തിരിക്കുന്നവരും കുറവല്ല.
തിങ്കളാഴ്‍ച രാവിലെ ചരിത്രത്തിലെ ഏറ്റവും താഴ്‍ന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം കൂപ്പുകുത്തിയത്. അമേരിക്കന്‍ ഡോളറിനെതിരെ 77.40 എന്ന നിലയിലെത്തി. ഈ വര്‍ഷം മാർച്ചിൽ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോർഡിനെയാണ് ഇന്ന് മറികടന്നത്. ഒറ്റ ദിവസം കൊണ്ട് 0.3 ശതമാനത്തിന്റെ ഇടിവാണ് മൂല്യത്തിലുണ്ടായത്. യുഎഇ ദിര്‍ഹത്തിനെതിരെ രാവിലെ 21.06 ആയിരുന്നു വിനിമയ നിരക്ക്, സൗദി റിയാലിന് 20.62 രൂപയും ഒമാനി റിയാലിന് 201.16 രൂപയും ഖത്തര്‍ റിയാലിന് 21.24 രൂപയും രേഖപ്പെടുത്തി. 205.71 രൂപയായിരുന്നു ബഹ്റൈന്‍ ദിനാറിന്റെ നിരക്ക്. കുവൈത്ത് ദിനാറിന് 251.65 രൂപയും തിങ്കളാഴ്‍ച രാവിലെ രേഖപ്പെടുത്തി.
വിദേശ നിക്ഷേപങ്ങളുടെ പിൻവലിയലാണ് രൂപയെ കൂപ്പുകുത്തിച്ചത്. 17.7 ബില്യൺ ഡോളർ നിക്ഷേപമാണ് ഈ വർഷം ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടിട്ടുള്ളത്. വർദ്ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രശനങ്ങളും കറൻസിയെ ബാധിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകൾ വർധിപ്പിച്ചിട്ടുപോലും രൂപയുടെ മൂല്യത്തകർച്ച തടയാനായില്ല.
റഷ്യ - ഉക്രൈൻ സംഘർഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തെ റെക്കോർഡ് ഇടിവിലേക്ക് എത്തിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam