
ദുബൈ: വേനല്‍ അവധിയും ബലി പെരുന്നാള്‍ സീസണും ആരംഭിച്ചിരിക്കെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഇപ്പോഴുള്ളത്. തിരക്ക് പരിഗണിച്ച് യാത്രക്കാര്‍ കുറേ കൂടി നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും വിമാനക്കമ്പനികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ലഗേജുകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്നും കഴിഞ്ഞയാഴ്ച ദുബൈ വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ലഗേജുകളിലും ഹാന്റ് ബാഗുകളിലും കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങളെക്കുറിച്ച് വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്. അതുപോലെ തന്നെ ലഗേജില്‍ മാത്രം കൊണ്ടുപോകാവുന്ന സാധനങ്ങളും ഹാന്റ് ബാഗില്‍ മാത്രം കൊണ്ടുപോകാവുന്നവയുമുണ്ട്. ഇത്തരം നിബന്ധനകള്‍ വിമാനക്കമ്പനികള്‍ തങ്ങളുടെ വെബ്‍സൈറ്റുകളില്‍ വിശദമായി പ്രസിദ്ധീകരിച്ചിട്ടുണ്ടാവും. യാത്രയ്ക്ക് മുന്നോടിയായി അത് പരിശോധിക്കുന്നത് വിമാനത്താവളത്തില്‍ വെച്ച് സമയം ലാഭിക്കാനും പരിശോധനകള്‍ വേഗം പൂര്‍ത്തീകരിക്കാനും സഹായിക്കും.
ലെറ്ററുകള്‍, ലൈറ്റര്‍ ഫ്യുവലുകള്‍, പെപ്പര്‍ സ്‍പ്രേ പോലെ ആളുകളെ കീഴ്‍പ്പെടുത്താന്‍ ഉപയോഗിക്കുന്ന വസ്‍തുക്കള്‍, ഷോക്കടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ടെയ്സറുകള്‍ പോലുള്ളവ, പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍, കംപ്രസ്‍ഡ് ഗ്യാസുകള്‍, ലിഥിയം ബാറ്ററികള്‍, സ്‍ഫോടക വസ്‍തുക്കള്‍ അടങ്ങിയിട്ടുള്ള പടക്കങ്ങള്‍, പൂത്തിരികള്‍ പോലുള്ള എല്ലാ സാധനങ്ങളും വിമാനങ്ങളില്‍ പൂര്‍ണമായ വിലക്കുള്ളവയാണ്. ഇവ ഹാന്റ് ബാഗുകളിലോ ചെക്ക് ഇന്‍ ബാഗുകളിലോ അനുവദിക്കില്ല.
ഇതിന് പുറമെ ഹോവര്‍ ബോര്‍ഡുകള്‍, മിനി സെഗ്‍വേയ്സ്, സെല്‍ഫ് ബാലന്‍സിങ് വീല്‍സ് തുടങ്ങിയ പെഴ്‍സണല്‍ മോട്ടോറൈസ്‍ഡ് വാഹനങ്ങള്‍, ലിഥിയം ബാറ്ററികളോ പൈറോടെക്നിക് മെറ്റീരിയലുകളോ ഉള്‍പ്പെട്ട സെക്യൂരിറ്റി ടൈപ്പ് അറ്റാഷെ കേയ്സുകള്‍, ക്യാഷ് ബോക്സുകള്‍, തുടങ്ങിയവയ്ക്കും നിയന്ത്രണമുണ്ട്.
മദ്യം ചെക്ക് ഇന്‍ ബാഗേജിലും ക്യാബിന്‍ ബാഗേജിലും അനുവദനീയമാണ്. ബാറ്ററികള്‍ ചെക്ക് ഇന്‍ ബാഗില്‍ അനുവദിക്കില്ല, അവ ഹാന്റ് ബാഗില്‍ തന്നെ വെയ്ക്കണം. ഡ്രോണുകള്‍ ഹാന്റ് ബാഗില്‍ അനുവദിക്കില്ല. എന്നാല്‍ ചെക്ക് ഇന്‍ ബാഗേജില്‍ അവ കൊണ്ടുപോകാം. റേഡിയോ ഐസോടോപിക് കാര്‍ഡിയാക് പേസ്‍മേക്കറുകള്‍ ഹാന്റ് ബാഗില്‍ മാത്രമേ കൊണ്ടുപോകാന്‍ സാധിക്കൂ.
മൂര്‍ച്ചയുള്ള സാധനങ്ങളായ കത്തികള്‍ പോലുള്ളവ ചെക്ക് ഇന്‍ ബാഗേജില്‍ വെയ്ക്കണം. ദ്രാവക രൂപത്തിലുള്ള സാധനങ്ങളും എയറോസോളുകളും ജെല്ലുകളും ചെക്ക് ഇന്‍ ബാഗേജുകളിലാണ് അനുവദിക്കാറുള്ളതെങ്കിലും ചില വിമാനക്കമ്പനികള്‍ അവ പരിമിതമായ അളവില്‍ മാത്രം ഹാന്റ് ബാഗില്‍ വെയ്ക്കാന്‍ അനുവദിക്കാറുണ്ട്.
ഇലക്ട്രോണിക് ഉപകരണങ്ങളായ ലാപ്‍ടോപ്പുകള്‍, ടാബ്‍ലറ്റുകള്‍, ക്യാമറകള്‍ എന്നിവ ഹാന്റ് ബാഗില്‍ അനുവദിക്കുമെങ്കിലും അവ സെക്യൂരിറ്റി ചെക്കിങ് സമയത്ത് പ്രത്യേകം പരിശോധിക്കും. മരുന്നുകള്‍ കൊണ്ടുപോകേണ്ട യാത്രക്കാര്‍ അവയുടെ പ്രിസ്‍ക്രിപ്ഷന്‍ കരുതുന്നതിനൊപ്പം മരുന്നുകള്‍ അവയുടെ ലേബല്‍ ഉള്ള യഥാര്‍ത്ഥ പാക്കേജില്‍ തന്നെ കൊണ്ടുവരാന്‍ ശ്രദ്ധിക്കുകയും വേണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ