22 വർഷം പഴക്കമുള്ള ചേതക്ക് സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

By Web TeamFirst Published Jun 30, 2022, 2:33 PM IST
Highlights

സഞ്ചരിക്കുന്ന സ്‍കൂട്ടര്‍ തന്നെയാണ് ഇവരുടെ യാത്രാ വഴികളില്‍ കാണികള്‍ക്ക് കൗതുകം തീർക്കുന്നത്. റോഡുകളിൽ നിന്ന് അപ്രത്യക്ഷമായ ചേതക്ക് സ്‌കൂട്ടറിൽ ബഹുദൂരം സഞ്ചരിക്കുകയെന്നത് ശ്രമകരമാണെന്നാണ് വിലയിരുത്തൽ. 

മസ്‍കത്ത്: ഇരുപത്തി രണ്ട് വർഷം പഴക്കമുള്ള  ബജാജ് ചേതക്ക് സ്‌കൂട്ടറിൽ മിഡിൽ ഈസ്റ്റിൽ സന്ദർശനം നടത്തുന്ന കാസർകോട് സ്വദേശികളായ ബിലാൽ, അഫ്സൽ എന്നിവർക്ക് ഒമാനിലെ സൊഹാറില്‍ സ്വീകരണം. ശനിയാഴ്ച രാത്രി എട്ട് മണിക്ക് സോഹാറിലെ കോഴിക്കോടൻ മക്കാനി റസ്റ്റോറന്റ് പരിസരത്താണ് സ്വീകരണം ഒരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

കാസർകോട് നയൻമാർമൂല സ്വാദേശികളായ പ്ലസ്സ് ടു വിദ്യാർത്ഥികളാണ് ബിലാലും അഫ്സലും. ചെറുപ്പക്കാർക്കിടിയിൽ വളർന്നുവരുന്ന മദ്യം, മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങളിൽ  നിന്ന് വിട്ടുനിൽക്കാനുള്ള ബോധവത്കരണവുമായാണ് ഇവരുടെ യാത്ര. കെ.എൽ 14 AB - 3410 എന്ന കേരള രജിസ്ട്രേഷൻ സ്‌കൂട്ടറിലുള്ള സാഹസിക സഞ്ചാരം ഇതിനോടകം തന്നെ ഗള്‍ഫില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

Read also: ഒമാനിൽ ഭക്ഷണശാലയിൽ തീപിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

സഞ്ചരിക്കുന്ന സ്‍കൂട്ടര്‍ തന്നെയാണ് ഇവരുടെ യാത്രാ വഴികളിളും കാണികള്‍ക്ക് കൗതുകം തീർക്കുന്നത്. റോഡുകളിൽ നിന്ന് അപ്രത്യക്ഷമായ ബജാജ് ചേതക്ക് സ്‌കൂട്ടറിൽ ഇത്രയും ദൂരം സഞ്ചരിക്കുകയെന്നത് ശ്രമകരമാണെന്നാണ് വിലയിരുത്തൽ. എത്തുന്ന ഇടങ്ങളിലെല്ലാം വലിയ സ്വീകരണമാണ് ഇവർക്ക് ലഭിക്കുന്നത്.

ദുബൈയിലെ വിവിധ സ്ഥലങ്ങൾ  സഞ്ചരിച്ചാണ് ഇരുവരും ഒമാനിലെത്തിയത്. ഇവിടെ നിന്ന് തിരിച്ചു ദുബായിലേക്ക് തന്നെയാണ് മടക്ക യാത്രയും. പിന്നീട് അവിടെ നിന്ന് ഖത്തറിലേക്ക് തിരിക്കും. മസ്കത്തിൽ നിന്ന് ദുബൈയിലേക്കുള്ള മടക്ക യാത്രയിലാണ്  സൊഹാറിൽ സ്വീകരണം  നൽകുന്നതെന്ന് കോഴിക്കോടൻ മക്കാനി ഹോട്ടൽ ഉടമ റാഷിദ്‌ വെല്ല്യാപള്ളി  പറഞ്ഞു. സ്വീകരണത്തിൽ സോഹാറിലെ പ്രമുഖർ പങ്കെടുക്കും.

Read also: സാധനങ്ങള്‍ കൊണ്ടുപോകുന്ന ലിഫ്റ്റില്‍ നിന്ന് വീണ് പ്രവാസി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

click me!