മയക്കുമരുന്ന് കടത്തിന് പിടിയിലായ രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

By Web TeamFirst Published Nov 23, 2022, 9:17 PM IST
Highlights

നൈജീരിയന്‍ പൗരന്മാരായ ഇരുവരും കൊക്കൈന്‍ കടക്കുന്നതിനിടെയാണ് അറസ്റ്റിലായത്. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്തിന് പിടിയിലായ രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി. അമൂദി സുലൈമാന്‍ തന്‍ദി, ഇദ്‍രീസ് അദീമോമി അജീബോജൊ എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൈജീരിയന്‍ പൗരന്മാരായ ഇരുവരും കൊക്കൈന്‍ കടക്കുന്നതിനിടെയാണ് അറസ്റ്റിലായത്. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ നടപടികളെല്ലാം പൂര്‍ത്തിയായതോടെ  മദീനയിലാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്.

മയക്കുമരുന്ന് കടത്തിനിടെ പിടിയിലായ ഒരു വിദേശിയുടെ വധശിക്ഷ രണ്ടാഴ്ച മുമ്പും സൗദി അറേബ്യ നടപ്പാക്കിയിരുന്നു. ലഹരി ഗുളികകളുടെ വലിയ ശേഖരവുമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായ സിറിയന്‍ പൗരന്‍ അബ്‍ദുല്ല ശാകിര്‍ അല്‍ഹാജ് ഖലഫ് എന്നയാളുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇയാളുടെയും വിചാരണ പൂര്‍ത്തിയാക്കിയ കോടതി, വധശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ന്ന് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്.  ലഹരിക്കടത്തിന് കടുത്ത ശിക്ഷയാണ് സൗദി അറേബ്യയിലെ നിയമപ്രകാരം കുറ്റവാളികള്‍ക്ക് ലഭിക്കുക.  

മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതികളായ രണ്ട് പാകിസ്ഥാന്‍ പൗരന്മാരുടെ വധശിക്ഷയും ഈ മാസം തന്നെ നേരത്തെ സൗദി അറേബ്യ നടപ്പാക്കിയിരുന്നു. മുഹമ്മദ് ഇര്‍ഫാന്‍ ഗുലാം അലി, ലിയാഖത്ത് അലി മുഹമ്മദ് അലി എന്നിവരുടെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയതെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഹെറോയിന്‍ കടത്തുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.

അതേസമയം ലഹരിക്കടത്തിന് 82 പേരെ സൗദി അതിര്‍ത്തി സുരക്ഷാ സേന കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്‍തിട്ടുണ്ട്. ജിസാന്‍, നജ്‍റാന്‍, അസീര്‍, മക്ക, കിഴക്കന്‍ പ്രവിശ്യ, മദീന എന്നിവിടങ്ങളിലെ അതിര്‍ത്തികള്‍ വഴി മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇവര്‍ അതിര്‍ത്തി സുരക്ഷാ സേനയുടെ പിടിയിലായത്. ഇവരില്‍ 18 പേര്‍ സ്വദേശികളും 64 പേര്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരുമാണ്. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Read also: സൗദി അറേബ്യയില്‍ ആറ് മാസത്തിനുള്ളില്‍ ജോലികളില്‍ നിന്ന് പുറത്തായത് ഒന്നര ലക്ഷത്തിലധികം സ്വദേശികള്‍

click me!