
കാലിഫോര്‍ണിയ: സ്പേസ് എക്സിന്‍റെ ഗ്രഹാന്തര റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം ഇന്ന് പൊട്ടിത്തെറിയില്‍ അവസാനിച്ചിരുന്നു. ഏഴാം പരീക്ഷണ വിക്ഷേപണത്തിലെ തനിയാവര്‍ത്തനം പോലെ ഭീമാകാരന്‍ ബൂസ്റ്റര്‍ ഭാഗം മെക്കാസില്ല പിടികൂടിയപ്പോള്‍ മുകളിലെ ഷിപ്പ് ഭാഗം നിയന്ത്രണം നഷ്ടമായി അഗ്നിഗോളമാവുകയായിരുന്നു. സ്റ്റാര്‍ഷിപ്പിന്‍റെ പൊട്ടിത്തെറിയുടെ നിരവധി വീഡിയോകളും ഫോട്ടോകളും പുറത്തുവന്നെങ്കിലും ഏറ്റവും ശ്രദ്ധേയമായത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഡോണ്‍ പെറ്റിറ്റ് പകര്‍ത്തിയ ചിത്രങ്ങളായിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാസയുടെ സഞ്ചാരിയായ ഡോണ്‍ പെറ്റിറ്റ് സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണ പറക്കലിന് മധ്യേ സംഭവിച്ച പൊട്ടിത്തെറി ക്യാമറയിലാക്കുകയായിരുന്നു. ഐഎസ്എസില്‍ നിന്ന് മുമ്പും അനേകം വിസ്മയ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ള പെറ്റിറ്റിന്‍റെ ഈ ശ്രമവും വലിയ ശ്രദ്ധ നേടി. സ്റ്റാര്‍ഷിപ്പ് ബഹിരാകാശ വിക്ഷേപണ വാഹനം അന്തരീക്ഷത്തില്‍ വച്ച് പൊട്ടിത്തെറിക്കുന്ന നിമിഷം പെറ്റിറ്റ് മനോഹരമായി ക്യാമറയിലാക്കി.
തുടര്‍ച്ചയായ രണ്ടാം വിക്ഷേപണ ശ്രമത്തിലും സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ രണ്ടാം ഭാഗം സ്പേസ് എക്സിന് വിജയിപ്പിക്കാനായില്ല. ബൂസ്റ്ററില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം ഷിപ്പ് ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. സ്റ്റാര്‍ഷിപ്പിന്‍റെ കഴിഞ്ഞ പരീക്ഷണത്തിലും ഇതേ തിരിച്ചടി ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന് സംഭവിച്ചിരുന്നു. പൊട്ടിത്തെറിയെ തുടര്‍ന്ന് ഫ്ലോറിഡയിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഒരു മണിക്കൂറോളം നേരത്തേക്ക് നിര്‍ത്തിവെക്കേണ്ടിവന്നു.
Read more: സ്റ്റാര്‍ഷിപ്പ് എട്ടാം പരീക്ഷണം: മൂന്നാംവട്ടവും ബൂസ്റ്റര്‍ ക്യാച്ച് വിജയം, ഷിപ്പ് പൊട്ടിത്തെറിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം