
ദില്ലി: ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുക്കുന്ന ശുഭാംശു ശുക്ലയ്‌ക്കും സംഘത്തിനും ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ്മയുടെ ആശംസ. തുടക്കം മുതൽ ഗഗൻയാൻ പദ്ധതിക്കൊപ്പമുണ്ടെന്നും, ശുഭാംശുവിന്‍റെ യാത്ര ഉറ്റുനോക്കുകയാണെന്നും രാകേഷ് ശർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനായ രാകേഷ് ശർമ്മയ്ക്ക് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്
പോകാനൊരുങ്ങുകയാണ്. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ യാത്രക്ക് ഇനി ആഴ്ചകൾ മാത്രമാണ് ബാക്കി. ശുഭാംശു ബഹിരാകാശത്തേക്ക് പോകുമ്പോൾ മുന്‍ഗാമിയായ രാകേഷ് ശർമ്മയ്ക്ക് പറയാനേറെ. 'ശുഭാംശു തനിക്കായി കരുതിവച്ചിരിക്കുന്ന സർപ്രൈസ് എന്താണെന്ന് അറിയില്ല. ബഹിരാകാശ യാത്ര മനോഹരമായ അനുഭവമാണ്. ബഹിരാകാശ സഞ്ചാരം നിങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റിമറിയ്ക്കും. ശുഭാംശുവിനും ഗഗനയാത്രികൾക്കും ആശംസകള്‍ നേരുന്നതായും' രാകേഷ് ശർമ്മ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
രാകേഷ് ശർമ്മയുമായി അരുണ്‍ രാജ് നടത്തിയ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം
ചോദ്യം: സോവിയറ്റ് പേടകത്തിൽ താങ്കൾ ബഹിരാകാശത്തേക്ക് പോയിട്ട് നാൽപ്പത് വർഷത്തിലധികമായി. ഇപ്പോൾ ഇന്ത്യൻ എയർഫോഴ്സിൽ നിന്നുള്ള മറ്റൊരു അംഗം ബഹിരാകാശത്തേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. തിരിഞ്ഞുനോക്കുമ്പോൾ എന്ത് തോന്നുന്നു? മറ്റൊരു ഇന്ത്യക്കാരന്‍റെ ബഹിരാകാശ യാത്രയെ എങ്ങനെ നോക്കിക്കാണുന്നു?
രാകേഷ് ശർമ്മ: ജനിച്ചത് നേരത്തെയായിപ്പോയി എന്നാണ് എന്‍റെ തോന്നൽ. കാരണം, ഇപ്പോഴായിരുന്നെങ്കിൽ എനിക്കും ഗഗൻയാൻ സംഘത്തിന്‍റെ ഭാഗമാകാമായിരുന്നു. സോയൂസിലെ യാത്ര മറ്റൊരു രാജ്യത്തിനൊപ്പമായിരുന്നു. അത് വ്യക്തിപരമായി വളരെ വലിയ അനുഭവമായിരുന്നു. എങ്കിലും ഇന്ത്യയിൽ നിന്ന്, ഇന്ത്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ച്, ഇന്ത്യയുടെ പേടകത്തിൽ ഇസ്രൊയ്ക്കൊപ്പം പോകാൻ പറ്റിയിരുന്നെങ്കിൽ അത് ഇതിലും സംതൃപ്തി നൽകിയേനെ. ഇപ്പോൾ എയർഫോഴ്സിലെ എന്‍റെ സഹപ്രവർത്തകർ ബഹിരാകാശ യാത്ര ചെയ്യുന്നതിനുള്ള കാത്തിരിപ്പിലാണ്.
ചോദ്യം: 2018ൽ പ്രധാനമന്ത്രി ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചപ്പോൾ എന്ത് തോന്നി? കഴിഞ്ഞ വർഷം അവരെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചപ്പോഴോ?
രാകേഷ് ശർമ്മ: ഗഗൻയാന്‍റെ സെലക്ഷൻ പാനലിൽ അടക്കം ഞാൻ ഭാഗമായിരുന്നു, അപ്പോൾ ഞാൻ അവരെ കണ്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞാനവരോട് പറഞ്ഞത്, ഞാൻ 40 വർഷമായി നിങ്ങളെ കാത്തിരിക്കുകയായിരുന്നുവെന്നാണ്.
ചോദ്യം: താങ്കൾ തുടക്കം മുതൽ ഇവരുടെ പരിശീലനത്തിന്‍റെ ഭാഗമാണല്ലോ. ഈ നാല് പേരെക്കുറിച്ചുള്ള അഭിപ്രായമെന്താണ്, അവരെങ്ങനെയാണ് ഈ അപൂർവ്വ അവസരത്തെ നോക്കിക്കാണുന്നത്.?
രാകേഷ് ശർമ്മ: അവരും വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്. നമ്മൾ ഇപ്പോൾ സംസാരിച്ച കാരണങ്ങൾ കൊണ്ടുതന്നെ.
ഇപ്പോൾ അന്നത്തെ പോലെയല്ല ടിവി ചാനലുകൾ അടക്കം കൂടുതലാണ്, അവർക്ക് വലിയ ശ്രദ്ധ കിട്ടും. വലിയ ജനശ്രദ്ധയാണ് കിട്ടാൻ പോകുന്നതെന്ന് അവരോട് ഞാൻ പറഞ്ഞിട്ടുണ്ട്, അതിന് തയ്യാറെടുക്കണമെന്നും.
ചോദ്യം: ശുഭാംശു ഉടൻ ബഹിരാകാശത്തേക്ക് പോകുകയാണ്. താങ്കൾക്കുള്ള ആദരസൂചകമായി എന്തോ കൊണ്ടുപോകുന്നുണ്ടെന്ന് ശുഭാംശു വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്...
രാകേഷ് ശർമ്മ: എനിക്കറിയില്ല, ഞാനൊന്നും ശുഭാംശുവിന് കൊടുത്തിട്ടില്ല. സത്യമായിട്ടും എനിക്ക് അറിയില്ല, അതിനെക്കുറിച്ച് അദേഹവുമായി സംസാരിച്ചിട്ടുമില്ല. എന്തായാലും അത് എനിക്കും ഒരു സർപ്രൈസ് ആയിരിക്കും.
ചോദ്യം: ശുഭാംശു പോയി വന്ന് അധികം വൈകാതെ നമ്മുടെ സ്വന്തം ഗഗൻയാൻ വിക്ഷേപണം ഉണ്ടാകുമല്ലോ, ഇന്ത്യയിൽ തുടരുന്ന രണ്ട് ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം എങ്ങനെ പോകുന്നു?
രാകേഷ് ശർമ്മ: അവരുടെ പരിശീലനം നന്നായി പോകുന്നു. ഗഗൻയാൻ മൊഡ്യൂൾ ഇവിടെ കണ്ടല്ലോ, അതിൽ അവർ പരിശീലിക്കുകയാണ്. പല പ്രോട്ടോക്കോളുകളുമായും അവർ പൊരുത്തപ്പെടേണ്ടതായിട്ടുണ്ട്. വിക്ഷേപണത്തിന്‍റെ മാത്രമല്ല, ഭാവിയിൽ സ്വന്തം ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യുന്നതും, തിരികെ ഭൂമിയിലേക്കുള്ള യാത്രയും എല്ലാം സിമുലേറ്ററിൽ പരിശീലിക്കണം.
ചോദ്യം: സാരേ ജഹാം സെ അച്ഛാ എന്ന് താങ്കൾ ബഹിരാകാശത്ത് നിന്ന് പറയുന്നത് പലരുടെയും ബാല്യത്തെ നിർവചിച്ച ഒരു നിമിഷമായിരുന്നു. അത്തരമൊരു നിമിഷം വീണ്ടും ആവർത്തിക്കാൻ പോകുന്നു? അപ്പോൾ അതിന് ചുക്കാൻ പിടിക്കുന്നവരോട് താങ്കൾക്ക് എന്താണ് പറയാനുള്ളത്?
രാകേഷ് ശർമ്മ: ഞാനെന്താണ് പറയുക, കാണാൻ പോകുന്ന മനോഹര കാഴ്ചയ്ക്കായി ഒരിക്കലും പൂർണമായി തയ്യാറെടുക്കാനാകില്ല. നമ്മുടെ രാജ്യം ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ എങ്ങനെയാണെന്ന് എനിക്ക് പറഞ്ഞുകൊടുക്കാനാകും. പക്ഷേ ബഹിരാകാശത്തെ അനുഭവം പൂർണമായി പറഞ്ഞുകൊടുക്കാനാകില്ല. ബഹിരാകാശത്തേക്ക് പോകുന്നവരെല്ലാം മാറിയ കാഴ്ച്ചപ്പാടുമായാണ് ഭൂമിയിൽ തിരിച്ചെത്തുക. രാജ്യത്തെക്കുറിച്ച് മാത്രമല്ല ഭൂമിയെക്കുറിച്ചുള്ള കാഴ്ചപ്പാടും മാറും.
ചോദ്യം: അഭിമുഖം അവസാനിപ്പിക്കും മുമ്പ് ഒരു ചോദ്യം കൂടി. ശുഭാംശുവിന്‍റെ യാത്ര കാണാനായി താങ്കൾ അമേരിക്കയിലേക്ക് പോകുന്നുണ്ടോ?
രാകേഷ് ശർമ്മ: ഇല്ല, അങ്ങോട്ട് പോകുന്നില്ല, ഞാനിവിടെയുണ്ടാകും. ശുഭാംശു ശുക്ലയ്ക്ക് ശുഭയാത്ര ആശംസിക്കാം.
കാണാം രാകേഷ് ശര്‍മ്മയുമായുള്ള പ്രത്യേക അഭിമുഖം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം