
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായി തീവ്ര വലതുപക്ഷ നിലപാടുകളുള്ള ഒരു ഭരണകൂടം ഇറ്റലിയില്‍ അധികാരമേറ്റു. ബ്രദേഴ്‌സ് ഇറ്റലിയുടെ ജോര്‍ജിയ മെലോനി രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി. അന്താരാഷ്ട്ര തലത്തില്‍ ഇറ്റലിക്ക് മാറുന്ന മുഖം സമ്മാനിക്കുക എന്ന ആഗ്രഹവുമായി രാജ്യഭരണത്തിന്റെ കടിഞ്ഞാണ്‍ മെലോനി ഏറ്റെടുക്കുമ്പോള്‍ മുന്നിലുള്ള കടമ്പകള്‍ ഏറെയാണ്. കുതിച്ചുയരുന്ന വിലക്കയറ്റം, ഉടനെ സംഭവിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും അന്താരാഷ്ട്ര നാണ്യനിധിയും മുന്നറിയിപ്പ് നല്‍കുന്ന സാമ്പത്തിക മാന്ദ്യം, ഊര്‍ജപ്രതിസന്ധി....തലവേദനകള്‍ ചെറുതല്ല.
തീവ്ര വലതു നിലപാട് അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരീക്ഷിക്കപ്പെടുന്ന വേളയില്‍ മെലോനി പാര്‍ലമെന്റില്‍ നടത്തിയ ആദ്യപ്രസംഗം ശ്രദ്ധേയമായിരുന്നു. ഇറ്റലിയുടെ ശബ്ദം യൂറോപ്പ് കേള്‍ക്കുന്നു എന്ന കാര്യം ഉറപ്പാക്കുമെന്ന് പറയുന്ന മെലോനി ഏത് തരത്തിലുള്ള വിവേചനത്തിനും വംശീയതക്കും എതിരായ നിലപാടാണ് തന്റെ സര്‍ക്കാരിനെന്നും പ്രഖ്യാപിച്ചു. ജനാധിപത്യ വിരുദ്ധമായ അടിച്ചമര്‍ത്തല്‍ നയങ്ങളോട് ഒരിക്കലും ഒരു കാലത്തും യോജിക്കില്ലെന്ന്, 1938ലെ വംശീയ നിയമങ്ങള്‍ രാജ്യചരിത്രത്തിലെ ഏറ്റവും മോശം ഘട്ടമാണെന്ന്....മെലോനിയുടെ വാക്കുകള്‍ വലതുപക്ഷ നിലപാടിന്റെ പേരില്‍ മുന്‍ധാരണകളോടെ തന്റെ സര്‍ക്കാരിനെ നോക്കിക്കാണേണ്ട എന്ന അറിയിപ്പ് ആയിരുന്നു.
യുക്രൈയ്ന്‍ -റഷ്യ സംഘര്‍ഷത്തില്‍ ഇറ്റലി യുക്രൈയ്‌നൊപ്പമെന്നും മെലോനി അര്‍ത്ഥശങ്കക്ക് ഇടമില്ലാത്ത വിധം വിശദീകരിച്ചു. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി ഞെരുങ്ങുമ്പോഴും ഭീഷണിപ്പെടുത്തിയുള്ള വിലപേശല്‍ തന്ത്രത്തിന് വഴങ്ങില്ലെന്നും റഷ്യക്ക് മേലുള്ള ഉപരോധത്തെ പിന്തുണക്കുമെന്നും മെലോനി കൂട്ടിച്ചേര്‍ത്തു. കൂടെയുള്ള സഖ്യകക്ഷി നേതാക്കളായ സാല്‍വിനിയും ബെര്‍ലുസ്‌കോണിയും അറിയപ്പെടുന്ന റഷ്യന്‍/ പുടിന്‍ അനുകൂലികളാണ് എന്നത് ഈ പ്രഖ്യാപനത്തോട് ചേര്‍ത്തു വായിക്കണം.
...............................
Also Read: മുസോളിനിയോട് പ്രണയം, ഫാഷിസ്റ്റ് ഭൂതകാലത്തോടും; ഇത് പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി!
Also Read: സംഘര്‍ഷഭരിതമായ രാഷ്ട്രീയം; ഇറ്റലിയില്‍ ഫാഷിസ്റ്റുകള്‍ തിരിച്ചുവന്നതെങ്ങനെ?
..........................
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും പ്രയാസമേറിയ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് നിരീക്ഷിച്ച മെലോനി കൊവിഡാനന്തര ബുദ്ധിമുട്ടുകളും കുതിച്ചുയരുന്ന വിലക്കയറ്റവും രാജ്യത്തെ കുറച്ചു കൂടി പരീക്ഷിച്ചേക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇന്ധന, ഊര്‍ജ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കുടുംബങ്ങള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് പറഞ്ഞ മെലോനി ഒരു കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തു. അതിന് വേണ്ടി വരുന്ന ചെലവ് കാരണം തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ മറ്റ് ചില വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും ജനം സഹകരിക്കണമെന്നും.
സഖ്യകക്ഷിയായ ലീഗ് പാര്‍ട്ടിയിലെ താരതമ്യേന മധ്യവര്‍ഗ നിലപാടുകാരനായ ഗിയാന്‍കാര്‍ലോ ഗ്യോര്‍ജെറ്റിയെ (Giancarlo Giorgetti ) ആണ് ധനവകുപ്പ് മെലോനി ഏല്‍പിച്ചത്. തൊട്ടുമുമ്പുള്ള ദ്രാഗി സര്‍ക്കാരിലെ സാമ്പത്തിക വികസന മന്ത്രി ആയിരുന്നു ഗ്യോര്‍ജെറ്റി . തുടക്കക്കാലത്തെങ്കിലും ദ്രാഗി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളാകും മെലോനി സര്‍ക്കാര്‍ പിന്തുടരുക എന്ന നിരീക്ഷകരുടെ അഭിപ്രായത്തിന് ശക്തി കൂട്ടുന്നതാണ് ഈ നിയമനം.
........................
Also Read: മുസോളിനിക്ക് ശേഷം ഇറ്റലി വീണ്ടും ഫാഷിസ്റ്റുകളുടെ കൈയിലാവുമ്പോള്‍
........................
മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ആളുകളെ കടത്തുന്ന പരിപാടി നിര്‍ത്തും. ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി അനധികൃത കുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികളെടുക്കും. കുടിയേറ്റ പ്രശ്‌നത്തിലും അളന്നു മുറിച്ചായിരുന്നു മെലോനിയുടെ വാക്കുകള്‍.
ഒരു മണിക്കൂറും പത്ത് മിനിട്ടും നീണ്ട ആദ്യ പ്രസംഗം മാറ്റത്തിന്റെ പാതയിലേക്ക് നാടിനെ നയിക്കുമെന്ന് വെറുതെ പറഞ്ഞതല്ലെന്ന മെലോനിയുടെ വിശദീകരണക്കുറിപ്പ് ആയിരുന്നു. യൂറോപ്യന്‍ യൂണിയനിലെ മൂന്നാമത് വലിയ സാമ്പത്തികശക്തി ആയ ഇറ്റലിയില്‍ തീവ്രവലതു പക്ഷ നിലപാടുള്ള സര്‍ക്കാര്‍ ഭരിക്കാന്‍ തുടങ്ങുമ്പോള്‍ വലിയ ചോദ്യങ്ങളും ആശങ്കകളുമായി നോക്കിയിരിക്കുന്ന നിരീക്ഷകരോട് മെലോനി ആദ്യം പറഞ്ഞത്, ഒരു ചെറിയ കാര്യമാണ്. വല്ലാത്ത മുന്‍വിധികള്‍ വേണ്ട, വല്ലാത്ത നിഷേധാത്മക സമീപനം വേണ്ട, ഞങ്ങള്‍ തുടങ്ങട്ടെ.
ഇറ്റലി എങ്ങനെ, എങ്ങോട്ട് പോകുന്നുവെന്ന് കാത്തിരിക്കാം.