മുസ്സോളിനിക്ക് ശേഷം ഇറ്റലി ഭരിക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ എത്തുമ്പോള്‍ ലോകത്തിന് ആശങ്ക തന്നെയാണ്. 

അതിര്‍ത്തികള്‍ കൊട്ടിയടക്കുക, കുടിയേറ്റങ്ങള്‍ തടയുക-നിലപാടുകള്‍ വ്യക്തമാണ്. കുതിച്ചുയരുന്ന ഊര്‍ജവിലയും തൊഴില്‍ മേഖലയിലെ സുരക്ഷിതത്വം ഇല്ലായ്മയും വലിയ ആശങ്കയാണെന്ന ആവര്‍ത്തിക്കലുമുണ്ട്. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ നിര്‍ണായകമായ നയമാറ്റങ്ങളും നടപടികളും പ്രതീക്ഷിക്കണം. അതോടെ മേഖലയുടെയും യൂണിയന്റേയും ഊടും പാവും തന്നെ സ്വാധീനിക്കപ്പെടാം. 

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായി തീവ്ര വലതുപക്ഷ നിലപാടുകളുള്ള ഒരു ഭരണകൂടം ഇറ്റലിയില്‍ അധികാരത്തിലേക്ക് എത്തുന്നു. ബ്രദേഴ്‌സ് ഇറ്റലിയുടെ ജോര്‍ജിയ മെലോനി രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാകുന്നു. 'എല്ലാവര്‍ക്കും വേണ്ടിയുള്ള എല്ലാവരുടേയും സര്‍ക്കാര്‍' എന്നാണ് മെലോനി പറയുന്നത്. ജനം അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും. 

പക്ഷേ ഇറ്റലിയിലെ തെരഞ്ഞെടുപ്പ് ഫലം യൂറോപ്പില്‍ പൊതുവെ ഉണ്ടാക്കുന്ന നിരവധി ആശങ്കകള്‍ക്ക് എന്തെങ്കിലും ഒരു ശമനം ഉണ്ടാക്കുന്നതല്ല മെലോനിയുടെ വാക്കുകള്‍. യുക്രെയ്‌നെ പിന്തുണച്ചും യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുകളുടെ തീവ്രത കുറച്ചും എല്ലാം തെരഞ്ഞെടുപ്പ് സമയത്ത് തീവ്രനിലപാടുകള്‍ മയപ്പെടുത്തിയുള്ള പ്രതിച്ഛായ പരിഷ്‌കാരത്തിന് മെലോനി ശ്രമിച്ചതാണ്. പക്ഷേ അടിസ്ഥാന പരമായി നിലപാടുകളുടെ തീവ്രതയുടെ കാര്യത്തില്‍ സംശയങ്ങള്‍ക്ക് ഇടമില്ല എന്നതാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ഇടയില്‍ പൊതുവെ ഉള്ള ആശങ്കക്ക് കാരണം. ഫ്രാന്‍സിലേയും സ്‌പെയിനിലെയും തീവ്രവലതു രാഷ്ട്രീയ ശക്തികളും മെലോനിക്ക് നല്‍കുന്ന പിന്തുണ വേറെ. ഇവര്‍ക്കെല്ലാം പുതു പ്രതീക്ഷ നല്‍കുന്നതാണ് മെലോനിയുടെ മുന്നേറ്റം. 

ഇറ്റലി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഏതെങ്കിലും പുതിയ ദിശയിലേക്ക് ആണ് പോകുന്നതെങ്കില്‍ അതിനോടു പ്രതികരിക്കാനുള്ള വഴിയൊക്കെ യൂറോപ്യന്‍ യൂണിയനുണ്ട് എന്ന് പറഞ്ഞ EU കമ്മീഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലേയെനെ (Ursula von der Leyen) വിനയം പഠിപ്പിച്ച മറുപടിയാണ് ഇറ്റലിയിലെ വോട്ടര്‍മാര്‍ നല്‍കിയത് എന്നാണ് ഫ്രാന്‍സിലെ തീവ്ര വലതു പക്ഷ നേതാവ് യോര്‍ദന്‍ ബാര്‍ദെല്ല (Jordan Bardella) പറഞ്ഞത്. 

യൂറോപ്യന്‍ യൂണിയനിലെ മൂന്നാമത് വലിയ സാമ്പത്തികശക്തി ആണ് ഇറ്റലി. സ്വാഭാവികമായും ഇറ്റലിയുടെ തീരുമാനങ്ങള്‍ യൂണിയനെ പല തരത്തില്‍ ബാധിക്കും. അന്താരാഷ്ട്ര സാമ്പത്തിക നടപടികളോടും ബ്രസല്‍സില്‍ നിന്നുള്ള ബ്യൂറോക്രാറ്റുകളോടും ഉള്ള വിയോജിപ്പ് മെലോനി പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. കൊവിഡാനന്തര സാഹചര്യം നേരിടാന്‍ അനുവദിച്ച സഹായധനത്തിന് പകരമായി ഉറപ്പു നല്‍കിയ പരിഷ്‌കാര നടപടികളുടെ കാര്യത്തില്‍ പുനരാലോചന വേണമെന്ന നിലപാടാണ് മെലോനിക്കുള്ളത്. രാജ്യത്തെ ഊര്‍ജ പ്രതിസന്ധി കാര്യങ്ങള്‍ മാറ്റി എന്നാണ് വിശദീകരണം. യൂണിയന്റെ തലതൊട്ടപ്പന്‍ ആയിട്ടും ജര്‍മനിയുടേയും ഫ്രാന്‍സിന്റേയും പിന്നിലേക്ക് മാറ്റപ്പെടുന്നുണ്ടെന്ന തോന്നലും ഉണ്ട്.

അതിര്‍ത്തികള്‍ കൊട്ടിയടക്കുക, കുടിയേറ്റങ്ങള്‍ തടയുക-നിലപാടുകള്‍ വ്യക്തമാണ്. കുതിച്ചുയരുന്ന ഊര്‍ജവിലയും തൊഴില്‍ മേഖലയിലെ സുരക്ഷിതത്വം ഇല്ലായ്മയും വലിയ ആശങ്കയാണെന്ന ആവര്‍ത്തിക്കലുമുണ്ട്. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ നിര്‍ണായകമായ നയമാറ്റങ്ങളും നടപടികളും പ്രതീക്ഷിക്കണം. അതോടെ മേഖലയുടെയും യൂണിയന്റേയും ഊടും പാവും തന്നെ സ്വാധീനിക്കപ്പെടാം. 

മുസ്സോളിനിക്ക് ശേഷം ഇറ്റലി ഭരിക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ എത്തുമ്പോള്‍ ലോകത്തിന് ആശങ്ക തന്നെയാണ്. അഭയാര്‍ത്ഥികളുടെ വരവ് നിയന്ത്രിക്കാന്‍ കടുത്ത നടപടികളെ പിന്തുണക്കുന്ന മാറ്റ്യോ സാല്‍വിനി (Matteo Salvini) ആണ് മെലോനിയുടെ തെരഞ്ഞെടുപ്പ് പങ്കാളികളില്‍ ഒരാള്‍. രണ്ടാമത്തെ ആള്‍ സില്‍വിയോ ബെര്‍ലുസ്‌കോണിയും (Silvio Berlusconi.) . യൂറോപ്യന്‍ യൂണിയന്റെ കാര്യത്തില്‍ ഹംഗറിയിലെ ദേശീയ വാദി നേതാവ് വിക്ടര്‍ ഓര്‍ബന്‍ (Viktor Orban) ന്റെ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് മെലോനിയുടെ ആലോചനകള്‍. മെലോനിയുടെ രണ്ട് തെരഞ്ഞെടുപ്പ് പങ്കാളികളും റഷ്യന്‍ അനുകൂല നിലപാടുള്ളവര്‍. യുക്രൈയ്ന്‍ അധിനിവേശത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമീര്‍ പുട്ടിന്‍ നിര്‍ബന്ധിക്കപ്പെട്ടു എന്നാണ് ബെര്‍ലുസ്‌കോണിയുടെ നിലപാട്. റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളെ ചോദ്യം ചെയ്യുന്ന ആളാണ് സാല്‍വിനി. 

തീവ്രമായ നിലപാടുകളുള്ള നേതാക്കന്‍മാര്‍ കൂടുതല്‍ രാജ്യങ്ങളില്‍ അധികാരത്തിലെത്തുക, അവരൊക്കെ തമ്മില്‍ ചങ്ങാത്തം ഉണ്ടാവുക.. പിന്നെ, എന്നിട്ട്, ഇനി, എന്ത് എന്നൊക്കെയുള്ള ലളിതമായ ചോദ്യസൂചകങ്ങള്‍ വലിയ ഉത്തരങ്ങള്‍ക്കുള്ള വാതായനമാണ് തുറക്കുക എന്നതാണ് രാഷ്ട്രീയ ആശങ്കക്ക് കാരണം.