Asianet News MalayalamAsianet News Malayalam

മുസോളിനിയോട് പ്രണയം, ഫാഷിസ്റ്റ് ഭൂതകാലത്തോടും; ഇത് പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി!

വന്‍ കുടിയേറ്റങ്ങളോടുള്ള കടുത്ത എതിര്‍പ്പ്, അതിര്‍ത്തികള്‍ അടച്ചിട്ടുള്ള നിയന്ത്രണം കര്‍ശനമാക്കുന്നതിലുള്ള യോജിപ്പ്, യൂറോപ്യന്‍ യൂണിയന്‍ എന്ന സമ്പ്രദായത്തോടുള്ള താല്‍പര്യക്കുറവ്... അന്താരാഷ്ട്ര തലത്തില്‍ ഇറ്റലിക്ക് മാറുന്ന മുഖം എന്ന ആഗ്രഹം മെലോനി പങ്കുവെക്കുമ്പോള്‍ ആ മേഖലയിലാകെ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുന്നത് ഈ നിലപാടുകളാണ്. 

profile Giorgia Meloni new prime minister of Italy
Author
First Published Sep 28, 2022, 5:32 PM IST

മുസ്സോളിനിയുടെ ഫാഷിസ്റ്റ് ആശയങ്ങളുടെ ശേഷിപ്പുകളില്‍ നിന്ന് രൂപം കൊണ്ട ഇറ്റാലിയന്‍ സോഷ്യല്‍ മൂവ്‌മെന്റ് MSI-യില്‍ നിന്നാണ് പാര്‍ട്ടിയുടെ അടിസ്ഥാനം രൂപം കൊണ്ടിരിക്കുന്നത്.  ഫാഷിസ്റ്റ് അല്ല എന്നു പറയുമ്പോഴും 70 വര്‍ഷം പഴക്കമുള്ള ചരിത്രവുമായി സംഘടനക്കുള്ള പൊക്കിള്‍കൊടി ബന്ധം മെലോനി തള്ളിപ്പറഞ്ഞിട്ടില്ല. തീവ്രവലതു പാര്‍ട്ടികളുടെ ചിഹ്നമായ ത്രിവര്‍ണ ജ്വാല മെലോനി ഉപേക്ഷിച്ചിട്ടുമില്ല. (മുസ്സോളിനിയുടെ ശവകുടീരത്തില്‍ എരിയുന്ന അഗ്‌നിജ്വാല എന്നതാണ് പ്രതീകത്തിന്റെ സൂചകം എന്നാണ് വിലയിരുത്തല്‍). 

 

profile Giorgia Meloni new prime minister of Italy

 

ഇറ്റലിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രധാനമന്ത്രി. ജോര്‍ജിയ മെലോനി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് വെറുതെ അല്ല.  ചരിത്രം, സംസ്‌കാരം, സാഹിത്യം, കല, സംഗീതം, ഫുട്‌ബോള്‍, ഭക്ഷണം, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ സമ്പന്നമായ നാടിന് ഇതാദ്യമായി പെണ്‍കാവലാള്‍. മാറി മറിയുന്ന കക്ഷി രാഷ്ട്രീയവും അഴിമതിക്കഥകളും കാരണം ഗരിമ കുറഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു പുതുമ. പക്ഷേ ചരിത്രത്തിലെ ഈ 'ആദ്യം' എന്തുകൊണ്ടാണ് ആഘോഷങ്ങളേക്കാളും ആലോചനകള്‍ കൊണ്ടുവരുന്നത്? 

വന്‍ കുടിയേറ്റങ്ങളോടുള്ള കടുത്ത എതിര്‍പ്പ്, അതിര്‍ത്തികള്‍ അടച്ചിട്ടുള്ള നിയന്ത്രണം കര്‍ശനമാക്കുന്നതിലുള്ള യോജിപ്പ്, യൂറോപ്യന്‍ യൂണിയന്‍ എന്ന സമ്പ്രദായത്തോടുള്ള താല്‍പര്യക്കുറവ്... അന്താരാഷ്ട്ര തലത്തില്‍ ഇറ്റലിക്ക് മാറുന്ന മുഖം എന്ന ആഗ്രഹം മെലോനി പങ്കുവെക്കുമ്പോള്‍ ആ മേഖലയിലാകെ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുന്നത് ഈ നിലപാടുകളാണ്. 

 

...................

Also Read : സംഘര്‍ഷഭരിതമായ രാഷ്ട്രീയം; ഇറ്റലിയില്‍ ഫാഷിസ്റ്റുകള്‍ തിരിച്ചുവന്നതെങ്ങനെ?
...................

 

സഖ്യനേതാക്കളായ ബെര്‍ലുസ്‌കോണിയുടേയും മാറ്റിയോ സാല്‍വീനിയുടേയും പോലെയല്ല താനെന്നും റഷ്യന്‍ അനുകൂലമല്ല യുക്രെയ്‌നൊപ്പം ആണ് താനെന്നും മെലോനി പറയുന്നു. പക്ഷേ എല്ലാവര്‍ക്കും അതത്ര വിശ്വാസം വന്നിട്ടില്ല. ജനാധിപത്യത്തിന് ആകെ ഭീഷണിയാണ് എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെങ്കിലും യൂറോപ്യന്‍ യൂണിയന് മെലോനി അപകടകാരിയാകും എന്നുറപ്പിക്കുന്നവരാണ് വലിയൊരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും. മെലോനിയുടെ പ്രഖ്യാപിത നിലപാടുകളും താത്പര്യങ്ങളും ആശങ്ക ഉണ്ടാക്കുന്നത് രാഷ്ട്രീയ മേഖലയില്‍ മാത്രമല്ല. വനിതാസംവരണത്തോടും ഫെമിനിസത്തോടും വിയോജിപ്പ്, LGBTQ സമൂഹത്തോട് കടുത്ത എതിര്‍പ്പ്, ലിംഗപരമായ ആശയസംവാദങ്ങളോടുള്ള താല്‍പര്യമില്ലായ്മ, ഗര്‍ഭഛിദ്രവും ദയാവധവും തീര്‍ത്തും പാടില്ലെന്ന നയം. ചുരുക്കിപ്പറഞ്ഞാല്‍ പുതിയ സമൂഹത്തിന്റെ, പുതിയ ആശയങ്ങളുടെ ലോകത്തോടും പ്രശ്‌നങ്ങളോടും തീരെ മമതയില്ല. മുസ്സോളിനിക്ക് ശേഷം ഇറ്റലിക്ക് കിട്ടുന്ന ഫാഷിസ്റ്റ് നേതൃത്വം എന്ന ചരിത്രത്തിലെ മറ്റൊരു വസ്തുത വനിതാ സാന്നിധ്യം ആദ്യമായി എത്തുന്നതിന്റെ സന്തോഷത്തിന്റെ തെളിമ കുറക്കുന്നു.  

 ജീവിതാനുഭവം ആണ് തീവ്രവലതു നിലപാടിലേക്ക് മെലോനിയെ എത്തിച്ചതത്രേ. ഒരു വയസ്സു മാത്രം ഉള്ളപ്പോള്‍ ആണ് അച്ഛന്‍ ഫ്രാന്‍സെസ്‌കോ മെലാനിയേയും അമ്മയേയും ഉപേക്ഷിച്ച് കാനറി ദ്വീപുകളിലേക്ക് ഒരു പോക്ക് പോയത്. ഫ്രാന്‍സെസ്‌കോ ഇടതു നിലപാടുള്ള ആളായിരുന്നു. അമ്മ അന്നക്ക് വലതുപക്ഷ നിലപാടും. ഇതായിരിക്കാം മെലോനിയുടെ ആദ്യ സ്വാധീന ഘടകം. റോം വിട്ട് ഗാര്‍ബറ്റെല്ലയില്‍ മുത്തച്ഛന്റേയും മുത്തശ്ശിയുടെയും ഒപ്പം താമസിക്കാനെത്തി പിന്നീട് മെലോനി. പതിനഞ്ചാം വയസ്സില്‍ MSI/യുടെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടില്‍ ചേര്‍ന്നു. പിന്നീട് MSIയുടെ പിന്‍ഗാമിയായി രൂപംകൊണ്ട നാഷണണല്‍ അലയന്‍സിന്റെ വിദ്യാര്‍ത്ഥി വിഭാഗം പ്രസിഡന്റ് ആയി. MSI നേതാവായ മാര്‍ക്കോ മാര്‍സിലിയോ ആണ് രാഷ്ട്രീയഗുരുവും വഴികാട്ടിയും. 

ഇറ്റലിയുടെ രാഷ്ട്രീയ ഭൂമികയില്‍ പതുക്കെ പതുക്കെ ചുവടുകള്‍ വെച്ച് മെലോനി മുന്നോട്ടു പോയി. 2008-ല്‍ സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ മന്ത്രിസഭയില്‍ അംഗമായി. ഇറ്റലിയില്‍ മന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍. നാല് കൊല്ലത്തിനു ശേഷം സ്വന്തമായ പാര്‍ട്ടി- ബ്രദേഴ്‌സ് ഓഫ് ഇറ്റലി രൂപീകരിച്ചു. മുസ്സോളിനിയുടെ ഫാഷിസ്റ്റ് ആശയങ്ങളുടെ ശേഷിപ്പുകളില്‍ നിന്ന് രൂപം കൊണ്ട ഇറ്റാലിയന്‍ സോഷ്യല്‍ മൂവ്‌മെന്റ് MSI-യില്‍ നിന്നാണ് പാര്‍ട്ടിയുടെ അടിസ്ഥാനം രൂപം കൊണ്ടിരിക്കുന്നത്.  ഫാഷിസ്റ്റ് അല്ല എന്നു പറയുമ്പോഴും 70 വര്‍ഷം പഴക്കമുള്ള ചരിത്രവുമായി സംഘടനക്കുള്ള പൊക്കിള്‍കൊടി ബന്ധം മെലോനി തള്ളിപ്പറഞ്ഞിട്ടില്ല. തീവ്രവലതു പാര്‍ട്ടികളുടെ ചിഹ്നമായ ത്രിവര്‍ണ ജ്വാല മെലോനി ഉപേക്ഷിച്ചിട്ടുമില്ല. (മുസ്സോളിനിയുടെ ശവകുടീരത്തില്‍ എരിയുന്ന അഗ്‌നിജ്വാല എന്നതാണ് പ്രതീകത്തിന്റെ സൂചകം എന്നാണ് വിലയിരുത്തല്‍). 

 

....................................
Also Read : മുസോളിനിക്ക് ശേഷം ഇറ്റലി വീണ്ടും ഫാഷിസ്റ്റുകളുടെ കൈയിലാവുമ്പോള്‍
....................................

 

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ നാല് ശതമാനം മാത്രം വോട്ടേ കിട്ടിയുള്ളൂ. അപ്പോഴും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയി. സ്ഥാനം ഒഴിഞ്ഞ് നേരത്തെ തെരഞ്ഞെടുപ്പ് നേരിട്ട മരിയോ ദ്രാഗിയുടെ വിശാല സഖ്യത്തില്‍ ചേരാതിരുന്ന ഏക പ്രധാന പാര്‍ട്ടിയായിരുന്നു മെലോനിയുടേത്. സ്വജീവിതം പതുക്കെ പടുത്തുയര്‍ത്തിയതിന്റെ  അധ്വാനകഥയാണ്  മെലോനിയെ ജനസാമാന്യത്തിന് ഇടയില്‍ സ്വന്തം ആളെന്ന പ്രതിഛായ ഉണ്ടാക്കാന്‍ തുണയായത്. വനിത എന്നത് മെലോനി എടുത്തുയര്‍ത്തിയ പ്രചാരണ വാക്യവും ആയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒപ്പം ജീവിതം മുന്നോട്ടു കൊണ്ടു പോവാന്‍ പല ജോലികളും ചെയ്തിട്ടുണ്ട് മെലോനി. കുട്ടികളെ നോക്കുന്ന ആയ ആയും  നെറ്റ്ക്ലബ് ബാറുകളില്‍ മദ്യം വിളമ്പിയും മാധ്യമലോകത്തും എല്ലാം.  പങ്കാളിയായ ആന്‍ഡ്രിയ ഗ്യാംബ്രൂണോ ബെര്‍ലുസ്‌കോണിയുടെ ടിവി ചാനലിലെ മാധ്യമ പ്രവര്‍ത്തകനാണ്. ഒരു മകളുണ്ട്- ജിനെര്‍വ. ഞാന്‍ ജോര്‍ജിയ, ഞാന്‍ ഒരു സ്ത്രീയാണ്, ഞാന്‍ ഒരു അമ്മയാണ്, ഞാന്‍ ഇറ്റലിക്കാരിയാണ്, ഞാന്‍ ക്രിസ്ത്യാനിയാണ്...രാഷ്ട്രീയ വേദികളില്‍ മെലോനി സ്വയം പരിചയപ്പെടുത്തിയിരുന്നത് അങ്ങനെയാണ്. മറുവശത്ത്, ഫാഷിസ്റ്റ് എന്ന വിശേഷിപ്പിക്കുന്നതിനെ വിമര്‍ശിക്കുമ്പോഴും ദൈവം. പിതൃഭൂമി, കുടുംബം എന്ന ആ പഴയ ഫാഷിസ്റ്റ് മുദ്രാവാക്യത്തോടുള്ള താത്പര്യം.  തീവ്ര വലതു പക്ഷ നിലപാടുകള്‍ ലോകക്രമത്തെയും ലോകസമാധാനത്തെയും ബാധിക്കുമെന്ന, സകാരണഭയം ഉള്ളവര്‍ പുരികം ചുളിച്ച് ചോദ്യചിഹ്നം ഉയര്‍ത്തി കാത്തിരിക്കുന്നു, മെലോനി എങ്ങനെ മുന്നോട്ടു പോകുമെന്ന്. 

Follow Us:
Download App:
  • android
  • ios