
അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നായി മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ. എന്നാൽ അത്തരം ജീവികൾ എവിടെയാണ് ഉള്ളതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം സമ്മതിച്ചു. യൂട്യൂബർ ബ്രയാൻ ടൈലർ കോഹൻ ഹോസ്റ്റ് ചെയ്ത 'നോ ലൈ' പോഡ്‌കാസ്റ്റിൽ പങ്കെടുക്കവെയാണ് ഒബാമ ഈ പരാമർശം നടത്തിയത്. ആദ്യമായിട്ടാണ് അധികാര സ്ഥാനത്ത് ഇരുന്ന ഒരാൾ ഇത്തരമൊരു പരാമാർശം നടത്തുന്നതെന്നതും ശ്രദ്ധേയം. മനുഷ്യേതര ബുദ്ധി ഉപയോഗിച്ച് യുഎസ് സർക്കാർ കാര്യങ്ങൾ മൂടിവയ്ക്കുന്നുവെന്ന് യുഎസ് ചലച്ചിത്ര നിർമ്മാതാവ് ഡാൻ ഫറായുടെ ആരോപണങ്ങൾ പുറത്ത് വന്ന് മാസങ്ങൾക്ക് ശേഷമാണ് ഒബാമയുടെ പരാമർശം.
"അവ യഥാർത്ഥമാണ്. പക്ഷേ, ഞാൻ അവരെ കണ്ടിട്ടില്ല, അവരെ അകത്തു തന്നെ സൂക്ഷിക്കുന്നുമില്ല. അതെന്താണ്?" ഒബാമ സംഭാഷണത്തിനിടെ പറഞ്ഞു. "അവിടെയൊരു ഭൂഗർഭ സൗകര്യവുമില്ല. ഈ വലിയ ഗൂഢാലോചന നടന്നിട്ട് അവർ അത് യുഎസ് പ്രസിഡന്‍റിൽ നിന്ന് മറച്ചുവെച്ചില്ലെങ്കിൽ" അദ്ദേഹം കൂട്ടിച്ചേർക്കുന്നു, പോഡ്കാസ്റ്റിനിടെ, യുഎസ് പ്രസിഡന്‍റായിരുന്ന കാലയളവിൽ ഏത് ചോദ്യത്തിന് ഉത്തരം നൽകണമെന്നാണ് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതെന്ന് ചോദിച്ചപ്പോഴാണ് ചിരിച്ച് കൊണ്ട് 'ഏലിയൻസ് എവിടെ?' എന്ന മറുപടി അദ്ദേഹം നൽകിയത്.
തെക്കൻ നെവാഡയിലെ യുഎസ് രഹസ്യ സൈനിക താവളമായ ഏരിയ 51 -മായി ബന്ധപ്പെട്ട് അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വളരെക്കാലമായി ഉയർന്നു കേൾക്കുന്ന ഒന്നാണ്. 1947 -ൽ ന്യൂ മെക്സിക്കോയിലെ റോസ്വെല്ലിൽ നടന്ന റോസ്വെൽ സംഭവത്തിൽ നിന്ന് ലഭിച്ചതായി പറയപ്പെടുന്ന വസ്തുക്കളും, അന്യഗ്രഹ ജീവികളുടെ അവശിഷ്ടങ്ങളും മറ്റ് തിരിച്ചറിയാൻ കഴിയാത്ത പറക്കുന്ന വസ്തുക്കളും ( UFOs) അതീവ രഹസ്യമായ ഈ സ്ഥലത്ത് ഉണ്ടെന്ന് ഗൂഢാലോചന സിദ്ധാന്തങ്ങൾ അവകാശപ്പെടുന്നതായി ദി ഇൻഡിപെൻഡന്‍റിന്‍റെ റിപ്പോർട്ട് ചെയ്യുന്നു.
അന്യഗ്രഹ ബഹിരാകാശ പേടകങ്ങളുടെ റിവേഴ്‌സ് എഞ്ചിനീയറിംഗ് മുതൽ ടൈം ട്രാവൽ, ടെലിപോർട്ടേഷൻ, കാലാവസ്ഥാ നിയന്ത്രണം പോലെ, യുഎസ് സൈന്യത്തിന് വേണ്ടി ഭാവി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നത് വരെയുള്ള രഹസ്യ പദ്ധതികൾ ഏരിയ 51 -ൽ നടക്കുന്നുവെന്ന് മറ്റ് ചിലരും ആരോപിക്കുന്നു. എന്നാൽ ഇത്തരംഅവകാശവാദങ്ങളെന്നും തന്നെ തെളിയിക്കപ്പെട്ടിട്ടില്ല. യുഎസ് സർക്കാരോ സൈന്യമോ അത്തരം ഊഹാപോഹങ്ങൾക്ക് ഇതുവരെ മറുപടിയും നൽകിയിട്ടില്ല.
അതേസമയം അടുത്തകാലത്തായി യുഎഫ്‌ഒ ദൃശ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇതിൽ പലതും എഐ സൃഷ്ടികളാണെന്ന ആരോപണം ഉയർന്നിരുന്നു. സമൂഹ മാധ്യമങ്ങളുടെ വ്യാപനത്തിന് പിന്നാലെ യുഎഫ്‌ഒകളെക്കുറിച്ച് ലോകമെമ്പാടു നിന്നും വലിയ തോതിലുള്ള അന്വേഷണങ്ങളും സംശയങ്ങളും ഉയർന്നിരുന്നു. ഇതിനിടെ യുഎഫ്ഒയുടെതെന്ന സംശയം ഉയർത്തുന്ന തരത്തിൽ ചില സർക്കാർ രേഖകൾ യുഎസ് പുറത്തുവിട്ടതിന് ശേഷമായിരുന്നു ഇത്തരം സംശയങ്ങൾ ശക്തമായത്. അതേസമയം യുഎസ് പ്രതിരോധ വകുപ്പ് ഇത്തരം കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാൻ ഇതുവരെ തയ്യാറായിട്ടുമില്ല. 2021-ൽ, ഉയർന്ന വേഗതയിൽ അസാധാരണമായ രീതിയിൽ പറക്കുന്ന വസ്തുക്കൾ സഞ്ചരിക്കുന്നതായി കാണിക്കുന്ന 3 നാവികസേന വീഡിയോകളാണ് പെന്‍റഗൺ പുറത്ത് വിട്ടത്. ഇതിൽ ഒന്ന് കാറ്റിനെതിരെ സഞ്ചരിക്കുമ്പോൾ സ്വയം കറങ്ങുന്നതായു കാണാമായിരുന്നു.