മഞ്ഞളിലെ ഏറ്റവും ആക്ടീവ് ആയ ചേരുവയാണ് കുര്‍കുമിന്‍. ഇതിൽ ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങള്‍ ധാരാളമാണ്. എല്ലുകളുടെ ആരോഗ്യത്തിനും ഇത് സഹായകമാണ്. കുര്‍കുമിന്‍ ഉപയോഗിച്ച്, എല്ലുകളെ ബാധിക്കുന്ന ക്യാന്‍സര്‍ തടയാമെന്ന് പുതിയ പഠനം. ആരോഗ്യമുള്ള ബോണ്‍ സെല്ലുകളുടെ ഉല്‍പാദനത്തിനും ക്യാന്‍സര്‍ കോശങ്ങള്‍ മറ്റു കോശങ്ങളിലേക്കു പടരുന്നതു തടയാനും ഇതുവഴി സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. 

ചെറിയ പ്രായത്തിലുള്ള രോഗികള്‍ക്ക് ബോണ്‍ കാന്‍സര്‍ ചികിത്സയ്ക്കായി വളരെ വീര്യമേറിയ കീമോതെറാപ്പി മരുന്നുകളാണ് ഉപയോഗിക്കുക. ഇത് പിന്നീടും മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ ചെയ്തവര്‍ക്ക് ഈ പുതിയ ചികിത്സ ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. കുട്ടികളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ബോണ്‍ കാന്‍സര്‍ ഇനത്തില്‍ പെട്ട  osteosarcoma യുടെ തുടര്‍ചികിത്സകള്‍ക്ക് ഇത് സഹായകമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മഞ്ഞള്‍ ഫലപ്രദമാണെന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്.