പുരുഷന്മാരെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ പ്രധാനമാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാന്‍സറും 65 വയസ്സ് പിന്നിട്ടവരിലാണ് കാണുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതയും കൂടുന്നു.  പുരുഷന്‍റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം. 

പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍  

മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, രക്തത്തിന്‍റെ അംശം, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം.

ചിലയിനം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ നിലനില്‍ക്കാം. ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാന്‍സറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാല്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.